HOME

Review: Yugapurushan

Thalaivasal Vijay as Sree Narayana Guru

Thalaivasal Vijay as Sree Narayana Guru

ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ ജീവിതങ്ങളിലൊന്നാണ് ശ്രീനാരായണഗുരുവിന്റേത്. ചാതുര്‍വര്‍ണ്യത്തിന്റെ ദുരിതങ്ങള്‍ ഒന്നായി അനുഭവിക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗത്തിന് സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്തിന്റെയും സ്വാഭിമാനത്തിന്റെയും സുവര്‍ണദിനങ്ങളിലേക്ക് ചുവടു വയ്ക്കാന്‍ ധൈര്യം നല്‍കിയ ഗുരുവിന്റെ ജീവിതവും കാലവും പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാ‍ണ് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍.
തലൈവാസല്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ തലൈവാസല്‍ വിജയ് ആണ് ശ്രീനാരായണഗുരുവിന്റെ വേഷത്തില്‍ എത്തുന്നത്. ഗുരുവിന്റെ സമകാലികരായിരുന്ന ചട്ടമ്പി സ്വാമികള്‍, കുമാരനാശാന്‍ (സജി വാക്കനാട്), അയ്യങ്കാളി (ബാബു ആന്റണി), ഡോ. പല്‍പ്പു (സിദ്ദിഖ്), സഹോദരന്‍ അയ്യപ്പന്‍ (ജിഷ്ണു), കെ സി കുട്ടന്‍ (മമ്മൂട്ടി) ടി കെ മാധവന്‍ (ദേവന്‍), മന്നത്ത് പദ്മനാഭന്‍ തുടങ്ങിയവര്‍ മുതല്‍ ഗാന്ധിജിയും ടഗോറും വരെ ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. വൈക്കം സത്യഗ്രഹം, കുമാരനാശാന്റെ ജീവനെടുത്ത റിഡീമര്‍ ബോട്ടപകടം തുടങ്ങിയ ചരിത്രസംഭവങ്ങള്‍ക്കൊപ്പം ചില ഭാവനാസൃഷ്ടികളും ഇടയ്ക്ക് ചിത്രത്തില്‍ ഇടം നേടുന്നു.

PLUSES
ശ്രീനാരായണഗുരുവിനേപ്പറ്റി ഒരു സിനിമ നിര്‍മിക്കപ്പെട്ടു എന്നതു തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ നവീനവും ധീരവുമായ ദര്‍ശനം ഒരു കാലത്ത് കേരളീയജീവിതത്തെ സ്വാധീ‍നിച്ചതെങ്ങനെയെന്ന് വരും തലമുറയ്ക്ക് കുറച്ചെങ്കിലും മനസ്സിലാക്കി കൊടുക്കാന്‍ ഈ ചിത്രം ഉപകരിക്കും.

ചരിത്രസിനിമയുടെ കാസ്‌റ്റിങ് ഏതു സംവിധായകനെ സംബന്ധിച്ചിടത്തോളവും വെല്ലുവിളി തന്നെയാണ്. തൃപ്തികരമായി ആ കടമ്പ കടക്കാന്‍ ആര്‍ സുകുമാരനു കഴിഞ്ഞു. കുമാരനാശാനും ശ്രീനാരായണഗുരുവുമാണ് നമ്മള്‍ കണ്ടുശീലിച്ച രൂപങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്. തലൈവാസല്‍ വിജയ് എന്ന മലയാളിയല്ലാത്ത നടന്‍ ഗുരുവിന്റെ വേഷത്തോട് ശരിക്കും നീതി പുലര്‍ത്തുകയും ചെയ്തു.

MINUSES
ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ഒരു ഡോക്യുമെന്ററിയിലെന്നപോലെ ചിത്രീകരിക്കുന്നതിനപ്പുറത്ത് മികവൊത്ത ഫീച്ചര്‍ സിനിമ ഒരുക്കാനോ കാണികളെ പിടിച്ചിരുത്തുന്ന ഒരു കലാസൃഷ്ടിക്ക് രൂപം കൊടുക്കാനോ ആര്‍. സുകുമാരന് കഴിഞ്ഞിട്ടില്ല.
ചരിത്രസംഭവങ്ങള്‍ ഏറെക്കുറേ കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവ പലപ്പോഴും സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുത്താനേ ഉപകരിച്ചിട്ടുള്ളു. ഭാവന കയറി വരുന്നിടത്തൊക്കെ സിനിമ പാളുകയോ നിലവാരമില്ലാതെ പോവുകയോ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, പരമുവിന്റെ(ജഗതി ശ്രീകുമാര്‍) വീട്ടില്‍ ഗുരു വരുന്ന സീക്വന്‍സ് ജഗതിയുടെ അമിതാഭിനയം കൊണ്ടും സീനിന്റെ നിസ്സാരത കൊണ്ടും അപഹാസ്യമായി പോകുന്നു.
കാണികള്‍ക്ക് ആളെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കിലും മന്നത്ത് പദ്‌മനാഭാ.. മൂര്‍ക്കോത്ത് കുമാരാ.. കെ സി കുട്ടാ.. എന്നൊക്കെ പൂര്‍ണനാമത്തില്‍ അതതു കഥാപാത്രങ്ങളെ വിളിക്കുന്നത് അരോചകമാണ്.
സിനിമ അവസാനിക്കാറാകുമ്പോഴേക്കും ഗുരുവടക്കം മിക്ക കഥാപാത്രങ്ങളും വൃദ്ധരോ ക്ഷീണിതരോ ആയി മാറുന്നുണ്ടെങ്കിലും കെ സി കുട്ടന്‍ ഒരു മുടി പോലും കറുക്കാതെ തീപ്പൊരിയായി നില്‍ക്കുന്നതും ഒരു ചിരിക്കു വക തരും. (മമ്മൂട്ടി അഭിനയിച്ചതുകൊണ്ട് കുട്ടനു കിട്ടിയ ലോട്ടറിയാണ് ഈ ചെറുപ്പം എന്നു തോന്നുന്നു.)
നല്ലൊരു തുടക്കവും നല്ലൊരു അവസാനവും ഇല്ല എന്നതും ഈ ചിത്രത്തിന്റെ വലിയൊരു പോരായ്മ തന്നെയാണ്.

LAST WORD
നല്ല ഉദ്ദേശ്യത്തോടെ നിര്‍മിച്ച, ഉദ്ദേശിച്ചത്ര നന്നാകാതെ പോയ ഒരു സിനിമ.

RATING
Try At Your Risk
(Scale: *Avoid *Try At Your Risk *Good *Excellent *Great)

| G Krishnamurthy

Bookmark and Share Subscribe

8 Comments

  1. ഈ ചിത്രത്തിന് പണം മുടക്കിയ നിര്‍മാതാവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

  2. ശ്രമം നല്ലതാണ്. പക്ഷെ, കടുത്ത ഗുരു ഭക്തര്‍ പോലും മുഴുവന്‍ കണ്ടിരിക്കാന്‍ ക്ഷമ കാണിക്കും എന്ന് തോന്നുന്നില്ല

  3. ഈ സിനിമ മറ്റൊരു എസ് എന്‍ ഡി പി ബ്രാഞ്ച് ചര്‍ച്ചകള്‍ മാത്രമായിപോയി. ഈ സിനിമ കണ്ടു സമയം പാഴക്കുന്നതിന്നു പകരം ഗുരുവിന്റെ സ്വന്തം രചനകള്‍ വായിക്കുന്നതായിരിക്കും ഉത്തമം.

  4. സംവിധായകന്‍ തന്നെ എല്ലാ ഭാരവും ഏറ്റെടുക്കാതെ, നല്ലോരാളെ കൊണ്ടു തിരക്കഥ എഴുതിക്കാം ആയിരുന്നു.

  5. ee kaanikale pidichiruthaan ulla film ennathu kondu moorthy sir enthanu udhesichathu??
    ee film kandirangumbol aarum onnum parayunnathu kettille?

  6. @ Sangeeth
    1. കാണികളെ പിടിച്ചിരുത്തുന്ന ജീവചരിത്രസിനിമകള്‍ അനേകമുണ്ട്. പെട്ടെന്ന് ഓര്‍മ വരുന്ന രണ്ടെണ്ണം പറയാം. ഒന്ന്, റിച്ചാഡ് അറ്റന്‍ബറോയുടെ ഗാന്ധി (1982). രണ്ട്, പരേഷ് മൊകാഷി ദാ‍ദാ സാഹിബ് ഫാല്‍ക്കെയേക്കുറിച്ചെടുത്ത മറാത്തി സിനിമ ഹരിശ്ചന്ദ്രാസ് ഫാക്‍ടറി (2008).
    2. യുഗപുരുഷന്‍ കാണാന്‍ തിയറ്ററില്‍ കയറുമ്പോള്‍ ഞാനുള്‍പ്പടെ 8 പേരാണുണ്ടായിരുന്നത്. സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നേരത്ത് മറ്റ് ഏഴു പേരെയും കാണാനില്ലായിരുന്നു! പിന്നെ, അവര്‍ പറയുന്നത് ഞാനെങ്ങനെ കേള്‍ക്കാനാണ് അനിയാ?

  7. കൊള്ളാം ശകലം standard ഉള്ള പടം ആണെന്ന് തോന്നുന്നു

  8. കുഴപ്പമില്ല… ക്ഷമാശീലം ഉള്ളവര്‍ക്ക് പറ്റിയ പടം… എന്തുകൊണ്ട് നാരായണ ഗുരു ഈഴവരുടെ ആള്‍ ആയി എന്ന് മനസ്സിലാവുന്നില്ല.. ആ സിനിമയില്‍ ഗുരു എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ആണ്.. ഈഴവന്‍ ആയതുകൊണ്ടാണോ ആ നല്ല മനുഷ്യനെ അവരുടെ ആള്‍ ആക്കിയത്…. കെ.സീ. കുട്ടന്റെ പ്രായം മാത്രം എന്താ കൂടാതെ എന്ന് എനിക്കും തോന്നി.. ഡൈ വച്ച് തെച്ചതാവും എന്ന് കരുതി ആശ്വസിച്ചു… നല്ല റിവ്യൂ മൂര്‍ത്തി…

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.