Review: Puthiya Theerangal

Nivin Pauly, Namitha Pramod

Nivin Pauly, Namitha Pramod

ആലപ്പുഴയുടെ പശ്‌ചാത്തലത്തിൽ ഒരു ലളിതമായ കഥ പറയുകയാണ് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ. അച്‌ഛനമ്മമാരുടെ മരണത്തെ തുടർന്ന് ജീവിതത്തെ തനിയെ നേരിടുന്ന താമര (നമിതാ പ്രമോദ്) യാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. കടലിൽ പോയി മീൻ പിടിക്കുന്ന ഒന്നാന്തരം ചെറിയ മരയ്‌ക്കാത്തി! മൂന്ന് സുഹൃത്തുക്കളാണ് (നിവിൻ പോളി, സിദ്ധാർഥ് ശിവ, ധർമജൻ) താമരയുടെ കരുത്ത്. ഒരിക്കൽ താമര ഒരു വൃദ്ധനെ (നെടുമുടി വേണു) കടലിൽ നിന്നു രക്ഷിക്കുന്നു. ആരാണ്, എന്താണ് എന്നൊന്നും ആർക്കും അറിയാത്ത അയാളെ താമര തനിക്കൊപ്പം താമസിപ്പിക്കുന്നു. കെ പി എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാളെപ്പറ്റി പല ദുരൂഹതകളുമുണ്ട്. കെ പിയുടെ രഹസ്യങ്ങളും അതിനു സമാന്തരമായി പോകുന്ന രണ്ടു മൂന്നു പ്രണയങ്ങളടക്കമുള്ള ഉപകഥകളും പുതിയ തീരങ്ങളിൽ ബെന്നി പി നായരമ്പലം എഴുതിച്ചേർത്തിരിക്കുന്നു.

PLUSES
അഭിനേതാക്കളുടെ സിനിമയാണ് പുതിയ തീരങ്ങൾ. അതിസാധാരണമായ വിധത്തിൽ പറഞ്ഞിരിക്കുന്ന അതിസാധാരണമായ കഥയുള്ള ഈ സിനിമയെ കുറച്ചെങ്കിലും കൗതുകകരമാക്കുന്നത് ചില കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച അഭിനേതാക്കളുമാണ്. അക്കൂട്ടത്തിൽ ആദ്യം പറയേണ്ടത് രണ്ടു പേരുകൾ: നായികയായി വന്ന നമിതയും വെറോണിക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോളി കണ്ണമാലിയും.

പെൺകുട്ടി എന്നു പറയാവുന്ന പ്രായത്തിലുള്ള നമിത വളരെ പക്വമായ പ്രകടനമാണ് ഈ ചിത്രത്തിൽ നടത്തുന്നത്. ആദ്യ നായികാ വേഷത്തിന്റെ പകപ്പൊന്നും നമിതയുടെ അഭിനയത്തിൽ ഇല്ല. കാണാനും സുന്ദരി. ഒരു നല്ല മലയാളി പെൺകുട്ടിയുടെ രൂപഭാവങ്ങൾ. ഈ നിഷ്‌കളങ്കതയും ശാലീനതയൊന്നും കൈമോശം വരാതെ, ഇനിയും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. (സത്യൻ അന്തിക്കാട് തന്നെ അവതരിപ്പിച്ച നയൻതാരയുടെ അഭിനയജീവിതം അറിയാതെ ഓർത്തു പോയി.)

അല്പം കാടു കയറിയ സ്വഭാവമുള്ള വെറോണിക്കയെയാണ് മോളി കണ്ണമാലി അവതരിപ്പിക്കുന്നത്. ഈ സിനിമയിലും യഥാർത്ഥ ജീവിതത്തിലും ചവിട്ടുനാടകകലാകാരിയായ മോളി, ശ്രീലങ്കയിലേക്ക് തോണിയിൽ പോയ കാമുകനെ കാത്തിരിക്കുന്ന വെറോണിയായി പുതിയ തീരങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. വെറോണിയുടെ ഓരോ ഡയലോഗും ഓരോ ഭാവവും കാണികളെ ചിരിപ്പിക്കും. നമ്മുടെ ഫിലോമിന മുൻപ് അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ കൂടുതൽ ഇരുണ്ട കാരിക്കേച്ചറാണ് മോളിയുടെ വെറോണി. ബ്രിഡ്‌ജ് (കേരളാ കഫേ), അൻവർ, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളിലും ഇവർ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

അടുത്ത റൗണ്ടിൽ പറയേണ്ടത് ഈ ചിത്രത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളുടെ പേരുകളാണ്; പ്രത്യേകിച്ച് സിദ്ധാർഥ് ശിവ, ധർമജൻ, വിക്കനായ കാമുകനെ അവതരിപ്പിച്ച നടൻ. ഇവർക്കൊപ്പം തന്നെ ചെമ്പിൽ അശോകന്റെ പേരും പറയാം.

നെടുമുടി വേണു അദ്ദേഹത്തിന്റെ സ്ഥിരം രീതിയിൽ കെ പി യെ അവതരിപ്പിച്ചു; നന്നായെന്നോ മോശമായെന്നോ പറയാനില്ല. ടിപ്പിക്കൽ നെടുമുടി വേണു! ഇന്നസെന്റ്, സിദ്ദിഖ് എന്നിവരേക്കുറിച്ചും ഇതു പറയാം. വേണുവിന്റെ ക്യാമറയുടെ കാര്യവും അങ്ങനെ തന്നെ.

പുതിയ തീരങ്ങളുടെ ആദ്യപകുതി രണ്ടാം പകുതിയെ അപേക്ഷിച്ച് വളരെ വളരെ മെച്ചപ്പെട്ടതാണ്. അതിനു പ്രധാന കാരണക്കാർ ഇപ്പോൾ പേരു പറഞ്ഞ അഭിനേതാക്കളും. കൂടാതെ, ചിരിക്കുള്ള വക തരുന്ന ചില ജീവിതമുഹൂർത്തങ്ങൾ സിനിമയുടെ ആദ്യപകുതിയിൽ മായാതെ നിൽക്കുന്നുണ്ട്.

MINUSES
കാറ്റഴിഞ്ഞ ബലൂൺ പോലെ എങ്ങോട്ടോ പോകുന്ന രണ്ടാം ഭാഗവും ആർക്കും ഊഹിക്കാവുന്ന ക്ലൈമാക്‌സുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ. ഇടവേളയ്‌ക്കു ശേഷം പ്രധാന കഥയിൽ നിന്ന് വഴി മാറിപ്പോകുന്ന സിനിമ, വളരെയേറെ ഉപകഥകളിലൂടെ വെറുതേ സഞ്ചരിച്ച് ഏറെക്കുറേ വിരസമായി അവസാനിക്കുന്നു. താമരയും മോഹനുമായുള്ള പ്രണയം, മോഹന്റെ സിനിമാ അഭിനയം, അപ്പച്ചന്റെ നിരാശ, സോഡാ കച്ചവടക്കാരന്റെ പ്രേമം ഇങ്ങനെ പ്രധാന കഥയുമായി വിദൂരബന്ധം മാത്രമുള്ള, അല്ലെങ്കിൽ അതുപോലുമില്ലാത്ത ഉപകഥകൾ സ്‌ക്രീൻ കൈയടക്കുകയാണ്. ഈ കഥകളുടെ ബഹളത്തിൽ പ്രധാന കഥയും കഥാപാത്രങ്ങളും (താമര / കെ പി) പലപ്പോഴും അപ്രസക്‌തരാകുന്നു. മാത്രമല്ല, രണ്ടാം ഭാഗത്ത് ഊന്നൽ ലഭിക്കേണ്ടിയിരുന്ന കെ പി യുടെ ചരിത്രം, ഗോപകുമാറിന്റെ കഥാപാത്രം പറഞ്ഞു കേൾപ്പിക്കുന്ന ഒരു താല്പര്യജനകമല്ലാത്ത വിവരണം മാത്രമായി മാറുകയും ചെയ്യുന്നു.

മോഹന്റെ സിനിമാ അഭിനയവും മറ്റും കൈയടക്കിയ ബോറൻസീനുകൾ ഉപേക്ഷിച്ച് കെ പിയുടെ കഥയിലും കെ പി -താമര ബന്ധത്തിലും ഫോക്കസ് ചെയ്‌തിരുന്നുവെങ്കിൽ ഇതൊരു മികച്ച ചിത്രമായേനേ.

പാട്ടുകളാണ് പിന്നെ നിരാശപ്പെടുത്തിയത്. ഇളയരാജ ബോറടിപ്പിക്കുന്നു. ഒരു പാട്ടിന്റേതൊഴിച്ചുള്ള ദൃശ്യങ്ങൾക്ക് സത്യൻ അന്തിക്കാട് സ്‌പർശം കാണാമെന്നു മാത്രം. എന്നാൽ, താമരയും മോഹനും വരുന്ന ഹംപിയുടെ പശ്ചാത്തലത്തിലുള്ള പ്രണയഗാനം ആനബോറായി ചിത്രീകരിച്ചത് സത്യൻ അന്തിക്കാടാണെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം. (താമരയും മോഹനും മലേഷ്യയിൽ പോയി പാട്ടു പാടിയില്ലല്ലോ എന്നതു മാത്രമാണ് ആശ്വാസം!)

DOUBTS
താമരയുടെ അച്‌ഛൻ ശങ്കരന് മകളെ ഒറ്റയ്‌ക്ക് വീട്ടിലാക്കിയിട്ടു പോകാൻ മടി. അതു കൊണ്ടാണ് 10-12 വയസുള്ള താമരയെ മീൻ പിടിക്കാനായി കടലിലേക്കു ഒപ്പം കൂട്ടുന്നത് അയാൾ. എന്നാൽ, വാത്സല്യനിധിയായ ഈ അച്‌ഛന് മോളെ സ്‌കൂളിൽ വിടണമെന്ന് ഒരിക്കലും തോന്നാത്തത് എന്തുകൊണ്ടായിരിക്കും? കഥാകൃത്തിന്റെ സൗകര്യത്തിന് അതങ്ങനെയാക്കി എന്നല്ലാതെ മറ്റൊരു ന്യായവും പറയാനില്ല.

LAST WORD
കടലിന്റെ പശ്‌ചാത്തലത്തിലുള്ള പല നല്ല ചിത്രങ്ങളും മലയാളം കണ്ടിട്ടുണ്ട്; അമരം, ചെമ്മീൻ തുടങ്ങിയവ. തുമ്പോളിക്കടപ്പുറത്തിന്റെ ഗണത്തിൽപ്പെട്ട അതിവിരസചിത്രങ്ങളും ധാരാളം. ഈ രണ്ടു കൂട്ടത്തിന്റെയും നടുവിലാണ് പുതിയ തീരങ്ങളുടെ സ്ഥാനം. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല.

| Sulekha V

29 thoughts on “Review: Puthiya Theerangal”

 1. പുതിയ തീരങ്ങള്‍ മനോഹരമായ ഒരു കൊച്ചു ചിത്രം. പുതുമ ഇല്ലാത്ത കഥ ആണെങ്കിലും. പുതുമ നിറഞ്ഞ പശ്ചാത്തലവും പുത്യ അഭിനേതാകളും ദൃശ്യ ഭംഗിയും നര്‍മം നിറഞ്ഞ സംഭാഷണങ്ങളും പിന്നെ സത്യന്‍ അന്തികാടിന്റെ സംവിധന ശൈലിയും ഈ കുറവ് നികത്തുന്നു. അഭിനെതാകളില്‍ എല്ലാവരും മികച്ചു നില്കുന്നു.

 2. വല്ലാത്തൊരു ഭയപ്പടോട് കുടി ആണ് “പുതിയ തീരങ്ങള്‍” കാണാന്‍ കയറിയത്. ഇനി സത്യന്‍ അന്തിക്കാടും ന്യൂ ജനറേഷന്‍ ആയി കാണുമോ എന്നായിരുന്നു എന്റെ ഭയം. പക്ഷെ സിനിമ തുടങ്ങി പത്ത് മിനിറ്റു കഴിഞ്ഞപ്പോലെ ആ ഭയം മാറി. ഗ്രാമത്തിനു പകരം കടല്‍ , KPAC ലളിത ചേച്ചിയും മാമുക്കോയ സാറും ഇല്ല.ബാക്കി എല്ലാം പതിവ് പോലെ..

  ചുണ്ടില്‍ ചെറിയ ചിരി വിടര്‍ത്തുന്ന കൊച്ചു കൊച്ചു തമാശകള്‍. അറിയാതെ വരുന്ന പ്രണയം ചെറിയ സങ്കടങ്ങള്‍. സാധാരനക്കാര്‍ ആയ കഥാപാത്രങ്ങള്‍. നന്മയുള്ള വെടിയും പുകയും ഇല്ലാത്ത നേരെ പോകുന്ന കഥ. വിഷല്‍ ട്രീട്ട്മെന്റിന് പുറകെ പോകാത്ത ക്യാമറ. വിശുധിയുള്ള തിരക്കഥ. സംഗതി എനിക്ക് ഇഴ്ട്ടപെട്ടു !

  ഇതൊന്നും അല്ല പ്രധാനപെട്ടത്. അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും ഭാര്യക്കും ഭര്‍ത്താവിനും മുത്തശ്ശനും മുത്തശ്ശിക്കും പേരക്കുട്ടികള്‍ക്കും ഒരുമിച്ചു ധൈര്യം ആയി പോയി കാണം ഈ സിനിമ! (കഴിഞ്ഞ ദിവസം തിരുവന്തപുരം ലോഡ്ജു കാണാന്‍ പോയപ്പോള്‍ ഇടയ്ക്കു പെണ്മക്കളെ കൊണ്ട് ഇറങ്ങി പോയ ആ പാവം അച്ഛനെ എന്തോ എനിക്ക് ഓര്‍മ്മ വന്നു!). ഓക്കാനം ഉണ്ടാക്കുന്ന ഒരു രംഗവും ഇല്ല ഈ അന്തിക്കാട്‌ സിനിമയില്‍ മാത്രമല്ല ഇങ്ങനെ ഒരു വീടിലെ എല്ലാവര്ക്കും കുടി ഒരുമിച്ചു പോകാന്‍ പറ്റുന്ന ഇടങ്ങള്‍ ഇന്ന് കേരളത്തില്‍ കുറവാണു താനും!

  എതിര്‍പ്പ് ഉള്ളവര്‍ ഉണ്ടാകാം. എന്നും ഈ ബസ്‌ ഇതുപോലെ സഞ്ചരിച്ചാല്‍ മതിയോ എന്ന് വിമര്‍ശിക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ എനിക്ക് തോന്നുന്നു, ഒരു ബസ്‌ എങ്കിലും ഇതുപോലെ റൂട്ട് തെറ്റിക്കാതെ ഓടണ്ടേ എന്ന്! നിങ്ങള്‍ മനസ്സില്‍ ഇപോളും മലയാളിത്തം സുഷിക്കുന്നു എങ്കില്‍ , നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു സിനിമ ചെവി പൊത്താതെ കണ്ണുകള്‍ അടക്കാതെ കാണണം എന്ന് ഉണ്ടെങ്കില്‍, ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ വിജങ്ങള്‍ നിങ്ങളെ ഇപോളും സന്തോഷിപ്പിക്കാര് ഉണ്ടെങ്കില്‍ , മനസില്‍ നന്മയുള്ള മനുഷ്യര്‍ ഇപോളും ജീവനോടെ ഉണ്ട് എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത് എങ്കില്‍ , നിങളെ/ നിങ്ങള്ക്ക് അറിയാവുന്നവര്‍ പറയുന്ന കൊച്ചു കൊച്ചു തമാശകള്‍ നിങ്ങളെ ഇപോളും ചിരിപ്പിക്കാറുണ്ട് എങ്കില്‍ , എങ്കില്‍ മാത്രം നിങ്ങല്ല്ക്കും കയറാം “പുതിയ തീരങ്ങളില്‍”,, നിങ്ങള്‍ക്കും ഇഴ്ട്ടപെടും ഈ “പുതിയ തീരങ്ങള്‍” …

 3. നന്മയുള്ള ആലപ്പുഴയുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ചിത്രം കൂടി. ഇതിലെ മേന്മയെന്നത് പടത്തിന്റെ കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രവും മികച്ചു നില്‍ക്കുന്നു. നെടുമുടിചേട്ടന്‍ മുതല്‍ ചെമ്പില്‍ അശോകന്‍ വരെ. ആരും അവരവരുടെ റോള്‍ മോശമാക്കിയില്ല. കുറെയേറെ ഹാസ്യ മുഹൂര്‍ത്തങ്ങള്‍! മികച്ച തിരക്കഥ! സംവിധാനം!

  അലോസരപ്പെടുത്തിയത്…
  ഇളയരാജ, റീ-Recording, BGM എന്നിവ സമ്പൂര്‍ണ്ണ പരാജയമായിരുന്നു.
  ബിജിപാല്‍, M ജയചന്ദ്രന്‍, രാഹുല്‍ രാജ്, ഗോപി സുന്ദര്‍, അല്‍ഫോന്‍സ്‌, എന്നിങ്ങനെ മലയാളത്തില്‍ നിന്നുള്ളവരെ ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ 12 കൊല്ലമായ്‌ സത്യന്‍ അന്തിക്കാട് എന്തിനു ഈ രാജയെ കൊണ്ട് നടക്കുന്നു! BGM ‘s ചില നേരങ്ങളില്‍ ഏതോ തിരുനെല്‍വേലി നാടകത്തിലെ പോലെ തോന്നി. കോയമ്പത്തൂര്‍ റോഡ്‌ സീന്‍ നടുക്കുന്നതായ് തോന്നി!
  കഥ ആലപ്പുഴയിലാനെങ്കിലും സംസാരിക്കുന്ന കൊച്ചീക്കാരുടെ ഭാഷ!
  തലശേരി ഭാഷ സംസാരിക്കുന്ന അല്ലേല്‍ വന്നു പോകുന്ന നിവിന്‍ പൌളി !!(വിനീത് ശ്രീനിവാസന്‍ എഫ്ഫക്റ്റ്‌ എന്ന് തീയറ്ററിലിരുന്നു പടം കാണുന്ന ചില technopark പിള്ളേര് പറയനുണ്ടാര്‍ന്നു.

  Rating : 3 / 5

 4. Sathyan Andhikkadinu MALAYALI KUDUMBA PREKSHAKARUDE ”MARMAM’ ariyam athukondaanu old story aayaalum pazhaya veenjaayalum athu vijayippikkunnnathu.

  KERALATHIL GRAMANGALUM ,NAATTIN PURANGALUM ,KADALORANGALIL THAMASIKKUNNA AALKKAR ULLATHU VAREYUM EE SATHYAN INIYUM KADHATHUDARUM.

 5. ഒരു നല്ല ചിത്രം…. വളരെ വളരെ നല്ല ചിത്രം.

 6. Sathyan Anthikkad should take rest. There is nothing new in this film except Namitha and Nivin. Same story, same characters, oru thattikkoottu padam ennu parayam.

 7. അപ്രതീക്ഷ്മായി നായകന്‍റെ /നായികയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വല്യപ്പന്‍/ പയ്യന്‍ / ഒരു വിധവ / ഭാര്യ / നാല് പെണ്ണുങ്ങള്‍/ വല്യമ്മ …പിന്നെ ഇവരെ ചുറ്റിയുള്ള കുറേ കഥപാത്രങ്ങളുടെ ജീവിതങ്ങളുടെ കഥ, ശുഭം . അന്തികാടിന്റെ കഴിഞ്ഞ കുറെ പടങ്ങളുടെ റിവ്യൂ കഴിഞ്ഞു.

 8. പുതിയ സിനിമകള്‍ എല്ലാം ഫാസ്റ്റ്‌ ഫുഡ്‌ ആണെങ്ങില്‍ സത്യന്‍ പടങ്ങള്‍ നല്ല നാടന്‍ വിഭവം വിളമ്പുന്നു. ഫാസ്റ്റ്‌ ഫുഡ്‌ കഴിച്ചു മടുക്കുമ്പോള്‍ ഈ നാടന്‍ കഴിക്കാം. അതുപോലെ തിരിച്ചും. മൂര്തി സാര്‍ പറയുന്നത് പോലെ മലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ചെരുപക്കാര്‍ മാത്രം മതിയോ ? മെട്രോയുടെ ലൈഫ് പോലെ നാട്ടിലും കടലിലും ഉണ്ട് ജീവിതങ്ങളും സിനിമ കാണുന്നവരും..എന്നെ പോലെ.

 9. I AM REALLY AGREE WITH YOU MR. GOPAN, WHAT IS NEW AGE FILM ? IT IS STILL IN EARLY AGE, LET IT GROW UP THEN SAY SOMETHING.

 10. ശ്രീ. സത്യന്‍ അന്തിക്കാടിന്റെ കഴിഞ്ഞ പത്തു ചിത്രങ്ങളുടെ കഥാതന്തുക്കള്‍ …

  1. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് – നായകന്‍റെ ജീവിതത്തിലേക്ക് ട്രെയിനില്‍ വച്ച് അപ്രതീക്ഷിതമായി കടന്നു വരുന്ന പെണ്‍കുട്ടി.
  2. മനസ്സിനക്കരെ – നായകന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന വല്യമ്മച്ച
  3. അച്ചുവിന്റെ അമ്മ – അമ്മയുടെയും മകളുടെയും ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന യുവാവ്
  4. രസതന്ത്രം – നായകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന പെണ്‍കുട്ടി.
  5. വിനോദയാത്ര – നായകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന പെണ്‍കുട്ടി.
  6. ഇന്നത്തെ ചിന്താവിഷയം – നായകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന പെണ്‍കുട്ടി. ഒപ്പം കുട്ടികള്‍ ഉള്ള ബേറെ മൂന്ന് പെണ്‍കുട്ടികളും
  7. ഭാഗ്യദേവത – * ഇവിടെ എന്തായാലും അപ്രതീക്ഷിതം അല്ലായിരുന്നു. *
  8. കഥ തുടരുന്നു – നായകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ കുട്ടിയും.
  9. സ്നേഹവീട് – നായകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന ആണ്‍കുട്ടി.
  10. പുതിയ തീരങ്ങള്‍ – നായികയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതം ആയി കടന്നു വരുന്ന വൃദ്ധന്‍.

  എങ്കിലും, ഈ പത്തു ചിത്രങ്ങളും കുടുംബാംഗങ്ങള്‍ ഒന്നിച്ചു പോയി ഇരുന്നു കാണാന്‍ കൊള്ളാവുന്ന, നന്മയുള്ള ചിത്രങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആണ് അടിസ്ഥാന കഥാതന്തു ഒന്നായിരുന്നിട്ടു കൂടി അവയെല്ലാം തരക്കേടില്ലാത്ത വിജയം നേടിയത്.

 11. പതിവ് സത്യന്‍ ചിത്രമെന്ന് പറയാമെങ്കിലും ഹൃദയത്തെ സ്പര്‍ശിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. അല്ല നമ്മുടെ കുടുംബങ്ങള്‍ ന്യൂജനറേഷന്‍ ആയതാണോ സത്യന്‍ അന്തിക്കാട് ന്യൂ ജനറേഷന്‍ ആവാത്തതാണോ പ്രശ്‌നം…

 12. 7. ഭാഗ്യദേവത – * ഇവിടെ എന്തായാലും അപ്രതീക്ഷിതം അല്ലായിരുന്നു. *

  അങ്ങനെ അപ്രതീഷ്കിതമായി ഒന്നും ‘ഭാഗ്യദേവത’ യില്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല വാര്യരെ , നായകനും നായികക്കും ഇടയില്‍ അപ്രതീക്ഷിതമായി കണ്ടു വരുന്ന ഒരു ലോട്ടറി ടിക്കറ്റ്‌ !!!!!!!!

 13. പണ്ട് കഥാപുസ്തകത്തില്‍ നമ്മള്‍ കഥ വായിക്കില്ലേ ..പണ്ട് പണ്ടൊരു കാട്ടില്‍ ഒരു ചിന്നു മുയല്‍ ഉണ്ടായിരുന്നു വളരെ നല്ലവളായിരുന്നു ചിന്നു മുയല്‍ കുഞ്ചു കുറുക്കനും , കരുമന്‍ കരടിയും , മിന്നുമാനും അവളുടെ കൂട്ടുകാര്‍ ആയിരുന്നു . അവര്‍ ആ കാട്ടില്‍ സന്തോഷത്തോടെ താമസിച്ചു വന്നു . അങ്ങനെയിരിക്കേ ഒരു ദൂസം അത് സംഭവിച്ചു …………………………………………………പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ചു !
  ഇമ്മാതിരി ലോ സ്റ്റാന്‍ഡേര്‍ഡ് നരേഷനും , ഉപരിപ്ലവമായ നമ വിതറലും, സ്റ്റീരിയോ ടൈപ്പ് ആയ കഥാപാത്രങ്ങളും , വിശ്വസനീയമല്ലാത്ത എച്ച് കെട്ടിയ കഥാ സന്ദര്‍ഭങ്ങളും ആണ് ഇദ്ദേഹത്തിന്റെ സമീപകാല സിനിമകള്‍ ഈ സിനിമയും അതിനൊരു അപവാദമല്ല . thematically and aesthetically ഒന്നും ഇല്ലാത്ത ഒരു നിര്‍ഗുണ പരബ്രഹ്മം . മോശം സിനിമ!

 14. //……..പാട്ടുകളാണ് പിന്നെ നിരാശപ്പെടുത്തിയത്. ഇളയരാജ ബോറടിപ്പിക്കുന്നു……….//

  സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ ഇളയരാജയുടെ താഴ്ന്ന നിലവാരമുള്ള സംഗീതത്തെ കുറിച്ച് മുന്‍പൊരിക്കല്‍ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തതാണ്. സത്യന്‍ ചിത്രങ്ങളില്‍ ഇളയരാജ ഒരുക്കുന്ന സംഗീതങ്ങള്‍ വെറും മൂന്നാംകിടയാണ്. ദയവു ചെയ്തു സത്യന്‍ ഇളയരാജയെ വിടുക. അദ്ദേഹം മഹാനായ സംഗീതഞ്ജന്‍ ആണ് സംശമില്ല. പക്ഷെ സത്യന്‍ ചിത്രങ്ങളില്‍ എത്തുമ്പോള്‍ ഇളയരാജ താന്‍ ആരാണ് എന്നുള്ളത് മറന്നു പോവുന്നു …

 15. //……..പാട്ടുകളാണ് പിന്നെ നിരാശപ്പെടുത്തിയത്. ഇളയരാജ ബോറടിപ്പിക്കുന്നു……….//

  ഇളയരാജയുടെ അജീര്‍ണ സംഗീതം കാതുകള്‍ക്ക് അരോചകം.മടുത്തു സാറേ മടുത്തു

 16. കുറെ കാലങ്ങള്‍ ആയുള്ള സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ അത്ര മികവു പുലര്തുന്നില്ലെങ്കിലും അത്ര നിശിതമായി വിമര്ഷിയ്ക്കപ്പെടെണ്ട സംവിധായകന്‍ അല്ല അദ്ദേഹം. അമല്‍ നീരദിനെ പോലെയുള്ളവരുടെ സ്ലോ മോഷന്‍ കോപ്രായങ്ങളും നിര്‍ഗുണ പരബ്രഹ്മങ്ങള്‍ ആയ ചില ന്യൂ ജനറേഷന്‍ പുലികളുടെ ബെര്‍മുഡവാലന്മാരെയും സഹിയ്ക്കേണ്ട എന്നുള്ളത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ സത്യന്‍ ചിത്രങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. അതുകൊണ്ടാണ് മിയ്ക സത്യന്‍ ചിത്രങ്ങളും ബോക്സ്‌ ഓഫീസില്‍ വിജയം കാണുന്നത്.

 17. @Ajesh Pala

  //…………കഥ ആലപ്പുഴയിലാനെങ്കിലും സംസാരിക്കുന്ന കൊച്ചീക്കാരുടെ ഭാഷ!….//

  സിനിമയ്‌ക്കുള്ള മുന്നൊരുക്കമെന്ന നിലയ്‌ക്ക് ഞാന്‍ ആര്‍ത്തുങ്കല്‍ കടപ്പുറത്തുപോയി അവരുടെ ജീവിതം പഠിച്ചിരുന്നു. കടലോരത്തുള്ളവര്‍ ഇന്ന്‌ ‘അമര’ത്തിലൊക്കെയുള്ളതുപോലെ ‘കടാപ്പുറം’ എന്നൊന്നുമല്ല സംസാരിക്കുന്നത്‌. അവരുടെ ഭാഷ ഏറെ മാറി. കൊച്ചിയോടു സാദൃശ്യമുള്ള ഭാഷയാണ്‌. അതുപോലെതന്നെയാണു സിനിമയിലും ഉപയോഗിച്ചത്‌………
  ~ സത്യന്‍ അന്തിക്കാട്‌ ~

 18. രാജഗോപുരം കടന്നു എന്ന് തുടങ്ങുന്ന നല്ലൊരു ഗാനം ഈ ചിത്രത്തിലുണ്ട്. പക്ഷെ സത്യന്ടെ picturisation വളരെ മോശം കൈതപ്രതിന്ടെ വരികള്‍ മനോഹരം തന്നെ. വട്ടായിപോകുന്ന ഗാനങ്ങല്കിടയില്‍ ഇളയരാജയുടെ സ്വധസിദ്ധമായ melodikal കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ ആണ്. നീ താന്‍ എന്‍ ponvasanthathile ഗാനങ്ങള്‍ ആരും കേട്ടില്ല എന്നുണ്ടോ?!!

 19. മാറുന്ന സിനിമ രീതികല്‍ക്കനുസരിച്ചു മാറി ഇനിയും അധിക കാലം സത്യേട്ടന്‍ ഇവിടെ തുടരുമെന്ന് തോന്നുന്നില്ല. അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അദ്ധേഹത്തിന്റെ പ്രിയ തിരകഥകൃതുക്കളുടെ അഭാവം തന്നെ ആണ്. ശ്രീനിയും പലെരിയും ഒക്കെ അവരുടെ നല്ല കാലത്തിന്റെ നിഴലില്‍ ആണ് ഇപ്പോള്‍, ലോഹി വേറെ ഒരു ലോകത്തും. മികച്ച തിരകഥകള്‍ കിട്ടിയാല്‍ മികച്ച ചിത്രങ്ങള്‍ തരാന്‍ അദ്ദേഹത്തിന് അറിയാം. അല്ലെങ്കില്‍ പടം നമ്മളെ ബോറടിപ്പിച്ചു കൊല്ലും. പുതിയ കഥാകൃത്തുക്കളില്‍ നല്ല ഒരാളെ കണ്ടത്തി കൂടെ കൂട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.

  കൃത്യമായി പറഞ്ഞാല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ വരെ കാര്യങ്ങള്‍ നല്ല സ്മൂത്ത്‌ ആയി തന്നെ പോയിരുന്നു. പക്ഷെ അതിനു ശേഷം എന്തോ അദ്ധേഹത്തിന്റെ ചിത്രങ്ങല്‍ക്കുണ്ടായിരുന്ന ഒരു ഭംഗി പിന്നീട് കണ്ടിട്ടില്ല. ചിത്രങ്ങള്‍ വിജയിക്കുന്നില്ല എന്നല്ല, നിലവാരമുള്ള വിജയങ്ങള്‍ അന്യം നിന്ന് പോയി. ഗ്രാമങ്ങള്‍ എത്ര മനോഹരം ആണെന്ന് നമ്മുക്ക് കാണിച്ചു തന്നത് സത്യേട്ടന്‍ തന്നെ. മഴവില്‍ കാവടിയിലെയും പൊന്മുട്ടയിടുന്ന താറാവിലെയും ഗ്രാമങ്ങള്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചത് ആയിരുന്നു. ആ ഗ്രാമങ്ങളും അവിടത്തെ സാധാരണ ജനങ്ങളുടെ സാധാരണ കഥകളും നമ്മുകൊക്കെ എത്ര മധുരതരം ആയിരുന്നു, ഒരു ഗിമ്മിക്കും ട്വിസ്റ്റും ഇല്ലാതെ ഒരേ ഫ്ലോയില്‍ പോയിരുന്ന ആ പടങ്ങള്‍ ഒരിഞ്ചു പോലും നമ്മളെ ബോറടിപ്പിച്ചില്ല. പകരം ഏറെ ആനന്ദിപ്പിച്ചു.ഇപ്പോഴും ചാനലുകളില്‍ വരുന്ന സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേഷകര്‍ സത്യന്‍ സിനിമകള്‍ക്ക്‌ തന്നെ ആണ് എന്നത് തന്നെ ആ ജനപ്രിയതയ്ക്ക് തെളിവ്. നമ്മുടെ ജീവിതത്തിന്റെ ഒക്കെ ഒരു ഓരം ചേര്‍ന്ന് നടന്ന ഒരാള്‍. നമ്മളില്‍ നന്മയുടെ പ്രകാശം നിറച്ചിരുന്ന നല്ല കൊച്ചു ചിത്രങ്ങള്‍. അതൊക്കെ ആണ് നമുക്ക് നഷ്ട്ടമായത്. ഇനിയൊരു തിരിച്ചുപോക്ക് അദ്ദേഹത്തിന് സാധ്യമാവും എന്ന് തോന്നുന്നില്ല, അത് സാധ്യമാക്കുന്ന തരം തിരകഥകൃതുക്കളും ഇപ്പോള്‍ നമുക്കില്ല.

 20. first day thanne padam kandu. satyan anthikkadu paninirthenda time ayi. oru minimum nilavaram undavumennu karuthiya kayariyath athum 5 friendsineyum kondu. worst movie benny p nayarambalam thinte screnplay very bad. nanma nanma ennu paranju manushyane pottanakallu ihine pukazhtan chila stupid prekshakarum ivar ithinumunbu nallapadam kandittilla sure.(njan e chitrathekurihu ithrayenkilum paranjilenkil enikku samathanam kittila.

 21. വിക്കനായ കാമുകനെ അവതരിപ്പിച്ച നടൻ// അത് വിനോദ് കോവൂര്‍ ആണ്. utube ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കു പുള്ളിടെ കിടിലന്‍ പെര്‍ഫോമന്‍സുകള്‍ കാണാം.

 22. സത്യന്‍ അന്തിക്കാട് ഇപ്പോഴും പഴയ തീരങ്ങളില്‍ തന്നെ

Leave a Reply

Your email address will not be published. Required fields are marked *


8 + = 13