HOME

Hrudayamuralika: ഹൃദയത്തിന്റെ സംഗീതം

Hridayamuralika

Hridayamuralika

പ്രേമശില്പീ പ്രണയശില്പീ
പ്രപഞ്ചസ്നേഹം ഉരുക്കിയൊഴിച്ചൊരു
ശില്പം തീര്‍ക്കാമോ,
എനിക്കായി ശില്പം തീര്‍ക്കാമോ?

ഹൃദയമുരളിക പാടിത്തുടങ്ങുന്നത് ഇങ്ങനെയാണ്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകരിലൊരാളായ കെ എസ് ചിത്രയുടെ ശബ്ദത്തില്‍ ശ്രീദേവി പിള്ള രചിച്ച് വിദ്യാധരന്‍ ഈണം പകര്‍ന്ന വരികള്‍. ഇമ്പമുള്ള ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും മലയാളത്തില്‍ സമൃദ്ധമായിരുന്ന എഴുപതുകളുടെയും എണ്‍പതുകളുടെയും ഓര്‍മകളിലേക്ക് തുഴഞ്ഞുപോകാന്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി! (പല്ലവിയുടെ ഓഡിയോ ട്രാക്കും അനുപല്ലവിയുടെ റെക്കോഡിങ്ങിന്റെ വീഡിയോ ക്ലിപ്പിങ്ങും മുന്നില്‍ വച്ചുകൊണ്ടാണ് ഇത് എഴുതുന്നത്. പാട്ടു മുഴുവനായി കേള്‍ക്കാന്‍ ആല്‍ബം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കുകയേ മാര്‍ഗമുള്ളു.)

എട്ടു ഗാനങ്ങളാണ് കരോക്കെ അടക്കമുള്ള 12 ട്രാക്കുകളിലായി ഈ ആല്‍ബത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത്. എല്ലാ ഗാനങ്ങളുടെയും ശില്പികള്‍ ശ്രീദേവിയും വിദ്യാധരന്‍ മാസ്റ്ററും തന്നെ. ഗായകനിരയില്‍ ചിത്രയ്ക്കു പുറമേ ശ്രീവല്‍‌സന്‍ ജെ മേനോന്‍, രവി ശങ്കര്‍, അശ്വതി വിജയന്‍, കെ ആര്‍ രൂപ, നിഷാദ് എന്നിവരുമുണ്ട്.

ഹൃദയമുരളികയെന്ന ആല്‍ബത്തെ മറ്റ് ആല്‍ബങ്ങളില്‍ നിന്ന് പാടെ വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല. ഈ ആല്‍ബത്തിന്റെ പിന്നണിപ്രവര്‍ത്തരില്‍ പലരും ഒരിക്കല്‍ പോലും പരസ്പരം കണ്ടിട്ടില്ല! ലോകത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന അവരെ കൂട്ടിച്ചേര്‍ത്തത് രണ്ടു സംഗതികളാണ്: സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം, പിന്നെ ഇന്റര്‍നെറ്റ് നല്‍കുന്ന അതിരുകളില്ലാത്ത സാധ്യതകളും.

മലയാള ഗാനങ്ങളുടെ മികച്ച ഡാറ്റാബേസ് ആയ malayalasangeetham.info എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തനവുമായി ബന്ധപ്പെട്ടാണ് ഈ സംഘം പിറവിയെടുക്കുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന അജയ്‌ മേനോനാണ് ഈ സൈറ്റിന്റെ പ്രധാന ശില്പി; പല ദേശങ്ങളില്‍ പണിയെടുക്കുന്ന കുറേ സംഗീതപ്രേമികള്‍ ഒപ്പവും. മലയാളഗാനങ്ങളുടെ ഡാറ്റാബേസ് തയാറാക്കാന്‍ തുടങ്ങിയ ആ സൌഹൃദം നല്ല മലയാളഗാനങ്ങള്‍ ഒരുക്കുന്ന കാഴ്ചയാണ് ‘ഹൃദയമുരളിക‘യില്‍ നമ്മള്‍ കാണുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൃദയമുരളികയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.

CREDITS
Lyrics: Sreedevi Pillai
Music: Vidyadharan
Singers: K S Chithra, Sreevalsan J Menon, Ravi Shankar, K R Roopa, Nishad, Aswathy Vijayan
Banner: MSI Music

| Zeba

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.