HOME

സന്ധ്യ മയങ്ങും നേരം

സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറസ്തമിക്കുന്നതിനിടയില്‍ ഭൂമിയില്‍ ചാലിക്കുന്ന നിറങ്ങളും അത് നമ്മുടെ വികാരപ്രപഞ്ചത്തില്‍ നിറയ്ക്കുന്ന അനുഭൂതിയും ചേതന ഒട്ടും ചോരാതെ ആവാഹിച്ചുവെച്ച അപൂര്‍വ്വസുന്ദരഗാനങ്ങളിലൊന്നു എന്റെ കാനനയോര്‍മകളില്‍ ഇഴ ചേര്‍ന്ന് കിടക്കുന്നു.

മയിലാടും കുന്ന് എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദേവരാജന്‍ സഖ്യം ഒരുക്കിയ സന്ധ്യ മയങ്ങും നേരം എന്ന അനശ്വരഗാനം. എങ്ങും മയിലുകളാടുന്ന ഉദഗമണ്ഡലത്തിന്റെ കിഴക്കന്‍ താഴ്‌വരയില്‍ പരന്നുകിടക്കുന്ന മുതുമല കടുവസങ്കേതം. കടുവഗവേഷണ കാനനജീവിതകാലം. കാട്ടിലലഞ്ഞു സന്ധ്യ മയങ്ങുമ്പോള്‍ മുതുമല റേഞ്ചിലുളള ഒംബട്ട തടാകതീരത്തു ആനക്കൂട്ടം വെളളം കുടിക്കുന്നതും മയിലുകള്‍ ചേക്കേറുന്നതും കണ്ടിരിക്കും. പ്രണയാര്‍ദ്രമായ മനസിനു കൂട്ടായ് ആ കാനനസായംസന്ധ്യയില്‍ ഇണകളെ തിരയുന്ന ഒരുപിടി കാട്ടുതാറാവുകളുമുണ്ടാവും. അവാച്യമായ അനുഭൂതി. അതുതന്നെയാണാ പാട്ടിലുളളത്.

അനുപല്ലവി മുതുമലയിലാണെങ്കില്‍ പല്ലവി എന്നിലലിഞ്ഞതു കര്‍ണാടകയിലെ നാഗര്‍ഹൊളെ കടുവാസങ്കേതത്തില്‍ വച്ച്. അവിടെ കാടിനു വെളിയിലായ് ഹെഗ്‌ദെ ദേവനകോട്ടെ എന്ന പുരാതനഗ്രാമമുണ്ട്. എല്ലാ ശനിദിവസവും ആഴ്ചച്ചന്ത പിരിയുന്നത് കാണാന്‍ ഞങ്ങള്‍ കാടിറങ്ങി ആ പുരാതനഗ്രാമകേന്ദ്രത്തിലെത്തും. സന്ധ്യമയങ്ങുന്ന നേരത്തു ഗ്രാമീണര്‍ കഴുതപ്പുറത്ത് വാങ്ങിയതും ബാക്കിയായതും കയറ്റി നടന്നകലുന്ന മൂകമായ ഗ്രാമവിഥികളിലേക്കു നോക്കി മനസ്സിന്റെ ആഴപ്പരപ്പുകളില്‍ എന്റെ രാഗബന്ധുരയെ കൊതിയോടെ ഞാന്‍ തേടുമായിരുന്നു. പ്രകൃതിയും പ്രണയവും ഇണചേരുന്ന ഈ ദേവരാഗം എന്നെ മുതുമലയിലേക്കും നാഗര്‍ഹൊളെയിലേക്കും കൊണ്ടുപോകുന്നു. പ്രതീക്ഷയോടെ.

Film: Mayiladum Kunnu ( 1972)
Director: S Babu
Lyrics: Vayalar
Music: G Devarajan
Singer: KJ Yesudas
Actors: KP Ummer, Sankaradi, Adoor Bhasi, Muthukulam Raghavan Pillai, Prem Nazeer, Jayabharathi
Source: www.malayalasangeetham.info

(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍‌ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍‌ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.