ഗുരുദേവ ഗുരുദേവ
പ്രതിഭകള്‍ കാലത്തിന്റെ സൃഷ്ടിയാണ്. കാലഗതിയില്‍ പ്രപഞ്ച ചക്രം തിരിയുമ്പോള്‍ കാലഘട്ടത്തിനനുസരിച്ചുളള പ്രതിഭകള്‍, ദാര്‍ശനികര്‍, കലാകാരന്‍മാര്‍, ജനനേതാക്കള്‍ ഇവര്‍ ഉദിച്ചുമറയുന്നു. അവര്‍ മറഞ്ഞാലും അവരുയര്‍ത്തിയ പ്രതിധ്വനികള്‍ പിന്നീടുളള തലമുറകളെ പ്രചോദിപ്പിക്കും പ്രകമ്പനം കൊളളിക്കും.
മാനുഷികസാമൂഹ്യ മൂല്യങ്ങളുടെ ആദ്യപാഠങ്ങള്‍ എനിക്ക് ചൊല്ലിത്തന്നത് ശ്രീ വയലാര്‍ രാമവര്‍മ്മയാണെന്നു ഞാന്‍ പറയുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല-അദ്ദേഹത്തെ നേരിട്ട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കില്‍ കൂടിയും. വയലാര്‍ എന്ന കവി തന്റെ വരികളില്‍ കൂടി പകര്‍ന്നു നല്കിയ ഉള്‍ക്കാഴ്ച്ച ഞാന്‍ പരീക്ഷ ജയിക്കാന്‍ പഠിച്ച ഏതു പാഠപുസ്തകത്തിനും നല്കാന്‍ കഴിയുമായിരുന്നതിനും അപ്പുറമായിരുന്നു. ദാര്‍ശനികനായ കവിയുടെ വരികളില്‍ പ്രപഞ്ചസത്യം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നു. ഉളളില്‍ പടര്‍ന്നു പന്തലിച്ച് നില്ക്കുന്ന മുന്‍ധാരണകള്‍ അവയ്ക്കു മുന്നില്‍ കടപുഴകാന്‍ നിമിഷങ്ങള്‍ വേണ്ട.
മുതിര്‍ന്നവര്‍ അജ്ഞാനതിമിരത്താല്‍ വിളിച്ചുപറഞ്ഞു നടന്നത് ബാലനായ ഞാനും ഏറ്റുചൊല്ലുകയായിരുന്നു. ശിവഗിരിയിലെ നാണുഗുരുവിനെ പറ്റി ഏതെങ്കിലും സദസ്സില്‍ പരാമര്‍ശം വന്നപ്പോഴൊക്കെ ഞാനും പരിഹാസചുവയോടെ ഉച്ചത്തില്‍ പറഞ്ഞു സിമന്റ് നാണു. അന്ന് സ്‌കൂളില്‍ ഞാന്‍ പഠിച്ച ഒരു സാമൂഹ്യപാഠപുസ്തകത്തിനും, പഠിപ്പിച്ച ഒരദ്ധ്യാപകനും എന്റെ മനസ്സിലുറച്ച സിമന്റ് നാണുവിന്റെ പ്രതിമ ഇളക്കാന്‍ കഴിഞ്ഞില്ല. അരക്കിട്ട് ഉറപ്പിച്ചതിനു സമം അത് ഉറച്ചിരുന്നു-റേഡിയോയില്‍കൂടി ഒരു ദിവസം ഒഴുകി വന്ന ഗുരുദേവ ഗുരുദേവ എന്ന ഗാനം കേള്‍ക്കുന്ന നിമിഷം വരെ. ആ ഗാനം അവസാനിച്ചപ്പോള്‍ വയലാര്‍ രാമവര്‍മ്മ എന്റെ മനസ്സില്‍ നിന്നും സിമന്റ് നാണുവിനെ ഇളക്കിയെറിഞ്ഞ് ഗുരുദേവനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ആ ഗാനം ഗുരുദേവന്‍ എന്ന അത്ഭുതപ്രതിഭാസത്തെ, ആ അമാനുഷിക വ്യക്തിത്വത്തെ ആരാധനാപൂര്‍വ്വം സമീപിക്കാനും ആ വചനാമൃതഗംഗ അല്പമെങ്കിലും നുകരാനുമുളള നിമിത്തമായി ഭവിച്ചു. മനുഷ്യനും മനുഷ്യനും തമ്മിലുളള വ്യത്യാസം എന്നത് മോഹബദ്ധമായ മനസ്സിന്റെ വസ്തുസത്തയില്ലാത്ത ഒരു സങ്കല്പം മാത്രം എന്ന് വ്യക്തമായി ഉളളില്‍ തെളിഞ്ഞു. പിന്നീടെന്നോ ഗുരുദേവന്‍ മാടന്റെയും മറുതയുടെയും ബിംബങ്ങള്‍ തട്ടിയുടച്ച് പകരം സനാതന മൂല്യങ്ങളുടെ പ്രതീകമായി ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച കഥ കേട്ടപ്പോള്‍ എന്റെ കഥയുമായി അതിനുളള സമാനത അതിശയിപ്പിച്ചു.
സാമൂഹ്യചലനങ്ങളുടെ സൂക്ഷ്മഭാവത്തെ തിരിച്ചറിയാനുളള കഴിവ്,സമൂഹമനസ്സിന്റെയും വ്യക്തിമനസ്സിന്റെയും അടിത്തട്ട് സ്ഫടികതുല്യം തെളിഞ്ഞു കാണാന്‍ കഴിയുന്ന ഒരു കവി ഹൃദയം. അങ്ങനെ ഒരു കവിഹൃദയത്തിനു മാത്രമേ ഗുരുദേവാ ഗുരുദേവാ , മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്നുളള വരികള്‍ എഴുതാനാകൂ എന്നും ഞാന്‍ വിശ്വസിക്കുന്നു. വയലാറിനെപ്പോലെ ഒരു പ്രതിഭ ഇനിയുണ്ടാവുമോ എന്ന ചോദ്യം തികച്ചും അപ്രസക്തം. കാരണം വയലാര്‍ ഉയര്‍ത്തിയ പ്രതിധ്വനികള്‍ ഇനിയും നിലച്ചിട്ടില്ല. വരും തലമുറകള്‍ക്ക് അതു ധാരാളം.
Film: Durga (1974)
Director: M Kunchacko
Lyrics: Vayalar
Music: G Devarajan
Singer: KJ Yesudas, P Madhuri & Chorus
Actors: Prem Nazeer, KP Ummer, Vincent, Adoor Bhasi,Vijayanirmala,Sumithra,Rajasree Nair,Rajakokila
Source: www.malayalasangeetham.info
(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)
