Chat With Saranya Mohan
ശരണ്യയെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ശരണ്യ മലയാളിയോ തമിഴ്‌നാട്ടുകാരിയോ എന്നു പോലും പലര്‍ക്കും സംശയമാണ്. സംശയിക്കുന്നതില്‍ തെറ്റില്ല. തമിഴില്‍ ഹിറ്റുകളില്‍ നിന്നും ഹിറ്റുകളിലേക്കു കുതിക്കുന്നതിനിടയില്‍ മലയാളത്തില്‍ ഇടയ്‌ക്കൊന്ന് തലകാണിച്ചത് കെമിസ്ട്രിയില്‍ മാത്രം. ശരണ്യ മോഹന്‍ തന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു.
ശരണ്യയ്ക്ക് മലയാളത്തേക്കാള്‍ തമിഴിനോടാണ് ഇഷ്ടമെന്നു തോന്നുന്നു?
മൂന്നാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ മലയാളത്തിലൂടെയായിരുന്നു എന്റെ സിനിമാ പ്രവേശം. ഫാസില്‍ സാര്‍ അച്ഛന്റെ സുഹൃത്തായിരുന്നതു കൊണ്ടു സാറിന്റെ പടങ്ങളാണ് അധികവും ചെയ്‌തത്. വലുതായതോടെ മലയാളത്തില്‍ കുറച്ച് സീരിയലുകളിലൊക്കെയായി ഒതുങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് തമിഴില്‍ നിന്നും നല്ല ഓഫറുകള്‍ വന്നതും നായികയായി രണ്ടുവര്‍ഷം മുന്‍പ് യാരെടി നീ മോഹിനി ചെയ്യുന്നതും. തുടര്‍ന്ന് നല്ല ഓഫറുകള്‍ വന്നതെല്ലാം തമിഴില്‍ നിന്നുമാണ്.
അല്ലാതെ ഇഷ്ടം തമിഴിനോടായതു കൊണ്ടല്ല. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്ന വേഷങ്ങളോടെ താല്പര്യമുളളു. കെമിസ്ട്രിയില്‍ വ്യത്യസ്തമായൊരു റോള്‍ ആണെന്നു തോന്നിയതു കൊണ്ടാണ് അതു ചെയ്തത്.
തമിഴില്‍ ചെയ്ത എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നോ?
അതെ. എന്റെ മൂന്ന് ചിത്രങ്ങള്‍ 200 ദിവസം ഓടിയിരുന്നു. തെലുങ്കിലും ചെയ്തതെല്ലാം വിജയിച്ചു. എനിക്കു തോന്നുന്നത് ഇവിടത്തേക്കാള്‍ എന്നെ പലരും അറിയുന്നത് അവിടെയാണെന്നാണ്.
തമിഴിഴ് നാട്ടില്‍ ശരണ്യയ്ക്കു കുറെ ആരാധകരുണ്ടെന്നു തോന്നുന്നു?
അവിടെ എല്ലാവരും എന്നെ പാപ്പാ എന്നാണ് വിളിക്കുന്നത്. അവിടെയുളളവര്‍ക്കു സിനിമാ താരമെന്നു പറഞ്ഞാല്‍ വലിയ കാര്യമാണ്. സ്വന്തം മകളെപ്പോലെയോ അനിയത്തിയെപോലെയോ ആണ് പലര്‍ക്കും. യാരടി നീ മോഹിനി ഇറങ്ങിയതിനു ശേഷം ഞാന്‍ കോയമ്പത്തൂരില്‍ ഒരു കോളേജില്‍ ഫങ്ങ്ഷനു ക്ഷണിച്ചിട്ടു പോയിരുന്നു.
ശ്രീകാന്തും വിഷ്ണുവുമൊക്കെയുണ്ടായിരുന്നു. ഞാന്‍ കോളേജിലേക്കു വന്നതും അത് എന്റെ കാര്‍ ആണെന്നു കുട്ടികള്‍ എങ്ങനെയോ മനസ്സിലാക്കി. കാറില്‍ നിന്ന് ഇറങ്ങിയതേ ഓര്‍മ്മയുളളു. എന്നെ എല്ലാവരും കൂടി പിച്ചിപറിച്ചു. അച്ഛനും കൂടെ വന്നവരുമൊക്കെ ആകെ പേടിച്ചു. എങ്ങനെയോ അവിടന്നു രക്ഷപ്പെട്ടു. അതോടെ കോളേജില്‍ പരിപാടികള്‍ക്കു പോകുന്നതു നിറുത്തി.
എന്താണ് മലയാളികളെ അവിടത്തുകാര്‍ ഇത്രയും സ്‌നേഹിക്കുന്നത്?
എനിക്കു തോന്നിയിരിക്കുന്നത് നമ്മുടെ പെരുമാറ്റമാണ് അതിനു പ്രധാന കാരണമെന്നാണ്. പിന്നെ അവിടെ അഭിനയിക്കുന്നവരില്‍ വലിയൊരു വിഭാഗം നോര്‍ത്തിന്ത്യന്‍സാണ്. നമ്മുടെ സംസ്‌കാരമല്ലല്ലോ അവര്‍ക്കുള്ളത്. അതാണ് നമ്മളോട് വളരെ അടുപ്പം. മറ്റൊന്ന് അവിടെയുളളവര്‍ പറയുന്നത്. മലയാളികളുടേത് വളരെ ബ്രില്ല്യന്റ് പെര്‍ഫോമെന്റ്‌സാണെന്നാണ്.

Saranya Mohan
ശരണ്യ തന്നെയാണോ സിനിമയൊക്കെ തിരഞ്ഞെടുക്കാറുള്ളത്?
ഞങ്ങള്‍ എല്ലാവരും കൂടിയാണ് അതൊക്കെ തീരുമാനിക്കുന്നത്. എന്നേക്കാള്‍ എന്റെ വീട്ടിലുള്ളവര്‍ക്കാണ് ഞാന്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹം.
ശരണ്യ തമിഴ് നാട്ടുകാരിയാണോ എന്നാണല്ലോ പലരുടേയും സംശയം?
ഇതു പലരുമെന്നോട് ചോദിക്കാറുണ്ട്. മലയാളികള്‍ പോലും ഞാന്‍ തമിഴ് ബ്രാഹ്മിന്‍ ആണ് എന്ന് കരുതുന്നു. ഞാന്‍ മലയാളിയാണ്, ആലപ്പുഴയാണ് വീട്. ഞങ്ങള്‍ അയ്യങ്കാര്‍ ഫാമിലി ആണെന്നായിരുന്നു ആദ്യമൊക്കെ സെറ്റില്‍ പലരുടേയും ധാരണ. എന്റെ അച്ഛന്‍ നെറ്റിയില്‍ ഗോപി പൊട്ടിടും, പിന്നെ നല്ലനിറവുമുണ്ട്. ഇതാണ് ഇങ്ങനെ കരുതാന്‍ കാരണമെന്നാണ് പലരും പറഞ്ഞത്.
ഇതിന്റെ പേരില്‍ ആദ്യമൊന്നും ഒരു ലൊക്കേഷനില്‍ ചെന്നാലും ഞങ്ങള്‍ക്കു നോണ്‍വെജ് തരില്ലായിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ കരുതി ഇതെന്താ ഞങ്ങളെ മാത്രം ഒഴിവാക്കുന്നതെന്ന്. മറ്റു സ്ഥലങ്ങളിലെ വെജ് കറികള്‍ നമുക്കു കഴിക്കാനും പറ്റില്ല. ഗതികെട്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. ഇതെന്താ ഞങ്ങള്‍ക്കു മാത്രം തരാത്തതെന്ന്. അപ്പോഴാണ് ഞങ്ങള്‍ അയ്യങ്കാര്‍ ഫാമിലി ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചുവെന്ന് മനസിലാകുന്നത്.
ശരണ്യ ഡാന്‍സറാണല്ലേ?
ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍, അമ്മ, അനിയത്തി, ഞാന്‍ എല്ലാവരും ക്‌ളാസ്സിക്കല്‍ ഡാന്‍സേഴ്‌സാണ്. ആലപ്പുഴയില്‍ ഞങ്ങള്‍ക്കൊരു ഡാന്‍സ് സ്‌ക്കൂളുണ്ട്. സിനിമ ചെയതതോടെ ഡാന്‍സ് പ്രോഗ്രാമുകള്‍ കൂടി. സിനിമ ചെയ്തതു കൊണ്ട് എനിക്കു കിട്ടിയ ഏറ്റവും വലിയ ഗുണം അറിവുള്ള കലയെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി എന്നതാണ്. എന്റെ ജീവിതത്തില്‍ ഡാന്‍സിനാണ് എപ്പോഴും മുന്‍ഗണന.
കെമിസ്ട്രിയിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
ഒരു ഹൊറര്‍ ക്യാരക്ടര്‍ ആയിരുന്നു കെമിസ്ട്രിയില്‍. ഇതുവരെ ഞാന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ല എന്നതിന്റെ ത്രില്‍ ഉണ്ടായിരുന്നു. പിന്നെ അതിലെ മറ്റെല്ലാവരും തന്നെ വളരെ പരിചയ സമ്പന്നരായ ആക്‌ടേഴ്‌സായിരുന്നു. സൗത്ത് ഇന്ത്യയിലെ പ്രധാന നൃത്തയിനങ്ങളെല്ലാം ചെയ്യാനും ഇതിലൂടെ അവസരം ലഭിച്ചു. വിനീത് ചേട്ടനെ പോലെ ഇത്ര വലിയൊരു ഡാന്‍സറുടെ കൂടെ അഭിനയിക്കാനായതും വലിയൊരു അനുഭവമായിരുന്നു.
സിനിമാ സൗഹൃദങ്ങള്‍?
എനിക്കു സിനിമാ സൗഹൃദങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഇന്നും പണ്ട് സ്‌ക്കൂളില്‍ പഠിച്ചവരൊക്കെ തന്നെ എന്റെ സുഹൃത്തുക്കള്‍.
| Savitha Sijo


