ഗാനപ്രപഞ്ചത്തിലേക്ക് ഒരു മൌസ് ക്ലിക്
മലയാളസംഗീതപ്രേമികള്ക്കിടയില് ഒരു എന്സൈക്ലോപീഡിയയുടെ വിശ്വാസ്യത നേടിയെടുത്ത malayalasangeetham.info യേക്കുറിച്ച് രവി മേനോന് എഴുതുന്നു.
ചില്ലറക്കാരല്ല ഈ റിയാലിറ്റി ഷോ ജഡ്ജിമാര്. പാട്ടുകാരാകാന് മോഹിച്ചെത്തുന്ന പാവം പയ്യന്മാരുടെ മാത്രമല്ല പാട്ടിന്റെ തന്നെ തലക്കുറി തരം കിട്ടിയാല് തിരുത്തിക്കളയും അവര്.
സമീപകാലത്തെ ഒരു ‘കൊലപാതക കഥ’ പറയാം. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില് പഴയ ഗാനങ്ങളുടെ റൌണ്ട് പൊടിപൊടിക്കുന്നു. ഉത്തരായണത്തിലെ
പ്രശസ്തമായ ‘ഹൃദയത്തിന് രോമാഞ്ചം’ എന്ന ഗാനം പാടുകയാണ് മത്സരാര്ഥി. ജി.കുമാരപിള്ള എഴുതി കെ. രാഘവന് ഈണമിട്ട ഹൃദയസ്പര്ശിയായ കവിത. പാടി നിര്ത്തിയ ഉടന് പതിവുപോലെ സംഗീത സംവിധായകന് കൂടിയായ ജഡ്ജിയദ്ദേഹം പാട്ടുവിസ്താരം തുടങ്ങുകയായി.
‘മോന് ഇതാരാ കമ്പോസ് ചെയ്തതെന്നറിയാമോ?’
പയ്യനെവിടെ അറിയാന്? ആരോ തപ്പിയെടുത്തുകൊടുത്ത പാട്ട് വള്ളിപുള്ളി വിടാതെ പഠിച്ച്, തത്ത പാടുമ്പോലെ പാടിവയ്ക്കുക എന്നതിനപ്പുറം ഗാനസൃഷ്ടാക്കളെ തിരഞ്ഞു പോകുന്ന പതിവൊന്നുമില്ലല്ലോ മത്സരാര്ഥികള്ക്ക്. അതിന്റെ ആവശ്യവുമില്ല.
ദയാലുവായ ജഡ്ജി ഒരു ക്ലൂ വെച്ചു നീട്ടുന്നു: ‘മരിച്ചു പോയ ആളാണ് – വര്ഷങ്ങള്ക്കു മുന്പ്”, ഷോ കണ്ടിരുന്ന ചിലരെങ്കിലും ഞെട്ടിത്തരിച്ചിരിക്കണം. കാവ്യഭംഗിയൂറുന്ന വരികളെ ഞെക്കിക്കൊല്ലുന്ന അതേ ലാഘവത്തോടെ, മനുഷ്യരേയും വധിക്കാന് മടിക്കാത്ത ക്രൂരന്മാര് സംഗീത സംവിധായകര്ക്കിടയിലുണ്ടെന്ന് പാവം പ്രേക്ഷകര്ക്കറിയില്ലല്ലോ.
പകച്ചു നിന്ന മത്സരാര്ഥിക്കു മുന്പില് വിധികര്ത്താവ് തന്റെ പൊതുവിജ്ഞാനത്തിന്റെ ഖജനാവ് തുറക്കുകയായി. ‘അറിയില്ലെങ്കില് കേട്ടോളൂ, എം.ബി. ശ്രീനിവാസന്. മരിച്ചുപോയ എം ബി എസ്സിന്റെ ക്ലാസ്സിക് പാട്ടാണിത്. ഇതൊക്കെ അറിഞ്ഞിരിക്കണ്ടേ മോന്?’
പാവം രാഘവന് മാഷ്. മലയാളസിനിമാസംഗീതത്തെ മൌലികതയുടെ അന്തസ്സാര്ന്ന വഴിയിലൂടെ പിഛ്കവച്ചു നടത്തിയതിന്റെ പേരില് അദ്ദേഹത്തിനു ലഭിച്ച ‘ശിക്ഷ’ നോക്കണേ. പിന്ഗാമികളാല് തന്നെ ‘വധിക്കപ്പെടുന്നു’ മാഷ്.
രാഘവന് മാഷിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല എന്നു സമാധാനിക്കാം. മലയാളസിനിമാചരിത്രത്തിലെ പ്രഗല്ഭരായ എത്രയോ ഗാനരചയിതാക്കളും സംഗീതസംവിധായകരും കാലാകാലമായി അനുഭവിച്ചു പോരുന്ന ഗതികേടാണിത്. സ്വന്തം സൃഷ്ടികള് മറ്റാരുടെയെങ്കിലും പേരില് അറിയപ്പെടുന്നത് കാണേണ്ടിവരിക.
ശ്രീകുമാരന് തമ്പിയുടെ അനുഭവമാണ് ഏറ്റവും പ്രശസ്തമായ ഉദാഹരണം. തമ്പിയുടെ ക്ലാസിക് ഗാനങ്ങള് പലതും വയലാറിനും ഭാസ്കരനുമൊക്കെ ചാര്ത്തിക്കൊടുക്കുന്നത് മാധ്യമങ്ങളുടെ പ്രീയപ്പെട്ട ഹോബി ആയി മാറിയിരിക്കുന്നു. റിയാലിറ്റി ഷോകളിലൂടെ, സെലിബ്രിറ്റി ക്വിസ് എന്ന പേരില് അരങ്ങേറുന്ന പ്രഹസനങ്ങളിലൂടെ ആവര്ത്തിക്കപ്പെടുകയാണീ ക്രൂരത. സംഗീതത്തിനുവേണ്ടി ജീവിച്ച്, ഒടുവില് ജീവിക്കാന് തന്നെ മറന്നു പോയ ഒട്ടനേകം കലാകാരന്മാരോടുള്ള നന്ദികേട്.

Ajay Menon
ഈ ‘നന്ദികേട്’ മുന് കൂട്ടി കണ്ടറിഞ്ഞാവണം അജയ് മേനോന് എന്ന വിദേശമലയാളി ആറുവര്ഷം മുന്പ് ഒരു വന് ദൌത്യത്തിന് ഇറങ്ങിത്തിരിച്ചത്. മലയാളത്തില് ഇന്നുവരെ ഇറങ്ങിയ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള പൂര്ണ്ണവിവരം വെറുമൊരു മൌസ് ക്ലിക്കിലൂടെ പൊതുജനങ്ങള്ക്ക് ലഭ്യമാകുന്ന തരത്തില് ഒരു ഓണ്ലൈന് എന്സൈക്ലോപീഡിയയ്ക്ക് രൂപം നല്കുക. അങ്ങനെയെങ്കിലും യഥാര്ത്ഥ ഗാനശില്പികള്ക്ക് നീതി ലഭിക്കട്ടെ.
അജയിന്റെ സ്വകാര്യ സ്വപ്നം ഇന്നൊരു ആഗോള സംരംഭമായി വളര്ന്നിരിക്കുന്നു – malayalasangeetham.info എന്ന പേരില്. മലയാള സിനിമാസംഗീതാസ്വാദകരുടെ എറ്റവും വിശ്വസ്തമായ സൈറ്റ് ആണ് എംഎസ് ഐ എന്ന് ചുരുക്കപ്പേരുള്ള ഈ ഓണ്ലൈന് വിജ്ഞാനകോശം. ഗാനം, അതുള്ക്കൊള്ളുന്ന ചലച്ചിത്രം, രചയിതാവ്, സംഗീതസംവിധായകന്, പടം റിലീസായ വര്ഷം, ഗാനസാഹിത്യം, രാഗം തുടങ്ങി കിട്ടാവുന്ന വിവരങ്ങള് മുഴുവന് ചേര്ത്തിട്ടുണ്ട് സൈറ്റില്. ഇതിനെല്ലാം പുറമേ ഗാനങ്ങളുടെ ഓഡിയോ ക്ലിപ്പുകളും ഇപ്പോള് എം എസ് ഐ യില് ലഭ്യം. ഇന്ഡ്യയിലെ മറ്റേതെങ്കിലും ഭാഷയില് ഇത്രയും വിപുലമായ , പരമാവധി കൃത്യതയാര്ന്ന വെബ് സൈറ്റ് ഉള്ളതായി അറിയില്ല.
ജനകീയ സൈറ്റ്
തുടക്കം ഒരൊറ്റവ്യക്തിയില് നിന്നാണെങ്കിലും എം എസ് ഐ ഇന്നൊരു ജനകീയ പ്രസ്ഥാനമാണ്- മലയാളി ഉള്ളിടത്തെല്ലാം ചെന്നെത്തുന്ന ഒരു സുഹൃത്ത്. നൂറോളം രാജ്യങ്ങളിലായി പടര്ന്നുകിടക്കുന്നു എം എസ് ഐയുടെ സ്ഥിരം സന്ദര്ശകരും കോണ്ട്രിബ്യൂട്ടര്മാരുമടങ്ങുന്ന വന് ശൃംഖല. ഗാനങ്ങളുടെ വിശദാംശങ്ങള് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിലും , വേണ്ട തിരുത്തലുകള് വരുത്തുന്നതിലും, അപൂര്വ്വ ചിത്രങ്ങള് അപ് ലോഡ് ചെയ്യുന്നതിലും, ഓഡിയോ ക്ലിപ്പുകള് എത്തിച്ചു കൊടുക്കുന്നതിലുമെല്ലാമുണ്ട് ഈ ‘അജ്ഞാത’ ആസ്വാദക വൃന്ദത്തിന്റെ സജീവ പങ്കാളിത്തം. പരസ്പരം നേരിട്ടു കണ്ടിട്ടുള്ളവര് ഏറെയുണ്ടാവില്ല ഇക്കൂട്ടത്തില്. എം എസ് ഐ യുടെ ശില്പ്പിയായ
അജയ് മേനോന് എന്ന വ്യക്തി ഇവരില് ഭൂരിഭാഗത്തിനും വെറുമൊരു പേരുമാത്രം. ‘സത്യം പറഞ്ഞാല് എന്റെ സാന്നിദ്ധ്യം തന്നെ ഈ സൈറ്റില് അപ്രസക്തമാണ്.’ യു എസിലെ കൊളറാഡോയില് സോഫ്റ്റ്വെയര് ഓപറേഷന്സ് സീനിയര് മാനേജരായി ജോലി ചെയ്യുന്ന അജയ് പറയുന്നു.
‘സംഗീതാസ്വാദകര്ക്കുവേണ്ടി സംഗീതാസ്വാദകര് നടത്തുന്ന ഒരു സംരംഭമായി എം എസ് ഐ വളരണം എന്നാണ് എന്റെ ആഗ്രഹം. അവരെ ബന്ധിപ്പിച്ചു നിര്ത്തുന്നൊരു കണ്ണിയായി എന്നും ഞാനുണ്ടാകും’
തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും പാലക്കാട്ടും കൊച്ചിയിലുമാണ് അജയ് വളര്ന്നത്. ‘സംഗീതമയമായിരുന്നു ബാല്യം. കോളേജ് പ്രൊഫസറായിരുന്ന അച്ഛന് അമൂല്യമായി സൂക്ഷിച്ചിരുന്ന ഗ്രാമഫോണ് റെക്കോര്ഡുകളിലൂടെയാണ് നൌഷാദും, ഓ . പി നയ്യാറും മദന്മോഹനും എല്ലാം എന്റെ മനസ്സില് ഇടം നേടുന്നത്. റേഡിയോയ്ക്കുമുന്നില് തപസ്സിരുന്ന നാളുകള് കൂടിയായിരുന്നു അവ.’ രണ്ടു ദശാബ്ദക്കാലമായി അമേരിക്കയില് താമസിക്കുന്ന അജയ് ഓര്ക്കുന്നു.
പത്താം വയസ്സില് പിങ്ക് ഫ്ലോയ് ഡ് ആയിരുന്നു അജയിന്റെ ആരാധനാപാത്രം. പതിനഞ്ചില് ഇളയരാജായുടെ ഗാനങ്ങളോടായി പ്രിയം. രാജാസാറിനു വേണ്ടി ജെന്സി പാടിയ പാട്ടുകളോട് പ്രത്യേകിച്ചൊരു മമത ഉണ്ടായിരുന്നു.
ജോണി, കടവുള് അമൈത്ത മേടൈ എന്നീ ചിത്രങ്ങളിലെ ജെന്സിയുടെ പാട്ടുകള് ആദ്യശ്രവണ മാത്രയിലെ അതേ അനിഭൂതിയോടെ ഇന്നും മനസ്സിലുണ്ട്. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനകാലത്താണ് തമിഴ് ഗാനങ്ങളോടുള്ള ഹൃദയബന്ധം ദൃഢമാകുന്നത്.
അറിയപ്പെടുന്ന ഗായിക കൂടിയായ അനിത ജീവിത പങ്കാളിയായി വന്നതോടുകൂടി അജയ് മേനോന്റെ പ്രണയം മലയാള ഗാനങ്ങളോടായി. ബാബുരാജും എസ് ജാനകിയും പി സുശീലയുമൊക്കെ അങ്ങനെയാണ് അജയിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. 1990 കളുടെ തുടക്കത്തില് ഇന്റര്നെറ്റ് വ്യാപകമായതോടെ ഗാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള് ശേഖരിയ്ക്കുന്നതിലായി താല്പര്യം. മലയാള ഗാനങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള് കണ്ടെത്തുക ഏളുപ്പമല്ലെന്ന തിരിച്ചറിവുണ്ടാകുന്നത് അക്കാലത്താണ്.
2001 ഒക്റ്റോബറില് ആദ്യത്തെ ഐപോഡ് സ്വന്തമാക്കിയപ്പഓള്, കയ്യിലുള്ള സിഡികളിലെ ഗാനങ്ങള് റ്റാഗ് ചെയ്യാന് വേണ്ടിയാണ് എം എസ് ഐയുടെ ആദ്യരൂപം ഉണ്ടാക്കിയതെന്ന് അജയ് പറയുന്നു. സ്വന്തം കമ്പ്യൂട്ടറില് മാത്രം പ്രവര്ത്തിക്കുന്ന ആ പ്രോഗ്രാമില് പിന്നീട് പല മാറ്റങ്ങളും വരുത്തി.
വിപുലമായ ഒരു വെബ് സൈറ്റ് എന്ന ആശയം രൂപപ്പെടുന്നത് അടുത്ത ബന്ധുവായ ഗിരിജന് മേനോന്റെ പ്രചോദനത്തിലാണ്.സിനിമാഗാനങ്ങളുടെ ഒരു വാക്കിങ്ങ് എന്സൈക്ലോപീഡിയ തന്നെയാണ് തൃശൂര്ക്കാരനായ ഗിരിജന് മേനോന്. ഇന്റെര്നെറ്റ് വഴിയുണ്ടാക്കിയ എം എസ് ഐ നെറ്റ്വര്ക്കിലൂടെ അജയ് ലോകത്തെങ്ങുമുള്ള മലയാളികളായ സംഗീതപ്രേമികളുമായി സൌഹൃദം സ്ഥാപിച്ചു തുടങ്ങുന്നു. ഈ സുഹൃത്തുക്കളില് നിന്ന് ശേഖരിച്ച വിവരങ്ങള്ക്കു പുറമേ പഴയ പാട്ടുപുസ്തകങ്ങളും ദേവരാജന് മാസ്റ്റര് പുറത്തിരക്കിയ ചിത്രഗാനസ്മരണികയുമെല്ലാം എം എസ് ഐയുടെ അടിസ്ഥാന ഘടന രൂപപ്പെടുത്തുന്നതില് അജയിന് സഹായകമായിട്ടുണ്ട്.
‘ഇന്നു നിങ്ങള് കാണുന്ന എം എസ് ഐ ഡാറ്റബേസിന്റെ ആദ്യ വെര്ഷന് ഞാന് രൂപകല്പ്പന ചെയ്യുന്നത് പോളണ്ടിനെ വാഴ്സയില് നിന്ന് കൊളറാഡോയിലെ ഡെന് വറിലേക്കുള്ള ദീര്ഘമായ ഒരു വിമാന യാത്രയിലാണ്.’ അജയ് പറയുന്നു.
പ്രതിദിനം 30,000 ഹിറ്റുകള്
ദിനമ്പ്രതി മുപ്പതിനായിരം പേരെങ്കിലും എം എസ് ഐ സന്ദര്ശിക്കുന്നു എന്നാണ് കണക്ക്. പ്രതിമാസം ഒരുകോടിയോളം ഹിറ്റ്സ്! ടെലിവിഷന് ചാനലുകളും എഫ് എം റേഡിയോകളും പത്രപ്രവര്ത്തകരും തൊട്ട് സാധാരണക്കാരായ സംഗീതപ്രേമികള് വരെയുണ്ട് വെബ് സൈറ്റിന്റെ സ്ഥിരം സന്ദര്ശകരില്.
എം എസ് ഐ യില് പരസ്യം സ്വീകരിക്കണ്ടാ എന്നാണ് ഞങ്ങളുടെ നയപരമായ തീരുമാനം. പരസ്യങ്ങള് സൈറ്റ് സന്ദര്ശിക്കുന്നവര്ക്ക് പ്രയാസം ഉണ്ടാക്കിയേക്കാം എന്നതു തന്നെ കാരണം.’ അജയ് പറയുന്നു.
ഷകീബ് വക്കം(അബുദാബി), രാജഗോപാല് (ബഹറൈന്), വേണുഗോപാല് (ബോംബേ), ശ്രീദേവി പിള്ള (കൊച്ചി), ലതാ നായര് (പെന്സില് വേനിയ), നിത്യാനന്ദ പിള്ള (ന്യൂ യോര്ക്), കൃഷ്ണചന്ദ്ര (കൊച്ചി), ആദര്ശ് കെ ആര് (ദുബായ്) തുടങ്ങിയവരാണ് എം എസ് ഐയുടെ പ്രധാന കോണ്ട്രിബ്യൂട്ടര്മാര് . ഇവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരുന്നു. ‘എം എസ് ഐ പൂര്ണ്ണമായു തെറ്റുകളില് നിന്നും വിമുക്തമാണെന്ന അവകാശവാദം ഞങ്ങള്ക്കില്ല. പക്ഷേ ഓരോ ദിവസവും തെറ്റുകള് തിരുത്തി മുന്നേറുകയാണ് ഞങ്ങള്.’
പാട്ടുകളുടെ വിശദാംശങ്ങള് പൊതുജനങ്ങള്ക്ക് ലഭ്യമാക്കുന്നതോടൊപ്പം മലയാളത്തിലെ ലളിത സംഗീത ശാഖയുയുടെ നഷ്ടവസന്തം തിരിച്ചു കൊണ്ടുവരാനുള്ള ആത്മാര്ഥമായ ശ്രമങ്ങള്ക്കും നേതൃത്വം നല്കുന്നു അജയ്. എം എസ് ഐയുടെ ആദ്യത്തെ ഓഡിയോ ആല്ബം പുറത്തിറക്കിയത് അടുത്ത കാലത്താണ്. ശ്രീദേവി പിള്ള -വിദ്യാധരന് ടീമാണ് അണിയറയില്.
എം എസ് ഐ പോലുള്ള സംരംഭത്തിന് മികച്ച സാങ്കേതിക പിന്തുണയും ദീര്ഘ വീക്ഷണവും അനിവാര്യം. അതിനെല്ലമുപരി, സമാനഹൃദയരായ കുറേപ്പേരുടെ അര്പ്പണബുദ്ധിയും കഠിനാധ്വാനവുമാണ് ഈ യജ്ഞത്തിന്റെ വിജയത്തിന് പിന്നിലെന്ന് ഞാന് കരുതുന്നു. ‘ അജയ് മേനോന്റെ വാക്കുകള്.
(കലാകൌമുദി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനപ്രകാശനം.)


though very late i happened to see thr website which i wished to see for a long time, made an overall search, which itself prooved that this is a great great attempt, i extent from my heart of heart all best wishes and thanks
i want good home page for your site