HOME

Sreedevi Pillai: The New Lyricist Speaks

Sreedevi with Music Director Vidyadharan

Sreedevi with Music Director Vidyadharan

ഹൃദയമുരളിക എന്ന ആല്‍ബത്തിലൂടെ മലയാളത്തിനു ലഭിച്ച പുതിയ ഗാനരചയിതാവാണ് ശ്രീദേവി പിള്ള. മലയാളസംഗീതലോകത്തേക്കുള്ള യാത്രകള്‍ ശ്രീദേവി വിവരിക്കുന്നു ഈ ഇ-മെയില്‍ അഭിമുഖത്തില്‍.

ഞാന്‍?
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനടുത്ത് ആയാപറമ്പ് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നു. ആയാപറമ്പ് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍ , മാവേലിക്കര ബിഷപ് മൂര്‍ കോളേജ്, അലപ്പുഴ സനാതന ധര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭാസം നേടി. വിവാഹത്തിനു ശേഷം വളരെനാള്‍ യു എ ഇ യില്‍ വിവിധസ്ഥലങ്ങളില്‍ താമസിച്ചു. അദ്ധ്യാപികയായി ജോലി നോക്കി. ഭര്‍ത്താവ് ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ഇപ്പോള്‍ മക്കളോടൊപ്പം കൊച്ചിയില്‍ താമസിക്കുന്നു.

സംഗീതത്തിലേക്ക്..
പായിപ്പാട്ടാറിന്റെ കരയിലാണ് എന്റെ വീട്. കരയില്‍ എന്നു പറഞ്ഞാല്‍ വീട്ടില്‍നിന്നു നോക്കിയാല്‍ പായിപ്പാട്ടാറ് കാണാം. ചെറുപ്പത്തില്‍ പായിപ്പാട്ടാറിന്റെ സംഗീതം കേട്ടു. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന മേലേ കുട്ടനാടന്‍ പാടശേഖരങ്ങള്‍ കണ്ടു. കരിവീട്ടിനിറമുള്ള കരുത്തരായ കര്‍ഷകത്തൊഴിലാളികളെയും, മണ്ണിന്റെ മണവും തുടുപ്പുമുള്ള തൊഴിലാളി സ്ത്രീകളെയും അടുത്തറിഞ്ഞു. നിറഞ്ഞു കവിയുന്ന നെല്‍പ്പത്തായങ്ങള്‍ ഊണൊരുക്കുന്ന വീട്ടില്‍ വളര്‍ന്നു. കൂട്ടുകുടുംബത്തിന്റെ സുരക്ഷയില്‍ വീട്ടിലെ അരുമയായി. വെളുപ്പിനെ അമ്മൂമ്മ ചൊല്ലിക്കേട്ട മഹിഷാസുരമര്‍ദ്ദിനി സ്തോത്രവും, വൈകുന്നേരം അപ്പൂപ്പന്‍ ജപിച്ചിരുന്ന വിഷ്ണുസഹസ്രനാമവും ഇന്നും കരുത്തായി കൂടെ നില്‍ക്കുന്നു. അച്ഛന്‍, അമ്മ, ചിറ്റപ്പന്മാര്‍… എല്ലാവരും വായനയിലും സംഗീതത്തിലും കമ്പക്കാര്‍. പുസ്തകങ്ങളും ആകാശവാണിയും അനിയത്തിമാരും ഓര്‍മ്മവച്ചനാള്‍ മുതല്‍ പ്രിയമിത്രങ്ങള്‍.

ചെറുപ്പത്തില്‍ അനിയത്തിമാരോടൊപ്പം സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. പക്ഷേ ഉപയോഗപ്പെടുത്തിയില്ല. പഴയ കാല മലയാള സിനിമാഗാനങ്ങളോടുള്ള പ്രണയം ഇന്നും തീവ്രത കൈവിടാതെ കൂടെനില്‍ക്കുന്നു. സുഹൃത്തുക്കള്‍ക്കു വേണ്ടി ചിലപ്പോള്‍ ചില ഗാനങ്ങള്‍ മൂളാറുണ്ട്.

Sreedevi Pillai

Sreedevi Pillai

വായനയും എഴുത്തും?
വായന ജീവിതചര്യയായി കൊണ്ടുനടന്ന കാലമുണ്ടായിരുന്നു. ആംഗലേയ സാഹിത്യമാണ് പഠിച്ചതെങ്കിലും, മലയാള സാഹിത്യ സൃഷ്ടികളുടെ – പ്രത്യേകിച്ച് നോവലുകള്‍ – ലഹരിയില്‍ എല്ലാം മറന്നിരുന്ന ദിനരാത്രങ്ങള്‍!

എഴുത്തെവിടെയാണ് തുടങ്ങിയതെന്നു കൃത്യമായി പറയാന്‍ വയ്യ. ബിരുദപഠനകാലം മുതല്‍ കുത്തിക്കുറിക്കലുകളും കീറിക്കളയലുകളും പതിവായിരുന്നു. വിദേശവാസം ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കി. ഓര്‍മ്മക്കുറിപ്പുകളും ചെറുനാടകങ്ങളും ചലച്ചിത്രഗാനസംബന്ധികളായ കുറിപ്പുകളും യു എ ഇ യിലെ റേഡിയോകള്‍ക്കു വേണ്ടി എഴുതിയിട്ടുണ്ട്. ചില കഥകളും കവിതകളും ഗള്‍ഫിലെ മാസികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളസംഗീതം.ഇന്‍ഫോ(MSI)യില്‍ എത്തിയതിനേക്കുറിച്ച്?
പഴയ സിനിമാ ഗാനങ്ങളോടുള്ള ആഭിമുഖ്യം തന്നെയാണ് എന്നെ MSI-യില്‍ എത്തിച്ചത്. ഗാനങ്ങള്‍ മാത്രം ഹൃദിസ്ഥമാവുകയും പലപ്പോഴും അതിന്റെ സ്രഷ്ടാക്കള്‍ വിസ്മരിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഓരമ ഒന്നു തുടച്ചു മിനുക്കുവാനായി പലപ്പോഴും MSI -യില്‍ പോകാറുണ്ടായിരുന്നു. അവിടെ ഗാനങ്ങളുടെ വരികള്‍ ചേര്‍ക്കുന്ന വിഭാഗത്തില്‍ പല ഗാനങ്ങളും ചേര്‍ക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ MSI -യില്‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ ആയി മാറുന്നത്. ഇന്ത്യയിലൊരു ഭാഷയിലും നമുക്കു കാണാന്‍ കഴിയാത്ത ബൃഹത്തായ സിനിമാ വിവരപ്പട്ടികയായി ഇന്ന് MSI മാറിയിരിക്കുന്നു. ലോകമെമ്പടുമുള്ള സംഗീതപ്രേമികളായ മലയാളികള്‍ക്ക് ഒരൊറ്റ ക്ലിക്കില്‍ വിവരങ്ങള്‍ എത്തിച്ചു കൊടുക്കുന്നു. MSI-യുടെ സാരഥി അജയ് മേനോനും കൂടെ ഞാനുള്‍പ്പടെയുള്ള ഒരുപിടി കൂട്ടുകാരും അത്യഭിമാനത്തോടെയാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൃദയമുരളിക?
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പലപ്പോഴായി കുറിച്ചു വച്ച ഗാനശകലങ്ങളാണ് ഹൃദയമുരളിക എന്ന ആല്‍ബം. ഈ ഗാനങ്ങള്‍ ആല്‍ബമാകുമ്പോള്‍ MSI -യിലെ സുഹൃത്തുക്കളോടുള്ള കടപ്പാട് വിവരണാതീതമാണ്. വരികളുടെ പരിശോധന മുതല്‍ സി ഡി കവര്‍ വരെ ചെയ്തത് അവരാണ്. ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത, ടെലഫോണിലെ ശബ്ദം കൊണ്ടുമാത്രം തിരിച്ചറിയുന്ന അവര്‍ക്കായി ഈ ആല്‍ബം ഞാന്‍ സമര്‍പ്പിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ – ഇന്നെനിക്കു ഗുരുതുല്യനായ – വിദ്യാധരന്‍ മാസ്റ്ററെ പരിചയപ്പെടാനും, മലയാളത്തിന്റെയും ഇന്ത്യയുടെ തന്നെയും അഭിമാനമായ കെ എസ് ചിത്ര മുതല്‍ പ്രശസ്തരായ ഗായകര്‍ പാടാനും എല്ലാം കാരണമായതും MSI തന്നെ.

എന്റെ ഭര്‍ത്താവ്, എന്റെ കുടുംബം – പ്രത്യേകിച്ച് എന്റെ മക്കള്‍ രാം, ശ്യാം -, പ്രിയ സുഹൃത്ത് മാനസി എന്നിവരുടെ സ്നേഹവും ഈ ഹൃദയമുരളിക പാടുമ്പോള്‍ എനിക്കു കേള്‍ക്കാം, നിങ്ങള്‍ക്കും.


Sreedevi Pillai introducing the album ‘Hrudayamuralika’. Click to play.

Bookmark and Share Subscribe

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.