HOME

ഞാന്‍ പഴയ Bhavana തന്നെ

Bhavana

Bhavana

കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയുമായി മലയാളികള്‍ക്കു മുന്നിലെത്തിയ ഭാവനയിന്ന് തമിഴിന്റെയും തെലുങ്കിന്റെയും പ്രിയ താരമായി കഴിഞ്ഞു. തൃശൂരിലെ വീട്ടിലേക്കുള്ള അപൂര്‍വ്വ സന്ദര്‍ശനത്തിനിടയില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ ഇന്ദുലേഖയോട്  ഭാവന പങ്കുവച്ചു.

തമിഴില്‍ സജീവമാകാന്‍ തീരുമാനിച്ചോ?
തമിഴിലും തെലുങ്കിലും കുറച്ചു നല്ല ചിത്രങ്ങള്‍ ചെയ്തു. ചരണ്‍ സംവിധാനം ചെയ്യുന്ന അസ്സല്‍ ചെയ്യാന്‍ പോകുന്നു. അജിത്താണ് നായകന്‍. തമിഴില്‍ വ്യത്യസ്തമായ ക്യാരക്‌ടേഴ്‌സ് നമുക്കു കിട്ടും. മലയാളത്തില്‍ ഞാന്‍ ലോലിപോപ്പ്, ട്വന്റിട്വന്റി, റോബിന്‍ഹുഡ് എന്നിങ്ങനെ അടുത്തു ചെയ്ത  ചിത്രങ്ങളിലെല്ലാം മോഡേണ്‍ ക്യാരക്ടറാണ് ചെയ്തത്. പിന്നെ വന്നതും ഇതുപോലുള്ളതാണ്.

ഇങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ക്യാരക്ടറില്‍ മാത്രം ഒതുങ്ങുന്നതിനോട് എനിക്കു താല്പര്യമില്ല. അവസാനം ചെയ്ത ഹാപ്പിഹസ്ബന്റ്‌സില്‍ ഇത്തിരി വ്യത്യസ്തമായ വേഷമായിരുന്നു. തമിഴിലും, തെലുങ്കിലും ഈ പ്രശ്‌നമില്ല.

മലയാളി പെണ്‍കുട്ടികള്‍ തമിഴില്‍ പെട്ടെന്ന് തിളങ്ങുന്നുണ്ടല്ലോ?
അത് മലയാളികള്‍ ആയതു കൊണ്ടൊന്നുമല്ല. ഞാന്‍ പറഞ്ഞില്ലേ നമ്മുടെ കഴിവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന വ്യത്യസ്തമായ വേഷങ്ങള്‍ അവിടെ കിട്ടും എന്നതു കൊണ്ടാണ്.

തമിഴില്‍ കൂടുതല്‍ ഗ്ലാമറസ് ആകേണ്ടി വരില്ലേ?
ഇല്ല,  അതു തെറ്റിദ്ധാരണയാണ്. അവിടെ നമ്മള്‍ ചെയ്തതില്‍ അഞ്ച് സൂപ്പര്‍ഹിറ്റ് മൂവി ഉണ്ടെങ്കില്‍, നമുക്ക് പറ്റാത്തൊരു ഡ്രസ്സുണ്ടെങ്കില്‍ ഇതെനിക്കു പറ്റില്ലെന്നു പറയാം. ആരും നിര്‍ബന്ധിക്കില്ല. ഞാന്‍ ഇന്നുവരെ എനിക്കു കംഫര്‍ട്ടബിള്‍ അല്ലാത്തൊരു വേഷവും ഇട്ടിട്ടില്ല.

ട്വന്റിട്വന്റിയിലെ വേഷത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ വന്നിരുന്നല്ലോ?
ട്വന്റിട്വന്റി ചെയ്തപ്പോള്‍ പലരും പറഞ്ഞു ഭാവന ആകെ മാറി പോയെന്ന്. ആ ചിത്രത്തില്‍ ഞാന്‍ ബാംഗ്ലൂരില്‍ പഠിക്കുന്നൊരു കുട്ടിയാണ്. അപ്പോള്‍ അതിനു പറ്റിയ മോഡേണ്‍  വേഷവിധാനങ്ങള്‍   തെരഞ്ഞെടുക്കണമെന്ന് ജോഷി സാറും, ദിലീപേട്ടനും പറഞ്ഞിരുന്നു. അതനുസരിച്ച് ഞാന്‍ തന്നെയാണ് എന്റെ വേഷം കണ്ടെത്തിയത്. അയ്യേ, ഭാവന അതില്‍ കൊള്ളില്ലാത്ത വേഷത്തിലാണ് അതുകൊണ്ട് ഫാമിലിയായി കാണാന്‍ പറ്റില്ല എന്നൊന്നും പറയുമെന്നു തോന്നുന്നില്ല. കാരണം ഏതു ഡ്രസ്സിട്ടാലും അതെനിക്കു ചേരുമോ എന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്കതു ചേരില്ലെന്നു തോന്നിയാല്‍ ഇടാറുമില്ല.

പിന്നെ ഇതുപോലെ വ്യത്യസ്തമായൊരു കോസ്റ്റ്യൂം എനിക്ക് മലയാളത്തില്‍ മുന്‍പൊരിക്കലും കിട്ടിയിട്ടില്ല.  അല്ലാതെ ഞാന്‍ പെട്ടെന്ന് മാറിയതു കൊണ്ടൊന്നുമല്ല.

ഗോസിപ്പുകളില്‍ പേരു വരുമ്പോള്‍ വിഷമം തോന്നാറില്ലേ?
എനിക്കിന്നു വരെ ആ  കാര്യത്തില്‍ വിഷമം തോന്നിയിട്ടില്ല. നിതിന്റെ പേരു ചേര്‍ത്ത് ഗോസിപ്പു വന്നു. എനിക്കും നിതിനും അറിയാം ഇതില്‍ സത്യമൊന്നുമില്ലെന്ന്. എന്റെ വീട്ടിലുള്ളവര്‍ക്കും സത്യാവസ്ഥ അറിയാം.  പിന്നെന്തിന് വിഷമിക്കണം.

കാവ്യയ്ക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍ പേടി തോന്നുന്നുണ്ടോ?
കാവ്യ ഇപ്പോള്‍ പഴയ ജീവിതത്തിലേക്കു തിരിച്ചു വന്നു. അന്നു ഞാന്‍ ഇടയ്‌ക്കൊക്കെ വിളിച്ച് സംസാരിക്കുമായിരുന്നു. ആര്‍ക്കും ജീവിതം എങ്ങനെയാവുമെന്ന് പറയാനാവില്ല. നമ്മളും കുറെ മോഹങ്ങളും സ്വപ്നങ്ങളുമായി ചെല്ലുന്നതാണ്.  എന്താവുമെന്നൊന്നും പറയാനാവില്ല.

സിനിമാ സൗഹൃദ വലയത്തില്‍ എല്ലാവരും പറയുന്ന പേരാണല്ലോ ഭാവനയുടേത്?
എന്റെ ഫ്രണ്ട്‌സ് ലിസ്റ്റെടുത്താല്‍ കുറെയുണ്ട്. എല്ലാവരോടും പെട്ടെന്ന് കൂട്ടാവും. എല്ലാവരേയും മിക്കവാറും വിളിക്കും,  മെസ്സേജ് അയക്കും. കൂട്ടൊന്നും കളയാതെ നോക്കാറുണ്ട്.

Bhavana

Bhavana

സിനിമ വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ തന്നിട്ടുണ്ടോ?
എന്റെ തുടക്കസമയത്തൊക്കെ ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്.  സെക്കന്റ് ഹീറോയിന്‍ ആണെങ്കില്‍ നമ്മളോട് കഥ പറയില്ല. ഇവള്‍ സെക്കന്റ് ഹീറോയിന്‍ അല്ലേ എന്ന ഭാവമാണ്. പിന്നെ സംവിധായകരുടെ ഭാഗത്തു നിന്നുള്ള പക്ഷഭേദം. എപ്പോഴും നായികയ്ക്കായിരിക്കും മുന്‍ഗണന. ഇതൊക്കെ അനുഭവിച്ചതു കൊണ്ടു തന്നെ ഞാന്‍ നായികയാണെങ്കില്‍ എന്റെ കൂടെ അഭിനയിക്കുന്ന കുട്ടിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവാതെ ഞാന്‍ നോക്കാറുണ്ട്. ഭാവനയുള്ളതു കൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നരുതെന്നു എനിക്കു നിര്‍ബന്ധമുണ്ട്.

ആദ്യ സിനിമയില്‍ നിന്നും ഹാപ്പിഹസ്ബന്റ്‌സിലേക്ക്  എത്തിയപ്പോള്‍ വന്ന മാറ്റം?
ഇപ്പോള്‍ പ്രോജക്ട്‌സ് കുറച്ചു കൂടി നന്നായി തിരഞ്ഞെടുക്കാന്‍ പഠിച്ചു. തുടക്കത്തില്‍ ചില കമ്മിറ്റ്‌മെന്റ്‌സിന്റെ പേരില്‍ പല പടങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടാലെ ഞാന്‍ ചെയ്യാറുള്ളു. അതാണ് വന്ന വലിയ മാറ്റം.

ജീവിത പങ്കാളി സിനിമയില്‍ നിന്നും വേണമെന്നാണോ?
അങ്ങനെ മനസ്സില്‍ പ്രത്യേകിച്ചൊന്നുമില്ല. നല്ലൊരാള്‍ ആയിരിക്കണം. അത് സിനിമയില്‍ നിന്നോ പുറത്തു നിന്നോ ആയാലും പ്രശ്‌നമില്ല. അച്ഛനും അമ്മയും നല്ലൊരാളെ കണ്ടെത്തി തരുമെന്നാണ് എന്റെ വിശ്വാസം.

| Savitha Sijo

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.