HOME

ReLook: Kariyilakkattu Pole

Mammootty in Kariyilakattupole

Mammootty in Kariyilakattupole

മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ കരിയിലക്കാറ്റുപോലെ എന്ന സിനിമയേക്കുറിച്ച് ശ്രീരാജ് എഴുതുന്നു. ഈ സിനിമയെക്കുറിച്ചുളള ആസ്വാദനങ്ങൾ കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാഗതം.

സുധാകര്‍ മംഗളോദയത്തിന്റെ ‘ശിശിരത്തില്‍ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി പത്മരാജന്‍ ചമച്ച ചലച്ചിത്ര കാവ്യം ആയിരുന്നു ‘കരിയിലക്കാറ്റുപോലെ’.

പ്രശസ്ത സിനിമ സംവിധായകനും സാഹിത്യകാരനുമായ ഹരികൃഷ്ണന്‍ (മമ്മൂട്ടി) തന്റെ ഗസ്‌റ്റ്ഹൗസില്‍ വെച്ച് കൊല ചെയ്യപ്പെടുന്നു. പ്രസ്തുത കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്ന ഡി വൈ എസ് പി അച്യുതന്‍കുട്ടി (മോഹന്‍ലാല്‍) ഈ കേസിലെ കൊലപാതകിയെ അന്വേഷിച്ചു നടത്തുന്ന യാത്രകള്‍ ആണ് ‘കരിയിലക്കാറ്റുപോലെ’ എന്ന ചിത്രം.

കേസന്വേഷണം ഏറ്റെടുക്കുന്ന അച്യുതന്‍ കുട്ടിക്ക് ഹരികൃഷ്ണന്റെ ഗസ്‌റ്റ്ഹൗസില്‍ നിന്നും ഒരു സ്ത്രീ ആണ് കൊല നടത്തിയത് എന്നുള്ളതിന്റെ പ്രാഥമിക തെളിവുകള്‍ ലഭിക്കുന്നു. കൂടാതെ പേഴ്‌സണല്‍ ഡയറിയില്‍ നിന്നും ഒരു സ്ത്രീയുടെ ഫോട്ടോയും ഹരി ഒടുവില്‍ എഴുതിയ അപൂര്‍ണമായ ഒരു നോവലും ലഭിക്കുന്നു. പ്രസ്തുത നോവലിന്റെ ഇതിവൃത്തം ഹരികൃഷ്ണനെ പോലെ തന്നെ പ്രശസ്തനായ ഒരാള്‍ കൊല ചെയ്യപ്പെടുന്നതും ഒടുവില്‍ പ്രധാന തെളിവ് നശിച്ചു കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതുമായിരുന്നു. പേരിടാത്ത ആ അപൂര്‍ണ നോവല്‍ പോലെ തന്നെ ഈ കേസും അവസാനിക്കുമോ എന്നു തുടക്കം മുതല്‍ക്കേ അച്യുതന്‍കുട്ടി ഭയപ്പെടുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെടുത്തി കേട്ട പേരായിരുന്നു ഹരികൃഷ്ണന്റേത്. അതുകൊണ്ട് ഹരിയോടൊപ്പം ഗോസ്സിപ്പ് കോളങ്ങള്‍ പങ്കിട്ട സിനിമ നടി തുളസി, ഹരിയുടെ ഭാര്യ രാഗിണി (ജലജ), സുഹൃത്ത് മേനോന്‍ (പ്രേം പ്രകാശ്‌ ) എന്നിവരിലൂടെ അച്യുതന്‍കുട്ടി തന്റെ അന്വേഷണം ആരംഭിക്കുന്നു. ഡയറിയില്‍ നിന്നും ലഭിച്ച ഫോട്ടോ, ഹരിയോടൊപ്പം പണ്ട് കോളേജില്‍ പഠിപ്പിച്ചിരുന്ന പാര്‍വതി എന്ന സ്ത്രീയുടെതാണെന്ന് മേനോനില്‍ നിന്നും മനസ്സിലാക്കുന്ന അച്യുതന്‍ കുട്ടിയുടെ അന്വേഷണം അവരിലേക്ക് നീങ്ങുന്നു. പക്ഷെ പാര്‍വതി തന്റെ പേര് മാറ്റി ഭാഗിനിസേവമയി ആയി സന്യാസം സ്വീകരിച്ചിരുന്നു. പാര്‍വതിയുടെ മൊഴിയില്‍ ഉണ്ടാകുന്ന വൈരുധ്യങ്ങള്‍ മൂലം അവരെ അറസ്റ്റ് ചെയ്യുവാന്‍ അച്യുതന്‍ കുട്ടി നിര്‍ബന്ധിതനാകുന്നു. പാര്‍വതിയുടെ അറസ്റ്റ് പത്രത്തില്‍ നിന്നും വായിച്ചു അച്യുതന്‍ കുട്ടിയെ കാണുന്നതിനു വേണ്ടി ശില്പ (കാര്‍ത്തിക ) എത്തുന്നു. തന്റെ അനുജന്‍ അനില്‍കുമാറിന്റെ (റഹ്മാന്‍) കാമുകി എന്ന നിലയില്‍ മുന്‍പ് പല തവണ ശില്പയെ അച്യുതന്‍ കുട്ടി കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ അവളുടെ വരവ് അമ്മയുടെ കൂടെ കോളേജില്‍ പഠിപ്പിച്ചിരുന്ന പാര്‍വതിയെ വളരെക്കാലമായി അറിയാമെന്നും അവര്‍ക്ക് ഒരാളെ കൊല്ലാന്‍ കഴിയില്ലെന്നും അച്യുതന്‍ കുട്ടിയോട് പറയാനായിരുന്നു. തുടര്‍ന്ന്, കൊല്ലപ്പെട്ട ഹരികൃഷ്ണനുമായി തനിക്കു അടുത്ത പരിചയം ഉണ്ടായിരുന്നുവെന്നും തങ്ങളുടെ നല്ല സൗഹൃദത്തെ അമ്മ പോലും തെറ്റിദ്ധരിച്ചുവെന്നും ശില്പ അറിയിക്കുന്നു.

ശില്പയുടെ അമ്മയെ (ശ്രീപ്രിയ) കാണുവാന്‍ എത്തിയ അച്യുതന്‍കുട്ടിയോട് അവര്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത് പണ്ട് തന്റെയും പാര്‍വതിയുടെയും ഒപ്പം കോളേജില്‍ പഠിപ്പിച്ചിരുന്ന ഹരിയെ കുറിച്ചായിരുന്നു. പാര്‍വതിയുമായി പ്രണയത്തിലായ അയാള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ തന്നില്‍ പാകിയ പാപത്തിന്റെ വിത്താണ് ശില്പ. ഇത് മനസ്സിലാക്കിയിട്ടാണ് പാര്‍വതി ജോലി രാജി വെച്ച് സന്യാസം സ്വീകരിച്ചതെന്നും അവര്‍ പറയുന്നു. അച്ഛനും മകളും ആണെന്ന് അറിയാതെ ഉള്ള അവരുടെ സൗഹൃദത്തില്‍ അരുതായ്ക വല്ലതും സംഭവിച്ചാലോ എന്നു ഭയന്ന് താന്‍ അന്ന് ഹരികൃഷ്ണനെ കാണുന്നതിനു വേണ്ടി ഗസ്‌റ്റ്ഹൗസില്‍ പോയിരുന്നു. എന്നാൽ അപ്പോഴേക്കും ഹരികൃഷ്ണന്‍ കൊല്ലപെട്ടിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുനതിനിടയില്‍ തന്റെ കയ്യില്‍ നിന്നും നഷ്‌ടപ്പെട്ട വസ്തുക്കള്‍ ആണ് പ്രാഥമിക തെളിവെന്നോണം പോലീസിന്റെ കയ്യില്‍ അകപ്പെട്ടതെന്നും ശില്പയുടെ അമ്മ അച്യുതന്‍ കുട്ടിയെ അറിയിക്കുന്നു.

ശില്പയെയും അവളുടെ അമ്മയെയും അറസ്റ്റ് ചെയ്യാന്‍ അച്യുതന്‍കുട്ടി തയ്യാറാകുമ്പോള്‍ ഹരികൃഷ്ണനെ കൊന്നത് താന്‍ ആണെന്നു അനില്‍കുമാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഉണ്ടായതെന്ന് അയാൾ വിവരിച്ചു. ശില്‍പ്പയ്ക്ക് ഹരികൃഷ്ണനോട് അരുതാത്ത രീതിയില്‍ ബന്ധം ഉണ്ടെന്നു തെറ്റിദ്ധരിച്ച അനിൽ ഹരികൃഷ്ണനെ കാണാൻ ചെന്നു. തുടര്‍ന്ന് പറ്റിയ ഒരു കൈയബദ്ധമാണ് ഹരികൃഷ്ണന്റെ കൊലപാതകമെന്ന് അനില്‍കുമാര്‍ വെളിപ്പെടുത്തുന്നു. സ്വന്തം സഹോദരന്റെ മുന്നിലും നിയമത്തിനു വിട്ടുവീഴ്‌ചയില്ല എന്നു അച്യുതന്‍കുട്ടി തീരുമാനിക്കുന്ന നിമിഷം സ്വയം വെടി വെച്ച് അനില്‍കുമാര്‍ ജീവിതം അവസാനിപ്പിക്കുന്നു. അപൂര്‍ണ നോവലിലെ പോലെ ഈ കേസിലെയും പ്രധാന തെളിവ് നശിച്ചതോര്‍ത്തു കയ്യില്‍ ഇരിക്കുന്ന അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പ് അച്യുതന്‍കുട്ടി കത്തിച്ചു കളയുന്നിടത്ത് കരിയിലക്കാറ്റ് അവസാനിക്കുന്നു.

ഒറ്റ നോട്ടത്തില്‍ സാധാരണം എന്നു തോന്നുന്ന ഒരു കഥാതന്തുവില്‍ നിന്നും ഇന്ദ്രജാലം തുടിക്കുന്ന അസാധാരണമായ തിരക്കഥകള്‍ ആഖ്യാനം ചെയ്യുന്നതാണ്‌ പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. അനാവശ്യമായി ഒരു കഥാപാത്രത്തെ പോലും പത്മരാജന്‍ ഈ ചിത്രത്തില്‍ സൃഷ്‌ടിച്ചിട്ടില്ല. കഥാഗതിക്കു ആവശ്യമില്ല എന്നു തോന്നിയത് കൊണ്ടാവും അച്യുതന്‍ കുട്ടിയുടെയും അനില്‍കുമാറിന്റെയും അമ്മ അച്ഛന്‍ വേഷങ്ങള്‍, കണ്ടു മടുത്ത വികാര രംഗങ്ങള്‍ ഇതൊക്കെ പറഞ്ഞു അദ്ദേഹം സമയം കളയാതെയിരുന്നത്. അനാവശ്യമായ ശബ്ദകോലാഹലങ്ങളും സംഘട്ടന രംഗങ്ങളും ഇല്ലാതെ ശാന്തമായി എങ്ങനെ ഒരു നല്ല കുറ്റാന്വേഷണ കഥ പറയാം എന്നതിന് വ്യക്തമായ തെളിവ് തന്നെ ആയിരുന്നു കരിയിലക്കാറ്റുപോലെ .

ഹരികൃഷ്ണന്റെ വീട്ടില്‍ തെളിവെടുപ്പിനായി അച്യുതന്‍കുട്ടി എത്തുന്ന രംഗങ്ങളില്‍ പത്മരാജന്റെ ക്ലാസിക്കല്‍ ടച്ച്‌ പ്രകടമാണ്. ചിത്രത്തിലെ ശില്പയുടെ അമ്മ ഇടുങ്ങിയ ചിന്താഗതികളും മുന്‍കോപവും കൊണ്ടുനടക്കുന്ന ഒരു കഥാപാത്രം ആയിരുന്നു. അതിനു കാരണം താന്‍ വളര്‍ന്നു വന്ന ചുറ്റുപാടുകളും ഒരു വക്കീല്‍ ഗുമസ്തന്റെ മകള്‍ എന്നുള്ള അപകര്‍ഷതാ ബോധവും ആയിരുന്നെന്നു അവര്‍ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ ഉള്ള കഥാപാത്രങ്ങളെ നിത്യ ജീവിതത്തില്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ ശില്പയുടെ അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശ്രീപ്രിയ’, പല രംഗങ്ങളിലും അമിതാഭിനയം കാഴ്ച വെച്ച് ഒരു കല്ലുകടിയായി. ചിത്രത്തിന്റെ ആദ്യ രംഗങ്ങളില്‍ (ഹരികൃഷ്ണന്റെ കൊലപാതകത്തെക്കുറിച്ചു അന്വേഷണം നടക്കുമ്പോള്‍) അനില്‍കുമാര്‍ വീട്ടില്‍ എത്തുമ്പോള്‍ സ്വീകരിച്ചിരുത്തുക ആണ് ശില്പയുടെ അമ്മ ചെയ്യുന്നത്, എന്നാല്‍ കഥ ക്ലൈമാക്സില്‍ എത്തുമ്പോള്‍ പറയുന്നത് ശില്പയുടെ വീട്ടില്‍ നിന്നും വഴക്കിട്ടാണ് അനില്‍കുമാര്‍ ഹരികൃഷ്ണനെ കൊല്ലാന്‍ ഗസ്‌റ്റ്‌ഹൗസിലേക്ക് പോകുന്നത് എന്നാണ്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡി വൈ എസ് പി അച്യുതന്‍ കുട്ടിയുടെ ചോദ്യം ചെയ്യല്‍ രംഗങ്ങള്‍ പലപ്പോഴും ഒരു സൈക്യാട്രിസ്റ്റിനെ ഓര്‍മപെടുത്തുന്നതായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് മോഹന്‍ലാല്‍ ആയിരുന്നു എന്നു പത്മരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട അഭിനയം കാഴ്ച വെച്ചത് റഹ്മാന്‍ -കാര്‍ത്തിക ജോഡിയാണ്. ഒരുപക്ഷെ ജയറാം എന്ന കലാകാരനെ പത്മരാജന്‍ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മൂന്നാംപക്കം അടക്കമുള്ള ചിത്രങ്ങളില്‍ നായക വേഷത്തില്‍ തന്നെ റഹ്മാന്‍ എന്ന നടന്റെ മികച്ച പ്രകടനം കാണുവാന്‍ സാധിച്ചേനെ.

തൂവാനതുമ്പികളെ കുറിച്ചുള്ള മൂവിരാഗ ചര്‍ച്ചയില്‍ കടന്നു വന്ന ‘ക്ഷണനം’ എന്ന വാക്ക് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലും പലപ്പോഴും കടന്നു വരുന്നു. സാഹിത്യത്തില്‍ നിന്നും ഒരു കലാകാരന്‍ സിനിമയുടെ മായാലോകത്തിലേക്ക് കടക്കുമ്പോള്‍ സാഹിത്യത്തിനു അദ്ദേഹത്തെ നഷ്‌ടപ്പെടുന്നു എന്നുള്ളതായിരുന്നു പത്മരാജനെ പറ്റി ഉണ്ടായ ഒരു പ്രമുഖ ആരോപണം. അങ്ങനെ ഒരു ആരോപണത്തിന് ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സിനിമ നല്‍കുന്ന പ്രശസ്തിയും പണവും ആയിരിക്കാം തന്നെയും സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് പത്മരാജന്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളെ, പ്രണയം, രതി, പ്രതികാരം തുടങ്ങിയ സങ്കല്‍പ്പങ്ങളെ എല്ലാം പച്ചയായി അവതരിപ്പിച്ച കലാകാരന്‍ ആയിരുന്നു പത്മരാജൻ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം എന്ന വിശേഷണം ‘കരിയിലക്കാറ്റുപോലെ’ അര്‍ഹിക്കുന്നില്ല. എങ്കില്‍ തന്നെയും വാണിജ്യ വിജയം നേടിയ ഒരു നല്ല ചിത്രം തന്നെ ആയിരുന്നു ഇത്.

| Sreeraj

47 Comments |

  1. ഞാന്‍ തിയേറ്ററില്‍ നിന്നും ആദ്യം കണ്ട സിനിമ!!

       3 likes

  2. ഒരു നല്ല interesting കുറ്റാന്വേഷണ ചിത്രം ആണ് ഇത്. ശ്രീരാജ് പറഞ്ഞപോലെ വാണിജ്യമായി വിജയിച്ച ചിത്രം. കാസ്റ്റിംഗ് കിടിലന്‍! എല്ലാരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട് ശ്രീപ്രിയ ഒഴിച്. ശ്രീരാജ് , നിങ്ങള്‍ നന്നായി തന്നെ കഥയും മറ്റെല്ലാം വിവരിച്ചിട്ടുണ്ട്. നല്ല നിരീക്ഷണങ്ങള്‍ . അഭിനന്ദനങ്ങള്‍ !

       4 likes

  3. @ sreeraj

    //ഒറ്റ നോട്ടത്തില്‍ സാധാരണം എന്നു തോന്നുന്ന ഒരു കഥാതന്തുവില്‍ നിന്നും ഇന്ദ്രജാലം തുടിക്കുന്ന അസാധാരണമായ തിരക്കഥകള്‍ ആഖ്യാനം ചെയ്യുന്നതാണ്‌ പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്.//

    ശ്രീരാജ്…I am quoting my few lines from the review for നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍…

    //പത്മരാജന്റെ ഇന്ദ്രജാലം തുടിച്ചു നില്‍ക്കുന്ന തിരക്കഥയും സംവിധാനവും. ഇതിലേതിനാണ് കൂടുതല്‍ മാര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല. അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ രീതിയില്‍ ആഖ്യാനം ചെയ്യുന്നതാണ്‌ പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്.//

    എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അതിനെ സ്വാഭാവികം എന്ന് വിളിക്കാമോ???

       7 likes

  4. I was lucky in listening to both Radio version and the movie Kariyilakkatt Pole. My first impression was that the radio drama was a bit better than the movie. The best part and the development of this story was in such a mood that after the assassination of Harikrishnan every character had given a feeling that he or she was the culprit and the tempo was kept till the end. Especially there was a character ‘swamini’(I don’t remember the details) who was fully “fit” to do the murder- again the girl’s mother doubting her daughter getting to an affair with her own father.. Etc.

    Any ways the movie was good one of Late. Padmarajan and as he mentioned Mohanlal and Mannootty did their jobs well.I have another doubt.. was it of Sudhakar Mnagalodayam or one Mr.Sreekandhan Nair?

       2 likes

  5. It is one of my favorite Padmarajan Movie. I stunned while seeing this movie.

       2 likes

  6. Review ennu paranjal ingane thanne ezhuthanam. Kadhathanthu,abhiprayam ellam oppathinoppam,nalla mithathvamulla bhashayum..Well done!

       4 likes

  7. ഈ സിനിമയില്‍ റഹ്മാന്‍, തന്റെ കാമുകി കാര്‍ത്തികയും,മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം കണ്ടു തെറ്റിദ്ധരിച്ച്‌ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് ചീത്ത വിളിക്കുന്ന സീന്‍ ഉണ്ട്. ആദ്യമൊക്കെ സഹിച്ചു ഇരിക്കുന്ന മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും- അപ്പോള്‍ ഉള്ള മമ്മൂട്ടിയുടെ അഭിനയം സൂപ്പര്‍ ആണ്

       8 likes

  8. പെട്ടന്ന് ഇതില് മോഹന്‍ലാല്‍ ആളുകളെ ചോദ്യം ചെയ്യുന്ന സ്റ്റൈല്‍ ഉം നമ്മടെ സുരേഷ്ഗോപി അണ്ണന്റെ രീതിയും ഒന്ന് താരതമ്യം ചെയ്തു പോയി . നന്നായിട്ട് ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ പറ്റി.

       2 likes

  9. @ Sreeraj

    റിവ്യൂ നന്നായി. എനിക്കിതില്‍ ലാലിനേക്കാള്‍ മികച്ച പ്രകടനം എന്ന് തോന്നിയത് മമ്മൂട്ടിയുടെതാണ്..

       7 likes

  10. One of the best padmarajan movie review so far congrats

       2 likes

  11. പദ്മരാജനെ പോലെയൊരു സാഹിത്യകാരന് ക്ഷണം എന്നതും ക്ഷണനം എന്നതും രണ്ടാണെന്ന് നന്നായി അറിയാം. പദ്മരാജന്‍ സിനിമയിലെ കഥാപത്രങ്ങളും ആ വ്യത്യാസം അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ മണ്ടന്‍ ആവാന്‍ പോകുന്നത് ആരാണ്? സാധാരണക്കാരായ, പച്ച മനുഷ്യര്‍ ആണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അറിഞ്ഞു കൊണ്ട് അദ്ദേഹം ഉള്പെടുത്തുന്ന ഇത്തരം ഭാഷ പിശക് (ഗ്രാമീണ ഭാഷ) ആ കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്കു വേണ്ടി ഉള്പ്പെടുതിയിട്ടുള്ളതാണ്. സിനിമയിലെ കഥാപാത്രം പറയുന്ന വാക്കുകളെ കഥാകൃത്തിന്റെ വാക്കുകള്‍ ആയി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എങ്കില്‍, ഒന്നുകില്‍ കഥാകൃത്തോ അതല്ലെങ്കില്‍ അത് സിനിമയാക്കിയ സംവിധായകനോ ആ കഥാപാത്രത്തെ വരച്ചു കാട്ടുന്നതില്‍ പരാജയപ്പെട്ടു. അതല്ല എങ്കില്‍ കണ്ടു കൊണ്ടിരിക്കുന്ന ആള്‍ ആ വ്യത്യാസം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഇവിടെ സംഭവിച്ചത് രണ്ടാമത് പറഞ്ഞ കാര്യമാണ് എന്ന് സുവ്യക്തം.
    ഒരു സിനിമയിലെ സാധാരണക്കാരനായ ഒരു കഥാപാത്രം അച്ചടി ഭാഷയില്‍ ആണോ സംസാരിക്കേണ്ടത്? അതുമല്ലെങ്കില്‍ മലയാള ഭാഷ അരച്ച് കലക്കി കുടിച്ച ഒരു മലയാള ഭാഷാ വിദ്വാനെ പോലെയോ? അങ്ങനെ സംസാരിക്കുന്ന ആള്‍ക്കാരെ ഞാന്‍ ജീവിതത്തില്‍ വളരെ വിരളം ആയി പോലും കണ്ടിട്ടില്ല. അങ്ങനെയുള്ള ചില കഥാപാത്രങ്ങളെ ഒരു രസത്തിനു വേണ്ടി സിനിമയില്‍ പലരും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി യുവജനോത്സവം (സര്‍വകലാശാല ആണോ എന്നും സംശയം ഉണ്ട്) എന്ന പടത്തിലെ മണിയന്പിള്ളയും, കിഴക്കുണരും പക്ഷിയിലെ സിദ്ദിക്കും ചെയ്ത വേഷങ്ങള്‍. അത് വെറും വേഷങ്ങളാണ്. ആള്‍ക്കാര്‍ അത് കോമഡി ആയെ എടുത്തിട്ടുള്ളൂ.സംവിധായകന്‍ ഉദ്ദേശിച്ചതും കോമഡി തന്നെ. ക്ഷണവും ക്ഷണനവും തമ്മിലുള്ള ഈ സംശയവും കോമഡിയല്ലാതെ മറ്റെന്താണ്?

       3 likes

  12. “ഒരുപക്ഷെ ജയറാം എന്ന കലാകാരനെ പത്മരാജന്‍ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മൂന്നാംപക്കം അടക്കമുള്ള ചിത്രങ്ങളില്‍ നായക വേഷത്തില്‍ തന്നെ റഹ്മാന്‍ എന്ന നടന്റെ മികച്ച പ്രകടനം കാണുവാന്‍ സാധിച്ചേനെ”.

    മുന്നം പക്കം എന്ന ചിത്രതില്‍ ജയരാമിന്‍റെ അഭിനയം നല്ലതല്ല എന്നു ആരും പറയില്ല പദ്മരാജന്‍ ജയരാമിനെ അവതരിപ്പിചതു വലിയൊരു തെറ്റായി പൊയി എന്ന പൊലെ ആണല്ലോ എല്ലാവരും ജയരാമിനെ പറ്റി പറയുന്നതു. മുന്നം പക്കം ഇന്നലെ എന്നീ ചിത്രങലില്‍ ജയരാമിന്‍റെ അഭിനയം വളരെ മികചതു തന്നെ ആനു. ജയരാം ഒരു മികച നടന്‍ തന്നെ ആനു അല്ലയിരുന്നു എങ്കില്‍ സത്യന്‍ അന്തികാദിനെ പൊലെ ഒരു പ്രതിഭ തന്‍റെ ചിത്രങലില്‍ തുദര്‍ച ആയി ജയരാമിനെ നായകന്‍ ആക്കില്ലയിരുന്നു.

       1 likes

  13. ഒരു average movie എന്നേ ഈ പടത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പറയാനുള്ളൂ. ഇത് അത്ര വലിയ commercial വിജയം ആയിരുന്നോ? ഒരു detective പടതിന്റെതായ സസ്പെന്‍സും പഞ്ചും എല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ നില നിര്‍ത്തിക്കൊണ്ട് വന്നെങ്കിലും ഒടുവില്‍ ക്ലൈമാക്സ്‌ കണ്ടപ്പോള്‍ പടിയ്ക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന പോലെയാണ് തോന്നിയത്. അത്തരത്തില്‍ ഒരു നിരാശാ ജനകമായ ക്ലൈമാക്സ്‌ അല്ലായിരുന്നെങ്കില്‍ excellent എന്ന് കണ്ണുമടച്ചു പറയാമായിരുന്നു ഈ പടത്തെ കുറിച്ച്. സ്വന്തം സഹോദരന്‍ കുറ്റവാളി ആയിരുന്നു എന്ന് തെളിയിയ്ക്കാന്‍ ആ ആത്മഹത്യാ കുറിപ്പ് മാത്രം മതിയായിരുന്നു അച്യുതന്‍ കുട്ടിയ്ക്ക്. പക്ഷെ സ്വന്തം അനിയന്‍ കുറ്റവാളി ആയിരുന്നു എന്ന് ലോകം അറിയാന്‍ അയാള്‍ ആഗ്രഹിയ്ക്കുന്നില്ല. അത് കൊണ്ട് അയാള്‍ അത് കീറി കളയുന്നു. ഇതാണോ ആത്മാര്‍ഥ സേവനം അനുഷ്ടിയ്ക്കുന്ന ഒരു പോലീസ് ഓഫീസറുടെ ധീര കൃത്യം? ഇത്തരത്തില്‍ കല്ല്‌ കടിയ്ക്കുന്ന ക്ലൈമാക്സ്‌ സംവിധായകന്റെ പരാജയം തന്നെയാണ്.

       5 likes

  14. Johnson mashinte background score eduthu parayendathanu.

       1 likes

  15. I totally agree with Mukilvarnnan. The invesitgation part and the way the story was built up was nice. Unfortunately the climax was a damp squib. Throughout the film ( one must remember, the movie opens with the death of Harikrishnan) Rahman’s character behaves quite normally as if he the murder has had nothing to do with him. Given the fact that Rahman is portrayed as a decent college going student, how could he hide his emotions after doing a gruesome murder ( though not intentional) of such a famous personality? More so, when his brother himself is the investigating officer? This same point was highly criticised by many critics at that time this movie was released. Overall, I feel this had a lousy climax.

       2 likes

  16. I am copy pasting a comment from “Manthri” which he gave under the film ” Season”/ കരിയിലകാറ്റ്‌പോലെ യിലെ റഹ്മാന്റെ കഥാപാത്രം. തലേന്ന്‍ ഒരു കൊല നടത്തിയത്തിന്റെ ലാഞ്ചന പോലുമില്ല അയാളുടെ ഇന്ട്രോടക്ഷനില്‍. അത്രയ്ക്ക് വിദഗ്ദ്ധമായി മറയ്ക്കാന്‍ അയാളൊരു ബോണ്‍ ക്രിമിനലൊന്നുമായിരുന്നില്ല. സാഹചര്യം മൂലം തെറ്റ്‌ ചെയ്തൊരാള്‍. പക്ഷെ സംവിധായകന്‍റെ പാളിച്ച മൂലം ഒരു ലോജിക്കില്ലായ്മ ഫീല്‍ ചെയ്യുന്നു.//
    How correct it is!!!!!

       3 likes

  17. @ മാത്തുക്കുട്ടി

    ക്ഷണം ക്ഷണനം എന്നിവ തമ്മിലുള്ള വ്യത്യാസം ഒരുപാടു പേര്‍ക്കൊന്നും അറിയില്ലായിരുന്നു എന്നതല്ലേ ശെരി ‘?. അദ്ദേഹത്തിന് പറ്റിയ ഒരു തെറ്റ് തന്നെയാവാനാണ് എല്ലാ സാധ്യതയും, ഇനി അതില്‍ പിടിച്ച് കോമഡി, പ്രേക്ഷകരുടെ കഴിവില്ലായ്മ എന്നൊക്കെ പറഞ്ഞു ഉരുണ്ടു വൃത്തികേടാക്കണോ അച്ചായോ

       2 likes

  18. @മുകില്‍വര്‍ണ്ണന്‍
    വേറെയും പ്രശ്നങ്ങള്‍ ഉണ്ട് മുകിലണ്ണാ . 1 . റഹ്മാനെ പോലെ ഒരു പീക്കിരി പയ്യന്‍ ഒന്ന് തള്ളുംപോഴേക്കും കട്ടിലേല്‍ കോര്‍ത്ത്‌ ചാവാനെ ഉള്ളോ നമ്മുടെ മമ്മുക്ക ? കുറഞ്ഞ പക്ഷം ആ…ആ…ആ.. എന്ന് അട്ടഹസിച്ചു കൊണ്ട് എഴുന്നേറ്റു വന്നു പയ്യനെ തീര്‍ത്തിട്ട് വീരചരമം അടയണ്ടായോ ? 2 .പിന്നെ അവസാന രംഗം ഇങ്ങനാണോ വേണ്ടത് ? കടശ്ശിയിലെ അന്ത പേച്ച് എങ്കെ പോച്ച് ? മാത്രമല്ല ഗ്രൂപ്പ് ഫോട്ടോയും ഇല്ല . നമ്മുടെ ഷാജി കൈലാസ് അണ്ണന്‍ എങ്ങാനും ആയിരിക്കേണ്ടി ഇരുന്നു, അല്ലെങ്കില്‍ എമ്പതിലെ മധു സര്‍ , കടമ വിട്ടൊരു കളിയില്ല . പെറ്റ തള്ള ആയാലും തപ്പി എടുത്തു അകത്തിട്ടു തൂക്കു കയര്‍ വാങ്ങി കൊടുക്കും . പക്ഷെ ഇതില്‍ റഹ്മാന്‍ തന്നത്താന്‍ ശിക്ഷ നടപ്പാക്കി പോയല്ലോ സുഹൃത്തേ ? ആത്മഹത്യാ കുറിപ്പിന്റെ ബലത്തില്‍ ഒന്നൂടെ അങ്ങേരെ തൂക്കാന്‍ വിധിക്കാന്‍ വകുപ്പുണ്ടോ ആവോ :) വിറ്റ ടിക്കെറ്റിന്റെ കൌണ്ടര്‍ ഫോയില്‍ എണ്ണി സിനിമയുടെ മേന്മ നിശ്ചയിക്കുന്ന വിദ്യ തുളുനാടനോ, മറുനാടനോ, കടത്തനാടനോ ?

       2 likes

  19. @ shabeer,Neeya,Jay,Sujith ,etc
    Thanks Friends …
    @ Ambika
    സ്വാഭാവികം എന്നു ധൈര്യമായി തന്നെ വിളിക്കാം . ‘ മുന്തിരി തോപ്പുകള്‍ ‘ Relook വായിച്ചിരുന്നു , പക്ഷെ ‘ ഇത് എഴുതുന്നതിനു വേണ്ടി ലത് ‘ വായിച്ചിട്ടില്ല എന്നുള്ളത് സത്യം .
    @ മുകില്‍വര്‍ണന്‍
    നല്ല ഒരു വാണിജ്യ വിജയം തന്നെ ആയിരുന്നു ‘കരിയിലക്കാറ്റുപോലെ’ . ക്ലൈമാക്സില്‍ ഒരു നിരാശ തോനുന്നില്ല , അത് വരെ പ്രതീക്ഷിച്ചു വന്ന ആരെങ്കിലും ആയിരുന്നു കൊലപാതകി എങ്കില്‍ ഒരു പക്ഷെ നിരാശ തോന്നിയേനെ ..

    @VINODKUMAR ALLAPPY
    ജയറാം ഒരു മോശം കലാകാരന്‍ ആണെന്ന് അഭിപ്രായമില്ല , പക്ഷെ രഹ്മാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പടി താഴെ തന്നെ ആകും ജയറാമിന്റെ സ്ഥാനം. ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ഒരേ ഭാവം തന്നെ ആണ് ജയറാമിന്റെ അഭിനയത്തിന് .ആദ്യകാല ചിത്രങ്ങളില്‍ പത്മരാജന്റെ മാനസ പുത്രനായി വന്ന റഹ്മാന് , ജയറാമിന്റെ വരവോടെ അവസരങ്ങള്‍ നഷ്ട്ടമായി എന്നുള്ളത് സത്യം തന്നെ അല്ലെ ??
    @മാത്തുകുട്ടി
    താങ്കളുടെ അഭിപ്രായത്തോട് എന്തുകൊണ്ടോ എനിക്ക് അത്രകണ്ട് യോജിക്കാന്‍ സാധിക്കുന്നില്ല. സാധാരണക്കാരായ പച്ച മനുഷ്യര്‍ തന്നെ ആണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എങ്കിലും അര്‍ത്ഥം തെറ്റിച്ചു പറയുന്നതാണോ മാഷേ ‘ ഗ്രാമീണത ‘ പ്രത്യേകിച്ച് ഈ കഥയിലെ കഥാപാത്രം സാഹിത്യ കാരനും എഴുത്തുകാരനും ആകുമ്പോള്‍ …
    @RAGHU
    സുധാകര്‍ മംഗലോധയം ആണ് ശരി ..

       2 likes

  20. @മാത്തുക്കുട്ടി
    നമ്മുടെ CID ഉണ്ണികൃഷ്ണനെ രിഷികേശന്‍ നായര്‍ അഭ്യാസം പഠിപ്പിയ്ക്കുന്ന സമയത്ത് ഉന്നം തെറ്റുമ്പോള്‍ പറയുന്ന ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. “ഞാന്‍ മനപ്പൂര്‍വം തെറ്റിച്ചതാണ്. എന്ത് കൊണ്ട് ലക്ഷ്യത്തില്‍ കൊണ്ടില്ല എന്ന് ചിന്തിയ്ക്കൂ. ആദ്യം തെറ്റ് പഠിപ്പിച്ചിട്ടു പിന്നീടു അതിലൂടെ ശരി പഠിപ്പിയ്ക്കുക എന്നതാണ് എന്റെ രീതി” എന്ന്.
    ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. അത് പദ്മരാജന്‍ ചെയ്യുമ്പോള്‍ മാത്രം എങ്ങനെ ശരിയാകുന്നു? ഈ തെറ്റ് സംഭവിച്ചത് പുതു തലമുറയിലെ ഏതെങ്കിലും യുവ സംവിധായകന്റെ കയ്യില്‍ നിന്നാണെങ്കില്‍ അയാളെ കടിച്ചു കീറാന്‍ ഇവിടെ മത്സരിയ്ക്കുമായിരുന്നല്ലോ. പദ്മരാജനെ വിമര്‍ശിയ്ക്കുമ്പോള്‍ മാത്രം എന്തെ ഇവിടെ ചിലര്‍ക്ക് ഒരു വല്ലാതെ അസഹിഷ്ണുത? ഈ പറഞ്ഞ തെറ്റ് ഒരിയ്കല്‍ മാത്രമാണ് സംഭവിച്ചതെങ്കില്‍ അത് അദ്ദേഹം മനപൂര്‍വം വരുത്തിയത് ആണെന്ന് മനസ്സിലാക്കാം. പക്ഷെ ഇവിടെ അങ്ങനെയല്ലല്ലോ. മാത്രമല്ല ഈ “ക്ഷണനം” അല്ലാതെ മറ്റു മനപൂര്‍വം അയ്‌ തെറ്റുകള്‍ ഒന്ന് അദ്ധേഹത്തിന്റെ പദത്തില്‍ കാണുന്നുമില്ല.

       6 likes

  21. @ മാത്തുക്കുട്ടി
    ക്ഷണം,ക്ഷണനം – അത് കഥാപാത്രത്തിന്റെ പൂര്ന്നതയ്ക്ക് വേണ്ടി പദ്മരാജന്‍ മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് എനിക്ക് തോന്നുന്നില്ല. പദ്മരാജനെ അതിന്റെ പിശക് ചിലപ്പോള്‍ അറിയാന്‍ പാടില്ലായിരിക്കാം. പദ്മരാജന്‍ എല്ലാം അറിയുന്നവന്‍ ആകണം എന്നില്ലല്ലോ. മനുഷ്യ സഹജമായ പദ്മരാജന് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് ഇത്,അതില്‍ അത്ര വലിയ കാര്യം ഒന്നുമില്ലെങ്കിലും. ഈയിടെ ഏതോ പാലം ഉത്ഘാടനത്തിനു തനിക്കു ആരുടേയും “ക്ഷണനം” ഉണ്ടായിരുന്നില്ല എന്ന് VS അച്ചുതാനന്ദനും പറയുന്നത് കേട്ടു

       2 likes

  22. fine movie. background music excellent. there is no combination scene for mammootty and mohanlal, that feels special. performance wise mammootty and karthika far ahead than others. padmarajan never made a statement about performane. what he meant was mammootty can play the role of police inspector but visewersa is not possible.

       0 likes

  23. @Rajiv &മന്ത്രി
    //കരിയിലകാറ്റ്‌പോലെ യിലെ റഹ്മാന്റെ കഥാപാത്രം. തലേന്ന്‍ ഒരു കൊല നടത്തിയത്തിന്റെ ലാഞ്ചന പോലുമില്ല അയാളുടെ ഇന്ട്രോടക്ഷനില്‍. അത്രയ്ക്ക് വിദഗ്ദ്ധമായി മറയ്ക്കാന്‍ അയാളൊരു ബോണ്‍ ക്രിമിനലൊന്നുമായിരുന്നില്ല. സാഹചര്യം മൂലം തെറ്റ്‌ ചെയ്തൊരാള്‍. പക്ഷെ സംവിധായകന്‍റെ പാളിച്ച മൂലം ഒരു ലോജിക്കില്ലായ്മ ഫീല്‍ ചെയ്യുന്നു.//
    Thanks ഞാന്‍ പറയാന്‍ വിട്ടു പോയതാണ്. ഓര്‍മിപ്പിച്ചതിനു നന്ദി.
    @Babu Alex
    താങ്കള്‍ക്കു പദ്മരാജനെ പൂവിട്ടു പൂജിയ്ക്കണമെങ്കില്‍ ആയിക്കോളൂ ബാബു സേട്ട്. പക്ഷെ എല്ലാവരും അദ്ധേഹത്തിന്റെ മുന്നില്‍ വരുമ്പോള്‍ മുട്ട് മടക്കി കുമ്പിടണം എന്ന് വാശി പിടിയ്ക്കാതെ. പദ്മരാജന്റെ എല്ലാ പടങ്ങളുടെ പേജിലും ഒരു ആവശ്യവും ഇല്ലാതെ ഷാജി കൈലാസിനെയും പ്രിയദര്‍ശനെയും മറ്റും താങ്കള്‍ തെറി വിളിയ്ക്കുന്നുണ്ടല്ലോ? ഇവര്‍ എല്ലാം മഹാന്മാര്‍ ആണെന്നോ അല്ലെങ്കില്‍ ഇവരെ പൂവിട്ടു പൂജിയ്ക്കണം എന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ. പദ്മരാജന്‍ ഒരു മികച്ച കഥാകൃത്ത്‌ തന്നെ. എന്നാല്‍ അദ്ദേഹം ഒരു മികച്ച സംവിധായകന്‍ അല്ല എന്ന് അസന്നിഗ്ദ്ധമായി പറയാന്‍ കഴിയും. Action / Comedy /Detective ത്രില്ലെരുകള്‍ ഒരുക്കാന്‍ ശ്രമിച് അദ്ദേഹം അതിദയനീയമായി പരാജയപ്പെട്ട കാലഘട്ടത്തില്‍ തന്നെയാണ് പ്രിയനും ജോഷിയും I V ശശിയും മധുവും മറ്റും ഇവിടെ വിജയങ്ങള്‍ കൊയ്തത്. അത് കൊണ്ട് ഇത്ര അടച്ച പുച്ഛം ഒന്നും വേണ്ട മാഷേ.

    @Anoop M Das
    //പദ്മരാജന്‍ എല്ലാം അറിയുന്നവന്‍ ആകണം എന്നില്ലല്ലോ. മനുഷ്യ സഹജമായ പദ്മരാജന് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് ഇത്,//
    അദ്ദേഹവും ഒരു മനുഷ്യന്‍ ആയിരുന്നു. അത് കൊണ്ട് തെറ്റ് സംഭവിയ്ക്കാം. പക്ഷെ “പോളണ്ടിനെ കുറിച്ച് ഒന്നും മിണ്ടരുത്” എന്ന് പറഞ്ഞു രക്ഷാ കവച്ചവുമായി വരുന്ന ചില സ്വയം പ്രഘ്യാപിത പ്രഭാകരന്‍ കൊട്ടപ്പള്ളിമാരെ കാണുമ്പോള്‍ ചിരിയ്ക്കുകയല്ലാതെ എന്ത് ചെയ്യാന്‍?
    @ശ്രീരാജ് പത്തിയൂര്‍
    //നല്ല ഒരു വാണിജ്യ വിജയം തന്നെ ആയിരുന്നു ‘കരിയിലക്കാറ്റുപോലെ’ . //
    ആണെങ്കില്‍ അത് അന്ഗീകരിയ്ക്കുന്നു. പക്ഷെ സമീപ കാലത്തെ മറ്റു detective കഥകളെ അപേക്ഷിച്ച് (പ്രത്യേകിച്ച് കെ മധുവിന്റെ CBI സീരീസ്‌) താരതമ്യേന വിജയ തിളക്കം കുറവായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. വിറ്റ ടിക്കെറ്റിന്റെ കൌണ്ടര്‍ ഫോയില്‍ എണ്ണി സിനിമയുടെ മേന്മ നിശ്ചയിക്കുന്നതില്‍ എനിയ്ക്കും യോജിപ്പില്ല.
    //അത് വരെ പ്രതീക്ഷിച്ചു വന്ന ആരെങ്കിലും ആയിരുന്നു കൊലപാതകി എങ്കില്‍ ഒരു പക്ഷെ നിരാശ തോന്നിയേനെ ..//
    അത് താങ്കള്‍ പറഞ്ഞത് ശരിയാണ്. രേഹ്മാന്‍ ആണ് ആ കുറ്റവാളി എന്നത് ഒരിയ്ക്കലും ഒരു കല്ലുകടി അല്ല. പക്ഷെ അത് അറിഞ്ഞതിനു ശേഷം നമ്മുടെ നായകന്‍ പോലീസ് ഓഫീസര്‍ അത് കൈകാര്യം ചെയ്ത രീതിയാണ് എനിയ്ക്ക് ഇഷ്ടപ്പെടാതെ പോയത്. അവനെ തൂക്കിയെടുത്തു അകത്തിട്ടു heroism കാണിയ്ക്കുക എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അവന്‍ ആത്മഹത്യ ചെയ്തതിനു ശേഷം അയാള്‍ക്ക്‌ തെളിയിയ്ക്കാംആയിരുന്നു അവന്‍ തെന്നെയാണ് കുറ്റവാളി എന്ന്. അതാണ്‌ ഡ്യൂട്ടിയില്‍ ആത്മാര്‍ഥത ഉള്ള ഓഫീസര്‍ ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ ഈ പദത്തിന്റെ ക്ലൈമാക്സ്‌ കുറച്ചു കൂടി ആകര്‍ഷകം ആയി തോന്നിയേനെ.
    //രഹ്മാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പടി താഴെ തന്നെ ആകും ജയറാമിന്റെ സ്ഥാനം.//
    വിയോജിയ്ക്കുന്നു. ജയറാമിന് ഒപ്പമെത്താന്‍ റഹ്മാന്‍ ഇനി ഒരു നൂറു ജന്മം കൂടി ജനിയ്ക്കേണ്ടി വരും. ഇപ്പോഴത്തെ ജയറാമിന്റെ ഗ്രഫ് താഴേയ്ക്ക് തന്നെയാണ് എന്ന് സമ്മതിയ്ക്കുന്നു. പക്ഷെ 80 കളിലും 90 കളിലും സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയവര്‍ ജയറാമിനെ വെച്ച് എടുത്തിട്ടുള്ള അല്പം കോമഡി ചേര്‍ത്ത കുടുംബ ചിത്രങ്ങള്‍ റഹ്മാന് സ്വപ്നം കാണാന്‍ പോലും കഴിയില്ല. കുടുംബ സദസ്സുകളുടെ നായകന്‍ എന്നാ പേര് നേടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് അദ്ദേഹം കുറെ കാലം മുന്‍നിര നായകന്‍ ആയി മലയാള സിനിമയില്‍ നില നിന്നത്. റഹ്മാന് കഴിയുന്നത്‌ നായകന്‍റെ അനിയന്‍, മച്ചമ്പി വേഷങ്ങള്‍ മാത്രം. അന്നും ഇന്നും അത് തെന്നെ അവസ്ഥ.
    //ആദ്യകാല ചിത്രങ്ങളില്‍ പത്മരാജന്റെ മാനസ പുത്രനായി വന്ന റഹ്മാന് , ജയറാമിന്റെ വരവോടെ അവസരങ്ങള്‍ നഷ്ട്ടമായി എന്നുള്ളത് സത്യം തന്നെ അല്ലെ ??//
    തന്നെക്കാള്‍ കഴിവുള്ളവന്‍ രംഗത്ത് വരുമ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് സ്വാഭാവികം. അത് ആരുടേയും കുറ്റമല്ല.

       7 likes

  24. മുകില്‍ വര്‍ണ്ണന്‍ പറഞ്ഞത് പോലെ ഇത് ഒരു കുറ്റാന്വേഷണ സിനിമ പോലെ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ് . സിനിമ ശരാശരി വിജയത്തില്‍ ഒതുങ്ങി നിന്നതും അതുകൊണ്ടാണ്. ഒരു കത്ത് ആദ്യം മോഹന്‍ലാലിന്റെ ശബ്ദത്തിലും പിന്നീടു മമൂട്ടിയുടെ ശബ്ദത്തിലും വായിക്കുന്ന ഒരു അപൂരവ രംഗം ഈ സിനിമയില്‍ ഉണ്ട് . രണ്ടു പേരുടെയും ശബ്ദത്തിന്റെ വെത്യസ്ത ഭാവ തലങ്ങള്‍ ഒരേ സന്ദര്‍ഭത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന അപൂര്‍വ രംഗം

       3 likes

  25. ഈ സിനിമയില്‍ മമ്മൂട്ടി നായകിയൊദു പറയുന്ന മനോഹരമായ ഒരു dialog ഉന്ദു .ഒരു മരകഷനതൊദു തൊന്നുന്ന വികാരം പൊലും എനിക്കു നിന്നോടു തൊന്നുന്നില്ലാ. ഒരു പുരുഷനു ഒരു സ്ത്രീയെ അപമാനിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു dialog ഇല്ലാ.

       5 likes

  26. റിവ്യൂ നന്നായിട്ടുണ്ട്‌…

       3 likes

  27. ഇന്നും ഈ ചിത്രം മനസ്സില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെ മോഹിപിക്കുന്ന screenpresentsnte ഓര്‍മയിലാണ്‌, മലയാളത്തിനു ഏറെ ഒന്നും കാണുവാന്‍ സാധിചിട്ടില്ലാത്ത നെഗറ്റീവ് മനറിസങ്ങളുടെ ക്ലാസ്സിക്‌ നിമിഷങ്ങള്‍.

    ഏറെ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു കഥാപാത്രത്തിനെ ആക്ടര്‍ന്റെ കഴിവുകൊണ്ട് സംവിധായകനും തിരകധാകൃതും പ്രതീഷിക്കുന്നതിനും മുകളിലെതിക്കാന്‍ കഴിയുന്ന ഒരു നടന്റെ റേഞ്ച് ഇതില്‍ കാണാം

       6 likes

  28. @G K G
    CBI സീരീസിന്റെ ഒന്നും ഏഴയലത്ത് വരില്ലെങ്കിലും ഇത് കണ്ടിരിയ്ക്കാന്‍ പറ്റാത്ത വിധം അത്ര മോശം പടം ഒന്നും അല്ല. പദ്മരാജന്‍ എന്നാ സംവിധായകന് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിഷയം ആണ് ഇത്. എന്നിട്ടും ഇത്രയെങ്കിലും സാധിച്ചെടുത്തു എന്ന് തന്നെ വേണം കരുതാന്‍.

       0 likes

  29. @ മുകില്‍
    //അത് പദ്മരാജന്‍ ചെയ്യുമ്പോള്‍ മാത്രം എങ്ങനെ ശരിയാകുന്നു? ഈ തെറ്റ് സംഭവിച്ചത് പുതു തലമുറയിലെ ഏതെങ്കിലും യുവ സംവിധായകന്റെ കയ്യില്‍ നിന്നാണെങ്കില്‍ അയാളെ കടിച്ചു കീറാന്‍ ഇവിടെ മത്സരിയ്ക്കുമായിരുന്നല്ലോ. പദ്മരാജനെ വിമര്‍ശിയ്ക്കുമ്പോള്‍ മാത്രം എന്തെ ഇവിടെ ചിലര്‍ക്ക് ഒരു വല്ലാതെ അസഹിഷ്ണുത?//
    ഇത് തന്നെയാണ് താങ്കളുടെ പ്രശ്നം. പദ്മരാജനെ വിമര്‍ശിക്കുമ്പോള്‍ കുറെ ചവറു യുവ സംവിധായകര്‍ മഹത്വവല്‍ക്കരിക്കപ്പെടും എന്ന തോന്നല്‍ താങ്കളെ വല്ലാതെ കേറി ബാധിച്ചു എന്ന് കരുതട്ടെ. പദ്മരാജന്‍ എവിടെ നില്‍ക്കുന്നു, കൃമികള്‍ എവിടെ കിടക്കുന്നു. പദ്മരാജന്‍ ഏറ്റവും മികച്ച ഒരു സംവിധായകന്‍ എന്നൊരു അവകാശവാദം ഏതായാലും എനിക്കില്ല. പക്ഷെ അദ്ദേഹം മികച്ച ഒരു തിരക്കഥാകൃത്തും സാഹിത്യകാരനും ആണ് എന്ന അഭിപ്രായം ഉണ്ട് താനും. പദ്മരാജന്‍ എന്ന സാഹിത്യകാരനെ താങ്കള്‍ക്ക് എത്രത്തോളം പരിചയം ഉണ്ട് എന്ന് എനിക്കറിയില്ല. പദ്മരാജന്‍ എന്ന സാഹിത്യകാരന്‍ ശരി ചെയ്തോ തെറ്റ് ചെയ്തോ എന്നൊക്കെ പൂര്‍ണമായും അളക്കാന്‍ ഉള്ള മെഷ്യന്‍ എന്റെ കയ്യില്‍ ഇല്ല, അത്രയും അറിവും ഇല്ല. താങ്കള്‍ക്ക് അതുണ്ടായത്തില്‍ സന്തോഷം പങ്കു വയ്ക്കട്ടെ.
    //ഈ പറഞ്ഞ തെറ്റ് ഒരിയ്കല്‍ മാത്രമാണ് സംഭവിച്ചതെങ്കില്‍ അത് അദ്ദേഹം മനപൂര്‍വം വരുത്തിയത് ആണെന്ന് മനസ്സിലാക്കാം. പക്ഷെ ഇവിടെ അങ്ങനെയല്ലല്ലോ. മാത്രമല്ല ഈ “ക്ഷണനം” അല്ലാതെ മറ്റു മനപൂര്‍വം അയ്‌ തെറ്റുകള്‍ ഒന്ന് അദ്ധേഹത്തിന്റെ പദത്തില്‍ കാണുന്നുമില്ല. //
    “ഒക്കത്തില്ല” എന്ന് വച്ചാല്‍ ‘ഒക്കുകേല’, ‘ഒക്കുകയില്ല’ എന്നാണോ ഒക്കത്ത് ഒന്നും വച്ചിട്ടില്ലെന്നാണോ? എനിക്കതിന്റെ അര്‍ഥം അറിയില്ല കേട്ടോ. പദ്മരാജന്‍ ‘അങ്ങനെ ഉപയോഗിച്ച് കണ്ടിട്ടുണ്ട്.അത് പോലെ ധാരാളം നാട്ടു ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. എല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
    @ അനൂപ്‌ ദാസ്
    //പദ്മരാജന്‍ എല്ലാം അറിയുന്നവന്‍ ആകണം എന്നില്ലല്ലോ. മനുഷ്യ സഹജമായ പദ്മരാജന് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് ഇത്,അതില്‍ അത്ര വലിയ കാര്യം ഒന്നുമില്ലെങ്കിലും. ഈയിടെ ഏതോ പാലം ഉത്ഘാടനത്തിനു തനിക്കു ആരുടേയും “ക്ഷണനം” ഉണ്ടായിരുന്നില്ല എന്ന് VS അച്ചുതാനന്ദനും പറയുന്നത് കേട്ടു //
    പദ്മരാജനെ പോലെ അദ്ദേഹവും ആലപ്പുഴക്കാരന്‍ ആണല്ലോ. ഓണാട്ടുകരയില്‍ ഉള്ള ആള്‍ക്കാര്‍ ‘ക്ഷണനം’ എന്ന് തെറ്റായി തന്നെ ഉപയോഗിക്കാറുണ്ട്. പദ്മരന്ജന്റെ സംഭാഷണങ്ങളില്‍ പലതിനും ആ സ്ലാന്ഗ് തന്നെയായിരുന്നു. അങ്ങനെയും ആവാം.
    ശ്രീരാജ് പത്തിയൂര്‍
    //അര്‍ത്ഥം തെറ്റിച്ചു പറയുന്നതാണോ മാഷേ ‘ ഗ്രാമീണത ‘ പ്രത്യേകിച്ച് ഈ കഥയിലെ കഥാപാത്രം സാഹിത്യ കാരനും എഴുത്തുകാരനും ആകുമ്പോള്‍ …//
    ഗ്രാമീണത വരുത്താന്‍ അര്‍ഥം തെറ്റിച്ചു പറയണം എന്നൊന്നുമില്ല. അങ്ങനെ ഒരു നിര്‍ബന്ധം ഏതായാലും എനിക്കില്ല. കഥാപാത്രം മുഖ്യമന്ത്രി ആയാല്‍ ഒരു പക്ഷെ പ്രയോഗിക്കാന്‍ പറ്റുമായിരിക്കും. മുട്ടത്തു വര്‍ക്കി യുടെ കഥയില്‍ ടെന്നിസ് ജോസഫ്‌ തിരക്കഥ ഒരുക്കിയ ‘കോട്ടയം കുഞ്ഞച്ചന്‍ ‘ എന്ന ചിത്രത്തില്‍ KPAC പപ്പുവിനോട് പറയുന്ന ഒരു വാചകം ഉണ്ട്.”കണ്ട മദ്യപാനം എല്ലാം കുടിച്ചിട്ട് കേറി വരും” എന്ന്. മുട്ടത്തു വര്‍ക്കിക്കോ ടെന്നിസ് ജോസെഫിണോ തെറ്റ് പറ്റി അങ്ങനെ എഴുതി വച്ചതാണെന്നു താങ്കള്‍ പറയുമോ? ഒരു കഥാപാത്രം പറയുന്ന വാക്കുകളെ ആ കഥാപാത്രം പറയുന്നതായി കൂട്ടുന്നതല്ലേ കൂടുതല്‍ ഭംഗി?.അതില്‍ കഥാകാരന്റെ അറിവും അറിവില്ലായ്മയും അളക്കണോ?
    @ leons
    //ക്ഷണം ക്ഷണനം എന്നിവ തമ്മിലുള്ള വ്യത്യാസം ഒരുപാടു പേര്‍ക്കൊന്നും അറിയില്ലായിരുന്നു എന്നതല്ലേ ശെരി ‘?. അദ്ദേഹത്തിന് പറ്റിയ ഒരു തെറ്റ് തന്നെയാവാനാണ് എല്ലാ സാധ്യതയും, ഇനി അതില്‍ പിടിച്ച് കോമഡി, പ്രേക്ഷകരുടെ കഴിവില്ലായ്മ എന്നൊക്കെ പറഞ്ഞു ഉരുണ്ടു വൃത്തികേടാക്കണോ അച്ചായോ //
    ലെഒന്‍സ്, ഞാന്‍ ഒരുപാടു പേരുടെ കാര്യം അല്ല ഉദ്ദേശിച്ചത്. പദ്മരാജന്‍ എന്ന മനുഷ്യനെ പറ്റി മാത്രം ആയിരുന്നു. സംസ്കൃതം കൂടി വശമായിരുന്ന അദ്ദേഹത്തിന് ഈ വാക്കിന്റെ വ്യത്യാസം അറിയുകെലാരുന്നു എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം. ഒരു പക്ഷെ താങ്കള്‍ പറഞ്ഞതാവാം സത്യം എന്നും ഇരിക്കാം, എന്‍റെ കയ്യില്‍ തെളിവുകള്‍ ഇല്ലല്ലോ. :)
    @ മുകില്‍
    //പക്ഷെ “പോളണ്ടിനെ കുറിച്ച് ഒന്നും മിണ്ടരുത്” എന്ന് പറഞ്ഞു രക്ഷാ കവച്ചവുമായി വരുന്ന ചില സ്വയം പ്രഘ്യാപിത പ്രഭാകരന്‍ കൊട്ടപ്പള്ളിമാരെ കാണുമ്പോള്‍ ചിരിയ്ക്കുകയല്ലാതെ എന്ത് ചെയ്യാന്‍?//
    പോളണ്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെ പോയിട്ടില്ലെങ്കില്‍ പോലും ആ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കില്‍ പോലും, കുറഞ്ഞത്‌ അതിന്റെ map എങ്കിലും കണ്ടിട്ട് സംസാരിക്കണം. അപ്പോള്‍ വലിയ പ്രശ്നം ഉണ്ടാവില്ല. പിന്നെ ഈ പോളണ്ടിനെ ഇകഴ്ത്തിയാല്‍ ഉഗാണ്ടയ്ക്കും പോളണ്ടിന്റെ സ്ഥാനം ലഭിക്കും എന്ന് കരുതരുത് എന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു. സമയം കിട്ടുമ്പോള്‍ പോളണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ.
    ———————–
    പണ്ട് നമ്മുടെ ബഷീര്‍ എഴുതിയ ഏതോ ഒരു കഥ പ്രിന്റ്‌ ചെയ്യാന്‍ കൊടുത്തു. “ങ്ങള് , മ്മള് ‘ എന്നൊക്കെ ഏഴുതി വച്ചിരുന്നിടത് ആ പാവം പ്രസാധകന്‍ തെറ്റൊക്കെ തിരുത്തി ‘നമ്മള്‍ നിങ്ങള്‍’ എന്നൊക്കെ പ്രിന്‍റടിച്ചു ബഷീറിനു ഒരു കോപ്പി കൊടുത്തു. ബഷീര്‍ അത് കീറി ചവറ്റു കുട്ടയില്‍ ഇട്ടു.

       4 likes

  30. തെക്കന്‍- മധ്യ തിരുവിതാംകൂറില്‍ ക്ഷണനം എന്ന് പറയുന്നത് ക്ഷണം എന്ന് ഉദ്ദേശിച്ചു തന്നെയാണ് . ഒരു ക്ഷണനത്തിന് വന്നതാണെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നത് ഞാനെത്ര തവണ കേട്ടിരിക്കുന്നു !!

    വി എസ്സ് ഉള്‍പ്പടെ ഒരുപാടു പേര്‍ പ്രസന്ഗിക്കുന്നതും കേട്ടിട്ടുണ്ട്.

       3 likes

  31. മലയാളസിനിമയില്‍ നല്ല തിരക്കു ഉള്ളപ്പോള്‍ കൂടുതല്‍ കാഷു ഉണ്ടാക്കാന്‍ തമിഴില്‍ അഭിനയിക്കന്‍ പൊയതാനു രഹ്മാനു പറ്റിയ തെറ്റു. പിന്നെ മലയാളസിനിമയില്‍ നായകന്മാര്‍ക്കു meesha നിര്‍ബന്ധം ആനു എന്നു രഹ്മാനു തോന്നി. പക്ഷെ meesha ഉള്ള റഹ്മാനെ പ്രെഷകര്‍ കയ്യൊഴിഞു എന്നു തന്നെ പറയാം.

       3 likes

  32. good one. Mr sreeraj. continue posting such reviews as the readers can feel the twist and turn of the movie in an unseen and untold dimension. nice feeling after readin the review. congrats to Sreeraj and http://movieraga.indulekha.com for this platform.

       1 likes

  33. @Jaan
    പലപ്പോഴും ലാലേട്ടനെ ഇക്കയ്ക്ക് മുന്നില്‍ നിര്‍ത്താന്‍ ശ്രമിച്ചു എന്നാ ആക്ഷേപം ഇവിടെ നേരിടേണ്ടി വന്നിട്ടുണ്ട് എനിയ്ക്ക്. നല്ലതിനെ നല്ലത് എന്ന് സമ്മതിയ്ക്കാന്‍ ഒരു മടിയും ഇല്ലാതെത് കൊണ്ട് പറയുന്നു താങ്കളുടെ observations 100 ശതമാനം ശയിയാണ്. ഈ പടത്തില്‍ മോഹന്‍ലാലിനേക്കാള്‍ 100 കാതം മുന്നില്‍ തന്നെയാണ് ഇക്കയുടെ പ്രകടനം. (പ്രധാന കഥാപാത്രം മോഹന്‍ലാല്‍ ആയിരുന്നിട്ടു കൂടി).
    @മാത്തുക്കുട്ടി
    //“ഒക്കത്തില്ല” എന്ന് വച്ചാല്‍ ‘ഒക്കുകേല’, ‘ഒക്കുകയില്ല’ എന്നാണോ ഒക്കത്ത് ഒന്നും വച്ചിട്ടില്ലെന്നാണോ? എനിക്കതിന്റെ അര്‍ഥം അറിയില്ല കേട്ടോ. പദ്മരാജന്‍ ‘അങ്ങനെ ഉപയോഗിച്ച് കണ്ടിട്ടുണ്ട്.അത് പോലെ ധാരാളം നാട്ടു ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. എല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നില്ല.//
    അത് ഒരിയ്ക്കലും ഒരു തെറ്റ് അല്ല. ഒക്കതില്ല, പറ്റത്തില്ല, നടകതില്ല എന്നീ വാക്കുകള്‍ എല്ലാം കഴിയുകയില്ല എന്നാ അര്‍ഥം വരുന്ന നാടന്‍ പ്രയോഗങ്ങള്‍. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഉള്ള പല പ്രയോഗങ്ങള്‍ കേള്‍ക്കാന്‍ കഴിയും. പക്ഷെ ക്ഷണനം എന്നാ വാക്ക് നമ്മുടെ കേരളത്തില്‍ സാധാരണ ജനങ്ങള്‍ കൂടുതലായി ഉപയോഗിച്ച് കെടിട്ടില്ല. “ക്ഷണിയ്ക്കാന്‍ പോകുന്നു”, “ക്ഷണിയ്ക്കാന്‍ വരുന്നു”, “ക്ഷണം ലഭിച്ചു”, എന്നിങ്ങനെ ഉള്ള പ്രയോഗങ്ങള്‍ ആണ് കൂടുതല്‍ കേട്ടിട്ടുള്ളത്. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ആണ് എനിയ്ക്ക് കൂടുതല്‍ പരിചയം. ആലപ്പുഴ ഭാഗങ്ങളില്‍ ഒക്കെ അത് കൂടുതലായി ഉപയോഗിയ്ക്കുന്നുണ്ട് എന്ന് താങ്കളും മറ്റു പലരും പറഞ്ഞത് സത്യം ആണെന്ന് തന്നെ ഇരിയ്ക്കട്ടെ “തൂവാന തുമ്പികള്‍” എന്നാ പടത്തില്‍ അങ്ങനെ ഒരു പ്രയോഗം നടത്തുന്നത് ഒരു തൃശൂര്‍കാരി സ്കൂള്‍ ടീച്ചര്‍ ആണ്. ശ്രീരാജ് പറഞ്ഞ പോലെ ഈ കഥയിലെ കഥാപാത്രവും ഒരു എഴുത്തുകാരന്‍ ഒക്കെ ആണല്ലോ (കോട്ടയം കുഞ്ഞച്ചനിലെ ലളിത ചേച്ചിയെ പോലെ പഠിപ്പും വിവരവു ഇല്ലാത്ത ഒരു വ്യക്തി അല്ല എന്നോര്‍ക്കണം) . അപ്പോള്‍ അദ്ദേഹം അത്തരത്തില്‍ ഉള്ള ഒരു തെറ്റായ നാടന്‍ പ്രയോഗം നടത്തുക എന്നൊക്കെ പറയുമ്പോള്‍ അത് പദ്മരാജന്റെ തെറ്റ് തന്നെയാണ്.
    //പദ്മരാജനെ വിമര്‍ശിക്കുമ്പോള്‍ കുറെ ചവറു യുവ സംവിധായകര്‍ മഹത്വവല്‍ക്കരിക്കപ്പെടും എന്ന തോന്നല്‍ താങ്കളെ വല്ലാതെ കേറി ബാധിച്ചു എന്ന് കരുതട്ടെ.//
    അങ്ങനെയെങ്കില്‍ പദ്മരാജന്റെ സമകാലീനരായ സംവിധായകരെക്കാള്‍ അദ്ദേഹം ഒരു പടി മുന്നില്‍ ആയിരുന്നു എന്നാ തെറ്റി ധാരണ താങ്കള്‍ ഉള്‍പ്പെടെ ഇവിടെ പലര്‍ക്കും ഉണ്ട് എന്ന് ഞാനും കരുതട്ടെ. നെഞ്ചില്‍ കൈ വെച്ച് കൊണ്ട് പറയൂ അച്ചായ ഈ പടം കെ മധുവും സീസണ്‍ എന്നാ പടം ജോഷിയും ആണ് സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ മോശം ആകുമായിരുന്നോ അതോ നന്നാവുമായിരുന്നോ?
    //പദ്മരാജന്‍ ഏറ്റവും മികച്ച ഒരു സംവിധായകന്‍ എന്നൊരു അവകാശവാദം ഏതായാലും എനിക്കില്ല.//
    അത് പറയുമ്പോള്‍ എന്തെ പലര്‍ക്കും വല്ലാത്ത അസഹിഷ്ണുത എന്നെ ഞാന്‍ ചോദിച്ചുള്ളൂ?
    //പദ്മരാജന്‍ എവിടെ നില്‍ക്കുന്നു, കൃമികള്‍ എവിടെ കിടക്കുന്നു.//
    കൃമികള്‍ ആയാലും ഗജകേസരി ആയാലും ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്നാണു ഞാന്‍ വിശ്വസിയ്ക്കുന്നത്.
    //പദ്മരാജന്‍ എന്ന സാഹിത്യകാരനെ താങ്കള്‍ക്ക് എത്രത്തോളം പരിചയം ഉണ്ട് എന്ന് എനിക്കറിയില്ല. പദ്മരാജന്‍ എന്ന സാഹിത്യകാരന്‍ ശരി ചെയ്തോ തെറ്റ് ചെയ്തോ എന്നൊക്കെ പൂര്‍ണമായും അളക്കാന്‍ ഉള്ള മെഷ്യന്‍ എന്റെ കയ്യില്‍ ഇല്ല, അത്രയും അറിവും ഇല്ല.//
    ഒരു സാഹിത്യകാരന്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കാന്‍ അദ്ധേഹത്തെ അത്ര വലിയ പരിചയം ഒന്നും വേണം എന്നില്ല. അതിനായിട്ട്‌ വല്യ മെഷീന്‍ ജര്‍മ്മനിയില്‍ നിന്നും import ചെയ്യേണ്ട കാര്യവും ഇല്ല. പദ്മരാജെന്‍ പോലെ ഒരുപാട് എഴുതാനൊന്നും കഴിവുള്ള സാഹിത്യകാരന്‍ ഒന്നും അല്ല മുകില്‍വര്‍ണ്ണന്‍ എന്നത് കൊണ്ട് എനിയ്ക്ക് അദ്ധേഹത്തിന്റെ തെറ്റ് കണ്ടു പിടിച്ചു ചൂണ്ടി കാണിയ്ക്കാന്‍ പാടില്ല എന്നാണെങ്കില്‍ താങ്കള്‍ പറഞ്ഞത് എല്ലാം സമ്മതിച്ചു. പക്ഷെ ഈയൊരു നിയമം മറ്റുള്ളവരുടെ കാര്യത്തിലും ബാധകമാണോ എന്നറിയാന്‍ താല്പര്യമുണ്ട്.
    //സംസ്കൃതം കൂടി വശമായിരുന്ന അദ്ദേഹത്തിന് ഈ വാക്കിന്റെ വ്യത്യാസം അറിയുകെലാരുന്നു എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം.//
    //പദ്മരാജനെ പോലെ അദ്ദേഹവും ആലപ്പുഴക്കാരന്‍ ആണല്ലോ. ഓണാട്ടുകരയില്‍ ഉള്ള ആള്‍ക്കാര്‍ ‘ക്ഷണനം’ എന്ന് തെറ്റായി തന്നെ ഉപയോഗിക്കാറുണ്ട്. പദ്മരന്ജന്റെ സംഭാഷണങ്ങളില്‍ പലതിനും ആ സ്ലാന്ഗ് തന്നെയായിരുന്നു. അങ്ങനെയും ആവാം.//
    പദ്മരാജന് ആ വാക്കിന്റെ അര്‍ഥം അറിയാം, പക്ഷെ സ്വന്തം നാട്ടുകാര്‍ തെറ്റായി ഉപയോഗിയ്ക്കുന്നു എന്നാ ഒരൊറ്റ കാരണം കൊണ്ട് തന്റെ കഥാപാത്രങ്ങളുടെ വായില്‍ ഈയൊരു തെറ്റ് മനപൂര്‍വം അദ്ദേഹം തിരുകി കൊടുത്തു എന്നല്ലേ മേല്പറഞ്ഞ വാചകങ്ങളിലൂടെ താങ്കള്‍ സമര്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ? “കാലത്തിനു മുന്‍പേ നടന്ന ഒരു കലാകാരന്‍” എന്ന് പലരും വിശേഷിപ്പിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക് ഭൂഷണം ആണോ ഇത്?
    //പോളണ്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെ പോയിട്ടില്ലെങ്കില്‍ പോലും ആ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കില്‍ പോലും, കുറഞ്ഞത്‌ അതിന്റെ map എങ്കിലും കണ്ടിട്ട് സംസാരിക്കണം. അപ്പോള്‍ വലിയ പ്രശ്നം ഉണ്ടാവില്ല. പിന്നെ ഈ പോളണ്ടിനെ ഇകഴ്ത്തിയാല്‍ ഉഗാണ്ടയ്ക്കും പോളണ്ടിന്റെ സ്ഥാനം ലഭിക്കും എന്ന് കരുതരുത് എന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു. സമയം കിട്ടുമ്പോള്‍ പോളണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ.//
    ശരി സമ്മതിച്ചു. ഇനി പോളണ്ടിനെ കുറിച്ച് ഒരക്ഷരം ഉരിയാടില്ല. പക്ഷെ ഒരു സംശയം ഈ ഉഗാണ്ടയെ വിമര്ഷിയ്ക്കണം എങ്കില്‍ ആ നാടിനെ കുറിച്ച് വല്യ വിവരം ഒന്നും വേണമെന്നില്ലല്ലോ?

       3 likes

  34. പൊന്നു മുകിലാ,
    17 സിനിമകള്‍ സംവിധാനം ചെയ്ത അതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ പദ്മരാജന്റെ ആകെയൊരു ക്ഷ്ണത്തിലും ക്ഷ്ണനതിലും മാത്രം തൂങ്ങി കിടക്കാനല്ലാതെ വേറെയൊന്നും പറയാനില്ലാത്ത താങ്ങളുടെ സ്ഥിതി പരിതാപകരം തന്നെ. വ്യാകരണം ആണോ സിനിമ എന്ന് വരെ ഞാനിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, മുകിലന് നന്ദി.
    // പദ്മരാജന് ആ വാക്കിന്റെ അര്‍ഥം അറിയാം, പക്ഷെ സ്വന്തം നാട്ടുകാര്‍ തെറ്റായി ഉപയോഗിയ്ക്കുന്നു എന്നാ ഒരൊറ്റ കാരണം കൊണ്ട് തന്റെ കഥാപാത്രങ്ങളുടെ വായില്‍ ഈയൊരു തെറ്റ് മനപൂര്‍വം അദ്ദേഹം തിരുകി കൊടുത്തു എന്നല്ലേ മേല്പറഞ്ഞ വാചകങ്ങളിലൂടെ താങ്കള്‍ സമര്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ?“കാലത്തിനു മുന്‍പേ നടന്ന ഒരു കലാകാരന്‍” എന്ന് പലരും വിശേഷിപ്പിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക് ഭൂഷണം ആണോ ഇത്?//
    താങ്കളുടെ പ്രശ്നം താങ്കള്‍ അവസാനം പറഞ്ഞ വരിയില്‍ ഉണ്ട്. അദ്ദേഹം കാലത്തിനു മുന്‍പും നടന്നിട്ടില്ല പിന്‍പും. സന്തോഷമായില്ലേ :)
    //ഒരു സാഹിത്യകാരന്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കാന്‍ അദ്ധേഹത്തെ അത്ര വലിയ പരിചയം ഒന്നും വേണം എന്നില്ല//
    അത് ശരിയാണ്. ഒരാളെ വിമര്‍ശിക്കാന്‍ അയാളെ പറ്റി ഒന്നും അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല.
    //കൃമികള്‍ ആയാലും ഗജകേസരി ആയാലും ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്നാണു ഞാന്‍ വിശ്വസിയ്ക്കുന്നത്.//
    താങ്കള്‍ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ആരു പറഞ്ഞു?
    //പദ്മരാജെന്‍ പോലെ ഒരുപാട് എഴുതാനൊന്നും കഴിവുള്ള സാഹിത്യകാരന്‍ ഒന്നും അല്ല മുകില്‍വര്‍ണ്ണന്‍ എന്നത് കൊണ്ട് എനിയ്ക്ക് അദ്ധേഹത്തിന്റെ തെറ്റ് കണ്ടു പിടിച്ചു ചൂണ്ടി കാണിയ്ക്കാന്‍ പാടില്ല എന്നാണെങ്കില്‍ താങ്കള്‍ പറഞ്ഞത് എല്ലാം സമ്മതിച്ചു.//
    മുകിലന്‍ തെറ്റ് ചൂണ്ടി കാണിക്കുന്നതില്‍ സന്തോഷമേയുള്ളൂ, നല്ലത് പലതുണ്ടയിട്ടും കണ്ണില്‍ അത് മാത്രമേ പെടുന്നുള്ളൂ എങ്കില്‍ കഷ്ടവുമാണ്.പദ്മരാജന്‍ വിഷയത്തില്‍ മാത്രമല്ല,മൊത്തത്തിലും.
    //ഇനി പോളണ്ടിനെ കുറിച്ച് ഒരക്ഷരം ഉരിയാടില്ല. പക്ഷെ ഒരു സംശയം ഈ ഉഗാണ്ടയെ വിമര്ഷിയ്ക്കണം എങ്കില്‍ ആ നാടിനെ കുറിച്ച് വല്യ വിവരം ഒന്നും വേണമെന്നില്ലല്ലോ? //
    താങ്കള്‍ക്ക് സമയം ഉള്ളിടത്തോളം പോളണ്ടോ ഉഗാണ്ടയോ എത്യോപ്യയോ ഒക്കെ വിഷയമാക്കാം.അതിനെ കുറിച്ചൊക്കെ സംസാരിക്കുകയും വിമര്ഷിക്കയും ഒക്കെ ആവാം. ഒരു തകരാറുമില്ല. അല്പം അറിഞ്ഞിട്ടാവണം എന്ന് മാത്രം. :)

       1 likes

  35. @മാത്തുക്കുട്ടി
    \\പണ്ട് നമ്മുടെ ബഷീര്‍ എഴുതിയ ഏതോ ഒരു കഥ പ്രിന്റ്‌ ചെയ്യാന്‍ കൊടുത്തു. “ങ്ങള് , മ്മള് ‘ എന്നൊക്കെ ഏഴുതി വച്ചിരുന്നിടത് ആ പാവം പ്രസാധകന്‍ തെറ്റൊക്കെ തിരുത്തി ‘നമ്മള്‍ നിങ്ങള്‍’ എന്നൊക്കെ പ്രിന്‍റടിച്ചു ബഷീറിനു ഒരു കോപ്പി കൊടുത്തു. ബഷീര്‍ അത് കീറി ചവറ്റു കുട്ടയില്‍ ഇട്ടു. //
    മാത്തുക്കുട്ടിച്ചായാ , ഈ ഒറ്റ വാചകത്തിലൂടെ കുറെ ബഹുഭാഷാ പണ്ഡിതന്മാരെയും മലയാള ഭാഷാ വിശാരദന്മാരെയും താങ്കള്‍ പടം ആക്കി ഭിത്തിയില്‍ ഒട്ടിച്ചു എന്ന് പറയാന്‍ എനിക്ക് മടിയില്ല . ബഷീറിനോട്‌ അനിയന്‍ അബൂബക്കര്‍ ” ഇക്കാ ,ഈ കൃതിയിലെ ആഖ്യയും ആഖ്യാതവും എവിടെ ? ” എന്ന് ചോദിച്ചതും അതിനു ബഷീര്‍ കൊടുത്ത മറുപടിയും ഈ ശാസ്ത്രികള്‍ കേട്ടിട്ടുണ്ടാവില്ല :)

       1 likes

  36. @ശ്രീരാജ്
    നല്ല attempt . congrats
    @ മാത്തുക്കുട്ടി
    “പദ്മരാജനെ പോലെയൊരു സാഹിത്യകാരന് ക്ഷണം എന്നതും ക്ഷണനം എന്നതും രണ്ടാണെന്ന് നന്നായി അറിയാം.”
    എന്റെ അഭിപ്രായം ഇതില്‍ ഒരു അവസാന വാക്ക് പറയാന്‍ ശ്രീ പദ്മരാജന് മാത്രമേ കഴിയൂ. ക്ഷണനം എന്നത് മലയാളത്തിലെ ഒരു കോമണ്‍ grammatical error ആണെന്ന് വേണേല്‍ പറയാം. താങ്കള്‍ പറഞ്ഞ വാദങ്ങള്‍ ഒക്കെ പ്രസക്തം തന്നെ ആണ്. എന്നാല്‍ വാമൊഴിക്കു വേണ്ടി അദ്ദേഹം ഉള്പ്പെടുതിയതാണോ അതോ ഒരു നിസ്സാര പിഴവാണോ എന്നത് അദ്ദേഹത്തിന് മാത്രം പറയാവുന്ന ഒന്നാണ്. പിന്നെ പ്രയോഗത്തിലൂടെ വാക്കുകളുടെ നിഖണ്ടു അര്‍ഥം ഒക്കെ നമ്മള്‍ മാറ്റി മറിചിട്ടില്ലേ. ഏറ്റവും ഭയങ്കര ഉദാഹരണം “ഭയങ്കരം” തന്നെ ആണ്. ഭയം ജനിപ്പിക്കുന്നത് എന്നാ നിഖണ്ടുവിലെ അര്‍ഥം ആണോ നമ്മളുടെ ഒക്കെ പ്രയോഗത്തില്‍ ഉള്ളത്. ഭയങ്കര നല്ല സിനിമയാ… ഭയങ്കര സുന്ദരിയാ എന്നൊക്കെ വരെ പ്രയോഗിച്ചു കളയില്ലേ നമ്മള്‍.

    ഇത്രയ്ക്കും സൂക്ഷ്മ അപഗ്രഥനം ചെയ്യാന്‍ എം കൃഷ്ണന്‍ നായരും ടി പി ശാസ്ത മംഗളവും ഒന്നും അല്ലാത്തതിനാല്‍ ഞാന്‍ മുതിരില്ല. മര്‍ത്യന് കൈ പിഴ ജന്മ സിദ്ധം എന്നാ ആപ്തവാക്യം മനസ്സില്‍ ഓര്‍മ്മിച്ചു ഇതങ്ങട് വിട്ടു കളയാവുന്നതെ ഒള്ളൂ. എന്നാണു എന്റെ വിനീതം ആയ അഭിപ്രായം.

    @അനൂപ്‌ ആന്‍ഡ്‌ ഓള്‍
    ഈയിടെ പഴയ ഒരു പുസ്തകം വായിച്ചു..ശ്രീ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍ അതിന്റെ അവതാരികയില്‍ ശ്രീ തായാട്ട് സങ്കരന്‍ എഴുതിയതില്‍ ഇങ്ങനെ ഒരു വരി ഉണ്ട്… “ശ്രീ ഉണ്ണികൃഷ്ണന്റെ ഈ ക്ഷണനത്തിന് (അവതാരിക എഴുതാന്‍ ഉള്ള) പിന്നിലുള്ളത് മൂന്നാമത്തെ മനോവൃത്തി ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു” സാഹിത്യ നിരൂപകര്‍ക്ക്‌ വരെ ഇത് പറ്റുന്ന എന്നല്ലേ ഇത് തെളിയിക്കുന്നത്. എന്തായാലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ മലയാളം മറക്കുന്ന യുവ തലമുറയ്ക്ക് മൂവി രാഗയിലൂടെ സിനിമയിലൂടെ ഒക്കെ അല്പം പരിജ്ഞാനം പകര്‍ന്നു കിട്ടികൊള്ളട്ടെ അല്ലെ.

       1 likes

  37. @ശ്രീരാജ്
    നന്നായിരിക്കുന്നു റിവ്യൂ. അഭിനന്ദനങ്ങള്‍. സുധാകര്‍ മംഗളോദയാതിന്റെ റേഡിയോ നാടകത്തെ ആസ്പദമാക്കിയാണ് ഈ പടം എന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു..നന്ദി. വളരെ ശാന്തമായ ഒരു കുറ്റന്യേഷണ ചിത്രം ആയിട്ടാണ് എനിക്കിത് അനുഭവപെട്ടത്‌. ഇത് ത്രില്ലിംഗ് ആവണമെങ്കില്‍ വേറെ പലരും ചെയ്‌താല്‍ മതിയായിരുന്നു എന്നാ മട്ടില്‍ ഇവിടെ വന്നിട്ടുള്ള പല കമന്റുകളും സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളൂ. അതുപോലെ ജയറാം റഹ്മാന്‍ താരതമ്യത്തില്‍ ഒന്നും ഒരര്തവുമില്ല. പദ്മരാജന്റെ പടങ്ങളില്‍ ഒക്കെ അത് അപരന്‍ അയാളും, ഇന്നലെ ആയാലും, മൂനംപക്കം ആയാലും ജയറാം നല്ല പ്രകടനം തന്നെ തനിട്ടുന്ദ്. ഈ പടങ്ങളില്‍ ഒക്കെ അയാളുടെ കതപത്രങ്ങള്‍ക്ക് അനുസരിച്ച് അയാളെ മോള്ഡ് ചെയ്തെടുക്കുന്നതില്‍ പദ്മരാജന്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ജയറാമിന്റെ വേഷങ്ങളും അയാള്‍ക്ക് എവിടെ വരെ പോകാന്‍ കഴിയും എനൊക്കെ നമ്മുക്ക് അറിയാം. പക്ഷെ അതിനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഒരാളാണ് റഹ്മാന്‍ എന്നൊന്നും തോനുന്നില്ല..

    @മുകില്‍
    ആര് പറഞ്ഞു ഈ പടത്തിലെ മെയിന്‍ ലീഡ് റോള്‍ മോഹന്‍ ലാല്‍ ആണെന്ന്. തങ്ങള്‍ ഈ പടം കണ്ടിട്ട് തന്നെയല്ലേ ഈ പറയുന്നത്. ഈ പടം ഹരികൃഷ്ണന്‍ എന്നാ വ്യക്തിയെ ബേസ് ചെയ്തുകൊണ്ടുള്ള ഒരു ഫിലിം ആണ്. തീര്‍ച്ചയായും ഈ സിനിമയിലെ സെന്‍ട്രല്‍ ക്യാരക്റ്റര്‍ മമ്മുട്ടിയുടെ ഹരികൃഷ്ണന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പെര്ഫോരം ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് തന്നെ.

       5 likes

  38. @JOHN
    \\ആര് പറഞ്ഞു ഈ പടത്തിലെ മെയിന്‍ ലീഡ് റോള്‍ മോഹന്‍ ലാല്‍ ആണെന്ന്. തങ്ങള്‍ ഈ പടം കണ്ടിട്ട് തന്നെയല്ലേ ഈ പറയുന്നത്.ഈ പടം ഹരികൃഷ്ണന്‍ എന്നാ വ്യക്തിയെ ബേസ് ചെയ്തുകൊണ്ടുള്ള ഒരു ഫിലിം ആണ്.//
    ഇതാണ് ഇവിടെ ചിലരുടെ നിരീക്ഷണ പാടവം . ചുമ്മാ സിനിമാ തീയേറ്ററില്‍ ഇരുന്നു ഉറങ്ങീട്ടു ഓരോ കാഞ്ഞ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കളയും :) അയ്യേ…

       2 likes

  39. @JOHN
    Yes Mr John You are absolutely right ഒരു തെറ്റ് പറ്റിയതാണ്. പോസ്ടിയത്തിനു ശേഷം അത് മാറ്റാനുള്ള option ഇല്ലല്ലോ. ഇക്കയെക്കാള്‍ കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് ലാലേട്ടന്‍ ആയിരുന്നിട്ടു കൂടി അദ്ധേഹത്തിന്റെ performance ഇക്കയുടെതിനേക്കാള്‍ ബഹുദൂരം പിന്നില്‍ ആയിരുന്നു എന്നാണു പറയേണ്ടിയിരുന്നത്. തിരുതിയിരിയ്ക്കുന്നു.
    @മാത്തുക്കുട്ടി
    //17 സിനിമകള്‍ സംവിധാനം ചെയ്ത അതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ പദ്മരാജന്റെ ആകെയൊരു ക്ഷ്ണത്തിലും ക്ഷ്ണനതിലും മാത്രം തൂങ്ങി കിടക്കാനല്ലാതെ വേറെയൊന്നും പറയാനില്ലാത്ത താങ്ങളുടെ സ്ഥിതി പരിതാപകരം തന്നെ.//
    വേറെയൊന്നും പറയാനില്ല എന്ന് കരുതി ഉള്ളത് പറയാന്‍ പാടില്ല എന്നുണ്ടോ അച്ചായാ?
    //മുകിലന്‍ തെറ്റ് ചൂണ്ടി കാണിക്കുന്നതില്‍ സന്തോഷമേയുള്ളൂ, നല്ലത് പലതുണ്ടയിട്ടും കണ്ണില്‍ അത് മാത്രമേ പെടുന്നുള്ളൂ എങ്കില്‍ കഷ്ടവുമാണ്.പദ്മരാജന്‍ വിഷയത്തില്‍ മാത്രമല്ല,മൊത്തത്തിലും.//
    “മൊത്തം” ഉള്ള കാര്യങ്ങള്‍ തല്‍ക്കാലം വിട്ടേയ്ക്കൂ. ഇവിടെ വിഷയം പദ്മരാജന്‍ ആണല്ലോ. താങ്കള്‍ സമയം എടുത്തു മറ്റു പദ്മരാജന്‍ പടങ്ങളുടെ പേജുകള്‍ ഒക്കെ ഒന്ന് മറച്ചു നോക്കിയാലും. “മുകില്‍വര്‍ണ്ണന്‍” എന്നാ പേരില്‍ പോസിടീവും നെഗടീവും ആയ ഒരുപാട് അഭിപ്രായങ്ങള്‍ എഴുതിയത് ഞാന്‍ തന്നെയാണ്.
    //താങ്കള്‍ക്ക് സമയം ഉള്ളിടത്തോളം പോളണ്ടോ ഉഗാണ്ടയോ എത്യോപ്യയോ ഒക്കെ വിഷയമാക്കാം.അതിനെ കുറിച്ചൊക്കെ സംസാരിക്കുകയും വിമര്ഷിക്കയും ഒക്കെ ആവാം. ഒരു തകരാറുമില്ല. അല്പം അറിഞ്ഞിട്ടാവണം എന്ന് മാത്രം.//
    പദ്മരാജനെ കുറിച്ച് ഒരു ചുക്കും അറിയാതെയാണ് മുകില്‍വര്‍ണ്ണന്‍ എന്നാ അധിക പ്രസംഗി ഇവിടെ ഇതെല്ലാം കാച്ചുന്നത് എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ അതങ്ങ് admit ചെയ്തേയ്ക്കാം. അപ്പോള്‍ താങ്കളുടെ പ്രശ്നം തീര്‍ന്നല്ലോ. പോളണ്ടിനെ കുറിച്ച് മാത്രമല്ല ഉഗാണ്ടാറെ കുറിച്ചോ എത്യോപ്യയെ കുറിച്ചോ പോലും ഒന്നും ഉരിയാടില്ല. പോരെ?
    //താങ്കള്‍ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ആരു പറഞ്ഞു?//
    ക്ഷമിയ്ക്കണം. മുകളില്‍ “മാത്തുക്കുട്ടി” എന്നാ പേരില്‍ കമന്റ്‌ എഴുതിയിരിയ്ക്കുന്നത് താങ്കള്‍ ആണെന്ന് കരുതിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അതും ഇങ്ങോട്ട് തിരിചെടുതിരിയ്ക്കുന്നു.

       2 likes

  40. @മുകില്‍വര്‍ണ്ണന്‍
    March 3, 2012 • 9:39 pm
    “ഇക്കയെക്കാള്‍ കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് ലാലേട്ടന്‍ ആയിരുന്നിട്ടു കൂടി അദ്ധേഹത്തിന്റെ performance ഇക്കയുടെതിനേക്കാള്‍ ബഹുദൂരം പിന്നില്‍ ആയിരുന്നു എന്നാണു പറയേണ്ടിയിരുന്നത്. തിരുതിയിരിയ്ക്കുന്നു”.ഇക്കയുടെ പെര്‍ഫോര്‍മന്‍സ് ലലെട്ടനെകള്‍ ബഹുദൂരം മുന്നിലായിരുന്നു എന്നുകൂടി തിരുത്തുവാന്‍ അപേഷിക്കുന്നു :)
    bcs ലാലേട്ടന്‍ ഈ ചിത്രത്തിലും മറ്റു ചിത്രങ്ങളെ പോലെ തന്നെ അഭിനയിച്ചട്ടുണ്ട്

       0 likes

  41. @Jaan
    അഭിപ്രായത്തെ മാനിയ്ക്കുന്നു. പക്ഷെ എനിയ്ക്ക് എന്തോ ഈ പടത്തില്‍ ലാലേട്ടന്റെ performance നെ excellent എന്ന് വിശേഷിപ്പിയ്ക്കാന്‍ കഴിയുന്നില്ല.

       0 likes

  42. @മുകില്‍വര്‍ണ്ണന്‍
    \\“ഇക്കയെക്കാള്‍ കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് ലാലേട്ടന്‍ ആയിരുന്നിട്ടു കൂടി അദ്ധേഹത്തിന്റെ performance ഇക്കയുടെതിനേക്കാള്‍ ബഹുദൂരം പിന്നില്‍ ആയിരുന്നു എന്നാണു പറയേണ്ടിയിരുന്നത്. തിരുതിയിരിയ്ക്കുന്നു”.//
    ദയവുചെയ്ത് താങ്കള്‍ ഇങ്ങനെ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കരുത് . ശ്രീ മോഹന്‍ലാല്‍ തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വച്ചത് എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാവും.

       2 likes

  43. @ജാന്‍
    // ഇക്കയുടെ പെര്‍ഫോര്‍മന്‍സ് ലലെട്ടനെകള്‍ ബഹുദൂരം മുന്നിലായിരുന്നു എന്നുകൂടി തിരുത്തുവാന്‍ അപേഷിക്കുന്നു
    bcs ലാലേട്ടന്‍ ഈ ചിത്രത്തിലും മറ്റു ചിത്രങ്ങളെ പോലെ തന്നെ അഭിനയിച്ചട്ടുണ്ട് //

    താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്!!!!! ഒന്ന് വ്യക്തമാക്കാമോ?

       3 likes

  44. @Babu Alex
    ഇതോ മോഹന്‍ലാലിന്റെ മികച്ച performance ? ഇതിനെ മികച്ച performance എന്ന് പറഞ്ഞാല്‍ പിന്നെ 80 കളിലെ മറ്റു പടങ്ങളിലെ അദ്ധേഹത്തിന്റെ അഭിനയത്തെ എന്ത് പറയേണ്ടി വരും? ഇത് അദ്ധേഹത്തിന്റെ മോശം പടം എന്ന് ഞാന്‍ പറയില്ല, പക്ഷെ അഭിനയത്തിന്റെ കാര്യത്തില്‍ ഇഹിലെ താരം മമ്മുക്ക തന്നെ മാഷേ.

       0 likes

  45. @മുകില്‍
    മുകിലാ ശരിക്കും പറഞ്ഞാല്‍ ഈ പടത്തില്‍ പ്രകടനത്തിനുള്ള എല്ലാ അവസരവും ശ്രീ.മമ്മുട്ടി അവതരിപ്പിച്ച ഹരികൃഷ്ണന് തന്നെയാണ് അത് അദ്ദേഹം മികച്ചതായി തന്നെ ചെയ്തിട്ടുണ്ട്. അയാളുടെ കഥാപാത്രം അടിസ്ഥാനമാക്കിയുള്ള കഥയില്‍ അയാള്‍ കൂടുതല്‍ നന്നായി പെര്ഫോരം ചെയുന്നത് സ്വാഭാവികം. മോഹന്‍ലാലിന്‍റെ കഥാപാത്രം ആവശ്യപെടുന്ന രീതിയില്ലുള്ള മിതത്വമായ പ്രകടനം ലാലിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിടുന്ദ്. അങ്ങനെ മികച്ച ഭാവപ്രകടനതിനുള്ള സാധ്യത ഉള്ള ഒരു കഥാപാത്രം ഒന്നുമല്ല ഗോവിന്ദന്‍ കുട്ടി. അതുകൊണ്ട് അദ്ധേഹത്തിന്റെ മികച്ച പെര്ഫോര്‍മന്സുകള്‍ വനിട്ടുള്ള അക്കാലത്തെ മറ്റു ചിത്രങ്ങളുമായി ഇതിനെ ഒത്തു നോക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

       5 likes

  46. @മുകില്‍വര്‍ണ്ണന്‍
    പ്രിയ മുകില്‍ വര്‍ണ്ണാ , ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് എന്ന് പറയണം എങ്കില്‍ തൊണ്ട കീറി ഡയലോഗോ , സവാരി ഗിരിയോ ,underwear പുറത്തു കാണിച്ചു കാവിമുണ്ട്‌ ഉടുക്കലോ വല്ലതും ഉണ്ടാവണം എന്ന് നിയമം ഉണ്ടോ ? കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക അല്ലെ വേണ്ടത് ? അത് ശ്രീ. മോഹന്‍ലാല്‍ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നേ പറഞ്ഞുള്ളൂ .

       3 likes

  47. ആരാണ് ഈ സിനിമയിലെ നായകന്‍? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ, രണ്ടു പേരും ഒരുമിച്ചഭിനയിച്ച സിനിമ. രണ്ടു പേരും ഒരുമിച്ചഭിനയിക്കുന്ന ഒററ സീന്‍ പോലുമില്ല .രണ്ടു പേരും ഒരുമിച്ചഭിനയിക്കുന്ന ഒരു സീന്‍ ഉണ്ടെങ്കിലെ മികച്ച പെര്ഫോര്‍മന്‍സ് ആരുടെ എന്നു പറയാന്‍ പററൂ. എന്നാല്‍ രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യം.

       2 likes

47 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.