HOME

സ്വര രാഗ രൂപിണീ

എനിക്ക് പ്രിയപ്പെട്ട ഗാനങ്ങളെടുത്താല്‍ ഏറ്റവും മുന്‍പില്‍ ഒരു ഗാനതാപസന്റെ നിരന്തരമായ അന്വേഷണം പ്രതിഫലിക്കുന്ന ഒരു ഗാനമാണ്. 1965 -ല്‍ കാവ്യമേള എന്ന ചിത്രത്തിനു വേണ്ടി യേശുദാസ്-വയലാര്‍-ദക്ഷിണാമൂര്‍ത്തി ടീം ഒരുക്കിയ സ്വര രാഗ രൂപിണീ എന്ന് തുടങ്ങുന്ന ഈ ഗാനം, സ്വരങ്ങളുടെയും രാഗങ്ങളുടെയും മൂര്‍ത്തീമത് ഭാവമായ സരസ്വതിയുടെ സ്വര്‍ണ്ണ സിംഹാസനം തേടിയുള്ള അലച്ചിലിന്റെ കഥയാണ്‌ പറയുന്നത്.

എനിക്ക് ഈ ഗാനത്തോട്‌ ഏതോ ഒരു ആകര്‍ഷണം വര്‍ഷങ്ങള്‍ക്കു മുന്‍പേ മുതല്‍ തോന്നിയിരുന്നു. ഇന്നും, എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണ് ഇത്. എന്തുകൊണ്ടാണ് ഈ ഗാനം ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാല്‍ അതിനു വ്യക്തമായ ഒരു മറുപടി തരാന്‍ എനിക്കാവില്ല. തീര്‍ച്ചയായും യേശുദാസിന്റെ നിഷ്ക്കളങ്കത തുളുമ്പുന്ന ശബ്ദമാധുര്യമാണ് പ്രധാന കാരണം. പിന്നെ ആ വരികളുടെ ചാരുത…

പുഷ്പിത വനഹൃദയങ്ങളിലൂടെ
സ്വപ്ന ഹംസരഥമേറി
കലയുടെ ഹിമവാഹിനികള്‍ നിന്നെ
കാണാന്‍ അലയുകയല്ലോ… ”

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തെളിയുന്നത് എത്ര മനോഹരമായ ഒരു ചിത്രമാണ്! ആ കാല്പ്പനികതയ്ക്കൊത്തവണ്ണം ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ സംഗീതവും ഇണക്കിയിരിക്കുന്നു.

നിത്യവസന്തം നര്‍ത്തനമാടുന്ന ആ ദിവ്യ സന്നിധിയില്‍, വിശ്വസൌന്ദര്യമാകെ വീണ മീട്ടുന്ന ആ വിളക്കുമാടപ്പടവില്‍ ആത്മാവില്‍ നിന്നുയരുന്ന ഗീതാഞ്ജലിയുമായ്‌ നില്‍ക്കുന്ന ഒരന്ധഗായകന്റെ പ്രാര്‍ത്ഥന ആ ദേവി ചെവിക്കൊള്ളുകയില്ലേ?അഥവാ, ശബ്ദവും സംഗീതവും വരികളും ഒത്തൊരുമിച്ചു സൃഷ്ടിക്കുന്ന ഈ മാസ്മരിക ചൈതന്യം തുളുമ്പുന്ന അര്‍ച്ചന ഏതു ദേവിക്കാണ്‌ സ്വീകരിക്കാതിരിക്കാന്‍ കഴിയുക?

Film: Kavyamela (1965)
Director:     M Krishnan Nair
Lyrics: Vayalar
Music: V Dakshinamoorthy
Singer: KJ Yesudas
Actors: Prem Nazeer, Adoor Bhasi, Muthukulam Raghavan Pillai, Sheela
Source: www.malayalasangeetham.info

(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍‌ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍‌ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.