ജയരാജിന്റെ housefullcinema.com
കലാമൂല്യമുള്ള സിനിമയും കച്ചവടസിനിമയും ഒരുപോലെ വഴങ്ങുന്ന സംവിധായകനാണ് ജയരാജ്. നിര്‍മാതാവ് കൂടിയായ അദ്ദേഹം സിനിമപ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ സംരംഭവുമായെത്തുകയാണ്. ഓണ്‍ലൈനിലൂടെ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കുന്ന housefullcinema.com എന്ന വെബ്‌സൈറ്റ്. കുടുംബപ്രേക്ഷകരെയും ഹൈടെക് തലമുറയെയും ഒരുപോലെ സഹായിക്കുന്ന ഈ ഓണ്‍ലൈന്‍ടിക്കറ്റ് ബുക്കിങ്ങ് സൈറ്റിനെക്കുറിച്ച് ജയരാജ് സംസാരിക്കുന്നു.
എന്താണ് housefullcinema.com?
കുടുംബപ്രേക്ഷകരെ തീയേറ്ററില്‍ നിന്ന് അകറ്റി നിറുത്തുന്നത് തിരക്കും ബഹളവും ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂവും എല്ലാമാണ്. അതൊഴിവാക്കി അവരെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനുളള ശ്രമമാണ് housefullcinema.com. ഒക്ടോബര്‍ ഒന്നിന് എന്തിരന്റെ റിലീസോടെയാണ് സൈറ്റ് ലോഞ്ച് ചെയ്തത്. ദേശാടനം അടക്കമുള്ള സിനിമകള്‍ നിര്‍മ്മിച്ച ന്യൂജനറേഷന്‍ സിനിമയാണ് ഇതിന്റെ പിന്നണിയിലുള്ളത്.
ഈ സൈറ്റിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?
തുടക്കം എന്ന നിലയില്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഉള്ള മുപ്പതോളം തീയേറ്ററുകളില്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കിങ്ങ് നടത്താം. കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ലിങ്ക് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനായി കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ സൈറ്റ് ജനകീയമാക്കാനുള്ള ശ്രമത്തിലാണ്. കോട്ടയവും എറണാകുളവും കേന്ദ്രീകരിച്ചാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഉപയോക്താക്കള്‍ക്ക് വിദഗ്‌ധോപദേശം നല്‍കാനായി കസ്റ്റമര്‍കെയര്‍ സേവനവുമുണ്ട്.
എങ്ങനെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് സാധ്യമാകുന്നത്?
സൈറ്റില്‍ പുതിയ റിലീസുകള്‍, തീയേറ്ററുകള്‍, സീറ്റിങ്ങ് അവയ്‌ലബിലിറ്റി, റേറ്റ് എന്നിങ്ങനെ എല്ലാ വിവരങ്ങളുമുണ്ട്. ഇത് നോക്കി ലോഗിന്‍ ചെയ്യുന്ന ആള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനായി പേരിനൊപ്പം ഐ ഡി പ്രൂഫും നല്‍കണം. ഐ ഡി പ്രൂഫ് വോട്ടര്‍ ഐഡിയോ ഡ്രൈവിങ്ങ് ലൈസന്‍സോ ആകാം. പേരും ഐഡിപ്രൂഫ് നമ്പരും ചേര്‍ത്താണ് ബുക്ക് ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പേയ്‌മെന്റ് നടത്താനുള്ള സൌകര്യമുണ്ട്. തീയേറ്ററുകാരുടെ റിസര്‍വേഷന്‍ചാര്‍ജും സര്‍വീസ് ചാര്‍ജായി പത്തുരൂപയും ടിക്കറ്റ് നിരക്കിനൊപ്പം നല്‍കണം.
ബുക്കിങ്ങ് കഴിഞ്ഞാല്‍ നിങ്ങളുടെ മെയിലിലും മൊബൈല്‍നമ്പര്‍ ഉണ്ടെങ്കില്‍ മൊബൈലിലും കണ്‍ഫര്‍മേഷന്‍ മെസേജ് വരും. ഇമെയില്‍ പ്രിന്റ് ഔട്ടോ മെസേജോ കൊണ്ട് തീയേറ്ററില്‍ പോകാം, ഒപ്പം ഐഡിപ്രൂഫും കരുതണം. ക്യൂവില്‍ നില്ക്കാതെ നേരിട്ട് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് കിട്ടും. ചില തീയേറ്ററുകളില്‍ ഞങ്ങളുടെ കസ്റ്റമര്‍കെയര്‍ ഏജന്റിന്റെ സേവനമുണ്ട്.
ആരുടെ ഐഡിയയാണ് ഈ സൈറ്റ്?
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഞാന്‍ ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള പ്ലാനിങ്ങിലായിരുന്നു. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ക്ക് ഇത്തരമൊരു സാധ്യതയെക്കുറിച്ച് അറിവുണ്ടെങ്കിലും നമ്മുടെ ചെറിയ തീയേറ്ററുകള്‍ക്ക് ഇത് പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ അവയര്‍നെസ് ആവശ്യമായിരുന്നു. ആ ഒരു കടമ്പയ്‌ക്ക് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖസംഘടനകളുമായി ബന്ധപ്പെട്ട് അവരുടെയെല്ലാം പിന്തുണയോടെയാണ് ഇതിന് തുടക്കമിടുന്നത്.
ഇപ്പോഴുള്ള പ്രതികരണം എങ്ങനെയാണ്?
വളരെ പോസിറ്റീവായ റെസ്‌പോണ്‍സാണ് തുടങ്ങി ഈ ഒരാഴ്ചക്കകം തന്നെ ഞങ്ങള്‍ക്ക് കിട്ടിയത്. വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ വിളിച്ചന്വേഷിക്കുകയും ലോഗിന്‍ ചെയ്യുകയും ചെയ്യുന്നു. മാവേലിക്കര പോലുള്ള സ്ഥലങ്ങളിലെ ചെറിയ തീയേറ്ററുകളില്‍ നിന്നുപോലും വളരെ വലിയ റെസ്‌പോണ്‍സാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇത് ശരിക്കും കൂടുതല്‍ തീയേറ്ററിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ്.
ഇതിനിടയില്‍ പുതിയ സിനിമ?
ട്രാക്ക് എന്ന ചിത്രമാണ് ചെയ്യുന്നത്. മമ്മൂട്ടിയും ജയസൂര്യയുമാണ് മുഖ്യകഥാപാത്രങ്ങള്‍. കഥയും തിരക്കഥയും സംഭാഷണവും ഞാന്‍ തന്നെയാണ്. മുംബൈ 7/11 ട്രെയിന്‍ബ്ലാസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഒരു ഇന്‍വെസ്റ്റിഗേറ്റിവ് + ലവ്‌സ്റ്റോറിയാണ്. മമ്മൂട്ടി പോലീസ് ഓഫീസറായാണ് എത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ നവംബര്‍ ആദ്യവാരം ആരംഭിച്ച് പൂര്‍ത്തികരിക്കാനാണ് പദ്ധതി.
| Gijimol P

Good move by Jayaraj..All the best…
Great Venture!! All the best Jayaraj Sir. Special thanks to Indulekha for introducing such a helpful website.