HOME

ചൈത്രം ചായം ചാലിച്ചു

പ്രണയിനിയുടെ സൗന്ദര്യത്തെ അവളുടെ ശരീരവടിവുകള്‍ കൊണ്ട് വര്‍ണ്ണിക്കുന്ന പല ഗാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചില്ല് എന്ന ചിത്രത്തിലെ ചൈത്രം ചായം ചാലിച്ചു... എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തെ മുന്‍പ് പറഞ്ഞ ഗാനങ്ങളില്‍ നിന്ന് വേറിട്ട്‌ നിര്‍ത്തുന്നത് കാമുകിയുടെ ശരീരത്തിന്റെ ലൈംഗികപരമായ വര്‍ണ്ണനകള്‍ അല്ല. മറിച്ച്, അവളുടെ നിഷ്കളങ്കമായ സൗന്ദര്യത്തിന്റെ ഏറ്റവും ഉദാത്തമായ വര്‍ണ്ണനകള്‍ ആണ്.

അവിടെയാണ് ഓ. എന്‍. വി. കുറുപ്പ് എന്ന കവി വിജയിച്ചിരിക്കുന്നത്. ആ വരികള്‍ക്ക് ചേരുന്ന ഏറ്റവും നല്ല നിഷ്കളങ്കമായ സംഗീതമാണ് എം. ബി. ശ്രീനിവാസന്‍ പകര്‍ന്നിരിക്കുന്നത്. ഈ വരികള്‍ക്കും സംഗീതത്തോടും ഒപ്പം ചേരേണ്ടത് യേശുദാസിന്റെ പ്രണയ സ്വരം മാത്രം. ഇത്രയേറെ പൂര്‍ണത നിറഞ്ഞ ഒരു പ്രണയ ഗാനം ഞാന്‍ കേട്ടിട്ടില്ല.

സ്നേഹത്തിന്റെ തലോടലില്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ട കാമുകിയെ വസന്തകാലം വരച്ച ചിത്രമായി കാമുകന് തോന്നുന്നു. അതിനായി ചാലിച്ച നിറക്കൂട്ടുകളെ അവന്‍ തേടുന്നു. കവിളില്‍ പടര്‍ന്ന അരുണിമ മാതളപ്പവിന്റെയോ വാകപ്പൂവിന്റെയോ പാടി പറന്നു പോയ തത്തമ്മ പെണ്ണിന്റെ ചുണ്ടിന്റെയോ ചുവപ്പായിരിക്കുമെന്നു അവന്‍ സംശയിക്കുന്നു. തീര്‍ന്നില്ല, കുളിര്‍ നെറ്റിക്ക് ചന്ദനത്തിന്റെ നിറം. കണ്ണിണകള്‍ക്ക് ഇന്ദ്രനീലത്തിന്റെ നീല നിറം. പ്രഭാതം പകര്‍ന്നത് ഉടലിന്റെ സുവര്‍ണ്ണ നിറം. പ്രണയത്തില്‍ ശരീരങ്ങള്‍ തമ്മില്‍ ദാഹിക്കുന്ന ഈ യുഗത്തില്‍ ഇങ്ങനൊരു പ്രണയത്തിനു അര്‍ത്ഥമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷെ,  ഈ ഗാനം കേള്‍ക്കുമ്പോള്‍ ഇന്നും ഞാനൊരു കൌമാരക്കാരനായി മാറും. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ ഗാനം ഏറെ ഇഷ്ടപ്പെടുന്നതും.

Film: Chillu (1982)
Director: Lenin Rajendran
Cast: Nedumudi Venu, Rony Vincent,Venu Nagavally, Adoor Bhasi, Jagathy Sreekumar, Jalaja, Shanthikrishna, Anitha, Sukumari, Kanakalatha
Lyrics: ONV Kurup
Music: MB Sreenivasan
Singer: KJ Yesudas
Source: www.malayalasangeetham.info

(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍‌ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍‌ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.