ReLook: Thinkalazhcha Nalla Divasam

Kaviyoor Ponnamma in Thinkalazcha Nalla Divasam
മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയേക്കുറിച്ച് ജെ കെ പിള്ള എഴുതുന്നു. ഈ സിനിമയെക്കുറിച്ചുളള ആസ്വാദനങ്ങൾ കമന്റ് ചെയ്യാൻ എല്ലാവരെയും ക്ഷണിക്കുന്നു
സിനിമകള്‍ പല വിധമാണ്. ചിലതു നമ്മെ ചിരിപ്പിക്കും, ചിലത് കരയിക്കും, മറ്റു ചിലത് നമ്മെ ചിന്തിപ്പിക്കും. ആദ്യത്തെ തവണ കണ്ടപ്പോള്‍ തന്നെ എന്നെ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ വളരെ അസ്വസ്ഥമാക്കുകയും ചെയ്ത ഒരു ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ നമുക്ക് നഷ്ടമാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മറന്നുപോകുന്ന വൈകാരിക ബന്ധങ്ങള്‍, മനസ്സിലാക്കുവാന്‍ കഴിയാതെ പോകുന്ന മുന്‍ തലമുറയുടെ കാഴ്ചപാടുകള്‍ ഇവയൊക്കെ ഒരു ഹൃദയ വേദനയോടെ ഓര്‍മ്മപെടുത്തുന്നു ഈ ചിത്രം. പത്മരാജന്റെ സുന്ദരമായ തിരക്കഥയും മമ്മൂട്ടി, കരമന, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ അഭിനയമികവും ഈ സിനിമയെ മിഴിവുറ്റതാക്കുന്നു.
അവധിക്കാലത്ത് അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ ഗ്രാമത്തിലെ കുടുംബവീട്ടില്‍ ഒത്തു ചേരുന്ന മക്കളുടെയും അവരുടെ കുട്ടികളുടെയും ഏതാനും ദിവസങ്ങള്‍ ആണ് കഥയുടെ സന്ദര്‍ഭം. ആ സമയത്ത് വീട് വില്‍ക്കാനും അമ്മയെ വൃദ്ധസദനത്തില്‍ ആക്കുവാനും ഇളയ മകന്‍ ശ്രമിക്കുന്നു. ഭൗതികസാഹചര്യങ്ങള്‍ക്ക് മാത്രം വില കല്പിക്കുന്ന ഒരു സമൂഹത്തിനു മനസ്സിലാക്കുവാന്‍ പറ്റാത്ത അമ്മയും വീടും തമ്മിലുള്ള വൈകാരിക ബന്ധവും ഒടുവില്‍ അത് തിരിച്ചറിയാന്‍ മകന് കൊടുക്കേണ്ടി വരുന്ന വലിയ വിലയുമാണ് കഥാതന്തു. കണിയാന്‍ ഗണിച്ചു പറയുന്ന നല്ല ദിവസമായ ഒരു തിങ്കളാഴ്ച അമ്മ വീടിനോട് വിട പറയുകയാണ്. ദേഹി ദേഹം വെടിയുന്നത് പോലെയാണത്. ലളിതസുന്ദരമായ തുടക്കവും, പിന്നെ പതുക്കെ പതുക്കെ കഥയുടെ സംഘര്‍ഷങ്ങളിലൂടെ എത്തിച്ചേരുന്ന ഹൃദയഹാരിയായ പ്രധാനഭാഗവും പ്രതീക്ഷനിര്‍ഭരമായ ക്ലൈമാക്സും ചേര്‍ന്ന് സിനിമയെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വീട്ടിലും പറമ്പിലുമായി നടക്കുന്ന കഥ (സുന്ദരമായ ഒരു ചെറുകഥ എന്ന് വേണമെങ്കില്‍ പറയാം) അല്പം പോലും ഇഴയാതെ ഒരു ഷോട്ടോ ഒരു സംഭാഷണമോ മുഴച്ചു നിൽക്കാതെ സിനിമരൂപത്തിലാക്കിയിരിക്കുന്നു പത്മരാജനെന്ന ജീനിയസ്. മികച്ച കൈയടക്കത്തോടെ മൂന്നു തലമുറകളുടെ വ്യത്യസ്തങ്ങളായ കാഴ്ചപാടുകള്‍ നമുക്ക് കാട്ടിത്തരുകയാണ് അദ്ദേഹം. പറമ്പില്‍ ഓടികളിക്കാന്‍ ഇഷ്‌ടപ്പെടുന്ന കുട്ടികളുടെയും, പറമ്പിനു പുറത്തു പുഴയുടെ തീരത്ത് പങ്കു വയ്ക്കുന്ന കൌമാരപ്രണയത്തിന്റെ ഉത്കണ്ഠകളുടെയും കാഴ്ചകള്‍ കൂടി പ്രധാന കഥയോടൊപ്പം പറയുന്നതിലൂടെ മനുഷ്യന്റെ നാലു അവസ്ഥകളിലെ (ബാല്യം, കൌമാരം, ഗാര്‍ഹസ്ഥ്യം, വാര്‍ധക്യം) ആശകളും വേദനകളുമാണ് കഥാകാരന്‍ പ്രേക്ഷകനോട് പങ്കുവെയ്ക്കുന്നത്. 1980 കളില്‍ ഗള്‍ഫ് ബൂം കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളും, അന്യമായിക്കൊണ്ടിരിക്കുന്ന ജന്മി കുടിയാന്‍ വ്യവസ്ഥിതിയുടെ ശേഷിപ്പുകളും, പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിന്റെയും ഇടയില്‍ വലയുന്ന പ്രവാസി മലയാളിയുടെ ആത്മസംഘര്‍ഷങ്ങളും സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയില്‍. എന്തിനു കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സര്‍വത്രികത പോലും നര്‍മ്മത്തിന്റെ മേമ്പൊടി കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു.
സുന്ദരമായ കഥാപാത്ര സൃഷ്ടിയും അതിനു ചേര്‍ന്ന കൃത്യമായ കാസ്റ്റിംഗും ഈ സിനിമയെ വളരെയധികം സഹായിച്ചിട്ടുണ്ട്. മൂത്ത മകന്റെ (കരമന) നിസ്സഹായത, ഇളയ മകന്റെ(മമ്മൂട്ടി)കുറ്റബോധം, മരുമകന്റെ നിസ്സംഗത ഇവയൊക്കെ സിനിമയിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. എന്തോ ദുരന്തം ഒളിച്ചിരിക്കുന്നുണ്ട് എന്ന തോന്നല്‍ ആദ്യം മുതലേ പ്രേക്ഷകന് നല്‍കാനും സംവിധായകന് സാധിക്കുന്നുണ്ട്. തൂവാനത്തുമ്പികളിലെ മഴ പോലെ, മൂന്നാം പക്കത്തിലെ കടല്‍ പോലെ ഇതിലെ വീടും ഒരു പ്രധാന കഥാപാത്രമാണ്. കാളിദാസന്റെ കണ്വാശ്രമത്തിലെ മാനിനേയും മരങ്ങളെയും പോലെ ഇതിലെയും മരങ്ങളും പശുവും ഒക്കെ വൈകാരികമായ ഒരു തലത്തിലേക്ക് വളരുന്നത് കാണാം. അതുപോലെ തന്നെ എല്ലാ നല്ല സിനിമയുടെയും ആത്മാവില്‍ തൊടുന്ന ഒരു ഗാനം പ്രേക്ഷകന്‍ എന്നും ഓര്‍ക്കും. ഇതില്‍ ശ്യാം സംഗീതം നല്‍കി വാണി ജയറാം പാടിയ പനിനീരുമായി ഇളംകാറ്റു വീശി എന്ന ഗാനം അത് പോലെ നമ്മുടെയൊക്കെ നൊസ്റ്റാൾജിയയുടെ ഭാഗമായതാണ്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ഗോപന്‍ ഒരേ സമയം നായകനും വില്ലനുമാണ്. ഉള്ളു കൊണ്ട് പഴയതിനെ സ്നേഹിക്കുകയും എന്നാല്‍ പ്രായോഗികതയുടെ ചട്ടകൂടില്‍ നിന്നുകൊണ്ട് ഉയര്‍ന്ന ജീവിത നിലവാരം സ്വപ്നം കാണുകയും ചെയ്യുന്ന നമ്മളില്‍ പലരുമാണ് അയാള്‍. താന്‍ ചെയ്യുന്നത് പലതും അയാളില്‍ ഉണ്ടാക്കുന്ന മനസാക്ഷികുത്ത് പ്രേക്ഷകന് അനുഭവിക്കാന്‍ കഴിയുന്നു എന്നത് ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ വിജയമാണ്. ശരീരഭാഷ കൊണ്ട് അഭിനയത്തിന് കൂടുതല്‍ കരുത്തു പകരുന്ന നടനെ ഈ സിനിമയിലും നമുക്ക് കാണാം. അമ്മയെ വൃദ്ധ സദനത്തിലാക്കി വേര്‍പിരിയുന്ന രംഗത്തില്‍ എല്ലാവരും നടന്നകലുമ്പോള്‍ വാതില്പടി ചാരി നില്‍ക്കുന്ന ഗോപന്‍ പതുക്കെ തല കുനിച്ചു തിരിച്ചു നടക്കുന്നത് പ്രേക്ഷകന്റെ അല്പം സഹതാപം കൂടി വാങ്ങികൊണ്ടാണ്. ക്ലൈമാക്സില്‍ പദ്മരാജന്റെ തൂലികയില്‍ പിറന്ന ഒരു ക്ലാസ്സിക് ഡയലോഗ് മമ്മൂട്ടിയുടെ ശബ്ദത്തില്‍ നമ്മള്‍ ഓര്‍ക്കും “ഇവര്‍ ഇവിടെ വളരട്ടെ, ഇവിടത്തെ കാറ്റും കൊണ്ട് ഇവിടത്തെ പശുവിനെയും കണ്ട്…അമ്മ പറയാറുള്ളത് പോലെ എന്നേക്കാള്‍ കേമന്മാരായിരുന്നിട്ടുള്ള ഒരു പാട് പേരുടെ മണ്ണിനടിയില്‍ നിന്നുള്ള വാത്സല്യവും അവര്‍ക്ക് ഇവിടെ കിട്ടും“.
അമ്മയുടെ വേഷം കവിയൂര്‍ പൊന്നമ്മ സ്വതസിദ്ധമായ ശൈലിയില്‍ മനോഹരമാക്കിയിട്ടുണ്ട്. അതുപോലെ അനായാസമായാണ് മൂത്ത മകനെ കരമന അവതരിപ്പിച്ചിരിക്കുന്നത്. അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയതിലുള്ള വിഷമവും അത് തടയാന്‍ കഴിയാഞ്ഞതിലുള്ള നിസ്സഹായതയും അതോടൊപ്പം വീട് വാങ്ങുന്ന പഴയ കുടിയാനോടുള്ള അവജ്ഞയും ചേര്‍ന്ന ഒരു വികാരവിക്ഷോഭം മദ്യം നല്‍കിയ സ്വാതന്ത്ര്യത്തില്‍ ഒരു പൊട്ടിത്തെറിയായി പുറത്തു വരുന്നതും അതിനൊടുവില്‍ അനിയനെ അടിക്കുന്നതും അടിച്ചു കഴിഞ്ഞു കുറ്റബോധത്തോടെ നോക്കുന്നതുമെല്ലാം കരമനയുടെ അഭിനയചാതുരിയുടെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ്. പുറമേ സൌമ്യയാണെങ്കിലും ഉള്ളില്‍ അല്പം കുശുമ്പും കുന്നായ്മയും കരുതുന്ന മൂത്ത മരുമകളെ ശ്രീവിദ്യയും ഒരു ഗൾഫുകാരന്റെ ഭാര്യയുടെ stereotype വേഷം ഉണ്ണിമേരിയും നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ സ്ത്രീകഥാപാത്രങ്ങളെ പൂര്‍ണമായി വളർത്തികൊണ്ടുവരാന്‍ പത്മരാജന്‍ അല്പം ഉപേക്ഷ വിചാരിച്ചോ എന്ന് തെല്ലു സംശയിക്കുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ വളരെ തീവ്രമായ ഒരു അനുഭവം ആണ് ഈ സിനിമ. പത്മരാജന്റെ ഏറ്റവും നല്ല സൃഷ്ടികളില്‍ ഒന്ന്.
പിൻകുറിപ്പ്: മലയാളസിനിമയുടെ സുവര്‍ണ കാലഘട്ടം എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്ന രണ്ടു പേരുകളാണ് അരവിന്ദനുംപത്മരാജനും. ഈ സിനിമ പുറത്തിറങ്ങിയ 1985-ൽ നല്ല സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയത് അരവിന്ദന്റെ ചിദംബരം ആണ്. ആ വര്‍ഷത്തെ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശിയ അവാര്‍ഡ് ലഭിച്ചത് ഈ സിനിമയ്‌ക്കും. അരവിന്ദന്‍ സമാന്തര സിനിമകളുടെ വക്താവായിരുന്നെങ്കില്‍ മുഖ്യധാര സിനിമകള്‍ക്ക് സമാന്തര സിനിമകളുടെ ക്ലാസ് നല്‍കിയ കഥാകൃത്തും സംവിധായകനുമായിരുന്നു പത്മരാജന്‍.
| JK Pillai

ചെറിയ പ്രായത്തില്‍ തന്നെ ഈ പടം കണ്ടപ്പോള്‍ വല്ലാത്തൊരു സങ്കടം തോന്നിയിരുന്നു. മമൂട്ടിയുടെയും , കരമനയുടെയും അഭിനയം എടുത്തു പറയണം. എനിക്ക് തോന്നുന്നു കവിയൂര്‍ പൊന്നമ്മയുടെ മികച്ച റോളുകളില്‍ ഒന്നാണ് ഇത്. നല്ലൊരു സന്ദേശം തരുന്ന ഒരു നല്ല കുടുംബ ചിത്രം.
ഈ ആസ്വാദനം എഴുതിയ ജെ. കെ. പിള്ളക്ക് അഭിനന്ദനങ്ങള്‍! വളരെ നന്നായിട്ടുണ്ട്.
മനോഹരമായൊരു ചിത്രം. അന്നും ഇന്നും ഇനിയെന്നും പ്രസക്തമാണ് തിങ്കളാഴ്ച നല്ല ദിവസത്തിന്റെ കഥ. കാലത്തിനു മുന്‍പേ സഞ്ചരിച്ച ഈ ചിത്രത്തിന്റെ ചുവടു പിടിച്ചു പിന്നിടെത്ര ചിത്രങ്ങള്‍. വൃദ്ധ സദനങ്ങള്‍ കൂണ് പോലെ മുളച്ചു പൊങ്ങുന്ന ഈ കാലത്തും പ്രസത്മായ ഒരു വിഷയം അന്നേ കൈ കാര്യം ചെയ്യാന്‍ സാധിച്ചു എന്നത് തന്നെ പദ്മര്‍ജന്റെ കഴിവ്. വൃധസധനങ്ങളെ കുറിച്ച് കൊച്ചുഭാവയും മറ്റും നോവലുകള്‍ എഴുതുന്നതിനു മുന്‍പേ പദ്മരാജന്‍ സിനിമയുമായ് വന്നു. ഈ ചിത്രം എല്ലാവര്ക്കും ഒരു പാഠമാണ് . നഷ്ടപെടുതുന്ന പലതിന്റെയും വില മനസിലാകിതരുന്നു നമുക്ക്.
നല്ല റിവ്യൂ. ഏന്റെ ഇഷ്ട സിനിമകളില്‍ ഒന്നാണ് ഈ പടം. കഥാപ്രപഞ്ചം മുഴുവന്‍ സ്വന്തം അമ്മയ്ക്കു സമര്‍പ്പിച്ച കഥാകാരന്‍ പത്മരാജന്‍റെ മനോഹരമായ സൃഷ്ടിയായിരുന്നു, തിങ്കളാഴ്ച നല്ല ദിവസം. ഈ സിനിമയില്‍ ഹൃദയ സ്പര്‍ശിയായിട്ടു എനിക്ക് തോന്നിയത് വീടുവാങ്ങിയ അച്ചന്‍കുഞ്ഞിന്‍റെ കഥാപാത്രത്തോട് അമ്മയുടെ മരണശേഷം കരമന ജനാര്‍ദ്ദനന്‍ നായര്‍ അവതരിപ്പിച്ച മകന്‍ ചോദിക്കുന്നു, ഇനി ഈ വീടിന്‍റെ മുക്കിലും മൂലയിലും അമ്മ വന്നു നില്‍ക്കും, അപ്പോ നിനക്ക് ഈ മണ്ണില്‍ചവിട്ടി നില്‍ക്കാന്‍ കഴിയുമോ…?
പത്മരാജന്‍ അഭ്രപാളിയിലേക്കു കൈപിടിച്ചു കൊണ്ടുവന്ന തിങ്കളാഴ്ച നല്ല ദിവസത്തിലെ ആ അമ്മ ഇന്നും എന്റെ നൊമ്പരമാണ്. ..ഒരു പക്ഷെ നിങ്ങളുടെയും..
കഷ്ട്ടിച്ചു 60 വയസ്സ് വരെ നീളുന്ന ഹ്രസ്വ ജീവിതത്തിനിടയില്‍ കൂടെപ്പിറപ്പുകളെ മറന്നു സ്വന്തം അമ്മയെയും സഹോദരങ്ങളെയും മറന്നു എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊണ്ട് സ്വസ്ഥതയില്ലാതെ പാഞ്ഞു നടക്കുന്ന വെരുകിനെ പോലെയുള്ള മനുഷ്യര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മികച്ചതും മനോഹരവുമായ ഒരു കൊച്ചു കുടുംബ ചിത്രം. ഇതില്‍ മമ്മൂട്ടിയും, കവിയൂര്‍ പൊന്നമ്മയും, അച്ഛന്കുഞ്ഞും, എന്തിനു കുട്ടികള്‍ പോലും അവരുടെ ഭാഗം നന്നായി അവതരിപ്പിച്ചെങ്കിലും മൂത്ത മകനായ കരമന ജനാര്‍ദ്ദനന്‍ നായര്‍ തന്റെ വേഷം ഉജ്വലമാക്കി എന്ന് പറയാതെ വയ്യ. ഒരു പക്ഷെ അത്രയും കാമ്പുള്ള ഒരു കഥാപാത്രമായിരുന്നു അയാളുടേത്. ഓരോ മരത്തിനും പേരിട്ടു അവരോടു സംവദിക്കുന്ന നിഷ്ക്കളങ്കയായ ആ അമ്മ, അമ്മമാരെ ഇഷ്ടമുള്ള ഏതൊരാളുടെയും കണ്ണ് നനയിക്കും,
ഓരോ പദ്മരാജന്‍ പടവും വ്യത്യസ്തമാണ്, അതിന്‍റെ പ്രമേയവും.ഇതില്‍ ഉടയാടകളുടെ ഇളകിയാട്ടമില്ല, ഇക്കിളിയില്ല, സ്നേഹം മാത്രം കൊടുക്കാന്‍ അറിയുന്ന ഒരമ്മയും പല കാരണങ്ങളാല്‍ ആ അമ്മയെ മനസിലാക്കാന്‍ കഴിയാതെ പോയ/വൈകി പോയ മക്കളും മാത്രം. പൈസ കയ്യിലുണ്ടെങ്കില്‍ പിന്നെ എന്തോന്ന് കുടിയാനും മ്പ്രാനും, അല്ലെ?
ഉണ്ണിമേരിയും അവരുടെ ഭാഗം ഭംഗിയാക്കി. കെട്ടിക്കയറുന്ന പെണ്ണുങ്ങള്‍ പലപ്പോഴും അമ്മയ്ക്കും മകനും ഇടയിലുള്ള സ്നേഹത്തിന്‍റെ ഇടയിലെ ഒരു ഭംഗിയുള്ള ഒരു ചൊറിയന്‍ പുഴു ആവാറുണ്ട്. ഈ സിനിമയിലെ ഉണ്ണിമേരിയുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിക്കണം എന്ന് എനിക്ക് തോന്നാതിരുന്നില്ല.{ ഒന്നാലോചിച്ചാല്‍ സ്വന്തം ഭാര്യയെ അടിച്ചാലും ഇപ്പം കേസാണ്, പിന്നല്ലേ വല്ലോന്‍റെയും ഭാര്യയെ. പിന്നെ, ഇന്നത്തെ പോലെ അന്ന് വനിതാ കമ്മിഷന്‍ ഒന്നും നിലവിലില്ലാത്തത് കൊണ്ട് അറിയാതെ ചിന്തിച്ചു പോയതാണ് കേട്ടോ. ഇന്നിപ്പം കമ്മിഷന്‍ വന്നതോടെ ഇപ്പോള്‍ ഉണ്ണിമേരിമാരുടെ എണ്ണവും കൂടി വൃദ്ധസദനങ്ങളു ടെ എണ്ണവും കൂടി.
@ GK പിള്ള, അഭിനന്ദനങ്ങള്‍
നല്ല റിവ്യൂ അഭിനന്ദനങ്ങള്‍. നന്നായി തന്നെ എഴുതിയിരിക്കുന്നു. നൊമ്പരപെടുത്തുന്ന ഒരു അസ്വസ്തതതയാണ് ഈ പടം നമ്മുടെ എല്ലാം ഉള്ളില്‍ ബാക്കി ആക്കുന്നത്. ക്ലാര പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സീന്‍ കരമനയുടെ ആ സീന്‍ തന്നെ. ഒപ്പം അച്ഛന്‍ കുഞ്ഞിനോട് പറയുന്ന ആ ഡയലോഗും. അമ്മയോട് അയാള്‍ക്കുള്ള സ്നേഹം മുഴുവന്‍ ഉള്ളു തുറന്നു പൊട്ടിതൂവുന്നുന്ദ് ആ ഒരൊറ്റ സീനില്‍. അയാള്‍ക്ക് ജീവനാണ് അമ്മയെ, അതെ സമയം പ്രായോഗിക ചിന്തയാല്‍ വഴിപിഴച്ചു പോയ ഒരു തലമുറയുടെ പ്രതിനിധി എന്നാ നിലയില്‍ അയാള്‍ നിസഹയനുമാണ്. എനിക്ക് ഈ ചിത്രത്തില്‍ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം കരമനയുടെ ഈ ക്യാരക്റ്റര്‍ തന്നെ. പൊള്ളയായ വാക്കുക്കള്‍ അല്ലാതെ ഹൃദയത്തില്‍ തൊട്ടു തന്നെ പറയട്ടെ കരമന ജനാര്‍ദ്ദനന്‍ നായര്‍ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാതെ വിട്ടു കളഞ്ഞ ഒരു അസാധ്യ നടന്‍ ആണ്. ഒരു ബോണ്‍ ടാലെന്റ്റ് നമ്മള്‍ മിസ്സ് ചെയ്തു കളഞ്ഞു അല്പം പോലും കുറ്റബോധം ഇല്ലാതെ.
മുന്‍പത്തെ ഒരു കമന്റില്‍ മതുകുട്ടിച്ചയന്‍ പറഞ്ഞത് പോലെ ഈ സിനിമയില്‍ ഉള്ള പശുവും തൊഴുത്തും ആ തൊടി പോലും നമ്മളില്‍ വല്ലാത്ത ഗൃഹാതുരത്വം ഉളവാക്കുന്നു. ഒരു ചെറു ത്രെഡ് എത്ര ഭംഗിയായി ഒട്ടും പരതാതെ പറഞ്ഞിരിക്കുന്നു അദ്ദേഹം. എവിടെയോ വായിച്ചു അദ്ദേഹത്തിന് ചെറുകഥകള്‍ സിനിമയക്കുന്നതാണ് താല്പര്യം എന്ന്. അദ്ധേഹത്തിന്റെ എല്ലാ സിനിമകളും അത് ശരി വെക്കുന്നു. അത് പോലെ തന്നെ ഈ സിനിമയും. വളരെ കുറച്ചു ദിവസങ്ങളില്‍ നടക്കുന്ന ഒരു സംഭവം. അത് അദ്ദേഹം എന്ത് ബന്ഗിയക്കിയിരിക്കുന്നു. മമ്മുട്ടിയുടെ ആ അവസാന ഡയലോഗ് ഒക്കെ മനസിനെ അത്രമേല്‍ മധിക്കുന്നതാണ്. കവിയൂര്‍ പോന്നമ്മക്ക് കിട്ടിയ കഥാപാത്രം ഒക്കെ അവര്‍ ചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ അമ്മ കഥപാത്രങ്ങളുടെ ഒരു പതിപ്പ് ആണ്. ശരിക്കും ഈ പദത്തില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത് കരമന തന്നെ. പിന്നെ മമ്മുട്ടിയും..
അമ്മ എന്നാ മഹത്തായ വിചാരത്തെ ഒരു അണുവിട പോലും മനസ്സില്‍ നിന്നും മാറ്റാതെ കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഒരു അസ്വസ്ഥതയോടെ മാത്രം കണ്ടിരിക്കാന്‍ കഴിയുന്ന ഒരു മികച്ച പദ്മരാജന്‍ ചിത്രം..
നല്ല റിവ്യൂ ജി കെ പിള്ളസാര്‍.. ഞാന്‍ കാണാത്ത ഒരേയൊരു പദ്മരാജന്‍ സിനിമ.
@ JK Pillai
നന്നായിരിക്കുന്നൂ റിവ്യൂ. ശരിക്കു പറഞ്ഞാല്‍ വൃദ്ധസദനം, ഗള്‍ഫ് ബൂം, എന്നിങ്ങനെ ഉള്ള സമൂഹമാറ്റത്തെ നന്നായി നിരീക്ഷിക്കുന്നു സിനിമ. ജാതി വത്യാസം മാറി, പണം ഉള്ളവനെന്നും, ഇല്ലാത്തവനെന്നും എന്ന രീതിയിലേക്ക് വത്യാസപ്പെട്ടതും സിനിമയില്‍ വരച്ച് വെക്കുന്നു. അഭിനേതാക്കള്‍ ആരും മൊശമാക്കിയില്ല… മൊത്തത്തില്‍ നല്ല ഒരു സിനിമ.
review valare nannayitund. pakshe aa song……paninerumayi. ath athra nostalgic ayi thonnunnilla….ende vyakthiparamaya abhiprayam anu.
Njan ettuvum adhyam kanda padhmarajan cinema. njan ethu kanumbol aara ee padmarajan ennu enikku ariyillayirunnu. pakshe ee padam…… even though i watched it when I was in my 3rd std. Anne enne karaypichirunnu………….. oppom kaviyur ponnamayodu aru muthassiyodu ulla oru snehavum.
\\മുഖ്യധാര സിനിമകള്‍ക്ക് സമാന്തര സിനിമകളുടെ ക്ലാസ് നല്‍കിയ കഥാകൃത്തും സംവിധായകനുമായിരുന്നു പത്മരാജന്‍.//
അസ്സല് നിരീക്ഷണം പിള്ളേച്ചാ . “കലാമൂല്യമുള്ള കച്ചവട സിനിമകള്‍ ” എന്നത് മാനത്തെ അമ്പിളി മാമന്‍ പോലെ കിട്ടാക്കനി ഒന്നും അല്ല എന്ന് പദ്മരാജന്‍ ലോകത്തിനു വെളിവാക്കിക്കൊടുത്തു . ഈ സിനിമ ഇറങ്ങിക്കഴിഞ്ഞു ഇതേ ഫോര്‍മാറ്റില്‍ എത്ര എണ്ണം ഇറങ്ങി . രാപ്പകലും ( 2005 ), മനസ്സിനക്കരെയും (2003 )അടക്കം. രഞ്ജന്‍ പ്രമോദ് ആയാലും , ടി. എ . റസാക്ക് ആയാലും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടത് പദ്മരാജനെ തന്നെ. ( കമലും അന്തിക്കാട് സാറും അടക്കം )
പദ്മരാജന്‍ എടുത്തത് കൊണ്ട് മാത്രം ഒരു ചിത്രത്തെ “അതിമനോഹരം” , “അവിശ്വസനീയം”, “ക്ലാസ്സിക്” എന്നൊക്കെ പറയാമോ?……ഇതിലെ മിക്ക വിവരണങ്ങള്‍ കണ്ടാല്‍ , പദ്മരാജന്‍ പോലും ഇത്രയ്ക്കു ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ് …..ശ്രിഷ്ടവ് മനസ്സില്‍ പോലും കനത്ത കാര്യങ്ങള്‍ ആണ്, നിരൂപകന്‍ കണ്ടു എന്ന് പറയുന്നത്. പദ്മരാജന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളും കണ്ട ഒരാള്‍ എന്ന നിലയില്‍, എന്റെ അഭിപ്രായത്തില്‍ അദ്ധേഹത്തിന്റെ ശരാശരിയില്‍ താഴെ മാത്രം ഉള്ള ഒരു ചിത്രം ആണ് ഇത് …
പിന്നെ, പ്രത്യേക ശ്രദ്ധക്ക് . മുകളില്‍ പറഞ്ഞിരിക്കുന്നത് എന്റെ വ്യക്തി പരമായ അഭിപ്രായമാണ് ….വെറുതെ കമന്റ് ചെയ്തു കൊല്ലരുത്…പ്ലീസ്……
Dear J K Pillai.,
എന്ത് പറഞ്ഞു താങ്കളെ അഭിനന്ദിക്കണം എന്ന് അറിയുന്നില്ല. അത്രയ്ക്ക് അസ്സലായി മാഷേ !! പത്മരാജന്‍ സിനിമകള്‍ക്ക് വായനാക്കാര്‍ റിവ്യൂ എഴുതുക എന്ന ഒരു ഉദ്യമം മൂവി രാഗ വെച്ചപ്പോള്‍ താങ്കള്‍ ഈ ചിത്രത്തിനെ എങ്ങിനെ approach ചെയ്യും എന്നതായിരുന്നു എന്റെ കൌതുകം. എന്റെ വളരെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നിനെ ഇങ്ങനെ മനോഹരമായി വിലയിരുത്തിയതിനു മനം നിറഞ്ഞു കൊണ്ട് തന്നെ നേരുന്നു ഭാവുകങ്ങള്‍. നല്ലൊരു അമ്മയുടെ സ്നേഹ നിധിയായ മക്കള്‍ക്ക് ഒരു തുള്ളി കണ്ണീര്‍ അടരാതെ ഈ ചിത്രം കാണാനാവില്ല…
വളരെ കുഞ്ഞു നാളിലാണ് ഞാന്‍ ഈ ചിത്രം കാണുന്നത്. അന്ന് തിയേറ്ററില്‍ ഇരുന്നു പടം മുഴുവന്‍ കാണാനുള്ള കരുത്തില്ലാതെ തിയേറ്ററില്‍ ഇരുന്നു അമ്മയെ കെട്ടി പിടിച്ചു കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു. അതിനു ശേഷം പല പ്രാവശ്യം ഞാന്‍ ഈ സിനിമ കണ്ടിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ പ്രാവശ്യം കണ്ട സിനിമയും ഇതായിരിക്കും. നമ്മളെ ജീവിതത്തിലോട്ടു കൂടുതല്‍ അടുപ്പിക്കുന്ന ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ പത്മരാജന്‍ എന്ന മാതൃ സ്നേഹിയുടെ ഇത്തരം നല്ല ചിന്തകള്‍ക്ക് ഒരു പിടി പൂക്കള്‍ അര്‍പ്പിക്കാം.
@ ഹാരീസ്
//പദ്മരാജന്‍ എടുത്തത് കൊണ്ട് മാത്രം ഒരു ചിത്രത്തെ “അതിമനോഹരം” , “അവിശ്വസനീയം”, “ക്ലാസ്സിക്” എന്നൊക്കെ പറയാമോ?……ഇതിലെ മിക്ക വിവരണങ്ങള്‍ കണ്ടാല്‍ , പദ്മരാജന്‍ പോലും ഇത്രയ്ക്കു ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ് …..ശ്രിഷ്ടവ് മനസ്സില്‍ പോലും കനത്ത കാര്യങ്ങള്‍ ആണ്, നിരൂപകന്‍ കണ്ടു എന്ന് പറയുന്നത്. പദ്മരാജന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളും കണ്ട ഒരാള്‍ എന്ന നിലയില്‍, എന്റെ അഭിപ്രായത്തില്‍ അദ്ധേഹത്തിന്റെ ശരാശരിയില്‍ താഴെ മാത്രം ഉള്ള ഒരു ചിത്രം ആണ് ഇത് …//
സ്രഷ്ടാവ് മനസ്സില്പ്പോലും കാണാത്ത രീതിയിലുള്ള interpretations ഒരു കലാ/ സാഹിത്യ/ ചലച്ചിത്ര സൃഷ്ടിക്കു കൊടുക്ക പെടുന്നത് അതിനു scope ഉള്ള സൃഷ്ടിക്കു മാത്രമാണ്. പടച്ചു വിടപ്പെടുന്ന എല്ലാ ചവറുകള്‍ക്കും അങ്ങിനെ interpretations ഉം മറ്റും കൊടുക്കാന്‍ കഴിയുമോ? കാലത്തിനനുസരിച്ച് interprataions ഉണ്ടയില്ലെങ്ങില്‍ ഏതൊരു കലാ/ സാഹിത്യ/ ചലച്ചിത്ര സൃഷ്ടിയും മറവിയിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു എന്നാണര്‍ത്ഥം. രാമായണത്തിലെ ഒരു ശ്ലോകത്തിനു വരരുചി 10 വിവിധ രീതിയിലുള്ള interpretations ആണത്രേ നല്‍കിയത്. വാല്മീകി എന്തായാലും അത്രയും മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല!!!
ഒരേ രീതിയിലുള്ള അമ്മ വേഷങ്ങള്‍ പില്‍ക്കാലത്ത് കെട്ടിയാടി കവിയൂര്‍ പോന്നാമ്മക്ക് വരെ ബോറടി തോന്നുന്നതിനും മുന്‍പ് പദ്മരാജന്‍ അവര്‍ക്ക് നല്‍കിയ സത്തയുള്ള അമ്മ വേഷം. വീണ്ടും കാണുമ്പോഴും നമുക്കും ഒട്ടും മുഷിയില്ല.
@ ഹരീഷ്
താങ്കളുടെ വ്യക്തിപരമായ അഭിപ്രായം ആയതു നന്നായി.അത് അങ്ങനെ തന്നെ വരവ് വച്ചിരിക്കുന്നു. അതുപോലെ തന്നെ എന്നെങ്കിലും താങ്കള്‍ക്ക് ഏതെങ്കിലും ഒരു പദ്മരാജന്‍ സിനിമ എങ്കിലും ആസ്വദിക്കാന്‍ ഉള്ള മാനസിക പക്വത ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
@ Harees, January 26, 2012 • 9:06 pm
ഒരു കഥാകാരന്‍ ഒരു കൃഷിക്കാരനാണെന്ന് സങ്കല്‍പ്പിക്കുക. അയാള്‍ ഒരു വിത്ത് മണ്ണില്‍ ഇടുന്നു. മണ്ണില്‍ കിടന്നു ആ വിത്ത് മുളച്ചു തളിര്‍ത്തു ചെടിയായി പടര്‍ന്നു പന്തലിച്ചു മരമായി പുഷ്പ്പിച്ചു കായ്കനികള്‍ നിറക്കുന്നു. മണ്ണില്‍ വിത്തിട്ട കര്‍ഷകന്റെ മനസ്സിലും ഇതില്‍ നിന്നപ്പുറം ഒരു ലാഭേച്ച ആ മരത്തില്‍ നിന്ന് ഉണ്ടായിരിക്കില്ല. എന്നാല്‍ അതിനുമപ്പുറം ആ മരം കൂടണയുന്ന കിളികള്‍ക്ക് ഒരു അഭയകേന്ദ്രമാവുന്നു… വഴി നടന്നു തളര്‍ന്നു വരുന്ന ഒരു യാത്രികന് ആശ്വാസമേകുന്ന തണല്‍ മരമാകുന്നു…ആടി പാടി കളിച്ചു തിമര്‍ത്തു വരുന്ന കുഞ്ഞുങ്ങള്‍ക്ക് അത് ഊഞ്ഞാല്‍ മരമാവുന്നു…. ഒരു വീട് സ്വപനം കാണുന്ന ഗൃഹനാഥന് ആ മരം അവന്റെ വീട്ടിലെ കാലങ്ങളോളം ഉറപ്പേകുന്ന ഉരുപ്പടികള്‍ ആവുന്നു…… ജീവിതാര്‍ഥങ്ങള്‍ നഷ്ടപെടുന്ന കമിതാകള്‍ക്ക് ആ മരം വേറെ പലതുമാവുന്നു…… ഇങ്ങനെ മണ്ണില്‍ വിത്തിട്ട ആ കര്‍ഷകന്റെ ചിന്തകള്‍ക്കപ്പുറം ഒരു ചെടി വളര്‍ന്നു അതിന്റെ ജീവിത പാതയില് എന്തെല്ലാം ആവുന്നു എന്ന് നോക്കുക. അത് പോലെ തന്നെയാണ് പത്മരാജന്‍ എന്ന കൃഷിക്കാരന്‍ നമ്മുക്ക് വേണ്ടി ഈ മണ്ണില്‍ രചിച്ചിട്ട കഥകളും. പത്മരാജന്‍ എന്ന സൃഷ്ട്ടികര്‍ത്താവ് സങ്കല്പ്പിച്ഛതിനെക്കാള്‍ കൂടുതല്‍ ആ കഥകള്‍ കാലത്തിനതീതമായി വളരും പലരുടെ മനസ്സിലും വര്‍ണ്ണ രാജികള്‍ തീര്‍ക്കും. അത് സ്രഷ്ട്ടാവിന്റെ ഗുണമാണ്, സൃഷ്ടിയുടെ പുണ്യമാണ് , നമ്മുടെ ഭാഗ്യമാണ് ..
ഒരുപാട് കാലം മുന്‍പാണ് കണ്ടത്. കുറച്ചൊക്കെ മറന്നു പോയിരിയ്ക്കുന്നു മനോഹരമായ ഒരു ഫാമിലി പടം.ശരിയ്ക്കും ഇഷ്ടപ്പെട്ടു. ഇതിലെ കവിയൂര്‍ പോന്നമ്മയെ പോലെ എത്രയോ വേദനിയ്ക്കുന്ന അമ്മമാര്‍ ഉണ്ടാവും നമ്മുടെ നാട്ടില്‍. ഇക്ക അദ്ധേഹത്തിന്റെ സ്വത സിദ്ധമായ രീതിയില്‍ തന്നെഅഭിനയിച്ചു തകര്തിരിയ്ക്കുന്നു. pinne കരമന അദ്ദേഹം നമ്മള്‍ ആര് അത്രയ്ക്കങ്ങ് ശ്രദ്ധിയ്ക്കാതെ പോയ ഒരു നല്ല നടന്‍ ആണ്. അദ്ദേഹം valare മനോഹരം ആയി thante vesham ചെയ്തിരിയ്ക്കുന്നു.
Padmarajan Adhehathinne Swantham ammayeyanu eea chithrathile ammayakkiyathu kaaranam adhehathinne ammayude (devakiyammayude) Chila Sheelangal adheham ee chithrathil Avatharippichittundu
നല്ല മലയാളം വായിക്കാന്‍ മൂവിരാഗയില്‍ വന്നാല്‍ കഴിയും എന്ന് മനസ്സിലാകുന്നു. എന്താ ഭാഷ, നല്ല നല്ല പ്രയോഗങ്ങള്‍, മനസ്സില്‍ തൊട്ടുള്ള എഴുത്ത്. മൂര്തി സാറിന്റെ മലയാളം പോലെ തന്നെ ഇവിടെയുള്ള കമന്റ്സ് എഴുതുന്നവരും നന്നായി എഴുതുന്നു. മൊത്തത്തില്‍ മൂവിരാഗയില്‍ പ്രതിഭയുടെ പരിമളം
എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍.
one of the best review, Thank you sir. You should be trying in script writing (if haven’t ever).
ഒരു മികച്ച സിനിമയെ കുറിച്ച് എഴുതുമ്പോള്‍ റിവ്യൂ പോലും മികച്ചതാക്കുന്നു എന്നതിന്നുള്ള ഉത്തമ ഉദാഹരണം. നല്ല അഭിനേതാവിനുള്ള അവാര്‍ഡ് നേടാന്‍ ഇതിലേ ഓരോ നടീനടന്മാരും യോഗ്യരാണ്. genius film makerഉടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു സിനിമകളില്‍ ഒന്ന് (മറ്റൊന്ന് കൂടെവിടെ).