HOME

Varada Speaks

Varada

Varada

അപ്രതീക്ഷിതമായൊരു വഴിത്തിരിവായിരുന്നു സിനിമയെന്ന് പുതുമുഖതാരം വരദ. പഠിക്കുമ്പോള്‍ സൈലന്റായൊരു കുട്ടി, സിനിമയോ മോഡലിങ്ങോ ചിന്തയില്‍ പോലുമില്ല.  പിന്നെങ്ങനെ സിനിമയിലെത്തിയെന്നു ചോദിച്ചാല്‍ വരദ തന്നെ അതിനുത്തരം പറയട്ടെ.

അമ്മ ബ്യൂട്ടീഷനായിരുന്നതു കൊണ്ട് മോഡല്‍സിനെയൊക്കെ ഒരുക്കുന്നത് പണ്ടു മുതലേ കണ്ടു ശീലമുണ്ട്. എന്നെ മോഡലിങ്ങിലേക്ക്  കൊണ്ടു വന്നാലോയെന്ന് അമ്മയ്ക്കു തോന്നി. അങ്ങനെ അമ്മയുടെ താല്പര്യവും, വീട്ടിലെ മറ്റുള്ളവരുടെ സപ്പോര്‍ട്ടുമായപ്പോള്‍  മോഡലിങ്ങ് തുടങ്ങി. മോഡലിങ്ങില്‍ ചുവടുറപ്പിച്ചു വരുമ്പോഴാണ് സുല്‍ത്താനെന്ന സിനിമയിലേക്ക്  സെലക്ടു ചെയ്യുന്നത്. തുടക്കത്തില്‍ നല്ല പേടിയുണ്ടായിരുന്നു. പിന്നെ പതുക്കെ സിനിമ  ഇഷ്ടപ്പെട്ടു തുടങ്ങി.

ഇപ്പോള്‍ നടിയെന്ന ടൈറ്റില്‍ ഇഷ്ടമായോ?
അതെ, ഇത് ശരിക്കും നല്ല സുഖമുള്ള അനുഭവമല്ലേ. കുറെ നാള്‍ ഒരാള്‍ മനസ്സില്‍ താലോലിച്ചു കൊണ്ടു നടന്ന ഒരു കഥാപാത്രത്തിനു ജീവന്‍ നല്‍കുക, ആളുകളുടെ മനസ്സില്‍ ഇടം കണ്ടെത്തുക എന്നൊക്കെ പറഞ്ഞാല്‍ എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്.

സിനിമ വരദയ്ക്ക്  ഒത്തിരി സന്തോഷം നല്‍കിയെന്നു തോന്നുന്നു?
കുറെ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ ചില വിഷമിപ്പിക്കുന്ന അനുഭവങ്ങളും നല്‍കിയിട്ടുണ്ട്. കുറെ നാള്‍ മുന്‍പ് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു.  അയാള്‍ ഒരു പുതിയ ചിത്രം ചെയ്യാന്‍ പോവുകയാണ്. ഞാനതില്‍ അഭിനയിക്കണം എന്നൊക്കെ. കളിപ്പിക്കുകയാണെന്നു തോന്നില്ല പറയുന്നതു കേട്ടാല്‍. ഞങ്ങള്‍ വിശ്വസിച്ചു. പിന്നെ മറ്റു പലരേയും വിളിച്ചന്വേഷിച്ചപ്പോഴാണ് ആരോ പറ്റിച്ചതാണെന്നു മനസ്സിലായത്. വീണ്ടും അയാള്‍ വിളിച്ചപ്പോള്‍ നല്ല ചീത്ത പറഞ്ഞു.

ഒത്തിരി ആരാധകരുണ്ടോ?
കുറെ ലെറ്ററുകളൊക്കെ വരാറുണ്ട്. പിന്നെ എന്നെ അറിയാവുന്നവരുടെ കയ്യില്‍ ചിലരൊക്കെ  സമ്മാനങ്ങള്‍ കൊടുത്തു വിടും. ഞാന്‍ കൈരളി ടി.വിയില്‍ പട്ടുറുമാല്‍ എന്നൊരു പ്രോഗ്രാം ചെയ്യുന്നുണ്ട്. അതിന് കുറെ ആരാധകരുണ്ട്. രാത്രി എട്ടരയ്ക്കാണ്  പ്രോഗ്രാം.  പിന്നീട് രാത്രി പന്ത്രണ്ടരയ്ക്ക് വീണ്ടുമുണ്ട്. പലരും അത് രാത്രി വീണ്ടും കാണാറുണ്ടെന്നു പറയാറുണ്ട്. ഇതൊക്കെ നമുക്കു കിട്ടുന്ന അംഗീകാരങ്ങളല്ലേ.

ഇപ്പോള്‍ എത്ര സിനിമ ചെയ്തു കഴിഞ്ഞു?
വലിയങ്ങാടി ഉള്‍പ്പെടെ നാലു സിനിമ.  മാര്‍ച്ചില്‍ പുതിയതു തുടങ്ങും. തമിഴില്‍ ഒരണ്ണം ചെയ്തു കൊണ്ടിരിക്കുന്നു.

സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍?
ഞാന്‍ എല്ലാവരുമായി കൂട്ടാണ്. ശ്രുതിലക്ഷ്‌മിയുമായി മാത്രമേ ആഴത്തിലുള്ള സൗഹൃദമുള്ളു.

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍?
ചെറുപ്പത്തില്‍ മമ്മൂട്ടിയെ ആയിരുന്നു ഇഷ്ടം. ഇപ്പോ കുറെ പേരെ ഇഷ്ടാട്ടോ.

സിനിമയിലെത്തിയിട്ട് മറക്കാനാവാത്തൊരു അനുഭവം?
ഓരോ ലൊക്കേഷനിലും വ്യത്യസ്ത അനുഭവങ്ങളാണ്. ഉത്തരാസ്വയംവരത്തിന്റെ ലൊക്കേഷനില്‍ എന്നെ ജയേട്ടന്‍ (ജയസൂര്യ) കുറെ പറ്റിച്ചു. സത്യം പറഞ്ഞാല്‍  ജയേട്ടനെ പേടിച്ച് ഞാന്‍ ഓടിപ്പോയി എന്നു തന്നെ പറയാം. ഞാന്‍ അറിയാത്ത ഒരാളെ ഫോണില്‍ വിളിച്ച് എനിക്ക് അയാളെ ഭയങ്കര ഇഷ്ടാണ്, എനിക്ക് അയാളെ കാണാതെ ഇരിക്കാന്‍ പറ്റണില്ല എന്നൊക്കെ കുറെ നുണ പറഞ്ഞു.

അപ്പോള്‍ അയാള് ചോദിക്കുന്നുണ്ട് എന്നെയോ, ആ കുട്ടിക്ക്യോ എന്നൊക്കെ. അപ്പോ ജയേട്ടന്‍ പറഞ്ഞു, സൗന്ദര്യത്തിലൊക്കെ എന്തിരിക്കുന്നു, ശരിക്കും ഇഷ്‌ടാണ്. അയാളെ ജയേട്ടനറിയാവുന്നതാണ്, സിനിമയുമായി കുറച്ചു ബന്ധമുള്ള ആളുമാണ്. ഒരു ദിവസം എന്റടുത്ത് ഫോണ്‍ തന്നിട്ട് പറഞ്ഞു,  അയാള്‍ക്ക് സംസാരിക്കണമെന്ന്. ഞാന്‍ ഫോണെടുത്തപ്പോള്‍ അയാളാണെങ്കില്‍  ഇപ്പോള്‍ അവിടേക്ക്  വരാന്‍ പറ്റില്ല, വൈകിട്ട് നേരത്തെ വന്നിട്ട് കാണാമെന്നൊക്കെ. സത്യം പറഞ്ഞാ ഞാനാകെ പെട്ടുപോയ അവസ്ഥയിലായിരുന്നു. പിന്നീട് ഷൂട്ട് കഴിഞ്ഞപ്പോള്‍  ഇതൊക്കെയൊരു രസമായിട്ടു തോന്നി.

അതുപോലെ വലിയങ്ങാടിയുടെ ഷൂട്ടിങ്ങ് കോഴിക്കോട് വലിയങ്ങാടിയില്‍ വച്ചു തന്നെയായിരുന്നു. അവിടത്തെ  ചുമട്ടു തൊഴിലാളികളെ കണ്ടാല്‍ പെട്ടെന്ന് നമുക്കൊരു പേടി തോന്നും. പക്ഷെ അവരൊക്കെ ഭയങ്കര സ്‌നേഹമുള്ള ആളുകളാണെന്ന് അടുത്തറിയുമ്പോഴേ മനസ്സിലാകു. അന്നു ഞങ്ങള്‍ക്കു ഷൂട്ടിങ്ങിനു വേണ്ടി എല്ലാ സഹായവും ചെയ്തു തന്നത് അവരായിരുന്നു. പിന്നെ സിനിമാല ടീം മുഴുവനുമുണ്ടായതു കൊണ്ട് നല്ല തമാശയായിരുന്നു എപ്പോഴും.

വരദ എന്നായിരുന്നോ ശരിയായ പേര്?
അല്ല എമി എന്നാണ് ശരിക്കും പേര്. ന്യൂമറോളജി പ്രകാരം പേരു മാറ്റിയതാണ്. എന്നാലും വീട്ടില്‍ ഞാന്‍  എമി തന്നെയാണ്.

സിനിമയിലെത്തിയപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍?
പേരു മാത്രം മാറിയെന്നേയുളളു. വേറൊരു മാറ്റവുമില്ല. ഞാന്‍ നിര്‍മ്മലാ കോളേജിലാണ് പഠിക്കുന്നത്.  അവിടെയുള്ള എന്റെ ഫ്രണ്ട്‌സിനോടു തല്ലു കൂടുന്നു. മൊബൈല്‍ ചാര്‍ജ്ജു ചെയ്യാന്‍ മമ്മിയോട് പത്തു രൂപ ചോദിച്ചു പിന്നാലെ നടക്കുന്നു. അങ്ങനെ എല്ലാം പഴയ പോലെ തന്നെ.

വീട്ടില്‍ നിന്നും നല്ല പ്രോത്സാഹനമാണോ?
അതെ എല്ലാവരും നല്ല പ്രോത്സാഹനമാണ്. പ്രത്യേകിച്ച് മമ്മി. മമ്മിയാണ് എന്റെ കൂടെ ഷൂട്ടിങ്ങിനൊക്കെ വരാറുള്ളത്. എന്റെ പ്രധാന വിമര്‍ശകയും മമ്മി തന്നെയാണ്.

കുടുംബം?
ഞങ്ങള്‍ തൃശൂര്‍ അഞ്ചേരിയിലാണ് താമസം.  അച്ഛന്‍ മോഹന്‍, അമ്മ പുഷ്പ,അനിയന്‍ എറിക് എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം.

| Savitha Sijo

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.