Review: Ozhimuri

Ozhimuri

Ozhimuri

തമിഴും മലയാളവും ഒന്നിച്ചുവാഴുന്ന നാഞ്ചിനാടാണ് ജയമോഹൻ എഴുതി മധുപാൽ സംവിധാനം ചെയ്‌ത ഒഴിമുറിയുടെ പശ്ചാത്തലം. ഒഴിമുറി എന്നാൽ വിവാഹമോചനം. എഴുപത്തൊന്നുകാരനായ താണുപിള്ളയിൽ (ലാൽ) നിന്ന് ഒഴിമുറി ആവശ്യപ്പെട്ട് അൻപത്തഞ്ചുകാരിയായ മീനാക്ഷിയമ്മ (മല്ലിക) കോടതിയിലെത്തുന്നു. മീനാക്ഷിയമ്മയ്‌ക്ക് തുണയായി മകൻ ശരത് (അസിഫ് അലി) ഒപ്പമുണ്ട്. താണുപിള്ളയുടെ അഭിഭാഷക ബാല (ഭാവന) ഇവരുടെ കേസ് ഒത്തുതീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ മറഞ്ഞിരിക്കുന്ന പല കഥകളും പുറത്തുവരുന്നു. താണുപിള്ളയുടെ ചരിത്രവും അതിൽ വീണുകിടക്കുന്ന അമ്മ കാളിപ്പിള്ളയുടെയും (ശ്വേത മേനോൻ) അച്ഛൻ ശിവൻ പിള്ള ചട്ടമ്പിയുടെയും (ലാൽ) നിഴലുകളും നമ്മളറിയുന്നത് അങ്ങനെയാണ്.

PLUSES
പറയാൻ കൊള്ളാവുന്ന ഒരു കഥയുണ്ട് ഈ സിനിമയ്‌ക്ക്. അതിന് അത്ര സാധാരണമല്ലാത്ത ചില മാനങ്ങളുമുണ്ട്. സന്തോഷകരം. കഥ തീരുമ്പോൾ തെളിഞ്ഞുവരുന്ന ആ പെൺമുഖം നമ്മുടെ സമൂഹം -ആണും പെണ്ണുമുള്ള സമൂഹം- അറിഞ്ഞും അറിയാതെയും മൂടിവച്ചിരിക്കുന്ന പെൺമയുടെ വെളിച്ചപ്പെടലിന്റെ തുടക്കമായിരുന്നെങ്കിൽ എന്ന് സത്യമായും ആശിച്ചുപോയി.

മലയാളത്തിന് കാര്യമായ പരിചയമൊന്നുമില്ലാത്ത, എന്നാൽ തികഞ്ഞ മലയാളപാരമ്പര്യമുള്ള, ഒരു പരിസരവും പശ്ചാത്തലവും ഒഴിമുറിക്കുണ്ട്. ഈ സിനിമയുടെ പ്രമേയവും ഇതിലെ കഥാപാത്രങ്ങളുടെ നിലപാടുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന് വളരെ പുതുമയുള്ളതായി തോന്നും. ഇങ്ങനെയൊരു പ്രമേയം സ്വീകരിച്ചു എന്നതു തന്നെ മധുപാലിനെ അഭിനന്ദനാർഹനാക്കുന്നു.

ഈ ചിത്രത്തിന്റെ ശക്തികളെല്ലാം ഈ പ്രമേയസ്വീകരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നാഞ്ചിനാടിന്റെ രീതികൾ, അവിടുത്തെ കഥാപാത്രങ്ങൾ, അവർ തമ്മിലുള്ള ബന്ധങ്ങൾ.. എല്ലാം ഈ സിനിമയ്‌ക്ക് വളരെ പുതുമയുള്ള ഒരു രൂപം നൽകുന്നതിൽ സംവിധായകനെ സഹായിച്ചിട്ടുണ്ട്. കുടുംബസ്വത്തിനു മേൽ പെണ്ണിന് പൂർണാധികാരമുണ്ടായിരുന്ന ആ കാലവും ഇന്നിന് പാടേ അപരിചിതമായ അവരുടെ ജീവിതവും തികഞ്ഞ യാഥാർത്ഥ്യസ്‌പർശത്തോടെ ഒഴിമുറി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

ലാൽ, മല്ലിക, ശ്വേത മേനോൻ എന്നിവർ തങ്ങളുടെ ഭാഗം നന്നായി ചെയ്‌തു. മല്ലികയ്‌ക്ക് ഇതുവരെ ലഭിച്ചതിലെ ഏറ്റവും നല്ല കഥാപാത്രം. (ലാലും ശ്വേതയും ഇതിലും മനോഹരമായി സ്‌ക്രീനിൽ നിറയുന്നത് നമ്മൾ കണ്ടിട്ടുണ്ടെന്നത് വേറെ കാര്യം.)

ഉറച്ച ചുവടുകളോടെ, നിശ്ചയദാർഢ്യമുറഞ്ഞ മുഖത്തോടെ മീനാക്ഷിയമ്മ ലോകത്തിന്റെ മുഖത്തേക്ക് കതകു തുറക്കുന്ന ആ അവസാനസീനുകൾ അതിഗംഭീരം. കോട്ടങ്ങളും കുറവുകളും മറന്ന് ഒഴിമുറിയെ ഇഷ്‌ടപ്പെടാൻ ഈ രംഗങ്ങൾ കാണികളെ പ്രേരിപ്പിക്കും. കുഴപ്പം പിടിച്ച ദാമ്പത്യത്തിലൂടെ കടന്നുപോകുന്ന ആൺ-പെൺ പ്രേക്ഷകർക്ക് ഈ സിനിമ ഒരു ആവേശമോ അപകടസൂചനയോ ഒക്കെയായി അനുഭവപ്പെടാനും ഇടയുണ്ട്.

MINUSES
പ്രമേയത്തിനുള്ള കരുത്തോ കനമോ അതിന്റെ അവതരണത്തിൽ ഇല്ല എന്ന് ഈ സിനിമയുടെ പോരായ്‌മകളെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം. ഒറ്റ നോട്ടത്തിൽ ലളിതമെന്നു തോന്നുമെങ്കിലും വളരെ സങ്കീർണമായ പ്രമേയമാണ് ഒഴിമുറി കൈകാര്യം ചെയ്യുന്നത്. ആ സങ്കീർണത അവതരണത്തിൽ നിന്നു മാറ്റി നിർത്തി സിനിമയെ തെളിഞ്ഞൊഴുകുന്ന പുഴ പോലെ സുതാര്യവും ലളിതവും അങ്ങനെ ജനകീയവുമാക്കാൻ വളരെ ഉയർന്ന പ്രതിഭ ആവശ്യമാണ്. നിർഭാഗ്യവശാൽ, എഴുത്തുകാരനായ ജയമോഹനോ സംവിധായകനായ മധുപാലിനോ കൈകാര്യം ചെയ്യാൻ കഴിയുന്നതിനു വളരെ മുകളിലുള്ള ഒരു തലത്തിലൂടെയാണ് അതിന്റെ സഞ്ചാരം.

ആദ്യചിത്രമായ തലപ്പാവിലേതു പോലെ, ഒഴിമുറിയിലും തിരക്കഥയെ മെരുക്കുന്ന കാര്യത്തിൽ മധുപാൽ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ശരിയായ രീതിയിൽ എഴുതപ്പെടാത്ത തിരക്കഥയോടുള്ള വിധേയത്വം സിനിമയെ ആത്യന്തികമായി അപകടത്തിലാക്കും. ഒഴിമുറി പോലെ, വ്യത്യസ്‌തവും ശക്തവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധായകർ ക്യാമറയ്‌ക്കു പിന്നിൽ നിൽക്കേണ്ടത് ഫെഫ്‌കയിലോ മാക്‌ടയിലോ അംഗത്വമുള്ള ഒരു ടെക്‌നീഷ്യനാണ് ഞാൻ എന്ന വിചാരത്തോടെയല്ല; ഞാൻ ദൈവമാണ് എന്ന ബോധ്യത്തോടെയാണ്. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ഹാമെലിനിലെ കുഴലൂത്തുകാരനെപ്പോലെ പ്രേക്ഷകരെ തനിക്കിഷ്‌ടമുള്ളിടത്തേക്ക് അവരറിയാതെ നയിക്കാൻ സംവിധായകന് കഴിയുന്നത്.

അസിഫ് അലിയുടെയും ഭാവനയുടെയും അഭിനയവും അവരുടെ കഥാപാത്രങ്ങളും ചിലപ്പോഴൊക്കെ അരോചകവും എല്ലായ്‌പ്പോഴും വിരസവുമാണ്. (ജന്മനാ തന്നെ അസിഫ് അലിയുടെ വലതുകൈയിലുള്ള വാച്ച് ഇപ്പോഴും അവിടെത്തന്നെയുണ്ട്!) എഴുത്തുകാരൻ അമ്പേ പരാജയപ്പെടുകയും സംവിധായകൻ അതു മനസ്സിലാക്കി തിരുത്താതിരിക്കുകയും ചെയ്യുന്ന ഈ ഭാഗങ്ങൾ ഒഴിമുറി എന്ന സിനിമയുടെ നിലവാരത്തെ ഒരു ദുർഭൂതം പോലെ ബാധിച്ചിട്ടുണ്ട്. ഓരോരോ പശ്ചാത്തലങ്ങളിൽ ഇരുന്നും നിന്നും നടന്നും കിടന്നുമൊക്കെ ശരത്തും ബാലയും നടത്തുന്ന ദീർഘസംഭാഷണങ്ങളുടെ സീനുകൾ ഓരോന്നു കഴിയുന്തോറും ഈ സിനിമയോടുള്ള നമ്മുടെ താല്പര്യം കുറഞ്ഞുകുറഞ്ഞ് പൂജ്യം ഡിഗ്രി സെൽഷ്യസിലേക്കു തണുക്കും. (ഒടുവിൽ, ആ തകർച്ചയുടെ ആഘാതം മാറുന്നത് മീനാക്ഷിയമ്മയാണ് താരം എന്നു തിരിച്ചറിയുമ്പോഴാണ്.)

ശേത മേനോൻ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ ചമയം സ്‌കൂൾകുട്ടികൾ ഫാൻസിഡ്രസ്സിനു വേഷമിട്ടതുപോലെയാണ്; വളരെ ബാലിശം.

അത്ഭുതം കാട്ടാൻ ഒഴിവുകൾ പലതുണ്ടായിട്ടും അഴകപ്പന്റെ ക്യാമറ ഒരു പകർത്തൽ യന്ത്രത്തിന്റെ പണി മാത്രമേ ചെയ്‌തുള്ളു എന്നത് ദുഃഖകരമായി തോന്നി.

SECOND THOUGHTS
പ്രതിഭയുടെ വിരൽപ്പാടുകളൊന്നും കാര്യമായി കാണാനാവില്ലെങ്കിലും നല്ല സിനിമ ഇഷ്‌ടപ്പെടുന്നവർ ഒഴിമുറി ഒഴിവാക്കരുത് എന്നാണ് എനിക്കു തോന്നിയത്. എങ്കിലും, ഒഴിമുറി കണ്ടത് ഒഴിഞ്ഞ തിയറ്ററിലിരുന്നാണ്. ഇതുപോലെ പ്രമേയപരമായി മുന്നിൽ നിൽക്കുന്ന സിനിമകൾ എന്തുകൊണ്ടായിരിക്കും കാണികളെ തിയറ്ററിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നത്? അറിയില്ല.

ഒരുപക്ഷേ, ‘film is a ribbon of dreams’ എന്നു മലയാളികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കാം. സിനിമയുടെ വ്യാകരണത്തേക്കാൾ സ്വപ്‌നത്തിന്റെ വ്യാകരണരാഹിത്യമൊപ്പിച്ച് നിർമിക്കപ്പെട്ട ചില സിനിമകൾ നേടുന്ന വിജയം കൂടി ചേർത്തുവച്ച് വായിക്കുമ്പോൾ ഈ സംശയം ബലപ്പെടുകയും ചെയ്യും.

അമേരിക്കൻ സംവിധായകനും നടനും തിരക്കഥാകൃത്തും നിർമാതാവുമൊക്കെയായ Orson Welles ആണ് ഈ പ്രശസ്‌തമായ വാചകം പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു: A film is a ribbon of dreams. The camera is much more than a recording apparatus; it is a medium via which messages reach us from another world that is not ours and that brings us to the heart of a great secret. Here magic begins.
ആദ്യകാലസിനിമക്കാർ സിനിമ കലയാണ് എന്നു പറഞ്ഞിരുന്ന നാടകക്കാരോ എഴുത്തുകാരോ ആയിരുന്നില്ല എന്നതും നമുക്ക് ഓർക്കാം; സിനിമ തുടക്കത്തിൽ മാജിക്കുകാരുടെ കൈകളിലായിരുന്നു!

LAST WORD
അടിസ്ഥാനപരമായി മനുഷ്യർ ജീവിതത്തിന്റെ നേർവഴികളിൽ രസിക്കാനറിയാത്തവരും മാജിക്കിന്റെ മായികതയിൽ അഭിരമിക്കുന്നവരുമാണ്. എന്നാൽ, ഒഴിമുറിയിൽ മാജിക്കില്ല; മനുഷ്യജീവിതമുണ്ടുതാനും.

| G Krishnamurthy

28 thoughts on “Review: Ozhimuri”

 1. ഒഴിമുറി – തീര്‍ച്ചയായും കാണേണ്ട ഒരു കുടുംബ ചിത്രം
  ഇന്നലെ കൊല്ലം ഗ്രാന്‍ഡ്‌ തിയേറ്ററില്‍ പോയാണ് പടം കണ്ടത് , കയറിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടു കയറിയത് അബധമാകുമോ എന്ന് കരുതിയെങ്കിലും തലപ്പാവിന്റെ ഓര്‍മകള്‍ ഇതു കാണുന്നതിനുള്ള പ്രചോദനം തന്നു. പക്ഷെ പടം കഴിഞ്ഞു നിറഞ്ഞ മനസോടെയാണ്‌ തിയെറ്റെരില്‍ നിന്നും പുറത്തിറങ്ങിയത്. ഇതു കലാമൂല്യം കൊണ്ട് മലയാളത്തിലെ സുവര്‍ണ്ണ ചിത്രങ്ങളുടെയും , അതുപോലെ സാമ്പതീകമായീ പരാജയ ചിത്രങ്ങളുടെയും ഗണത്തില്‍ എഴുതപ്പെടും. ചില കഥകള്‍ കാലത്തിനു അതീതമാണ് അത് എല്ലാ കാലഘട്ടത്തിലും തുടരുന്ന കാഴ്ചകള്‍ ആണ്. കുടുംബ ബന്ധങ്ങളുടെ തീവ്രത ഇത്ര മനോഹരമായേ ചിത്രീകരിച്ച ഒരു സിനിമ ഈ അടുത്തൊന്നും ഞാന്‍ കണ്ടതായീ തോന്നുന്നില്ല.ഭാര്യ-ഭര്‍ത്താവു, അച്ഛന്‍-മകന്‍, അമ്മ-മകന്‍,സഹോദരി-സഹോദരന്‍,യജമാനന്‍-ഭൃത്യന്‍ എന്നീ ബന്ധങ്ങളെല്ലാം തന്നെ ഹൃദയ സ്പര്‍ശി ആയി ആവിഷ്കരിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. താന്നു പിള്ള ആയും ശിവന്‍ പിള്ള ആയും ലാല്‍ നിറഞ്ഞാടിയിരിക്കുന്നു, അച്ഛന്‍ കഥാപാത്രങ്ങളില്‍ തിലകന്റെ എല്ലാ പ്രകടനങ്ങളെയും മാനിച്ചു കൊണ്ട് വിലയിരുത്തി യാലും അതിനോടെല്ലാം കിടപിടിക്കുന്ന തരത്തിലാണ് ലാല്‍ ഇതില്‍ ജീവിചിരികുന്നത്.നിക്ഷ്പക്ഷമായ രീതിയിലുള്ള അവാര്‍ഡ്‌ നിര്‍ണയമാന്നെങ്കില്‍ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന തരത്തിലെ പെര്‍ഫോര്‍മന്‍സ് ആണ് ലാലിന്റെത്. അതുപോലെ തന്നെ മല്ലികയും , ശ്വേത നായരും , നന്തുവുമെല്ലാം തങ്ങളുടെ ഭാഗം ഭംഗിയാക്കിയട്ടുണ്ട്. ആസിഫും ഭാവനയും തങ്ങളാല്‍ കഴിയുന്ന വിധം കഥാപാത്രങ്ങളോട് നീതി പുലര്തിയിരികുന്നു. എല്ലാവരും തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമാണിത് . ചെറിയ കാരണങ്ങള്‍ക്ക് പോലും കുടുംബ ബന്ധങ്ങള്‍ ശിതിലമാക്കാന്‍ മടി കാണിക്കാത്ത ഇന്നത്തെ യുവതലമുരകളോട് ഇതില്‍ ബാലയെന്ന ഭാവനയുടെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , ഇവര്കൊക്കെ എങ്ങനെയാണു എല്ലാം മറക്കാന്‍ കഴിയുന്നതെന്ന് ? ഈ ചിത്രത്തോട് കൂടി മധുപാല്‍ എന്ന സംവിധായകന്‍ തലപ്പാവ് എന്ന ആദ്യ ചിത്രത്തോടെ മലയാള സിനിമയുടെ നടുത്തളത്തില്‍ സ്വന്തമാക്കിയ ഇരിപ്പിടം ഒന്നും കൂടി ഉറപ്പിച്ചിരിക്കുന്നു . നന്ദി മധുപാല്‍ , ന്യൂ ജനറേഷന്‍ എന്നോ ഓള്‍ഡ്‌ എന്നോ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു നല്ല മലയാളം ചിത്രം സമ്മാനിച്ചതിന് , അത് പോലെ തന്നെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം പീരിയോടിക്കായ അവതരണത്തിലൂടെ മനോഹരമാക്കിയതിനു. ഈ ചിത്രം തിയേറ്ററില്‍ കാണാതെ പിന്നീട് എലിപെട്ടിയില്‍ കാണേണ്ടി വന്നാല്‍ ഒരു മനോഹരചിത്രം എന്തുകൊണ്ട് കാണാതെ നഷ്ടപെടുതിയെന്ന കുറ്റബോധം നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കുമുണ്ടാകും , അത് തീര്‍ച്ച.

 2. @ Moorthy.,
  നല്ല സിനിമകളെ താങ്കള്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു മറ്റൊരു ഉദാഹരണം. ഇത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ കാണാന്‍ ജനം ഇഷ്ടപെടുന്നില്ല എന്നത് വലിയൊരു ദുഃഖസത്യം തന്നെയാണ്. താങ്കളുടേത് പോലുള്ള റിവ്യൂകളും മൌത്ത് പബ്ലിസിറ്റിയും കേട്ട് ജനം ഇങ്ങനെയൊരു പടം കാണാം എന്ന് ചിന്തിക്കുമ്പോഴേക്കും സിനിമ തിയ്യേറ്ററില്‍ നിന്ന് പോയിരിക്കും. ഇവിടെയാണ് നവോദയ അപ്പച്ചന്‍, സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ തുടങ്ങിയ സിനിമ ലോകത്തെ താപ്പാനകളെ കുറിച്ച് ഓര്‍ക്കേണ്ടത്. ആളില്ലാതെ തിയേറ്ററില്‍ രണ്ടാഴ്ചവരെ ഒഴിഞ്ഞ കസേരകളുമായി ഓടിച്ചു പിന്നീട് അവരുടെ ചിത്രങ്ങളെ അവര്‍ സൂപ്പര്‍ ഹിറ്റ് ആക്കും. എത്രയെത്ര ഉദാഹരണങ്ങള്‍……!! അതായിരുന്നു അവരുടെ വിതരണ കമ്പനികളുടെ സിനിമ ബുദ്ധി. അത്തരം ബുദ്ധിയുള്ള ആള്‍ക്കാര്‍ എന്ന് സിനിമയില്‍ ഉണ്ടോ എന്ന് സംശമാണ്‌.

 3. ഒഴിമുറി ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഈ കുറിപ്പ് ഇതിന്റെ നിരൂപകനുള്ളതാണ്.

  Run Baby Run എന്ന സിനിമയുടെ നിരൂപണത്തില്‍ കൃഷ്ണമൂര്‍ത്തി പറയുന്നു “പുതുമ എന്ന് അലറി വിളിക്കാവുന്ന ഒരു കഥയോ വ്യത്യസ്‌തമായ ട്രീറ്റ്മെന്റോ ഇതിൽ കാണാൻ കഴിയില്ല. എന്നിട്ടും, തുടക്കം മുതൽ ഒടുക്കം വരെ ജോഷിയുടെ റൺ ബേബി റൺ എന്നെപ്പോലെയുള്ള സാധാരണ കാണികളെ സീറ്റിൽ പിടിച്ചിരുത്തും; വെറും സാധാരണ കാര്യങ്ങൾ ഇത്തിരി അസാധാരണമായി കാണിച്ച് അമ്പരപ്പിക്കും.”

  കൃഷ്ണമൂര്‍ത്തി വളരെ വ്യക്തമായി എഴുതുന്നു അയ്യാള്‍ ഒരു സാധാരണ പ്രേക്ഷകന്‍ ആണെന്നും, സാധാരണ പ്രേക്ഷകന്‍ ഇഷ്ടപെടുന്ന സിനിമകള്‍ കാണാനാണ് ആഗ്രഹമെന്നും.

  ഒഴിമുറി റിവ്യൂ ചെയ്യുമ്പോള്‍ ഇതേ കൃഷ്ണമൂര്‍ത്തി Orson Wells എന്ന സംവിധായകനെ quote ചെയ്യുന്നു. ഈ നാട്ടിലെ ഏതു സാധാരണക്കാരനാണ് ഇതൊക്കെ quote ചെയ്യാന്‍ സാധിക്കുക? ഇതൊക്കെ quote ചെയ്തിട്ട് “ഞാനൊരു പാവം സാധാരണക്കാരന്‍” എന്ന് ഭാവിക്കുന്നത്‌ ശരിയാണോ?

  നമ്മള്‍ എല്ലാവരും സാധാരണ പ്രേക്ഷകര്‍ തന്നെയാണ്. പക്ഷെ സിനിമ നല്ലതല്ലെങ്കില്‍ ഇഷ്ടപെടാന്‍ സാധ്യതയില്ല – ഒഴിമുറി, അത് പോലുള്ള പല സിനിമകളും ചെയ്യുന്നവരുടെ പ്രശ്നം സിനിമ social issues പ്രകടമായി ചര്‍ച്ച ചെയ്യാനുള്ള മാധ്യമം ആണെന്നുള്ള അബദ്ധ ധാരണയാണ്. Social issues പ്രമേയമാകുന്നതില്‍ കുഴപ്പമില്ല…പക്ഷെ അത് ആദ്യം സിനിമ ആകണം…പുട്ടിന്റെ കൂടെ തേങ്ങ പീര ഇടുന്നത് പോലെ…തേങ്ങ പീര മാത്രം ആവിയില്‍ വേവിച്ചാല്‍ എങ്ങനെ ഇരിക്കും അത് പോലെയാണ് ഈ സിനിമകള്‍.

  ഇന്നത്തെ പത്രത്തില്‍ മറ്റൊരു വാര്‍ത്തയുണ്ട്…ശ്യാമപ്രസാദ് ഇംഗ്ലണ്ട് രാജ്യത്തു പോയി സിനിമ എടുക്കുന്നു – ചിത്രത്തിന്റെ പേര് ഇംഗ്ലീഷ്. ഒഴിമുറിയുടെ റിവ്യൂ അടുത്ത വര്ഷം പേര് മാറ്റി ഇതിനു എഴുതാം.

 4. ആസിഫ് അലിയുടെ അഭിനയം നിലവാരം പുലര്‍ത്തുന്നില്ല എന്നത് സത്യം തന്നെ. പക്ഷെ അയാള്‍ വലതു കയ്യില്‍ വാച്ചു കെട്ടുന്നതു കൊണ്ട് ആര്‍ക്കാണ് ഇത്ര അരിശം?? ഈ ലോകത്ത് ആസിഫ് അലി മാത്രമല്ല വലതു കയ്യില്‍ വാച്ചു കെട്ടുന്നത്. വലതു കയ്യില്‍ വാച്ച് കെട്ടുന്ന പലരെയും നാം കാണുന്നുണ്ട്. അതു പോലെ അയാളുടെ കഥാപാത്രം വലതു കയ്യില്‍ വാച്ച് കെട്ടുന്ന പ്രക്രുതക്കാരനാണെന്ന് വിചാരിച്ചാല്‍ പോരെ?? അയാള്‍ അവതരിപ്പിക്കുന്നത് പുരാണ കഥാപാത്രമൊന്നുമല്ലല്ലോ വാച്ച് കെട്ടുന്നതു പ്രശ്നമാക്കാന്‍.

 5. ഒരു സംശയം. തലപ്പാവിലേതു പോലെ ഒഴിമുറിയിലും തിരക്കഥയെ മെരുക്കുന്ന കാര്യത്തില്‍ മധുപാല്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ലെന്ന് മൂര്‍ത്തി പറയുന്നു. സത്യത്തില്‍ ബാബു ജനാര്‍ദ്ദനന്‍ എഴുതിയ തിരക്കഥകളില്‍ ഏറ്റവും മികച്ചതായി എനിക്കനുഭവപ്പെട്ടത് തലപ്പാവിന്റേതാണ്. അത് മധുപാലിന്റെ ഗുണമായിരുന്നു. ബാബുവിന്റെ ആദ്യ തിരക്കഥയില്‍ സംവിധായകനെന്ന നിലയില്‍ ഏറെ പണി നടത്തിയാണ് അതിനെ അത്രയെങ്കിലുമാക്കിയതെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞതും. യഥാര്‍ഥത്തില്‍ തിരക്കഥയുടെ ശരിരൂപം വായിക്കാതെ സംവിധായകന്‍ അതിനെ മെരുക്കിയില്ലെന്നൊക്കെ പറയാന്‍ നമുക്കെങ്ങിനെ സാധിക്കും? ഇത്തരം ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന സംവിധായകര്‍ ദൈവമാണെന്ന ബോധ്യത്തോടെ വേണം പ്രവര്‍ത്തിക്കാനെന്ന മൂര്‍ത്തിയുടെ അഭിപ്രായം കേട്ടപ്പോഴും ഒരു രസം തോന്നി. കാരണം തലപ്പാവ് കണ്ടശേഷം മധുപാലുമായി സംസാരിക്കാനിടയായപ്പോള്‍ അതിലെ ചില പോരായ്മകളെപ്പറ്റി ഞാന്‍ പറയുകയുണ്ടായി. അന്ന മധുപാല്‍ പറഞ്ഞ മറുപടി കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരു സൃഷ്ടി ഉണ്ടാക്കാന്‍ ദൈവത്തിനേ സാധിക്കുകയുള്ളുവെന്നായിരുന്നു!

 6. A balanced, sensible review. And its a great refreshing feeling when media gets over excited by mediocre efforts.

  @ Chandy
  മലയാളത്തിലെ സാധാരണക്കാർക്കൊക്കെ ഇപ്പോൾ നല്ല വിവരം വച്ചു ചാണ്ടിസാറേ! ഓർസൺ വെലസിനെയും പുഡോഫ്‌കിനെയുമൊക്കെ ഇപ്പോൾ ഞങ്ങൾ പയറു പയറു പോലെ ക്വോട്ട് ചെയ്യും. പൊട്ട സിനിമ കണ്ടാൽ സംവിധായകന്റെ പേരു വലുതാണെന്നു കരുതി പൂവിടാൻ പോവുകയുമില്ല. അതൊക്കെ പഴയ കാലം; ഇനി ചെലവാകില്ല! 🙂

 7. ഇത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ പോയി കാണാന്‍ ആളില്ലാത്തത് അതിന്റെ സൃഷ്ടാക്കളുടെയോ അഭിനേതാക്കളുടെയോ കുറ്റം കൊണ്ടല്ല , മറിച്ചു ഇന്നത്തെ യുവതലമുറയുടെ ആസ്വാദന നിലവാരം മോശമായതിനാലാണ്. ദേശാടനം പോലൊരു സിനിമ ഇന്നിറങ്ങി 100 ദിവസം ഓടുന്നത് സംഭവ്യമല്ല. 1996 ല്‍ ആ സിനിമ അത്രയും വലിയ ഒരു വിജയം നേടിയത് അന്നത്തെ ജനങ്ങളുടെ ഉന്നതമായ ആസ്വാദന നിലവാരം കൊണ്ടാണ്. ഇന്നത്തെ നവ തലമുറയ്ക്ക് പച്ചയായ ജീവിതങ്ങള്‍ കാണുന്നതിനുള്ള താല്പര്യം ഇല്ലാതായിരിക്കുന്നു. അവര്‍ക്ക് വേണ്ടത് നിറങ്ങളും മസാലകളും അസഭ്യവും ചാലിച്ച ദൃശ്യങ്ങളാണ്. നല്ല സന്ദേശങ്ങള്‍ പകരുന്ന സിനിമകളില്‍ പോലും അത് കുത്തി തിരുകാന്‍ അഞ്ജലിയെ പോലും രഞ്ജിത്തിനെ പോലും ഉള്ള സൃഷ്ടാക്കള്‍ നിര്‍ബന്ധിതരാകുന്നു. നല്ല പടങ്ങളില്ല വ്യത്യസ്തത ഇല്ല എന്നൊക്കെ നിലവിളിക്കുന്ന യുവതലമുറ തങ്ങളുടെ ആസ്വാദന നിലവാരം കൂടി മാറ്റാന്‍ തയാറാവണം.

 8. ബുദ്ധിജീവി ജാടകളും, മുന്വിറധികളും മാറ്റിവെച്ചു ഒരു സാധാരണ പ്രേക്ഷകനായി സത്യസന്ധമായി വിലയിരുത്തിയാല്‍, മടുപ്പിക്കുന്ന, അനാവശ്യ സംഭാഷണങ്ങളും നീട്ടിവലിച്ച രംഗങ്ങളും ഉള്ള തയാച്ചും വിരസമായ ഒരു ചലച്ചിത്ര അനുഭവമാണ് ഒഴിമുറി.
  കഥാപശ്ചാതലത്തിലും, കഥാപാത്രങ്ങളിലും പുതുമ ഉണ്ടെങ്കിലും അവതരണത്തില്‍ പ്രതെയ്കിച്ചു പുതുമയൊന്നും ഇല്ല. ഇതൊരു സാധാരണ സിനിമയായി അവതരിപ്പിക്കണോ അതോ ഒരു ബുദ്ധിജീവി സിനിമയായി അവതരിപ്പിക്കാനോ എന്ന കാര്യത്തില്‍ പലപ്പോഴും മധുപാലിന് ആശയകുഴപ്പം ഉണ്ടായിരുന്നു എന്ന് ഈ സിനിമകാനുമ്പോള്‍ തോന്നും. അതേ ആശയകുഴപ്പം ഈ സിനിമയ്ക്ക് റിവ്യൂ എഴുതുമ്പോള്‍ മൂര്ത്തി സാറിനും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. സിനിമയുടെ ആദ്യ അരമണിക്കൂറില്‍ പ്രേക്ഷകനുണ്ടാകുന്ന പ്രതീക്ഷ പിന്നീട് ക്രമാനുഗതമായി നഷടപെടുത്തുകയും അവസാനത്തെ പതിനഞ്ചു മിനിറ്റ് ഒഴികെ അവരെ തീര്ത്തും നിരാശപെടുതുന്നുമുണ്ട് ഒഴിമുറി. ഒരു നല്ല സിനിമയുണ്ടാകാനുള്ള എല്ലാ അസംസ്ക്ര്ത വസ്തുക്കളും കയ്യിലുണ്ടായിട്ടും എന്തോ ചില കാരണങ്ങളാല്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ മധുപാലിനു കഴിഞ്ഞില്ല.
  അഭിനേതാകളെ കുറിച്ച് പറഞ്ഞാല്‍ ലാല്‍, നായിക, ശ്വേത മേനോന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആസിഫ്, ഭാവന എന്നിവര്‍ ഈ സിനിമയ്ക്ക് ചെയ്ത ദ്രോഹം ചില്ലറയല്ല. ആസിഫിന്റെ ഒരു സ്ഥിരം വിമര്ശരകനല്ലെങ്കിലും, വാച്ച്‌ ഇതു കയ്യില്‍ കെട്ടിയാലും, ഈ സിനിമ പ്രേക്ഷകന് മടുപ്പിക്കുന്നതില്‍ പ്രധാന പങ്ക് അദ്ധേഹത്തിനാണ്. അത് തീര്ത്തും അയാളുടെ മാത്രം കുറ്റമല്ല, തീര്ച്ചപയായും സംവിധായകനും തിരകഥകൃത്തിനുംഅതില്‍ തെറ്റില്ലാത്ത ഉത്തരവാദിത്വം ഉണ്ട്.

 9. പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും കേരളചരിത്രത്തിലെ ശക്തമായ ഒരു ഏടിന്റെ കഥ പറഞ്ഞ തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ സത്യമായും പ്രതീക്ഷയുണ്ട്. ജയമോഹന്റെ സാന്നിദ്ധ്യം അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. ഒരു തികഞ്ഞ സംവിധായകന്‍ ഒന്നുമല്ല എങ്കിലും മധുപാല്‍ താന്‍ തിരഞ്ഞെടുക്കുന്ന സിനിമകളുടെ പ്രമേയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ്‌. പക്ഷേ അതിനെ ജനങ്ങളിലേക്ക്‌ സംവേദനക്ഷമമായി എത്തിക്കുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ അഭാവമായിരിക്കാം തിരിച്ചടിക്ക് കാരണം. കാലക്രമേണ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പ്രമേയത്തിലോ ആഖ്യാനത്തിലോ യാതൊരു പുതുമയുമില്ലാതെ നട്ടംതിരിയുന്ന മലയാള സിനിമയുടെ ഊഷരഭൂമിയില്‍ ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. ഞാന്‍ തീര്‍ച്ചയായും ഇത് കാണും. പിന്നെ നമ്മുടെ എവര്‍ഗ്രീന്‍ അമച്ച്വര്‍ സ്റ്റാര്‍ ആസിഫിന്റെ പെര്‍ഫോര്‍മന്‍സ് മെച്ചപ്പെട്ടിട്ടുണ്ടോ എന്നും കൂടെ അറിയാമല്ലോ 🙂 (കത്തനാരായാലും കത്തിക്കുത്തുകാരനായാലും പുള്ളിക്ക് ഒന്നുതന്നെ!)

 10. വളരെ ലളിതമായ ഭാഷയില്‍ ഈ സിനിമ എങ്ങനെ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരുമോ ?
  #സങ്കീര്‍ണ റിവ്യു

 11. ഒരു അക്കാദമിക് താല്പര്യത്തോടെ സിനിമകൾ കാണുന്നവർ മാത്രം കാണേണ്ട സിനിമയാണിത്. വ്യത്യസ്‌തമായ ഒരു പ്രമേയം ജീനിയസല്ലാത്ത ഒരു സംവിധായകനും ഒരു എഴുത്തുകാരനും കൂടി എങ്ങനെ കുളമാക്കും എന്നതിന് നല്ലൊരു ഉദാഹരണമാണിത്. കഥാകൃത്തായ മധുപാലിനെപ്പോലെ സംവിധായകനായ മധുപാലും കലയുടെ രഹസ്യമറിയാത്ത ഒരു പാവമാണ്. അദ്ദേഹത്തിന് ഇത്രയൊക്കെയേ വഴങ്ങൂ.

  @ Anjo
  വളരെ ലളിതമായ ഭാഷയിൽ പറഞ്ഞാൽ സിനിമ മൂർത്തിസാറിന്റെ റിവ്യു പോലെ ഇരിക്കും. 😉

 12. @smijith
  ആശാനെ അതെന്താ 2012 ആയപ്പോഴേക്കും 96ഇല് സിനിമ കണ്ടിരുന്ന എല്ലാവരും കടലില്‍ ചാടി ചത്തോ ????? കുറെ കാലമായി കേള്‍ക്കുന്നു, ഇന്നത്തെ തലമുറയ്ക്ക് ആസ്വാദന നിലവരോം കുറവാണു പോലും. നിലവാരം ഇല്ലാത്ത ചിത്രങ്ങള്‍ വിജയിപ്പിച്ചു കൊടുത്തു നിലവാരം കൂട്ടേണ്ട എന്നവരങ്ങു വിചാരിച്ചു കാണും അല്ലെ…

 13. മധുപാലിനെക്കാളും കഴിവുള്ള സംവിധായകര്‍ ചരിത്രത്തിലെ ഇത്തരം എട്കളോ പുതുമയോ തപ്പുന്നില്ല എന്നത് നമ്മുടെ നിര്‍ഭാഗ്യം. അതേ സമയം, അങ്ങോരുടെ ധൈര്യം കാരണം ഇങ്ങനത്തെ കഥകളും കാണാന്‍ കഴിയുന്നു എന്നത് നമ്മുടെ ഭാഗ്യവും.
  എന്തൊക്കെ ആയാലും , JK ശരിക്കും ഒരു സാധാരണ ആസ്വാധകനാണ്. കാരണം, സാധാരണ ആസ്വാധകന്‍ വളരെ mouldable ആണ്. സിനിമക്കനുസരിച്ചു നമ്മള്‍ ഉയരുകയോ താഴുകയോ ചെയ്യും. സിനിമ കാണികളെ define ചെയ്യും. അങ്ങനെതന്നെയല്ലേ JKയുടെ reviews?

 14. @ Rejoy ,
  സിനിമ തിയേറ്ററില്‍ പോയീ ആദ്യം കാണുകയും അതിനെ പ്രൊമോട്ട് ചെയുകയും ചെയുന്നത് എപ്പോളും അതാതു സമയങ്ങളിലെ യുവജനങ്ങളാണ്‌, അവര്‍ ഒരു സിനിമയുടെ വിജയത്തില്‍ വളരെ വലിയ ഒരു പങ്കു വഹികുനുണ്ട്. എന്നാല്‍ ഇപ്പോളത്തെ യുവജനങ്ങള്‍ ഇത്‌ പോലെയുള്ള നല്ല സിനിമകള്‍ കാണാന്‍ തയരാകുനില്ല എന്നാല്‍ ചില മൂന്നാം തരം സിനിമകള്‍ അവര്‍ ആദ്യ ദിനങ്ങളില്‍ തന്നെ വളരെ ആഘോഷ പൂര്‍വ്വം പോയി കണ്ടു വിജയിപ്പികുന്നുമുണ്ട് . ഉദാഹരണത്തിന് സിനിമ യെന്ന പേരില്‍ കൂത്താടിയ bachelor party തുടങ്ങിയ സിനിമകള്‍ക്ക്‌ ആദ്യ മൂന്നു ദിനങ്ങളില്‍ ലഭിച്ച കളക്ഷന്‍ നോക്കിയാല്‍ മതീ. ഇത്‌ തിയേറ്ററില്‍ കണ്ടതില്‍ 90 ശതമാനം പേരും യുവജനങ്ങള്‍ ആണ്. എന്തുകൊണ്ടാണ് ആദ്യ ദിനങ്ങളില്‍ ഇത്‌ പോലുള്ള കൂത്ത്‌ സിനിമകള്‍ക്ക്‌ പോകാന്‍ തയരകുന്ന നിങ്ങളെ പോലുള്ളവര്‍ ഇത്‌ പോലുള്ള നല്ല സിനിമകള്‍ക്ക്‌ നേരെ മുഖം തിരിക്കുന്നത് . ഒഴിമുറി ആദ്യ ദിനം കണ്ടതാണ് ഞാന്‍ , ആകെ ഉണ്ടായിരുന്നത് 10-15 ആളുകള്‍ മാത്രം , അന്നേ ദിവസം ഇറങ്ങിയ രാസലീല എന്ന മറ്റൊരു പേ കൂത്തിന് ഏകദേശം പകുതിയോളം ആളുകള്‍ അതില്‍ കൂടുതല്‍ യുവാക്കള്‍. പിന്നെ ഞാന്‍ പറഞ്ഞതിന് എന്താണ് തെറ്റ്. ഇത്ര രോഷം കൊണ്ട താങ്കൾ ഈ സിനിമ കണ്ടോ ? എന്നാല്‍ നിങ്ങള്ക്ക് മുന്നേ കടന്നു പോയ യുവ തലമുറ ഈ രണ്ടു തരം സിനിമകളും ആസ്വദിച്ചിരുന്നു അതിനു ഒരു ഉദാഹരണമായീ പറഞ്ഞതാണ്‌ അന്നത്തെ കാലത്ത് ദേശാടനം , കളിയാട്ടം , ഗുരു തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വാണിജ്യ വിജയങ്ങള്‍.
  ആഘോഷ സിനിമകള്‍ കാണുന്നതിനോടൊപ്പം ഇത്‌ പോലുള്ള ചിത്രങ്ങള്‍ കാണുന്നതിനു ഇന്നത്തെ യുവതലമുറ തയ്യാറാകണം എന്നെ ഞാന്‍ ഉദ്ധെശിച്ചുള്ളൂ.

 15. @chandy
  wonderfully said. ഇത് പോലെയുള്ള അറുബോറന്‍ സിനിമകള്‍ ഉണ്ടാക്കി തിയെറ്റെരില്‍ ആളെ കയറ്റാം എന്നുള്ള ചില സംവിധായകരുടെ അബദ്ധ ധാരണയാണ് നമുക്ക് ഇക്കാലത്ത് കാണാന്‍ പറ്റുന്നത് .

 16. നല്ല സിനിമയെ സ്നേഹിക്കുന്ന ആരെയും തന്നെ ഈ വഴിക്ക് കാണുന്നില്ല. ബാബു അലക്സിനെയും….

 17. Good movie. Thanks to Madhupal for giving such a genuine movie.W ish the theatres were housefull. Good luck and all the best to the entire crew.

 18. nalla abhiprayam kettane cinema kanan kozhikode kairali yil chennath. pakshe ee sarkar stapanathil polum cinema orazha kalippichilla enne arinju. are kutteppeduthum.. alu kanan varathe engane kalippikkum. koothara cinemakal polum orazhchayenkilum kalikkumbol kashtam ozhimurikke ee gathi vannallo.

 19. Good Movie. First time watched alone due to ‘Awardu padam’ scare of family (Kripa -TVM). Went again with family this weekend. (Ajantha – TVM -2 shows only). 40% occupancy of the balcony/upper circle both time. Very bad marketing for a good movie. They should learn from the marketing of Desadanam. Just giving a simple advt in news paper wont work for a movie with such odd name. People wont understand the meaning of ozhimuri.
  Producer or distributor has no confidence with the product. A different movie required different marketing too.

 20. I have seen the movie, now what i strongly belive that , Mr. G Krishnamurthy’s reviw is not up to marks. The movie is gud one only.

 21. ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ അത് നല്ല രീതിയില്‍ മാര്‍ക്കെറ്റിങ്ങ് ചെയ്യപ്പെടണം. പടം ഇറങ്ങുന്നതിനു വളരെ മുന്‍പ് തന്നെ ഇങ്ങനെയൊരു ചിത്രം കാണാനുള്ള ആകാംക്ഷ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ നിര്‍മ്മിതാവിനും, വിതരണക്കാരനും, സംവിധായകനും കഴിയണം. അല്ലാത്തിടത്തോളം കാലം ഇത്തരം ചിത്രങ്ങള്‍ ഇനിയും തിയ്യേറ്ററില്‍ പരാജയപ്പെടും. മറ്റൊരു വശം കൂടിയുണ്ട്, പൊന്‍ വിലയുള്ള താരങ്ങള്‍ അഭിനയിക്കാത്ത ഇത്തരം ചിത്രങ്ങളുടെ മാക്സിമം ചെലവ് പലപ്പോഴും രണ്ടു കോടിയില്‍ താഴെയായിരിക്കും. ഈ തുക സാറ്റലൈറ്റും മറ്റുമായി ആദ്യമേ നിമ്മിതാവിന്റെ പോക്കറ്റില്‍ വന്നിരിക്കും. അങ്ങിനെ വരുമ്പോള്‍ പിന്നെ നിര്‍മ്മിതാവ് ഇനിയെന്തിനു പരസ്യത്തിനു പണം ചിലവാക്കി നഷ്ടപെടുത്തണം എന്ന് ചിന്തിക്കും, ഇതും ഇത്തരം ചിത്രങ്ങള്‍ക്ക് ശാപമാവുന്നു.

 22. Its a very good movie and again a reminder that a good book adaptation will mostly result in a good movie..
  bcos as u know already there is a good story to tell. I Strongly express my displeasure to the review, as it was a bit over critical.

 23. ഈ മൂവി കണ്ടു കുറെ നാളുകള്‍ക് ശേഷമാണു ഒരു നല്ല മൂവി കണ്ടത്. ലാല്‍, മല്ലിക വളരെ നന്നായിരിക്കുന്നു. ഈ മൂവി കാണാന്‍ ആളുകള്‍ പോകാത്തത് എന്താണ് എന്നു അത്ഭുതം. മരുമക്കത്തായം കൊള്ളാലോ. മമ്മൂട്ടിയോ മോഹന്‍ലാലോ അരുന്നെങ്ങില്‍ പൊക്കി കൊണ്ട് നടക്കാന്‍ ആള്‍കാരെ കിട്ടിയേനെ. ഭയങ്കര അഭിനയം എന്നൊക്കെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *


9 + 8 =