Review: August Club

augustclubരണ്ടു കുഞ്ഞുങ്ങളുമായി സന്തുഷ്‌ടമായ കുടുംബജീവിതം നയിക്കുകയാണ് സാവിത്രിയും (റിമ കല്ലിങ്കൽ) നന്ദനും (മുരളി ഗോപി). ഭർത്താവിനെ പ്രേമിക്കുക, ഭാര്യയെ പ്രേമിക്കുക എന്നീ ഭാരിച്ച ജോലികളാണ് ഇവർ പ്രധാനമായും ചെയ്യുന്നത്. വലിയൊരു ബംഗ്ലാവിലാണ് ജീവിതമെങ്കിലും രണ്ടു കുഞ്ഞുങ്ങളുള്ളതുകൊണ്ട് ഇവർക്ക് മര്യാദയ്‌ക്ക് ഇണ ചേരാനാവുന്നില്ല. (എന്തൊക്കെ പ്രശ്‌നങ്ങളാണ് അല്ലേ! വഴിയരികിൽ കിടന്നുറങ്ങുന്ന നാടോടികൾക്കില്ലാത്ത പ്രശ്‌നങ്ങളാണ് വീടും കാറും ക്ലബ്ബുമൊക്കെയുള്ള ഈ പാവങ്ങൾക്ക്.) കുട്ടികളെ മാറ്റി നിർത്തി ഇവർ ഒരു രണ്ടാം മധുവിധു പ്ലാൻ ചെയ്യുന്നു. അതിനിടയ്‌ക്ക് നന്ദൻ ജോലിത്തിരക്കിൽ പെടുന്നു. സാവിത്രിക്ക് ചെസ് കളിക്കാൻ ഒരു ചെറുപ്പക്കാരനെ (പ്രവീൺ) കൂട്ടു കിട്ടുന്നു. അവർ യാത്ര പോകുന്നു, വരുന്നു, ചെസ് കളിക്കുന്നു, ജയിക്കുന്നു, തോൽക്കുന്നു. മറ്റാരുമില്ലാത്ത നേരത്ത് മേൽപ്പറഞ്ഞ ചെറുപ്പക്കാരൻ സാവിത്രിയുടെ വീട്ടിൽ വരുന്നു. അപ്പോൾ ഒരു മഴ പെയ്യുന്നു. സാവിത്രി മഴ നനയാനായി പുറത്തേക്കിറങ്ങുന്നു. ശുഭം! (എന്തൊക്കെ പറഞ്ഞാലും അതൊരു ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് തന്നെ. മഴ തുടങ്ങുമ്പോൾ ക്യാമറ മുകളിലെ കുതിരയുടെ ചിത്രത്തിലേക്കോ കറങ്ങുന്ന ഫാനിലേക്കോ റ്റിൽറ്റ് അപ് ചെയ്യുന്നതാണല്ലോ എഴുപത്-എൺപതുകളിലെ നാട്ടുനടപ്പ്.)

TRIBUTE
അന്തരിച്ച രണ്ടു പ്രതിഭാശാലികളെ ഈ ചിത്രത്തിൽ കാണാം; തിലകനും സുകുമാരിയും. ഇനിയും ഒരുപാടൊരുപാട് കാലം ഇരുവരും മലയാളക്കരയിൽ സ്നേഹപൂർവം ഓർമിക്കപ്പെടും. ഇരുവർക്കും നന്ദി; വിട.

FIRST IMPRESSION
ആര്യാസ്, ആര്യഭവൻ തുടങ്ങിയ പേരുകളുള്ള ദ്രാവിഡ ശാപ്പാടുശാലകളിലും നമ്മുടെ വീട്ടിലും ഇഡ്ഡലിയുണ്ടാക്കുന്നത് അരിയും ഉഴുന്നും ഇത്തിരി ചോറും അരച്ചു തന്നെ. എന്നിട്ടും വീട്ടിലെ ഇഡ്ഡലിയുടെ സ്വാദോ സൗന്ദര്യമോ മൃദുത്വമോ ആര്യദ്രാവിഡഇഡ്ഡലിക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വീട്ടിൽ ഇഡ്ഡലിയുണ്ടാക്കുന്ന അമ്മയ്‌ക്കോ അച്ഛനോ ഭാര്യക്കോ ഭർത്താവിനോ സഹോദരനോ സഹോദരിക്കോ മകനോ മകൾക്കോ ഉള്ള എന്തോ ഒരു കഴിവ് ശാപ്പാടുശാലയിലെ വയ്‌പ്പുകാരന് ഇല്ല.

മാവിന്റെ അരവിലും ഇഡ്ഡലിയുടെ മാവ് പുളിക്കാനായി പാത്രത്തിൽ അടച്ചു വയ്‌ക്കുന്നതിലും രാവിലെ അതു സമയത്ത് തുറന്ന് പാകത്തിന് ഉപ്പു ചേർക്കുന്നതിലും ഇഡ്ഡലിത്തട്ടുകളിലേക്ക് മാവു പകരുന്നതിലും കൃത്യമായ ചൂടിൽ പാത്രം വച്ച് കൃത്യസമയം വേവിച്ച് ഇത്തിരി വെള്ളം തളിച്ച് ഇഡ്ഡലിവട്ടത്തിന് ഉടവു തട്ടാതെ സ്‌പൂണിന്റെ തണ്ടുകൊണ്ട് മെല്ലെ ഇളക്കിയെടുക്കുന്നതിലുമൊക്കെ ഈ കഴിവിന്റെ ഒരു സ്‌പർശം രുചിച്ചറിയാം.

പക്ഷേ, ആ കഴിവിന്റെ പേരെന്താണെന്നു ചോദിച്ചാൽ അവർക്കും നമുക്കും അറിയില്ല. അതുകൊണ്ട് നമ്മളതിനെ കൈപ്പുണ്യം എന്നു വിളിക്കും. അല്ലെങ്കിൽ പ്രതിഭ എന്നോ ജീനിയസ് എന്നോ അല്പം ഗൗരവത്തിൽ വിളിക്കാം. എന്തു വിളിച്ചാലും ഇതേ റൂട്ടിലൂടെ തന്നെ പോയി, ഇതേ രൂപമുള്ള ഇഡ്ഡലിയുണ്ടാക്കുന്ന ആര്യപുത്രന്റെ നിർമിതിയിൽ ഈ കഴിവ് വളരെ പ്രകടമായിത്തന്നെ മിസ്സിങ്ങാണ്; നമ്മളതിനെ ഇഡ്ഡലി എന്നൊക്കെ വിളിക്കുമെങ്കിലും.

പി പത്മരാജന്റെ രചനകളുടെ പൊതുസ്വഭാവമായി പലപ്പോഴും സൂചിപ്പിക്കപ്പെടുന്ന ചേരുവകൾ തന്നെയാണ് അദ്ദേഹത്തിന്റെ പുത്രൻ അനന്തപത്മനാഭൻ രചിച്ച ഓഗസ്റ്റ് ക്ലബ് എന്ന സിനിമയിലുമുള്ളത്: ആണും പെണ്ണും തമ്മിലുണ്ടാകാവുന്ന ചാർച്ചകളുടെ സാധ്യതകളിലേക്കുള്ള അന്വേഷണങ്ങൾ, മനുഷ്യമനസ്സിന്റെ ഉള്ളടരുകളിൽ ഉറങ്ങുന്ന ചില ഉണർവുകൾ, പ്രണയത്തിനും രതിക്കുമിടയിൽ ദോലനം ചെയ്യുന്ന ചില ചിന്തകൾ, പെണ്ണ് എന്ന കേന്ദ്രബിന്ദുവിനെ നിഗൂഢമായി പ്രദക്ഷിണം ചെയ്യുന്ന ഒരു ലോകം.

വളരെ ക്ലിഷേയ്‌ഡ് ആയ ചില അടയാളങ്ങളിൽ ചുറ്റിത്തിരിയുന്നതല്ലാതെ, ഈ ഇൻഗ്രീഡിയന്റ്സ് എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടാത്ത അനന്തപത്മനാഭൻ ആര്യവയ്‌പ്പുകാരനെപ്പോലെ ഒരു ഇഡ്ഡലി രൂപപ്പെടുത്തുന്നു. മാത്രമല്ല, ജീവിതത്തിൽ ആദ്യമായി അടുക്കളയിൽ കയറുന്ന നവവധുക്കളെപ്പോലെ, അരിയുടെയും ഉഴുന്നിന്റെയും ഇരിപ്പിടങ്ങൾക്കടുത്ത് എങ്ങനെയോ വന്നുപെട്ട മുതിരയുടെയും കടലപ്പിണ്ണാക്കിന്റെയും പാത്രങ്ങളിൽ നിന്നു കൂടി ഓരോ പിടി ഇതിൽ ചേർത്തരയ്‌ക്കുന്നുമുണ്ട്.

ആര്യഭവനിലെ യൂണിഫോമിട്ട വിളമ്പുകാരെപ്പോലെ, കെ ബി വേണു എന്നു പേരുള്ള ഒരാൾ വളരെ നിർമമമായി ആ ഇഡ്ഡലി പാത്രത്തിലാക്കി കാണികൾക്കു മുന്നിൽ വച്ചിട്ട് അടുത്ത റ്റേബിളിലേക്ക് പോകുന്നു.

SECOND THOUGHTS
എല്ലാക്കാലത്തും ഏതു ഭാഷയിലും അല്പപ്രതിഭകളുടെ ആശ്രയമാണ് അടയാളങ്ങളും അവയുടെ മേൽ വെറുതേ ആരോപിക്കപ്പെടുന്ന എടുത്താൽ പൊന്താത്ത അർത്ഥങ്ങളും. എഴുപതുകളിൽ മലയാളസാഹിത്യത്തിലും അതിന്റെ തുടർച്ചയായി എൺപതുകളിൽ നമ്മുടെ സിനിമകളിലും അമ്മാതിരി വ്യാജനാണയങ്ങൾ യഥേഷ്‌ടം ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു. അതിന്റെ കാലം തെറ്റി വന്ന തുടർച്ചയായും ഓഗസ്റ്റ് ക്ലബ്ബിനെ കാണാം. ചതുരംഗം, കുതിര, കവിത, മഴ തുടങ്ങിയ ചവച്ചു ചവച്ച് ചണ്ടി മാത്രമായ പല ‘ഭയങ്കര’ സംഭവങ്ങളും പല വഴിക്കും കയറി വരുന്നുണ്ട് ഈ സിനിമയിൽ. ഒരു പാമ്പിനേയും കൂടി കാണിക്കാമായിരുന്നു; പാമ്പ് കപ്പിളാണെങ്കിൽ ബെസ്റ്റ്!

ചക്കയുടെ മൂപ്പ് പരിശോധിക്കുന്നതുപോലെ, ആരെ കണ്ടാലും സെഡ്യൂസ് ചെയ്യാൻ പറ്റിയ ചരക്കാണോ എന്ന് തുന്നിച്ചു നോക്കുന്ന ഒരു സ്‌ത്രീകഥാപാത്രമുണ്ട് ഈ സിനിമയിൽ. ‘I’m Hot!’ എന്നൊക്കെ ഇടയ്‌ക്ക് ഗീർവാണം വിടുന്ന ഈ കക്ഷിയെ പ്രേക്ഷകർ അവരുടെ കണ്ണു കൊണ്ട് മനസ്സിലിട്ട് തുന്നിച്ചു നോക്കണമെന്ന് സംവിധായകൻ ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തം. പക്ഷേ സംവിധായകാ, പുവർ ടേസ്റ്റാണ് താങ്കളുടേത്; സാരി ചുറ്റിയ കുറ്റിച്ചൂലിന്റെയെങ്കിലും വായിൽ (അല്ലെങ്കിൽ എവിടെയാണെന്നു വച്ചാൽ അവിടെ) നോക്കാനായാൽ മതിയായിരുന്നു എന്ന വിചാരത്തോടെ രാവിലെ കണ്ണു തുറക്കുന്നവരേക്കാൾ നിലവാരം ഒരു സംവിധായകൻ കാണിക്കേണ്ടതാണ്. അല്ലേ?

LAST WORD
വിശപ്പു വരുമ്പോൾ മുൻകൂട്ടി ടോക്കണെടുത്ത് ആര്യഭവനിൽ കഴിക്കാനിരിക്കുന്ന നമ്മൾ രുചി നോക്കാതെ അവരുടെ ഇഡ്ഡലി കഴിച്ചിട്ട് കൈയും കഴുകി പുറത്തേക്ക് പോവുന്നതു പോലെ ഈ സിനിമ കഴിഞ്ഞ് കാണികൾ പുറത്തുവരും. തലേന്നോ മറ്റോ വീട്ടിൽ കിട്ടിയ ഇഡ്ഡലിയേക്കുറിച്ചോർത്ത് നമ്മൾ നെടുവീർപ്പിടുന്നതുപോലെ ഈ കാണികളും ചെയ്യും. നമ്മൾ വീണ്ടും ആര്യഭവനിൽ പോവുകയും ഇഡ്ഡലി തന്നെ ഓഡർ ചെയ്യുകയും ചെയ്‌തേക്കാം. പക്ഷേ, അതിനർഥം ആ ഇഡ്ഡലി കേമമായി എന്നല്ല; നമുക്ക് വിശക്കുന്നുണ്ട് എന്നു മാത്രമാണ്!

| G Krishnamurthy

14 thoughts on “Review: August Club”

 1. fdfs thanne kandu. padmarajante makan script cheyyumbol enthengilum undakum ennu karuthy. waste movie. bore adipichu kollum. 1/5

 2. ഈ പടം കണ്ടു പുറത്തേക്കു പോകുമ്പോൾ ആരോ എന്നെ ശകാരിക്കുന്നത് പോലെ തോന്നി “വീട്ടുകര്കെങ്കിലും ഉപകാരപ്പെടുമായിരുന്ന ഇരുന്നൂറു രൂപ വെറുതെ കളഞ്ഞ നീ നന്നാവില്ല “

 3. കലാ മൂല്യമുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ഓഗസ്റ്റ് ക്ലബ്‌. 3/5

 4. August Club- അനന്തപദ്മനാഭൻ തന്റെ “വേനലിന്റെ കളനീക്കങ്ങൾ” എന്ന ചെറുകഥയെ സിനിമ എന്ന മാധ്യമത്തിലേക്കു പറിച്ചു നട്ടപ്പോൾ അച്ഛൻ പദ്മരാജന്റെ സൂത്രവാക്യങ്ങൾ ഉപയോഗിക്കാൻ മറന്നു. പദ്മരാജൻ കഥകളെയും നോവലുകളെയും സാഹിത്യത്തിൽ നിന്ന് സിനിമ ആകിയപോൾ അവയുടെ നൂലുകൾ മാത്രമെടുത്ത് സിനിമക് ചേരുന്ന വിധത്തിൽ ഇഴ തുന്നി എടുകുകയായിരിന്നു. എന്നാൽ മകന് ആ ജാലവിദ്യ അറിയാതെ പോയി. അതുകൊണ്ടാണ് ഒരു സാഹിത്യസ്രിഷ്ടിയെ സിനിമയുടെ കെട്ടിലെക് പറിച്ചു നടുമ്പോൾ ഉണ്ടാകേണ്ട പല ഘടകങ്ങളും നഷ്ടമായതും സിനിമ കാണികൾക്ക്‌ വല്ലാതെ ബോറടിപികുന്നതും. അടുത്ത പ്രാവശ്യമെങ്കിലും അനന്തന് അച്ഛന്റെ മാന്ത്രിക വിരൽ സ്പർശം ലഭികട്ടെ എന്ന് നമുക്ക് ആശംസിക്കാം.

 5. ഈ ക്ലബ്ന്റെ സംവിധായകൻ K.B.Venu എന്ന് പറയുന്ന വിദ്വാൻ കൈരളി ചാനൽ ഇല ഏതോ പരിപാടി അവതരിപികുന്ന (അവതരിപിച്ചിരുന്ന) ആ മഹാൻ ആണോ? ഒരു സംശയം!!

 6. കൃത്യമായ ചൂടിൽ പാത്രം വച്ച് കൃത്യസമയം വേവിച്ച് ഇത്തിരി വെള്ളം തളിച്ച് , ഉടവു തട്ടാതെ സ്‌പൂണിന്റെ തണ്ടുകൊണ്ട് മെല്ലെ ഇളക്കിയെടുത്ത് ദേ …. തെക്കോട്ട്‌ എറിഞ്ഞിരിക്കുന്നു ഓഗസ്റ്റ്‌ ക്ലബ് എന്ന വേവാത്ത ഇഡ്ഡലിയെ കൃഷ്ണമൂർത്തി ! ഈ കഴിവിന്റെ പേരെന്താണെന്നു ചോദിച്ചാൽ നമുക്കും അറിയില്ല. അതുകൊണ്ട് നമ്മളതിനെ കൈപ്പുണ്യം എന്നു വിളിക്കും. അല്ലെങ്കിൽ പ്രതിഭ എന്നോ ജീനിയസ് എന്നോ അല്പം ഗൗരവത്തിൽ വിളിക്കാം.

 7. പോസ്റ്ററില്‍ ചെസ് ബോര്‍ഡു കണ്ടപ്പോള്‍ (സത്യമായും കുതിരകള്‍ ചെസ്സിലെയാണെന്നാണ് ഞാന്‍ കരുതിയത്) ഇതു വല്ല കുറ്റാന്വേഷണ ചിത്രവുമായിരിക്കുമെന്ന് തെറ്റിദ്ധരിച്ചു. ഛേ …

  എന്തിനോ വേണ്ടി ചിനയ്ക്കുന്ന കുതിരകള്‍ …. നമ്മള്‍ കുറേ കഴുതകളും

 8. പടം കൊള്ളാമോ ഇല്ലയോ ? ഇഡലി സാംബാര്‍ എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാതെ..

 9. അവന്‍ ജോലിത്തിരക്കിന്റെ പേരില്‍ കള്ളുകുടിക്കും. ട്രിപ്പടിക്കും. വേണമെങ്കില്‍ വ്യഭിചരിക്കുകയും ചെയ്യും. പിള്ളാരെ വീട്ടില്‍ വിട്ട് കണവുമായി അറിഞ്ഞൊന്ന് ഇണചേരാന്‍ കാത്തു ില്‍ക്കുന്ന ായിക, പഴയ ചന്ദ്രകുമാര്‍ സിിമയിലെ, ലൈംഗികാശക്തി ഷ്ടപ്പെട്ട ഭര്‍ത്താവിന്റെ ഭാര്യയെ പോലെ ിശ്വാസ വായു ഉതിര്‍ക്കുന്നവളാണ്. എന്നിട്ടോ ഒരു വൈകിട്ട് ഒരു സുന്ദരക്കുട്ടപ്പുമായി അറിഞ്ഞൊന്നു കളിക്കാന്‍ തയ്യാറായ അവള്‍ ആദ്യപാപത്തിന്റെ പേടിയില്‍ മാന്കനി വീണ് വശം കെടുന്നു. അവസാനം അവള്‍ മഴ നഞ്ഞ് കാമപ്രാന്ത് തീര്‍ക്കുകയാണ്. ലാപ്ടോപ്പില്‍ ഭര്‍ത്താവിും മക്കള്‍ക്കമൊപ്പം ഒരു കുടുംബഫോട്ടോ കാണുമ്പോള്‍ തളരുന്നത്ര ആഗ്രഹങ്ങളെ പതിവ്രതാ രത്മായ മലയാളി വീട്ടമ്മയ്ക്ക് പാടുള്ളൂ എന്ന ചിന്ത പ്രസരിപ്പിക്കുന്നതില്‍ തീര്‍ന്നു അന്തപത്മാഭനം പത്മരാജനം തമ്മിലുള്ള അച്ഛന്‍ മകന്‍ ബന്ധം. മരോട്ടിച്ചാലിലെ ചെസ് യാത്ര മാത്രമാണ് സിിമയിലുള്ള ഏക ആസ്വാദ്യത. അതുപക്ഷെ കഥയില്‍ പറയാത്തതും സിിമാദൈര്‍ഘ്യത്ത്ി കൂട്ടിച്ചേര്‍ത്തതുമാണ്.

 10. GK
  ഇഡ്ഡലി ഉണ്ടാക്കുന്നത് വെറും ഒരു സാധാരണ കാര്യം. അതിനെ GK , അദ്ധേഹത്തിന്റെ ഭാഷയിൽ explain ചെയ്തു കഴിഞ്ഞപ്പോൾ ഒരു പൂ വിടരുന്നത് പോലെ മനോഹരമ്മായി തോനി. അതാണ്‌ GK. അങ്ങയുടെ ഈ കുറിപ്പ് വായിച്ചു കഴിഞ്ഞാല പിന്നെ ഇഡ്ഡലി കാണുമ്പോൾ കഴിക്കാൻ തോനില്ല. അതിലേക്കു ഇങ്ങന്നെ സ്നേഹത്തോടെ നോക്കി ഇരിക്കണേ തോനൂ…. അതാണ്‌ GK.

 11. ഒറിജിനൽ ആര്യഭവൻ ഹോട്ടലിലെ ഇഡലി അടക്കം എല്ലാം ഭക്ഷണവും സ്വാദുള്ളതു തന്നെയാണ്. പിന്നെ നമ്മുടെ ചുറ്റുവട്ടത്തുള്ള എണ്ണിയാൽ ഉടുങ്ങാത്ത ആര്യഭവൻ ഹോട്ടലുകൾ, അതെല്ലാം ഡ്യൂപ്പ്ലിക്കേറ്റുകൾ അവിടുത്തെ ഭക്ഷണവും അങ്ങിനെതന്നെ. ഉടുപ്പിയിലെ ഒറിജിനൽ വുഡ് ലാൻഡ്‌സ് ഹോട്ടലിലെ ഭക്ഷണം കഴിച്ചവർക്കറിയാം എന്താണ് ആ ഭക്ഷണത്തിന്റെ സ്വാദെന്ന്. പക്ഷേ, നമ്മുടെ ചുറ്റുമുള്ള വുഡ് ലാൻഡ്‌സ് ഹോട്ടലിലെ ഭക്ഷണമോ?? അതു പോലെതന്നെയാണ് ഇവിടെ പറഞ്ഞ ആര്യഭവൻ ഇഡലിയുടെ കാര്യവും.

Leave a Reply

Your email address will not be published. Required fields are marked *


3 + = 4