HOME

Remembering Raveendran

Raveendran

Raveendran

2009  മാര്‍ച്ച് 2 ,  ആ നാദം നിലച്ചിട്ട് നാലു വര്‍ഷം. വിദൂരതയില്‍ നിന്ന് ഒഴുകിയെത്തുന്ന പ്രൌഡമായ ഒരു ഈണമായി രവീന്ദ്രന്‍ മാഷ് ഇന്നും മലയാളിയുടെ  മനസില്‍ ഉണ്ട്. മലയാള സംഗീതലോകത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു പോയ  ഇരിപ്പടം ശൂന്യമായി കിടക്കുന്നു. നിനച്ചിരിക്കാതെ എന്നോ ഒരുനാള്‍ നമ്മുടെ ജീവിതത്തില്‍ സ്ഥാനമുറപ്പിച്ച  സംഗീതജ്ഞന്‍‍. ഇരുപത്തിയഞ്ച് വര്‍ഷകാലം നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും,  സംഗീതത്തിന്റെയും സൌരഭ്യം  നിറച്ചു അദ്ദേഹം.

അടഞ്ഞ ഒരു വാതിലില്‍  നിന്നായിരുന്നു അദേഹത്തിന്റെ യാത്രയുടെ തുടക്കം. “ഈ ജന്മം നിന്നെ കൊണ്ട് സിനിമയില്‍ പാടാന്‍ ആകില്ല ” എന്ന് പറഞ്ഞു കൊട്ടിയടച്ച ഒരു ഇരുണ്ട വാതിലിന്റെ ഇരുണ്ട നിഴലില്‍ ,  കണ്ണീര്‍ അണിഞ്ഞ രവീന്ദ്രന്‍ മാഷിന്റെ ഭൂതകാലം എത്രയോ വട്ടം  വായിച്ച് ഊര്‍ജം കൊണ്ടിരിക്കുന്നു.

സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായ കുളത്തൂപ്പുഴക്കാരനായ രവീന്ദ്രന്‍ എന്ന പയ്യന്‍ അറുപതുകളുടെ മധ്യത്തോടെ അന്നത്തെ മദിരാശിയില്‍ എത്തിയത് തന്റെ  സീനിയര്‍ ആയി പഠിച്ചിരുന്ന യേശുദാസ് എന്ന സഹപാഠിയെ പോലെ ഗായകനാവുക എന്ന സ്വപ്നവുമായി.

പക്ഷെ കഷ്ടരാത്രികളും , വ്യര്‍ത്ഥ മാസങ്ങളും കടന്നു പോയതല്ലാതെ  ഒന്നും സംഭവിച്ചില്ല എന്ന് അദേഹത്തിന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നു. “എന്നും ഞാന്‍ ഒറ്റയാന്‍ ആയിരുന്നു. എങ്ങനെ ആണ് ഒറ്റപ്പെട്ടത്‌ എന്ന്  പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ദുരിതപൂര്‍ണമായ രാപ്പകലുകള്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഏഴു ദിവസം തുടര്‍ച്ചയായി പട്ടിണി കിടന്നിട്ടുണ്ട്. അപ്പോള്‍ മനസിലായി  , പട്ടിണി കിടന്നാല്‍ ചത്തു പോകുമെന്ന്‍ പറയുന്നത്  വെറുതേ ആണെന്ന് . തീയില്‍ കുരുത്തതു വെയിലത്തു വാടില്ല എന്ന് പറയും പോലെ.”

മദ്രാസില്‍ ആദ്യ കാലത്ത് പെരുംബൂരില്‍ ആണ് അദ്ദേഹം താമസിച്ചിരുന്നത്. അന്ന് വുഡ് ലാന്റ്‌സില്‍  സംഗീത സംവിധായകര്‍ താമസിക്കുന്ന ഹോട്ടലുകളിലേക്ക് ഭാഗ്യാര്‍ത്ഥിയായുള്ള യാത്ര അദ്ദേഹം വിവരിച്ചിരിക്കുന്നത് ആരെയും നോവിക്കും. അങ്ങോട്ടേക്ക് ഏകദേശം 22 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അത്രയും ദൂരം നടക്കാറാണ് പതിവ്. അതുപോലെ തിരിച്ചും. ഒരു ഫര്‍ലോംഗ് വിട്ടു വിട്ടുള്ള പൈപ്പുകളാണ് അന്ന്  അദേഹത്തിന്റെ വിശപ്പടക്കിയിരുന്നത്.

അലച്ചിലും അവഹേളനവും ആട്ടിയിറക്കലും സ്വപ്ന മോഹങ്ങളില്‍ അമാവാസികള്‍ മാത്രം വിരിയിച്ചപ്പോഴും ഉള്ളില്‍ സംഗീതത്തിന്റെ  നീറുന്ന ഒരു പൊരി രവീന്ദ്രന്‍ സൂക്ഷിച്ചു. കോറസ് പാടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും ജീവിതം തള്ളിനീക്കുന്നതിനിടയില്‍  നാടക ഗാനങ്ങള്‍ക്ക്  ഈണമിടുമ്പോള്‍ തന്റെ വഴി അദ്ദേഹം സ്വയം കണ്ടെത്തുകയായിരുന്നു. ആ തിരിച്ചറിവ് മലയാള  ചലച്ചിത്ര സംഗീതത്തിനു വരദാനമായി.

മുപ്പതോളം ഗാനങ്ങള്‍ക്ക് പിന്നണി ഗായകനായി അദ്ദേഹം. ആദ്യ ഗാനത്തിന് അവസരം നല്‍കിയത് ബാബുരാജ് ആയിരുന്നു. വെള്ളിയാഴ്ച എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു അത്.

“ദാസേട്ടന്‍ പാട്ട് നിര്‍ത്തിയാല്‍ ഞാന്‍ ആക്രി കച്ചവടം നടത്തി ജീവിക്കുമെടാ! മറ്റാര്‍ക്ക് കഴിയുമെടാ എന്റെ  പാട്ടു പാടാന്‍?” ഇത് ഒരു അഹങ്കാരിയുടെ വാക്കുക്കള്‍ അല്ല. കാരണം ഇത് രവീന്ദ്രന്‍ എന്ന സംഗീത സംവിധയകന്റെ മാത്രം സ്വകാര്യമായ നേട്ടം ആണ്. യേശുദാസ് എന്ന ഗായകന്റെ  ശബ്ദതലങ്ങളെ ഇത്രയധികം ഭംഗിയായി ഉപയോഗിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോഎന്നത്, ഇന്നും സംശയം അര്‍ഹിക്കാത്ത ഒരു ചോദ്യം ആണ് . യേശുദാസ് പോലും എത്രയോ അഭിമുഖങ്ങളില്‍ ഇത് അംഗീകരിച്ചിരിക്കുന്നു.

വസന്തത്തിന്റെ ആ ശബ്ദത്തില്‍ നിന്ന് രവീന്ദ്രന്‍ മറ്റെല്ലാ ഋതുക്കളെയും പുറത്തെടുത്തു. കാഴ്ചയില്‍ മാത്രമല്ല ശബ്ദത്തിലുമുളള സമാനതകള്‍ ആയിരിക്കാം ഇരുവരെയും ഇത്രയധികം അടുപ്പിച്ചത്. ജീവിതകാലം മുഴുവന്‍ തന്നെ കൂടപിറപ്പിനെ പോലെ സ്നേഹിച്ച യേശുദാസിന്റെ പിന്തുണയോടെ ആയിരുന്നു “ചൂള” എന്ന ചിത്രത്തിലൂടെ അദേഹത്തിന്റെ സംവിധാനത്തില്‍ ഉള്ള ആദ്യ ഗാനം പുറത്തു വരുന്നത്. ‘താരകേ മിഴിയിതളില്‍’എന്ന് തുടങ്ങുന്ന  ആ ഗാനത്തിന്റെ  വരികള്‍ സത്യന്‍ അന്തിക്കാടിന്റേതായിരുന്നു.

അടിസ്ഥാനമില്ലാത്ത അടിപൊളി പാട്ടുകളും, രാഗത്മകതയില്‍ നിന്ന് വ്യതിചലിച്ചു
കൊണ്ടുള്ള ഫാസ്റ്റ് നമ്പരുകളും മലയാള ചലച്ചിത്ര സംഗീതത്തെ കീഴടക്കി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അദേഹത്തിന്റെ രംഗപ്രവേശം. ആദ്യ ഗാനം തന്നെ ഹിറ്റ് ആയതോടെ ഈ കൂട്ടുകെട്ടില്‍ ജനിക്കുന്ന ഓരോ ഗാനവും മലയാളിക്ക് പ്രിയപ്പെട്ടതായി മാറി. രവീന്ദ്രന്റെ മാസ്മരിക സംഗീതവും, ഗാന ഗന്ധര്‍വന്റെ സ്വരമാധുരിയും ഒത്തുചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത ഒരു പിടി ഗാനങ്ങള്‍ മലയാള ചലച്ചിത്ര സംഗീതത്തിനു വരമായി ലഭിച്ചു.

പ്രവചനാതീതമായ പാതകളിലൂടെ ആയിരിക്കാം ചിലപ്പോള്‍ അദേഹത്തിന്റെ ഈണങ്ങള്‍ സഞ്ചരിക്കുക. ഏഴു സ്വരങ്ങളും, ഒറ്റകമ്പി നാദം, മനതാരില്‍ എന്നും , നീലകടമ്പുകളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ചന്ദന മണി വാതില്‍ പാതി ചാരി, തേനും വയമ്പും തുടങ്ങിയ ഗാനങ്ങള്‍ മുതല്‍ വടക്കുംനാഥന്‍ എന്ന അവസാന ചിത്രത്തിലെ ഗംഗേ, കളഭം തരാം എന്നീ ഗാനങ്ങള്‍ വരെ എണ്ണിയാല്‍ തീരില്ലാത്ത എത്രയോ മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം തന്റെ  പ്രതിഭ തെളിയിച്ചു. സുഖമോ ദേവി, ചിരിയോ ചിരി, ആറാം തമ്പുരാന്‍, നന്ദനം, ഹിസ്‌ ഹൈനസ് അബ്ദുള്ള , ഭരതം, മഴയെത്തും മുന്‍പേ, അമരം.. അങ്ങനെ  എത്രയോ ചിത്രങ്ങള്‍. തരംഗിണിക്ക് വേണ്ടി തയ്യാറാക്കിയ ലളിത ഗാനങ്ങളിലെ മാമാങ്കം,  അരയന്നമേ തുടങ്ങിയവയും രവീന്ദ്രന്‍ ടച്ചുള്ള ഒരു പിടി ഭക്തി ഗാനങ്ങളും മറക്കാന്‍ ആവുന്നവയല്ല.

രവീന്ദ്ര സംഗീതത്തിന്റെ ഒരു പ്രത്യേകത ലാളിത്യമാണ്. ആദ്യ കാലങ്ങളില്‍ ഓര്‍ക്കസ്‌ട്രേഷനില്‍  പാലിച്ചിരുന്ന മിതത്വവും ശ്രദ്ധേയം തന്നെ. കര്‍ണാടക സംഗീതത്തിലെ അപൂര്‍വ്വ രാഗങ്ങള്‍ ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഉപയോഗിച്ച മാസ്റ്റര്‍ ശുദ്ധ സംഗീതത്തെ സാധാരണക്കാരനിലേക്ക്  അടുപ്പിക്കുകയായിരുന്നു. ഹംസധ്വനി, ഹിന്ദോളം, മധ്യമാവതി, ഷണ്‍‌മുഖപ്രിയ എന്നിവയിലായിരുന്നു അദ്ദേഹം കൂടുതലും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്. പക്ഷേ ഏതിലും സ്വന്തം ശൈലിയാല്‍ ഒരു കൈയൊപ്പ് ചാര്‍ത്തുവാന്‍ മറന്നതുമില്ല. എണ്‍പതുകളിലെ യൌവനം ഹൃദയത്തോട് ചേര്‍ത്ത് വെച്ച പല ഗാനങ്ങള്‍ക്കും നോട്ടേഷന്‍ പകര്‍ന്നത് രവീന്ദ്രന്‍ മാഷായിരുന്നു; ആ കാലഘട്ടത്തിലെ ഗാനങ്ങളുടെ ‘തടവുകാരായി’ നമ്മളില്‍ പലരും ഇന്നും കഴിയുന്നുണ്ടല്ലൊ!

നമ്മുടെ ജീവിതത്തില്‍ നിന്ന് കൂടൊഴിഞ്ഞു പോയിരിക്കുന്നത് മെലഡിയുടൈ തൂവല്‍ സ്പര്‍ശമാണ്. ശുദ്ധ സംഗീതത്തിന്റെ ഗന്ധമുള്ള എത്ര ഗാനങ്ങള്‍ ഇന്ന് മലയാളത്തില്‍ ഇറങ്ങുന്നുണ്ട്? ഉണ്ടെങ്കില്‍ തന്നെ, പല ഗാനങ്ങളിലും  രവീന്ദ്ര സംഗീതത്തിന്റെ  അസ്തമിക്കാത്ത സൂര്യനാളം എരിയുന്നതു  കാണാം. ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്ക് അദ്ധേഹത്തിന്റെ ഗാനങ്ങള്‍ നേരാം വണ്ണം പാടാന്‍ സാധിക്കുന്നുണ്ട്? വഴി തെറ്റിപ്പോയ പുതു സംഗീതത്തിന്റെ  വക്താക്കളെ കണ്ടു കയ്യടിക്കുന്ന ഇന്നത്തെ തലമുറയില്‍ രവീന്ദ്രനെ പോലെ ഒരു സംഗീതകാരന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കമെന്നല്ലാതെ എന്ത് പറയാന്‍?

| Resmi Renchen
(choppukuppivalakal.blogspot.com)

Bookmark and Share Subscribe
MORE:

3 Comments

  1. raveendran was a great music director. i like many of his songs like illikkadum, sukhamo devi etc. a well written tribute; congratulations resmi and thanks indulekha!

  2. a well written piece on the great musician Raveendran.The language of Resmi has a musical rythm befiting the music of the director.

  3. Ravindran Master ……………., we Loves you ,, Resmi Thankyou Very much For This article

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.