Preview: Currency by Swathi Bhaskar
വളരെ കാലിക പ്രസക്‍തിയുള്ള വിഷയമാണ് നവാഗത സംവിധായകന്‍ സ്വാതി ഭാസ്‌കര്‍ ‘കറന്‍സി‘യിലൂടെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പെരുകുന്ന കള്ളനോട്ട്. ഇന്ത്യയെ തകര്‍ക്കാനുള്ള മികച്ച മാര്‍ഗമായി കരുതി വിദേശരാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് ധാരാളമായി വ്യാജനോട്ടുകള്‍ എത്തുന്നു. കള്ളനോട്ട് സംബന്ധമായ വാര്‍ത്തകള്‍ പുറത്തു വരാത്ത ദിവസങ്ങള്‍ ഇല്ലെന്നു പറയാം.
ഇതിന്റെയൊക്കെ പശ്‌ചാത്തലത്തിലാണ് ‘കറന്‍സി‘ എത്തുന്നത്. കളര്‍ ഫോട്ടോസ്‌റ്റാറ്റ് കടയില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് കേശു. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച കേശുവിന് ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല. കൌതുകം കൊണ്ട് ഒരിക്കല്‍ അയാള്‍ ചെയ്യുന്ന കലയാണ് ക്രൈമായി മാറുന്നത്. അതിന് കേശുവിനെ ഇരയാക്കുന്നത് ഡാനി സായിപ്പാണ് (മുകേഷ്). ഏതു വിധേനയും സമ്പന്നനാകാന്‍ മോഹിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍.
ജയസൂര്യയാണ് കേശുവിനെ അവതരിപ്പിക്കുന്നത്. പറ്റെ വെട്ടിയ മുടിയും ഇരുണ്ട നിറവുമായി വ്യത്യസ്‌തമായ മുഖമാണ് ജയസൂര്യയ്‌ക്ക് ഈ ചിത്രത്തില്‍. ‘മുല്ല‘ യിലൂടെ സിനിമയിലെത്തിയ മീരാനന്ദനാണ് ജയസൂര്യയുടെ നായിക, റോസ്. ’ഇരുട്ട് ‘ എന്നറിയപ്പെടുന്ന തികച്ചും ദുരൂഹമായ ഒരു കഥാപാത്രത്തെ കലാഭവന്‍ മണി ചിത്രത്തില്‍ അവതരിപ്പിക്കുന്നു. തമിഴ് നടി സീത കേശുവിന്റെ അമ്മയായി എത്തുന്നു. കൈകൂലി വാങ്ങാനായി ഫോട്ടോസ്‌റ്റാറ്റ് സ്‌ഥാപനം തുടങ്ങിയ ആര്‍ ടി ഒ ഓഫീസിലെ ക്ലാര്‍ക്കായി സുരാജ് വെഞ്ഞാറമൂട്, പലിശക്കാരനായി മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
ക്യാമറ- വിശ്വമംഗല്‍ കിറ്റ്സു. വയലാര്‍ ശരത്‌ചന്ദ്രവര്‍മ, ജോഫി തരകന്‍ ടീമിന്റെ വരികള്‍ക്ക് സിദ്‌ധാര്‍ഥ് ബിപിന്‍ സംഗീതം പകരുന്നു. ക്രിസ്‌മസിന് ചിത്രം തിയേറ്ററുകളിലെത്തും.
CREDITS
Script, Direction: Swathi Bhaskar
Producer: Brij Gill
Cast: Jayasurya, Meera Nandan, Mukesh,Seetha, Kalabhavan Mani, Suraj Venjaramoodu, Mamukkoya etc.
Music: Sidharth Bipin
Lyrics: Sarath Vayalar, Jophy Tharakan
Camera: Viswamangal Kittsu
Banner: Indostar Movie Magic
| Zeba


