Sohan Roy Speaks On Dam 999

Sohan Roy
ഭാരതീയ സാംസ്‌കാരിക പൈതൃകം, നാവികരുടെ ജീവിതം, കാലപ്പഴക്കം ചെന്ന ഒരു അണക്കെട്ട്. ഇതു മൂന്നും സമന്വയിപ്പിച്ചുകൊണ്ട് മലയാളിയുടെ സംവിധാനത്തില്‍ ഹോളിവുഡ് ചിത്രമൊരുങ്ങുന്നു. ഡാം 999 എന്ന ചിത്രത്തിന്റെ സംവിധായകനും നേവല്‍ ആര്‍ക്കിടെക്ടും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സാരഥിയുമായ സോഹന്‍ റോയ് തന്റെ പ്രഥമ സംരംഭത്തെ കുറിച്ച് പറയുന്നു.
ഒന്നര വര്‍ഷം കഴിഞ്ഞു ഈ പ്രോജക്ടിനായുള്ള തീവ്ര പരിശീലനം തുടങ്ങിയിട്ട്. ഈ മാസത്തോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മാര്‍ച്ച് ഒന്നിന് ഷൂട്ടിങ്ങ് ആരംഭിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ടെക്‌നീഷ്യന്‍സിനെയാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ അവാര്‍ഡുകള്‍ നേടിയ പതിനാറു പേര്‍ ഇതിന്റെ വിവിധ മേഖലകളിലുണ്ട്. കൂടാതെ മലയാളത്തില്‍ നിന്നും പ്രമുഖരായ പലരും. Marine BizTV ചാനലാണ് ചിത്രം നിര്‍മിക്കുന്നത്.
ഈ സിനിമ പറയുന്നതെന്താണ്?
ഞാന്‍ എഴുതിയ ഒരു ചെറുകഥയാണ് പിന്നീട് സിനിമയാക്കി വികസിപ്പിച്ചെടുത്തത്. ഇത് നാവികരുടെ കഥയാണ്. അവരുടെ ജീവിതവും തൊഴിലും എല്ലാം ഇതില്‍ കടന്നു വരുന്നുണ്ട്. അതോടൊപ്പം ഇന്നു ലോകത്തിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന അണക്കെട്ടുകളെക്കുറിച്ചൊരു മുന്നറിയിപ്പു കൂടി ഈ സിനിമ നല്‍കുന്നുണ്ട്.
ഈ കഥയെല്ലാം പറയുന്നത് ഭാരതീയ ആശയമായ നവരസയിലൂടെയാണ്. ഒന്‍പതു ഭാവങ്ങളേയും വികാരങ്ങളേയും നിറങ്ങളേയും പുതുമയാര്‍ന്ന രീതിയില്‍ ഒന്‍പതു കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണിതില്‍. ഒന്‍പതിന്റെ ഒരു കളിയാണ് ഈ സിനിമ എന്നു വേണമെങ്കില്‍ പറയാം. ഒരേ ഡയലോഗ് പറയുന്ന ഒന്‍പതു കഥാപാത്രങ്ങള്‍, ഒന്നും പറയാത്ത ഒന്‍പതു പേര്‍, ഒന്‍പതു സബ്ക്യാരക്‌ടേഴ്‌സ്, ഒന്‍പതു മെയിന്‍ ക്യാരക്‌ടേഴ്‌സ്, ഒന്‍പതു രീതിയില്‍ പ്രണയം നഷ്ടപ്പെടുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനകത്തു കടന്നു വരുന്നുണ്ട്. മൂന്നു വര്‍ഷത്തെ ഒരു പഠനം തന്നെ ഇതിനു വേണ്ടിവന്നു.
എന്തുകൊണ്ടാണ് ഒരു മലയാളി ആയിട്ടും ഹോളിവുഡ് ചിത്രം മതി എന്നു തീരുമാനിക്കാന്‍ കാരണം?
ഇന്നുവരെ നമ്മള്‍ കണ്ട ചിത്രങ്ങളിലെല്ലാം കടലെന്നാല്‍ ഒരു ദുരന്തത്തിന്റെ പ്രതീകമാണ്. ഈ ചിത്രങ്ങളെല്ലാം വളരെ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് കടലിലുള്ള തൊഴിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനപ്പുറം കടലിന്റെ സാധ്യതകളെയാണ് ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ഇത് വെറുതെ പറഞ്ഞു പോയാല്‍ ഒരു ഡോക്യുമെന്ററി പോലെയാകും. ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്നവരും സിനിമ കാണുന്നവരുമുള്ളത് ഇന്ത്യയിലാണ്. പക്ഷെ ഇത് ഇന്റര്‍ നാഷണലി സെയില്‍ ചെയ്യാനാവുന്നില്ല എന്നതാണ് നമ്മുടെ പോരായ്മ. ഇംഗ്ലീഷിലെടുത്താല്‍ ഈ പ്രശ്നമില്ല.
സംവിധാനം പഠിച്ചിട്ടുണ്ടോ?
അഞ്ചാം ക്ലാസ് മുതലേ ഇതെല്ലാം കൂടെയുണ്ട്. അന്ന് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നു. എന്‍ജിനീയറിങ്ങ് കഴിഞ്ഞ് സിനിമയോടുള്ള പാഷന്റെ പുറത്ത് കുറച്ചു നാള്‍ കമല്‍ സാറിനൊപ്പം സംവിധാനം പഠിക്കാന്‍ കൂടി. എന്നാല്‍ തൊഴിലിലേക്ക് ഇറങ്ങേണ്ടി വന്നതിനാല്‍ പഠനം തുടരാനായില്ല. പിന്നീട് ടിവി ചാനല്‍ തുടങ്ങിയപ്പോള്‍ പ്രൊഡക്ഷനിലും ഡയറക്ഷനിലും ഡിപ്‌ളോമ എടുത്തിരുന്നു. എന്റെ തൊഴിലിന്റെ ഭാഗം കൂടിയാണ് ഈ സിനിമയെടുക്കല്‍.
മലയാളത്തില്‍ നിന്നും ആരെല്ലാം ഈ സിനിമയിലുണ്ട്?
ഒന്‍പതു രസങ്ങളില്‍ ശാന്തം അവതരിപ്പിക്കുന്നത് തിലകനാണ്. ക്യാമറ അജയ് വിന്‍സെന്റ്, സംഗീതം ഔസേപ്പച്ചന്‍, ജയചന്ദ്രന്‍, കെ.എസ് ചിത്ര തുടങ്ങിയവര്‍ പാടുന്നു. മേക്കപ്പ് പട്ടണം റഷീദ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖരായ പലരും ഇതില്‍ ഭാഗമാകുന്നുണ്ട്. ഇതു കൂടാതെ മറ്റു ഭാഷകളില്‍ നിന്നുള്ളവരും ഇതിലുണ്ട്. കേരളം, ദുബായ്, ആന്ധ്രപ്രദേശ്, ഹോംകോങ് എന്നിവിടങ്ങളിലും കടലിലും വച്ചാണ് ഷൂട്ടിങ്ങ്. ഡിസംബറോടെ സിനിമ പുറത്തിറങ്ങും.
| Savitha Sijo

