Review: Kalimannu

Biju Menon and Swetha Menon in Kalimannu

Biju Menon and Swetha Menon in Kalimannu

ഇസ്‌തറ്റിക്‌സും എതിക്‌സും തൊട്ടുതീണ്ടിയിട്ടില്ലാത്ത വിരസമായ ഒരു വികലസൃഷ്‌ടി- ബ്ലെസി എഴുതി സംവിധാനം ചെയ്‌ത കളിമണ്ണിനേക്കുറിച്ച് ഒറ്റ വാചകത്തിൽ പറയണമെങ്കിൽ അത് ഇങ്ങനെയാവാം.

THE MOVIE
ശ്വേത മേനോന്റെ തികച്ചും അസുന്ദരവും വിരസവുമായ നൃത്തരംഗത്തിൽ നിന്നാണ് ബ്ലെസി എഴുതി സംവിധാനം ചെയ്‌ത കളിമണ്ണിന്റെ തുടക്കം. മീര (ശ്വേത മേനോൻ) എന്ന സിനിമാനർത്തകിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ടൈറ്റിലുകൾ തീരുന്നതോടെ കാണികൾക്ക് മനസ്സിലാകുന്നു. അന്നു രാത്രി മീര നായികയായി അഭിനയിച്ച ആദ്യചിത്രത്തിന്റെ പ്രിവ്യു നടക്കുകയാണ്. പ്രിവ്യു തിയറ്ററിലേക്ക് വരുന്നതിനിടെ മീരയുടെ ഭർത്താവും ടാക്‌സി ഡ്രൈവറുമായ ശ്യാം (ബിജു മേനോൻ) കാറപകടത്തിൽ പെടുന്നു. മസ്‌തിഷ്‌കമരണം സംഭവിച്ചെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ ശരീരത്തിലെ ജീവൻ നിലനിർത്തുന്ന ഭർത്താവിന്റെ ബീജമെടുത്ത് ഒരു കുഞ്ഞിനു ജന്മം നൽകാനാകുമെന്ന് അറിയുന്നതോടെ മീര ആ വഴിക്കുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അയൽക്കാരിയും സുഹൃത്തും ഗവേഷകയുമായ സോഫിയാണ് (സുഹാസിനി) സഹായം.

ഇവിടെ വരെ കളിമണ്ണിന് ഒരു സിനിമയുടെ രൂപമെങ്കിലും അവകാശപ്പെടാം. വലിഞ്ഞിഴഞ്ഞ, ക്ലിഷേകൾ മാത്രം കുത്തിനിറച്ച, ഭാവനയോ സൗന്ദര്യബോധമോ കലാത്മകതയോ ഇല്ലോളമില്ലാത്ത ഒരു സിനിമയുടെ രൂപം. എന്നാൽ ഇവിടുന്നങ്ങോട്ട് ഇതൊരു സിനിമ പോലുമല്ല.

മരണത്തിന്റെ മടിയിൽ കിടക്കുന്ന ഭർത്താവിൽ നിന്ന് ഭാര്യക്ക് ഗർഭം ധരിക്കാമോയെന്നതിനേക്കുറിച്ചുള്ള ടെലിവിഷൻ ചർച്ചകൾ, അവയവദാനത്തിന്റെ മഹത്വത്തേക്കുറിച്ച് നാലു സീൻ, ഗർഭധാരണത്തേക്കുറിച്ചും ഗർഭസ്ഥശിശുവിന്റെ വളർച്ചയേക്കുറിച്ചുമുള്ള നീണ്ട വിഷ്വൽ എയ്‌ഡഡ് വിവരണങ്ങൾ, അലങ്കാരമത്സ്യങ്ങളുടെ പ്രജനനത്തേക്കുറിച്ച് പ്രഭാഷണപരമ്പര, ഒരു ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ക്ലിനിക്കിന്റെ പരസ്യപരമ്പര, പൊക്കിൾക്കൊടിയിലെ കോശങ്ങൾ സൂക്ഷിച്ചുവയ്‌ക്കുന്ന ഒരു കമ്പനിയുടെ പരസ്യം, മീരയുടെ പ്രസവത്തിന്റെ തത്സമയ ടെലിവിഷൻ സംപ്രേഷണം, അതിന്റെ ന്യായാന്യായങ്ങളേക്കുറിച്ചുള്ള ടെലിവിഷൻ ചർച്ചകൾ, മൂന്നര ചാക്ക് ഉപദേശം.. കഴിഞ്ഞു.

THE REVIEW
ഈ സിനിമ മോശമാണെന്നു പറയുന്നവർ സ്വന്തം അമ്മയോട് സ്നേഹമില്ലാത്തവരാണ് എന്നൊരു മുൻകൂർ ജാമ്യം ബ്ലെസിയും സംഘവും ബുദ്ധിപൂർവം എടുത്തുവച്ചിട്ടുണ്ട്. ബ്ലെസിയുടെ പൊട്ട സിനിമ നല്ലതാണെന്നു പറഞ്ഞ് അമ്മയോടുള്ള സ്നേഹം തെളിയിക്കേണ്ട ഗതികേടൊന്നുമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നെഞ്ചു വിരിച്ചു  നിവർന്നു നിന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് പറയട്ടെ: ഇസ്‌തറ്റിക്‌സും എതിക്‌സും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വികലസൃഷ്‌ടിയാണ് കളിമണ്ണ്.

സ്വന്തം അമ്മയോടുള്ള സ്നേഹം ഈ സിനിമ മഹത്തരമാണെന്ന് ഉച്ചൈസ്‌തരം ഉദ്‌ഘോഷിച്ച് തെളിയിക്കേണ്ട ദയനീയാവസ്ഥ ഉള്ളവർക്ക് അങ്ങനെ ഉദ്‌ഘോഷിക്കാം; ഒരു വിരോധവുമില്ല. പാവങ്ങൾ ജീവിച്ചുപൊയ്‌ക്കോട്ടെ; നമുക്കെന്താ!

SECOND THOUGHTS
കേരളത്തിന്റെ മാധ്യമങ്ങൾക്ക് മര്യാദയില്ല എന്ന് ഊന്നിപ്പറയാനാണ് ബ്ലെസി ഈ സിനിമയുടെ രണ്ടാം പകുതി മുഴുവനായിത്തന്നെ വിനിയോഗിച്ചിരിക്കുന്നത്. ഇല്ലായിരിക്കാം. പക്ഷേ, ശ്വേത മേനോൻ എന്ന അഭിനേത്രിയുടെ പ്രസവം ചിത്രീകരിക്കുന്നത് കച്ചവടക്കണ്ണോടെ പരസ്യപ്പെടുത്തുകയും കണ്ണിൽ കണ്ടതിനേക്കുറിച്ചൊക്കെ അഭിപ്രായം പറയാൻ മുട്ടി നടക്കുന്ന മലയാളികളേക്കൊണ്ട് ചർച്ചിപ്പിക്കുകയും ചെയ്‌ത സംവിധായകൻ കാണിച്ചതും ഈ മാധ്യമങ്ങളുടെ മര്യാദകേടു തന്നെയാണെന്ന് പറയേണ്ടിവരും. അല്ലെങ്കിൽ അതിലും വലിയ മര്യാദകേട്.

ശ്വേതയുടെ പ്രസവം ചിത്രീകരിക്കുന്നത് യാതൊരു എത്തിക്‌സുമില്ലാതെ നാട്ടുകാരോടു വിളമ്പിയ സംവിധായകനും അത് ഏറ്റു പിടിച്ച നാട്ടുകാരും കൂടി അന്നുണ്ടാക്കിയ പുകിലുകളൊന്നും നമുക്ക് മറക്കാറായിട്ടില്ല. സിനിമ വിൽക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അന്നു കാണിച്ച ആ തെമ്മാടിത്തരം അമ്മയാകാനൊരുങ്ങിക്കൊണ്ടിരുന്ന ശ്വേതക്ക് എത്ര മാത്രം മാനസികപ്രയാസങ്ങളുണ്ടാക്കിക്കാണും? ആ മാനസികപ്രയാസങ്ങൾ എത്ര മാത്രം ആ കുഞ്ഞിനെ (കുഞ്ഞു സബൈന, നിനക്കൊരുമ്മ!) ബാധിച്ചുകാണും? അമ്മയുടെ മനസ്സിലുള്ളതൊക്കെ കുഞ്ഞിനെ സ്വാധീനിക്കും എന്ന് കളിമണ്ണിന്റെ രചയിതാവായ ബ്ലെസി ഈ സിനിമയിൽ തലങ്ങും വിലങ്ങും പറയിക്കുന്നുണ്ട്. അതായത്, ഇതൊന്നും അറിയാതെ പറ്റിയതല്ല എന്നു ചുരുക്കം. കച്ചവടക്കണ്ണോടെ, മനഃപൂർവം ഒരു അമ്മയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്, ആ അമ്മയേയും ലോകം കാണാത്ത കുഞ്ഞിനേയും വേദനിപ്പിച്ച ബ്ലെസിക്ക് ഈ വിരസചിത്രത്തെ അമ്മമാരോടുള്ള സ്നേഹപ്രഖ്യാപനമായി വ്യാഖ്യാനിക്കാൻ തരിമ്പും അവകാശമില്ലെന്ന് വിനയപൂർവം ഓർമ്മിപ്പിച്ചുകൊള്ളുന്നു.

LAST WORD
‘എന്റെ അമ്മയ്‌ക്ക് ‘ എന്നാണ് ബ്ലെസി ഈ ഭാവനാശൂന്യമായ സിനിമയുടെ സമർപ്പണം എഴുതിക്കാണിച്ചിരിക്കുന്നത്. അതിനു മാത്രം എന്തു പാപമാണാവോ ആ അമ്മ ചെയ്‌തത്!

| G Krishnamurthy

52 thoughts on “Review: Kalimannu”

 1. ഇൻ വിട്രോ ഫെർറ്റിലൈസ്സെഷന്റെയും ഗർഭസ്ഥ ശിശുപരിപാലനത്തിന്റെയും അലങ്കാര മത്സ്യ പ്രജനന രീതികളുടെയും സർവോപരി ഗർഭോദരഘടനയുടെയും ഒരു മെഡിക്കൽ ഡോക്ക്യുമെന്ററി ആണ് ബ്ലെസ്സി കഥയെഴുതി സംവിധാനം ചെയ്ത കളിമണ്ണ്‍. ആണുങ്ങൾക്ക് ഗർഭിണികൾ ആകാൻ പറ്റുമായിരുന്നെങ്കിൽ നമ്മുടെ ലെഫ്റ്റ്. കേണൽ സുഖമായി അടിച്ചു മാറ്റണ്ട ഒരു നാഷണൽ അവാർഡാണ് ശ്വേത മേനോൻ കുളമാക്കിയത്. അഭിനേതാക്കളിൽ മികച്ചു നിന്നത് സംശയമില്ല..പ്രിയദർശൻ തന്നെ.

  പക്ഷെ കുറ്റവാളികളുടെ മനസ്സിൽ കഠാര പോലെ കുത്തിയിറങ്ങാനും പീഡനകാരെ നേർവഴി നടത്താനും പുരുഷ മേല്ക്കൊയ്മയെ അടിച്ചു താഴ്ത്താനും പ്രസ്സവം നേരിട്ട് കാണിച്ചാൽ മതി എന്ന അവസാന ന്യായം തീര്ത്തും ബാലിശമായിപ്പോയി. ഭരണകർത്താക്കൾ എങ്ങാനും അറിഞ്ഞാൽ ഒരു പക്ഷെ കണ്ണൂരും പൂജപ്പുരയും ചിലപ്പോൾ മെഡിക്കൽ കോളേജുകളിലെ പ്രസ്സവ വാർഡിലേക്ക് മാറ്റിയേക്കും.

  കുഴച്ചു മറിക്കുകയും ചെയ്തു എന്നാൽ ഒന്നുമാകാതെ പോയി കളിമണ്ണ്‍….

 2. പടം കണ്ടു കഴിഞ്പ്പോൾ ഒന്ന് വയറിളകി പെറ്റപോലെ തോന്നി. ബ്ലെസീ ഇനിയുമുണ്ടോ ഇതുപോലത്തെ കഥകൾ.

 3. ഡോക്ടറോടു ചോദിക്കാം എന്ന പരിപാടിയിലേക്ക്‌ ഫോണ്‍ ചെയ്യുന്നതാണ്‌ ഇതിലും നല്ലത്‌

 4. This year National award for Shwetha Menon and Priyadarsan , and offcorse for Direction Mr. Blessy.

 5. ശരിക്കും ഈ സിനിമ ഉണ്ടായതിനു പിന്നിലെ കഥ ഇങ്ങനെ തുടങ്ങുന്നു

  അടുത്ത് ഒരു ‘വ്യത്യസ്ഥമായ’ ഒരു സിനിമ ചെയ്യണം എന്ന അടങ്ങാത്ത ആഗ്രഹവുമായി ബ്ലെസി അദ്ദേഹം അലയുന്ന കാലം. ‘വ്യത്യസ്ഥത’യുടെ ചില്ലറ വില്പ്പനക്കാരനായ ആഷിഖ് അബു കട തുറന്നിട്ടില്ല. ബാക്കി പല വിൽപ്പനക്കാരും കടയും പൂട്ടി കുറേശ്ശെ സ്ഥലം കാലിയാക്കി നിൽപ്പാണ്. ചുമ്മാ ഇരുന്നു ടിവി ചാനലുകൾ മാറ്റുന്ന സമയത്താണ് പെട്ടെന്ന് ഡിസ്കവറി ചാനലിൽ പ്രസവത്തെ കുറിച്ചു വിശദമായ ഒരു പരിപാടി. യുറേക്കാ ….എന്നലറി വിളിച്ചു കൊണ്ട് സന്തോഷത്തോടെ പേനയും പേപ്പറും എടുത്തു. സംഭവം ഒന്നും വിടാതെ എഴുതിയെടുത്തു. അപ്പോഴാണ് അടുത്ത ആലോചന. ഇത് മാത്രം പോരല്ലോ. എന്താണ് ഇവരെ പ്രസവ മുറി വരെ എത്തിക്കാനുള്ള വഴി.അധികം ആലോചിക്കേണ്ടി വന്നില്ല തൊട്ടടുത്ത ബോളിവുഡ് ചാനലിൽ ദേ വരുന്നു ഐറ്റം നമ്പരും ബഹളവും കോലാഹലവും അതും എഴുതി പിടിപ്പിച്ചു.

  ഇത്തരം ഒരു കഥയിൽ അഭിനയിക്കാൻ ഒരു നടി വേണം. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ശ്വേത ചേച്ചിയോട് കഥ പറഞ്ഞു. കഥ കേട്ട ശ്വേത സന്തോഷത്താൽ കണ്ണീർ പൊഴിച്ചു. അങ്ങനെ പടം ഒരുവിധം തീർത്തു.

  സൂപ്പർ താരങ്ങളോ ന്യൂ ജനറേഷൻ പ്രജകളോ ഇല്ലാത്ത ഒരു പടം. ഇതാര് ശ്രദ്ധിക്കാൻ. പരസ്യത്തിനു പോയാൽ കുറെ കാശ് ആ വഴിക്കും പോകും. ഒരൊറ്റ പൈസ ചിലവില്ലാതെ ഒരു ചെറിയ വാർത്ത പുറത്തു വിടുന്നു. പോരേ പൂരം. പിന്നങ്ങോട്ട് ഫ്രീ പബ്ലിസിറ്റി ആണ്. കോടിക്കണക്കിനു രൂപ വാങ്ങി ചാനലുകാർ ചെയ്യുന്ന പണി അവരു പോലും അറിയാതെ ഫ്രീയായി നിർവഹിച്ചു കൊടുത്തു.

  ഒരു ചെറിയ സംശയം മാത്രം

  ഗർഭ രംഗങ്ങൾ അതിന്റെ യഥാർത്ഥ ഭാവത്തിൽ ആവിഷ്കരിക്കാൻ വേണ്ടിയാണത്രേ ബ്ലെസി ചേട്ടനും ശ്വേത ചേച്ചിയും ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്ന് പറയുന്നു. ഒരു നടിയോ നടനോ, അതാരോ ആയിക്കൊള്ളട്ടെ അവർ സാധാരണ അവസ്ഥയിൽ നിന്ന് ഒരു കഥാപാത്രത്തിനു വേണ്ടി പ്രത്യേക രൂപഭാവങ്ങളിലൂടെ കടന്നു പോകുമ്പോഴല്ലേ…..അങ്ങനെ കാണികളെ വിശ്വസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമ്പോഴല്ലേ…നമ്മൾ അതിനെ ‘അഭിനയം’ എന്നും അവരെ ‘നടൻ’ അല്ലെങ്കിൽ ‘നടി’ എന്നും വിളിക്കുന്നത്‌ …

  കടപ്പാട് – ഈ എളിയ സംരംഭം വലിയ ഒരാഘോഷമാക്കി തീർത്ത നന്മ നിറഞ്ഞ ചാനലുകാർക്കും അതിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച മഹാനുഭാവന്മാർക്കും. എന്തും പണത്തിന്റെ കണ്ണോടു കൂടി മാത്രം നോക്കി കാണുന്ന ഈ ലോകത്തിനും വരും തലമുറയ്ക്കും നിങ്ങളുടെ ഈ സേവനം ഒരു വലിയ മാതൃകയാവട്ടെ ….

 6. ഈ സീസണില്‍ ഇറങ്ങിയ മികച്ച ചലച്ചിത്രാനുഭവം എന്ന് നിസ്സംശയം പറയാം കളിമണ്ണ്. ബ്ലെസി ഈ തീമില്‍ എന്താണോ പറയാന്‍ ശ്രെമിച്ചത് അത് നൂറു ശതമാനവും പ്രേക്ഷകരിലേക്ക് പകരാന്‍ കഴിഞ്ഞു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.

  പക്ഷെ ഒരു സിനിമ എന്ന തലത്തില്‍ ഭ്രമരം പോലെയോ അല്ലെങ്കില്‍ തന്മാത്ര പോലെയോ ഒന്നും ആകാന്‍ കളിമണ്ണിനു കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ സ്ത്രീകളെ മോശമാക്കാന്‍ ശ്രെമിക്കുകയാണ്, സ്ത്രീയുടെ കണ്ണുനീര്‍ ആഘോഷിക്കുകയാണ് എന്നൊക്കെയുള്ള ബ്ലെസ്സിയുടെ അഭിപ്രായത്തോട് മലയാളീ സമൂഹം യോജിക്കും എന്നു ഒരിക്കലും പറയാന്‍ കഴിയില്ല. എന്നാലും വ്യെക്തിജീവിതത്തിലേക്ക് ക്യാമറ കണ്ണുകളും ആയി കടന്നു ചെല്ലുന്ന പ്രവണതയെ ചോദ്യം ചെയ്തത് നന്നായി. ബി ഉണ്ണികൃഷ്ണന്റെ ചില അഭിപ്രായങ്ങള്‍, ഒരു വനിതാ അഭിഭാഷകയുടെ അഭിപ്രായങ്ങള്‍ എന്നിവ സത്യസന്ധം തന്നെ. പക്ഷെ സ്ത്രീകളെ അപമാനിക്കുന്നവരെയും കുട്ടികളെ പീടിപ്പിക്കുന്നവരെയും മാതൃത്വം എന്തെന്ന് പറഞ്ഞു മനസിലാക്കികുകയോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം പ്രസവരംഗം ഷൂട്ട്‌ ചെയ്തത് കാണിക്കുകയോ ചെയ്‌താല്‍ കുറ്റവാളിയുടെ നെഞ്ചില്‍ കത്തി കുത്തി ഇറക്കുന്നതിനു സമം ആകും എന്ന വാദഗതി അപക്വം എന്നെ വിശേഷിപ്പിക്കാന്‍ കഴിയൂ. മോശം ആകാത്ത സംവിധാനം, മികച്ച സംഗീതം, മികച്ച ക്യാമറ എന്നിവയാണ് കളിമണ്ണിന്റെ സവിശേഷതകള്‍. അഭിനേതാക്കളില്‍ ബിജുമേനോന്റെ പ്രകടനം വളരെ നന്നായി. (ഭൂരിഭാഗം രംഗങ്ങളിലും കോമ്മ സ്റ്റേജ്ഇല്‍ ആണ് എങ്കിലും). ശ്വേതാ മേനോന്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയര്‍ന്നില്ല. ചില രംഗങ്ങളില്‍ അവര്‍ “അഭിനയിക്കുന്നതായി” തന്നെ ഫീല്‍ ചെയ്യുന്നുണ്ട്. സുഹാസിനിയുടെ ചില രംഗങ്ങള്‍ കല്ലുകടി ആയി. പ്രത്യേകിച്ച് കടല്‍ത്തീരത്ത്‌ സൂര്യാസ്തമയം ചൂണ്ടികാട്ടി പറയുന്ന ചില ഡയലോഗുകള്‍. പക്ഷെ ഒരു കാര്യം ഉറപ്പ്. ഇത്ര ശക്തമായ ഒരു റോള്‍ ശ്വേതയ്ക്ക് ഇതിനു മുന്പ് ലഭിച്ചിട്ടില്ല. അവര്‍ അത് നന്നായി ചെയ്യാന്‍ ശ്രെമിച്ചു. അവസാന സീനുകളില്‍ ശ്വേത പറയുന്ന രംഗങ്ങള്‍ കുറച്ചു മെലോഡ്രാമ ആണെന്ന് പറയേണ്ടി വരും- തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു എന്ന പോലെ. ഒരു സിനിമാ ആസ്വാദകന്‍ എന്ന നിലയില്‍ 10ഇല്‍ 7 മാര്‍ക്ക്‌ ഞാന്‍ കൊടുക്കുന്നു.

 7. ഈ സിനിമയോട് കൂടി എല്ലാം ഒറിജിനല്‍ ആയേക്കും. ഏതെങ്കിലും നായകന്‍റെ അമ്മയോ അച്ഛനോ മരിക്കുകയാണെങ്കില്‍, അത് ലൈവ് ഷൂട്ട്‌ ചെയ്തു ഒരു കഥയും തട്ടി കൂട്ടി വിവാദവും ചേര്‍ത്ത് വിറ്റാല്‍ പോരേ? എന്താ പൈസ…..

 8. ഇതു ഇങ്ങനയൊക്കെ സംഭവിക്കുള്ളൂയെന്ന് പണ്ടേ ആ പ്രസവം ആഘോഷിച്ചപ്പോൾ തോന്നിയതാണ്. ഒരു ചോദ്യം ബ്ലെസ്സിയെ കാണുമ്പോൾ ചോദിക്കണമെന്നുണ്ട്….. ഈ സിനിമയുടെ കഥയ്ക്ക്‌ വേണ്ടി നായിക നടിയോട് ഗർഭം ധരിക്കാൻ പറഞ്ഞതാണോ അതോ ഗർഭണിയായ നടിയെ അഭിനയിപ്പിക്കാൻ അത്തരമൊരു കഥ മെനഞ്ഞതാണോ ???

  ഈയടുത്ത് ഒരു ഷോക്കിംഗ് ന്യൂസ്‌ വായിച്ചു , ആടുജീവിതം സിനിമയാക്കാൻ ബ്ലെസ്സി വീണ്ടും ഒരുങ്ങുന്നു. പ്രത്വിരാജിന്റെ തിരക്ക് കാരണം മോഹൻലാലാണത്രേ നായകൻ. നജീബായി മോഹൻലാൽ , ബ്ലെസ്സി വീണ്ടും പിഴയ്ക്കുന്നുവോ താങ്കൾക്ക് ….? പ്രത്വിരാജിനു തിരക്കാണെങ്കിൽ ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിൽ ആണ്.

 9. @jay
  .//..ആടുജീവിതം സിനിമയാക്കാൻ ബ്ലെസ്സി വീണ്ടും ഒരുങ്ങുന്നു. പ്രത്വിരാജിന്റെ തിരക്ക് കാരണം മോഹൻലാലാണത്രേ നായകൻ. നജീബായി മോഹൻലാൽ……//

  അങ്ങനെങ്കിലും മോഹൻലാൽ ഒന്നു മെലിയട്ടെ!

 10. @~ Jay ~
  \\ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിൽ ആണ്. //
  നൂറുവട്ടം ശരി.

 11. ആട് ജീവിതത്തിലെ നജീബ് ആകാൻ എന്തുകൊണ്ടും യോഗ്യൻ വിനായകൻ ആണ്

 12. @ റെമോ തെക്കേപാടം
  അങ്ങനെ കാണികളെ വിശ്വസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമ്പോഴല്ലേ…നമ്മൾ അതിനെ ‘അഭിനയം’ എന്നും അവരെ ‘നടൻ’ അല്ലെങ്കിൽ ‘നടി’ എന്നും വിളിക്കുന്നത്‌ …

  Never ascribe evilness and manipulation to what can be described by stupidity.

  ബ്ലെസിയുടെ മണ്ടത്തരം – ഒരു കഥാപാത്രത്തിന്റെ അമ്മ ആകുന്ന നിമിഷങ്ങൾ അഭിനയിക്കുകയാണ് വേണ്ടത്, അല്ലാതെ ആ നിമിഷങ്ങൾ ക്യാമറ ഉപയോഗിച്ച് സിനിമ ആക്കുന്നത് ഒരു പഴഞ്ചൻ Cinéma vérité technique മാത്രമാണ്. നാളെ ഒരു കൊലപാതകം ചിത്രീകരിക്കാൻ അയ്യാൾ ആരെയെങ്കിലും കൊല്ലുമോ?

  ഇതൊക്കെ ചെയ്തു പിടിപ്പിക്കാൻ കച്ചവട തീരുമാനങ്ങൾ മാത്രമല്ല പ്രചോദനം – ആശയദാരിദ്ര്യം ആണ് പ്രധാന കാരണം. കഷ്ടപ്പെട്ട് ഇത് വരെയൊക്കെ എത്തി – ഇനി ഈ രംഗത്ത് പിടിച്ചു നിൽകെണ്ടേ? അതിനു വേണ്ടത് ഒരു reinvention ആണ്, ഇത് പോലെയുള്ള കുറുക്കു വഴികൾ അല്ല. പക്ഷെ reinvention അത്ര എളുപ്പമുള്ള പണിയല്ല.

  നാളെ ഇത് പോലുള്ള ചെപ്പടിവിദ്യകളുമായി ഇപ്പോഴത്തെ നിക്കറിട്ടു നടക്കുന്ന new generation അപ്പികൾ വരും – ചരിത്രം വീണ്ടും ആവർത്തിക്കും – history repeats itself , first as tragedy, second as farce.

 13. \\.. ഒരു നടിയോ നടനോ, അതാരോ ആയിക്കൊള്ളട്ടെ അവർ സാധാരണ അവസ്ഥയിൽ നിന്ന് ഒരു കഥാപാത്രത്തിനു വേണ്ടി പ്രത്യേക രൂപഭാവങ്ങളിലൂടെ കടന്നു പോകുമ്പോഴല്ലേ. അങ്ങനെ കാണികളെ വിശ്വസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമ്പോഴല്ല നമ്മൾ അതിനെ ‘അഭിനയം’ എന്നും അവരെ ‘നടൻ’ അല്ലെങ്കിൽ ‘നടി’ എന്നും വിളിക്കുന്നത്‌ …..//
  താങ്കൾ ആ വാചകങ്ങളിൽ മറ്റൊരു അർത്ഥമാണ് കണ്ടതെന്നു കരുതുന്നു .

  \\ ഒരു കഥാപാത്രത്തിന്റെ അമ്മ ആകുന്ന നിമിഷങ്ങൾ അഭിനയിക്കുകയാണ് വേണ്ടത്.
  എന്ന ഇതേ അർഥം തന്നെയാണ് അവിടെ ഉദ്ദേശിച്ചത്.

  കൂടാതെ

  \\പിന്നെ നാളെ ഒരു കൊലപാതകം ചിത്രീകരിക്കാൻ അയ്യാൾ ആരെയെങ്കിലും കൊല്ലുമോ?
  ഈ വാചകം ഞാൻ അതിനോടൊപ്പം തന്നെ കൂടെ എഴുതണമെന്നു കരുതിയതാണ്.

  പിന്നെ താങ്കൾ പറഞ്ഞതു പോലെ ഈ ചരിത്രം വിണ്ടും ആവർത്തിക്കും ഇതല്ലെങ്കിൽ മറ്റൊരു രൂപത്തിൽ

  ഒരു പക്ഷെ ഇത്തരം ചെപ്പടി വിദ്യകൾ എളുപ്പത്തിൽ കയ്യടിയും so called ‘critical acclaim’ കിട്ടാനുള്ള പ്രധാന വഴികളായി പലരും കണ്ടിട്ടുണ്ട്. ചിലരൊക്കെ അതിൽ വിജയിച്ചു നിൽക്കുന്നുമുണ്ട്. ഇവ പലതും ധീരതയായി(ബോൾഡ്) കാണുന്ന പലരേയും കാണാൻ സാധിക്കും. അങ്ങനെ പല ‘ബോൾഡ’ൻമാരുടെയും ‘ബോൾഡ’ത്തികളുടെയും സീസണ്‍ കൂടിയാണിത്.

 14. ബ്ലെസിയുടെ ഭാവി പ്രൊജക്‌ടായ ആട് ജീവിതത്തെക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം.

 15. കലക്കി മച്ചൂ. സിനിമയല്ല , മൂർത്തി സാബ്.
  ഒരു പ്രമുഖ പത്രത്തിൽ വന്ന റിവ്യൂ വിന്റെ തലവാചകം ‘ അലസിപ്പോയ വ്യാജ ഗർഭം’ എന്നായിരുന്നു. എന്നിട്ട് ഇപ്പോഴും ബ്ലെസി ചാനലുകളിൽ വന്നിരുന്ന് വാചകമടിയാണ്. മലയാളിയെ അണ്ടർ estimate ചെയ്യല്ലേ.

 16. മൂർത്തിയുടെ അഭിപ്രായങ്ങളോട്‌ 100% യോജിക്കുന്നു. അമ്മയോടും അപ്പനോടും മക്കളോടും ഉള്ള സ്നേഹം തെളിയാനും തെളിയിക്കാനും ഇമ്മാതിരി പടങ്ങൾ കാണേണ്ട കാര്യമുണ്ടെന്നു കരുതുന്ന അല്പബുദ്ധികൾ , അല്ലെങ്കിൽ അതിനെയും വിറ്റു കാശാക്കാൻ ആഗ്രഹിക്കുന്ന കുബുദ്ധികൾ – ഇതൊന്നും നമ്മുടെ നാട്ടിൽ ചിലവകാൻ പോകുന്നില്ല.

  ഇത് വായിച്ചപ്പോൾ ഓർമ വന്നത് കുറച്ചു കൊല്ലം മുന്നേ നമ്മുടെ ലെഫ്റ്റ്. കേണൽ നടിച്ച (വിമാനം പറത്തിയ), പട്ടാളക്കാരൻ സംവിധാനിച്ച ചിത്രം പൊളിഞ്ഞപ്പോൾ ഫാൻസ്‌ പിള്ളേർ പറഞ്ഞ ഡയലോഗ് ആണ് – ‘ഈ ചിത്രത്തെ എതിർക്കുന്നവർക്ക് രാജ്യസ്നേഹം ഇല്ല!’

 17. മൂർത്തി സർ, ഈ സിനിമയ്ക്ക് അർഹിക്കുന്ന റിവ്യൂ . പടം ഇറങ്ങുന്നതിനു മുൻപ് എന്തായിരുന്നു വർത്തമാനം, ഗർഭത്തിലിരുന്ന അഭിമന്യുവിന്റെ കഥയുടെ പ്രേരണ ഉൾക്കൊണ്ടാണ് ഈ സിനിമയുടെ കഥ മെനഞ്ഞത് തുടങ്ങീ, പ്രസവ ചിത്രീകരണവും അതിന്റെ പബ്ലിസിറ്റിയും അതിനു സംവിധായകൻ പറഞ്ഞ ന്യായങ്ങളും എല്ലാം തന്നെ വങ്കത്തരങ്ങൾ ആയിരുന്നു. ഒരു നടി ഗർഭണിയാണെന്ന് അറിഞ്ഞപ്പോൾ അതിനെ പത്തു മാസംവരെ പീരിയോടിക്കലായി ചിത്രീകരിച്ചു സിനിമയുണ്ടാക്കാൻ ഒരു ഐഡിയ സംവിധായകനുണ്ടായി, പക്ഷേ അതിനെ മനസ്സിൽ പതിയുന്ന ഒരു കഥയാക്കുന്നതിൽ സംവിധായകൻ അമ്പേ പരാജയപ്പെട്ടു. ബ്ലെസി താങ്കള്ക്ക് വട്ടായോ ..?? പണ്ടേ ഉടുത്തുണി വലിച്ചൂരി എറിയുന്ന നടിക്ക് ക്യാമറയ്ക്ക് മുന്നിലെ പ്രസവമല്ല ഒന്നും ഒരു വിഷയമല്. പൊന്നു മോളെ സബൈന , നാളെ വളർന്നു വലുതാവുമ്പോൾ നാണമില്ലാത്ത ഈ അമ്മയോട് നീ ചോദിക്കണം എന്തിനു മോളുടെ പിറവി വിറ്റു കാശാക്കിയെന്ന് ? ഇത്തരം ചില അമ്മമാർ അങ്ങിനെയെങ്കിലും പഠിക്കട്ടെ!!!

 18. ————-‘എന്റെ അമ്മയ്‌ക്ക് ‘ എന്നാണ് ബ്ലെസി ഈ ഭാവനാശൂന്യമായ സിനിമയുടെ സമർപ്പണം എഴുതിക്കാണിച്ചിരിക്കുന്നത്. അതിനു മാത്രം എന്തു പാപമാണാവോ ആ അമ്മ ചെയ്‌തത്!————

  അത് താങ്കള്ക്ക് ഇനിയും മനസ്സിലായില്ലേ?

 19. സിനിമ വിൽക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അന്നു കാണിച്ച ആ തെമ്മാടിത്തരം അമ്മയാകാനൊരുങ്ങിക്കൊണ്ടിരുന്ന ശ്വേതക്ക് എത്ര മാത്രം മാനസികപ്രയാസങ്ങളുണ്ടാക്കിക്കാണും? ആ മാനസികപ്രയാസങ്ങൾ എത്ര മാത്രം ആ കുഞ്ഞിനെ ബാധിച്ചുകാണും? അമ്മയുടെ മനസ്സിലുള്ളതൊക്കെ കുഞ്ഞിനെ സ്വാധീനിക്കും എന്ന് കളിമണ്ണിന്റെ രചയിതാവായ ബ്ലെസി ഈ സിനിമയിൽ തലങ്ങും വിലങ്ങും പറയിക്കുന്നുണ്ട്. അതായത്, ഇതൊന്നും അറിയാതെ പറ്റിയതല്ല എന്നു ചുരുക്കം. കച്ചവടക്കണ്ണോടെ, മനഃപൂർവം ഒരു അമ്മയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്, ആ അമ്മയേയും ലോകം കാണാത്ത കുഞ്ഞിനേയും വേദനിപ്പിച്ച ബ്ലെസിക്ക് ഈ വിരസചിത്രത്തെ അമ്മമാരോടുള്ള സ്നേഹപ്രഖ്യാപനമായി വ്യാഖ്യാനിക്കാൻ തരിമ്പും അവകാശമില്ലെന്ന് വിനയപൂർവം ഓർമ്മിപ്പിച്ചുകൊള്ളുന്നു.

  മൂർത്തി സാർ പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ഈ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. വളരെ ശരിയാണത്. കളിമണ്ണിനെക്കുറിച്ച് ഇതു വരെ വന്നതിൽ ഏറ്റവും ഗംഭീര റിവ്യൂ.

 20. മൂര്‍ത്തി സാറിന്‍റെ റിവ്യൂ വായിച്ചപ്പോള്‍ കളിമണ്ണ് , ആരുടെ, എവിടെ ആയിരുന്നു എന്ന സംശയം പ്രേക്ഷകര്‍ക്ക്‌ തീര്‍ന്നു കാണും 🙂

 21. പ്രസവം എന്ന് കേട്ട് ഇവിടെ പുകിലുകൾ ഉണ്ടാക്കിയവരുടെ തലയിലുള്ള സാധനത്തിന്റെ പേര് തന്നെ ബ്ലെസി സിനിമക്കും കൊടുത്തും കൊള്ളാം. ആദ്യ ദിവസം കുറച്ചു കാണികൾ എന്തേലും പ്രേതീഷിച്ചു സിനിമ കാണാൻ കയറി. പക്ഷെ ലോങ്ങ്‌ റണ്ണിൽ സിനിമ പിടിച്ചുനില്ക്കില്ലാ.

 22. The most sensible review I have read so far. There is little need for any kind of great words to appreciate this review because; Mr.Murthy is the only one capable of writing such review that too with aesthetics and ethics though the movie lacks it a lot!!

 23. ശ്വേത മേനോന്റെ ഒരു പടവും കുറച്ച് cliparts ഉം വെച്ച് ഒരു powerpoint presentation ഉണ്ടാക്കി വേണ്ടപെട്ടവർക്ക്‌ mail ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. വെറുതെ ഇത്രേം കാശും മുടക്കി, വിവാദോം ഉണ്ടാക്കി നാട്ടുകാരുടെ തെറി വിളി കേട്ടു.

 24. പുലി വരുന്നേ പുലി വരുന്നേ…. എന്ന് വിളിച്ചു കൂകി കുറേ മലയാളീ കളെ ബ്ലെസി പറ്റിക്കാൻ നോക്കി. അവസാനം പുലി വന്നപ്പോൾ കുറേ ഒഴിഞ്ഞ കസേരകള മാത്രം ടീയെറെരിൽ ബാക്കി ആയി. മനപൂർവം കുറേ വിവാദങ്ങൾ ഉണ്ടാക്കി അവസാനം ആ വിവാദങ്ങള സിനിമയിൽ തന്നേയ് വിറ്റു കാശാക്കാൻ പെട്ട പാടിന്റെ കുറച്ചു സമയം മതിയായിരുന്നു ബ്ലെസി ആലോചിച്ചു ഒരു നല്ല സിനെമയടുക്കാൻ. ഈ കളിമണ്ണ് തന്നേയ് വേണമായിരുന്നോ??!!

  പീഡനം നടത്തുന്നവർ അവർ എങ്ങനെ ഈ ലോകത്ത് വന്നു എന്ന് പ്രസവ വവേദന കാണുമ്പോൾ മനസിലാകും എന്നുള്ള ബ്ലെസി ലോജിക് ക് ഒക്കേ ഒരുതരം വിഡ്ഢി ത്തം ആയെ കാണാൻ പറ്റു. പണ്ടുള്ളവർ പറയുന്ന പോലെ “വെട്ടാൻ പോകുന്ന പോത്തിന് വേദം ഒതണോ”.

 25. ഇയളൊരു പൈങ്കിളി സിനിമാക്കാരനാ, നമ്മക്ക് വല്ല കണ്ടത്തിന്റെ കരേലും പോയി നിന്ന് കാറ്റു കൊള്ളാം എന്ന് എന്റെ പെമ്പ്രന്നോരോടു ഞാൻ ആവുന്നത് പറഞ്ഞതാ. ഇതമ്മയും കുഞ്ഞും കൂടെയൊള്ള ആത്മബന്ധത്തിന്റെ കഥയാ, അവിരായ്ക്കതിനെപ്പറ്റി വല്ലതുമറിയാമോ എന്ന ബ്രഹ്മാണ്ട പ്രശ്നം ഉന്നയിച്ചു നമ്മളെ സറണ്ടറാക്കിയത് കൊണ്ട് ഇന്നലെ ഈ സിനിമയ്ക്ക് പോകേണ്ടി വന്നു.

  ഞാൻ ഒരു കാലത്തും ബ്ലസ്സിയുടെ ആരാധകനല്ലയിരുന്നു. താരതമ്യേന ഭേദപ്പെട്ട അയാളുടെ ‘കാഴ്ച’ പോലും ഒരുമാതിരി ഒരു pretentious movie ആയിട്ടാണ് എനിക്ക് തോന്നിയത്. അതിലെ രാഷ്ട്രീയക്കാരൻ വരുന്ന രംഗം, മമ്മൂട്ടിയെ പോലീസ് പിടിക്കുന്ന രംഗം, കൊച്ചു ആശുപത്രിയിൽ കിടക്കുന്ന രംഗം, ക്ലൈമാക്സ് സീൻ… എല്ലാം കൂടെ കണ്ടപ്പോ ടിക്കറ്റെടുത്തവനെ കരയിച്ചേ അടങ്ങൂ എന്നൊരു വാശി അങ്ങേർക്കൊണ്ടയിരുന്നോ എന്നൊരു സംശയം അപ്പഴേ തോന്നി. പിന്നങ്ങോട്ട് കണ്ടതെല്ലാം ഇക്കാര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു. അത് പറഞ്ഞു പലരുടെയും തെറി കേട്ടു എന്നത് വേറെ കാര്യം!

  എന്തായാലും ഇന്നലത്തെ പ്രസവപുരാണം കണ്ടതിനു ശേഷം എന്റെ ഡാർലിങ്ങിനു മിണ്ടാട്ടമില്ല. എന്ത് ചോദിച്ചാലും ങാ, ങൂം എന്നിങ്ങനെ മൂളുന്നെയുള്ളൂ! ഒരു മാതിരി കളിമണ്ണ് പോലെ!!

  Atrocious! pretentious!!

 26. @അവിരാ
  സ്വന്തം ഭാര്യേടെ കൂടെ കണ്ടതിന്റെ കരയ്ക്ക്‌ നിന്ന് കാറ്റ് കൊള്ളുന്നതിൽ എന്ത് ത്രിൽ ആണുള്ളത് എന്ന് മനസ്സിലാകുന്നില്ല!

 27. മൂര്ത്തി അണ്ണന് തെറ്റി. ശ്വേത മേനോന്റെ പൂർണ്ണ സമ്മതത്തോടെ ആണ് ഇങ്ങനെ ഒരു രംഗം ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഇതിന്റെ eപേരിൽ കേരള ളത്തിലെ കാൽക്കാശിനു കൊള്ളാത്ത സദാചാര കമ്മിറ്റിക്കാർ ഉറഞ്ഞു തുള്ളാനുള്ള ഒരു സാധ്യത ബ്ലെസ്സിയും ശ്വേതയും ഉൾപ്പെട്ടവർ പ്രതീക്ഷിച്ചു  കാണാം എന്നുള്ള നിലക്ക്” ശ്വേത മേനോൻ  അനുഭവിച്ച മാനസിക സമ്മർദ്ദം “എന്ന് താങ്ങൾ  അഭിപ്രായപ്പെട്ടത്തിൽ കഴമ്പില്ല. ബ്ലെസ്സിക്ക് ഇത്തവണ കാലിടറി അതിൽ സംശയമില്ല. പക്ഷെ സിനിമ നിലമാരമില്ലാതത് കൊണ്ട് ചിത്രത്തിലെ പ്രസവ രംഗം ചിത്രീകരിച്ചത് പോലുള്ള കരുത്തുറ്റ തീരുമാനങ്ങളെ ഇത്രയധികം താറടിച്ചു കാണിക്കണോ? പടം ഒരു പക്ഷെ തകർപ്പൻ ആയിരുന്നേൽ പാടി പുകഴ്തുമായിരുന്നല്ലോ താങ്ങൾ അങ്ങനൊരു സമീപനത്തെ.

 28. ഈ പടം കണ്ടിട്ടു കളിമണ്ണ് എന്നാ വാക്ക് എങ്ങനെ സമാസിക്കും വെറുതെ ” കളിക്കാനുള്ള ” മണ്ണു എന്നായിരിക്കുമോ ?

 29. ബ്ലെസി അമ്മയ്ക്ക് സമര്പ്പിച്ചു .
  മൂര്ത്തി അമ്മയ്ക്ക് സമര്പ്പിക്കില്ല എന്ന് പറഞ്ഞു!
  എന്റെ അമ്മ എന്നോട് പറഞ്ഞു ‘കളി’ മണ്ണിൽ വേണ്ടാന്ന്!
  അത് കൊണ്ടു ഞാൻ പിന്നീട് ടീവിയിൽ വരുമ്പോൾ കണ്ടോളാം.
  അമ്മെ രക്ഷിക്കണേ!

 30. @Alapuzhakaran

  ഹതു കൊള്ളാം. പകലെന്തിനാ ടോർച്ച് എന്ന് പണ്ടൊരു നമ്പൂതിരിയോട് ചോദിച്ചപോലെ 🙂

  അതൊരു സമാധാന ചർച്ചയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരാശയാമായിരുന്നു. അടുത്ത് കടൽ അവൈലബിൾ അല്ലാത്തകൊണ്ട് കണ്ടം സജസ്റ്റു ചെയ്തു എന്നേയുള്ളു.

 31. അന്തിക്കാട്, രഞ്ജിത്ത്, ബ്ലെസ്സി … മലയാള സിനിമയിൽ ഇപ്പോൾ ഉപദേശികളുടെ സമയമാണെന്നു തോന്നുന്നു!

 32. In the film the Sweta menon got the award MOTHER OF THE YEAR from WHO on 2009. And all the reviews in the film is about relevant issues. In the film the the new media channel Reporter also present in the issues. Why u cannot see this.

 33. @ AVIRA
  (thangal sathyathil ee FILM kandittundo???…) aa filminte thettu kuttangale kurichu samsarikkuka. allathe kure PAZHAMJOLLUKAL PARANJU film makers-ne kuttam parayukayalla vendathu OK 🙂

 34. @CINEMA PRANTHAN

  ഈ സിനിമയടക്കമുള്ള ബ്ലസ്സിയുടെ കുറച്ചു സിനിമകൾ കണ്ടത് കൊണ്ടാ അങ്ങനൊരു അഭിപ്രായം മുകളിൽ പറഞ്ഞത്. വളരെയധികം പരത്തിപ്പറഞ്ഞാലെ ഒരു കാര്യം പ്രേക്ഷകന് ഫീല് ചെയ്യു എന്ന് വിശ്വസിക്കുന്ന ഒരാളാ ഈ ബ്ലസ്സി എന്ന് എനിക്ക് ആദ്യം മുതലേ തോന്നിയിട്ടുണ്ട്. അതങ്ങ് പറഞ്ഞെന്നേയുള്ളൂ. സിനിമാ പ്രാന്തന് ഇതിഷ്ടപ്പെട്ടെങ്കിൽ സന്തോഷം.

  തെളിവിലേക്കായി ടിക്കറ്റിന്റെ മുറി സ്കാൻ ചെയ്തു അയച്ചുതരാൻ ഏർപ്പടുണ്ടാക്കാം 🙂

 35. @Avira
  ബ്ലെസ്സി എന്ന മികച്ച സംവിധായകനെയും അദ്ദേഹത്തിന്റെ മികവുറ്റ കലസ്രിഷിടി ആയ കാഴ്ച എന്ന സിനിമയെയും യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇങ്ങനെ താറടിച്ചു കാണിക്കുന്നതിന് പിന്നിലെ ചേതോവികാറം പിടി കിട്ടുന്നില. അല്ല എന്തായാലും ഇത്തരം വിവരക്കേടുകളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാൻ ഇവിടുത്തെ പ്രബുദ്ധരായ പ്രേക്ഷകർക്ക്‌ കഴിയും എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.

 36. @ g k
  cinema kandu. ishtappettu.kaaranam chila puthiya arivukal athil ninnu labhichu ennullathu thanne. oru masthishka maranam sambhavichu kazhinja oralude avastha drishyavalkarichirikkunnu. ethra malayaalikalkku athoru puthiya anubhavamaaayirikkum.
  ayaalil ninnum oru puthiya kunjine srishtikkamenna arivo? pinne prasavam…. prasavangal kandittillatha enikku athum puthiya orarivu thanneyaanu. paatu evideyo ketu maranna pole undu. pinne maadhyamangal. avar vimarshikkappedendiyirikunnu. dushikkappetta maadhyama pravarthanam innum undu eenathu thanne kaaranam. sarithayilum solaarilum kudungikidanna maadhyamagal mazhayeyum mazhakkala keduthiyeyum nishkarunam marannu. syriyayile manushyakkuruthiyude vaarthakal chila pathrangalil kandethan oru bhageeratha prayathnam thanne vendi vannu. ini thirichu varaam. gk sir onnu koodi chinthichu nokooo. ippozhum positve aaayi onnum kaanunnille ?

  james cameron “സിനിമ വിൽക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അന്നു കാണിച്ച ആ തെമ്മാടിത്തരം Kate Winslet nu എത്ര മാത്രം മാനസികപ്രയാസങ്ങളുണ്ടാക്കിക്കാണും? ആ മാനസികപ്രയാസങ്ങൾ എത്ര മാത്രം avarude jeevithathe ബാധിച്ചുകാണും? ” blessy, thaangalkku valare rahasyamaayi prasavam chithreekarikkaamaayirunnu.., allengil oru dupine vachaalum mathiyaayirunnu…

 37. @moorthy
  //അമ്മയോടുള്ള സ്നേഹം തെളിയിക്കേണ്ട ഗതികേടൊന്നുമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളിൽ ഒരാളാണ് ഞാൻ. //
  Pinnethanishtta. keralathil ithra vridha sadanangal. varhakyathil ellavaralum upekshippikkappettu naraka yathana anubhavikkunna. ayirakanakk alkkaril ningal paranja “ലക്ഷക്കണക്കിനു മലയാളികളിൽ” arudeyum bandhukkalille? ayalvasikalille? ningalude parichayathilullavararumille? angine cheyyunnavaril ningalude friendsukalille????

  Ithanu malayaliyude athibudhi.samoohathil nadakkunna thettukal enthenkilum choondikanichal parayum athenne pattiyalla! engine olichodan pattum? oru samooha jeeviyaya namukku. nammal malayalyude moolya chyuthikal oronnum purathu varumbol?

 38. @അവിരാ, Rajesh Namboodiri Edapally:
  അവിര ബ്ലെസ്സിയേക്കുറിച്ച് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കാഴ്ച ഉള്‍പ്പെടെ ബ്ലെസ്സിയുടെ ഒരു സിനിമയും അത്ര വലിയ സംഭവം ആയി ഒന്നും എനിക്കും തോന്നിയിട്ടില്ല. പലപ്പോഴും ബ്ലെസ്സി ഒരു സാഡിസ്റ്റ് സിനിമാക്കാരന്‍ ആണെന്ന് തോന്നുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രവും കഴിയുംതോറും ബ്ലെസ്സി ഒരു ചലച്ച്ചിത്രകാരന്‍ എന്ന നിലയില്‍ കാഴ്ച എന്ന സാധാരണ സിനിമയുടെ ലെവലില്‍ നിന്നും താഴേക്കു പോകുന്നതായാണ് അനുഭവപ്പെട്ടത് – കൂട്ടത്തില്‍ താഴേക്കു പോകാതെ ഇരുന്നതു തന്‍മാത്ര മാത്രം. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പ്രേക്ഷകന്റെ സെന്‍റീമെന്‍സ് ഉപയോഗിച്ച് തന്റെ ആളെ കയറ്റാന്‍ ശ്രമിക്കുന്ന സിനിമാക്കാരനെ നമുക്ക് കാണാം.

 39. @variya
  വാര്യർ സാർ, ഈ സെന്ടിമെൻസ് എന്നത് ബ്ലെസ്സി സ്വന്തം ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന ഒറ്റമൂലി ഒന്നുമല്ല എന്നു മനസ്സിലാക്കിയാൽ കൊള്ളാം. കണ്ണീരിനെയും സെന്ടിമെൻസ് ഘടകങ്ങളെയും കൂട്ട് പിടിച്ച് തന്നെയാണ് മലയാളത്തിലെ നല്ലൊരു ശതമാനം മികച്ച ചിത്രങ്ങളും വാര്തെടുതിരിക്കുന്നത്. കൈ കാര്യം ചെയ്യുന്ന പ്രമേയങ്ങളെ ആശ്രയിചാണ് ചിത്രത്തിൽ കൊമെടി വേണോ വയലൻസ് വേണോ അതോ സെന്ടിമെൻസ് ആകണോ എന്ന് തീരുമാനിക്കുന്നത്.

  ബ്ലെസ്സി ചെയ്ത മുന്ചിത്രങ്ങൾ ആയ കാഴ്ച തന്മാത്ര ഭ്രമരം ഒക്കെ കൈ കാര്യം ചെയ്തിരിക്കുന്ന വിഷയങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ പ്രേക്ഷകന്റെ മനസ്സിനെ സ്പര്ശിക്കുന്ന തീവ്രമായ സെന്ടിമെൻസ് ഘടകങ്ങൾ ഈ ചിത്രങ്ങളിൽ ഉണ്ടായി എന്നത് ഒരിക്കലും വിമർശനത്തിനു വിധേയമാക്കേണ്ട ഒന്നല്ല എന്ന് മനസ്സിലാകുക. ആദ്യ രണ്ടു ചിത്രങ്ങള്ക്ക് ശേഷം ബ്ലെസ്സി എന്ന എഴുത്തുകാരൻ താഴേക്കു പോയി എങ്കിലും സമീപ കാലത്ത് മലയാള സിനിമ കണ്ട കരുത്തുറ്റ ഒരു സംവിധായകൻ തന്നെയാണ് ബ്ലെസ്സി എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തെളിയിക്കുന്നു .

  പിന്നെ പ്രേക്ഷകരെ തീയട്ടരിലേക്ക് തള്ളി കയറ്റാൻ പറ്റിയ ഒന്നാണോ സെന്ടിമെൻസ് ? അതാണ്‌ ബ്ലെസ്സിയുടെ ഉദ്ദേശ്യമെങ്കിൽ ഉദയ് കൃഷ്ണ ദിലീപ് ടീമിനെ എങ്ങാനും കൂട്ടുപിടിച്ച് നല്ല പൊളപ്പൻ മസാല പടങ്ങൾ ചെയ്താ മതിയായിരുന്നില്ലേ ?

 40. അവിരാ കണ്ട ഒരു സിനിമയെപ്പറ്റി അവിരായുടെ ചെറിയ അറിവും വിവേകവും വെച്ച് തോന്നിയ ഒരു കാര്യം അങ്ങ് പറഞ്ഞു എന്നേയുള്ളു. അത് ടാറോ പെയിന്റോ മറ്റോ അടിക്കുന്നതായി അങ്ങേക്ക് തോന്നിയാൽ ഇനിയിപ്പം എന്ത് ചെയ്യും? ഞാനൊരു വെറും കൃഷിക്കാരനാ, ഓണ്‍ലൈനിൽ സിനിമകളെ മാർക്കറ്റ് ചെയ്യാലോ പൊളിച്ചടുക്കലോ ഒന്നുമല്ല എന്റെ പണി. ഇവിടെ ഇങ്ങനെ എഴുതാനൊരു സൌകര്യം ഇന്ദുലേഖ തന്നപ്പം ഇതൊക്കെ എഴുതുന്നെന്നെയുള്ളൂ.

  കാഴ്ച എന്ന സിനിമ ഇറങ്ങിയത് മലയാള സിനിമ വരണ്ടുണങ്ങി നാശക്കോടലിയായി കിടന്ന ഒരു കാലത്താണ്. അതുകൊണ്ട് തന്നെ ഭേദപ്പെട്ട ഒരു സിനിമ എന്നനിലയിൽ അതിനൊരു വമ്പിച്ച വരവേൽപ്പും കിട്ടി. അതിനു ശേഷമിറങ്ങിയ ബ്ലസ്സി സിനിമകൾ മികച്ചവ ആയിരുന്നെങ്കിൽ മേൽപ്പറഞ്ഞ ഒരു കമന്റു ഞാൻ എഴുതില്ലായിരുന്നു. ഒരു നല്ല ഫിലിം മേക്കറുടെ ആദ്യ സംരംഭം എന്ന രീതിയിൽ അതിനെ കണ്ടേനെ. ഇതിപ്പം ഏഴു സിനിമകൾ ചെയ്തു കഴിഞ്ഞിട്ടും അയാളുടെ മാസ്റർ പീസ്‌ ആ സിനിമ തന്നെയാണ്. അങ്ങിനെ വരുമ്പോൾ ഈ മലയാളത്തിലെ സൂപ്പർ സംവിധായകന്റെ ക്രിയെറ്റീവ് ബ്രില്ല്യൻസിനെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിപ്പോയി. എനിക്ക് കാഴ്ച എന്ന സിനിമയിൽ തോന്നിയ പോരാഴികകളും ആ കമന്റിൽ തന്നെ പറഞ്ഞാരുന്നു. ഒരു അനാഥ ചെറുക്കനെ വീട്ടില് കൊണ്ട് വന്നു താമസിപ്പിച്ചു എന്ന ഒറ്റ കുറ്റത്തിന് പോലീസ് സ്റ്റെഷനിലായിപ്പോയ മമ്മൂട്ടിയുടെ സങ്കടം ഒക്കെ കണ്ടപ്പഴാണ് ഇയാൾക്ക് ടിക്കട്ടെടുത്തവനെ കരയിച്ചേ വിടൂ എന്ന വാശിയുണ്ടെന്നു എനിക്ക് തോന്നിയത്. അത് പിന്നീട് തോന്നിയതാ കേട്ടോ. കൽക്കട്ട പട്ടണത്തിൽ ചെന്ന് വളരെയേറെ കഷ്ടതയനുഭവിച്ചു ഷൂട് ഷൂട്ടു ചെയ്തു കൊണ്ട് വന്നതാ എന്റെ കൽക്കട്ട ന്യൂസ് എന്ന സിനിമ എന്ന് ഇയ്യാൾ തന്നെ ചാനലിലിരുന്നു പറയുന്ന കേട്ടാ ഞാൻ ആ സിനിമയ്ക്ക് പോയത്. എന്തായാലും ബ്ലസ്സി കഷ്ടപ്പെട്ടുണ്ടാക്കിയ ആ സിനിമ കണ്ടു തീർക്കാൻ നമ്മളും ഒരു പാടു കഷ്ടപ്പെടെണ്ടിവന്നു. ഞാൻ ഇങ്ങനെ വിശദീകരിച്ചെഴുതിയാൽ ബ്ലസ്സി സിനിമകളെ ഇഷ്ടപ്പെടുന്ന താങ്കൾക്ക് ചിലപ്പം അത് പ്രയാസമായേക്കും. അത് കൊണ്ട് കൂടുതൽ അതെപ്പറ്റി ഒന്നും എഴുതുന്നില്ല. എന്റെ വാക്കുകളെ താങ്കൾ അർഹിക്കുന്ന പുശ്ചത്തോടെ തള്ളി എന്ന് പറഞ്ഞപ്പം തന്നെ ഇനിയൊരു കമന്റു വേണ്ടെന്നു കരുതിയതാ. തള്ളിക്കഴിഞ്ഞിട്ടു പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പിന്നെ വാര്യരുടെ കമന്റും അതിനുള്ള താങ്കളുടെ മറുപടിയുമൊക്കെ കണ്ടപ്പം ഒന്നെഴുതിയേക്കാം എന്ന് തോന്നി.

  മനുഷ്യൻ ജനിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കിയാൽ സ്ത്രീ പീഠനക്കാരൻ ആ തൊഴില് നിർത്തും എന്നൊക്കെ വിശസിച്ചു നടക്കുന്ന ഒരു ഫിലിം മേക്കറെ എങ്ങനെ മഹാനെന്നു വിളിക്കും? രാജേഷ്‌ തന്നെ പറ. മനുഷ്യൻ ജനിക്കുന്നത് എങ്ങിനെയാണെന്ന് യാതൊരു ഐഡിയയും ഇല്ലാത്തവന് ബലാൽസംഘം ചെയ്യാനുള്ള ഐഡിയ മാത്രം എവിടുന്നു കിട്ടി? ഇതൊക്കെ വെറും സില്ലി ഏർപ്പാട് എന്ന് പറയാനേ ഈ വിവരമില്ലാത്ത അവിരായെക്കൊണ്ട് പറ്റൂ. വിവരമുള്ള നിങ്ങളങ്ങ് ക്ഷമിച്ചു കള.

 41. @Rajesh Namboodiri Edapally:
  അതെന്താ മാഷേ, സെന്‍റിമെന്‍സില്‍ മാത്രം കയര്‍ പിടിച്ചത്?
  //പിന്നെ പ്രേക്ഷകരെ തീയട്ടരിലേക്ക് തള്ളി കയറ്റാൻ പറ്റിയ ഒന്നാണോ സെന്ടിമെൻസ് ?// – തീര്‍ച്ചയായും അതെ. അതുകൊണ്ടു തന്നെ ആണല്ലോ ആകാശദൂത് പോലുള സിനിമകള്‍ കാണാന്‍ ആളുകള്‍ തള്ളിക്കയറിയത്. സെന്‍റീമേന്‍സ് ഘടകങ്ങള്‍ ചിത്രത്തില്‍ ഉണ്ടായി എന്നത് വിമര്‍ശന വിധേയമാകേണ്ട ഒന്നല്ല, പക്ഷേ പദ്മരാജന്റെ പിന്‍ഗാമി എന്നു പറഞ്ഞു വാഴ്ത്തപ്പെടുന്ന ആള്‍ സെന്‍റീമെന്‍സിനെയും ഞൊടുക്ക് വിദ്യകളും ഉപയോഗിച്ച് ആളെ കയറ്റാന്‍ നോക്കുന്നത് പരിഹാസ്യം ആണ്. കോമാളിത്തരവും, വളിപ്പും ക്ലീഷേകളും അല്ലാതെ സിബി-ഉദയന്‍ ടീമിന്റെ സിനിമകളില്‍ എവിടെ ആണ് മാഷേ സെന്‍റിമെന്‍സ്?

  //ആദ്യ രണ്ടു ചിത്രങ്ങള്ക്ക് ശേഷം ബ്ലെസ്സി എന്ന എഴുത്തുകാരൻ താഴേക്കു പോയി എങ്കിലും സമീപ കാലത്ത് മലയാള സിനിമ കണ്ട കരുത്തുറ്റ ഒരു സംവിധായകൻ തന്നെയാണ് ബ്ലെസ്സി എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തെളിയിക്കുന്നു .// – ആദ്യ രണ്ടു സിനിമകള്‍ മികച്ചത് എന്നു ഞാന്‍ പറഞ്ഞില്ല. പിന്നെ, കരുത്തുറ്റ സംവിധായകര്‍ മുകളിലേയ്ക്ക് അല്ലേ പോവുക? താഴെയ്ക്കാനോ? താങ്കള്‍ തന്നെ പറയുന്നു, ആദ്യ രണ്ടു വല്ല്യ തരക്കേടില്ലാത്ത സിനിമകള്‍ക്ക് ശേഷം ബ്ലെസ്സി താഴെയ്യ്കു പോയെന്ന്… എന്താടിസ്ഥാനത്തില്‍ ആണ് അദ്ദേഹം കരുത്തുറ്റ സംവിധായകന്‍ ആകുന്നത്?

 42. @ Namboothiri Edappally
  അല്ല എന്തായാലും ഇത്തരം വിവരക്കേടുകളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാൻ ഇവിടുത്തെ പ്രബുദ്ധരായ പ്രേക്ഷകർക്ക്‌ കഴിയും എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.

  നമ്പൂതിരിയുടെ വിശ്വാസം നമ്പൂതിരിയെയും ബാക്കി പ്രബുദ്ധരായ പ്രേക്ഷകരെയും രക്ഷിക്കട്ടെ. ആമേൻ.

 43. @Avira
  അവിരാച്ചോ കൃഷിക്കാരാ നമ്മളെ അങ്ങനങ്ങ് വെട്ടി നിരത്തല്ലേ. നുമ്മള് ഈ ബ്ലെസ്സി സാറിന്റെ കടുത്ത ആരാധകൻ ഒന്നുമല്ല കേട്ടാ. പക്ഷെ അങ്ങേരുടെ മികച്ച ചിത്രമായ കാഴ്ച്ചയെ വളരെ ലാഘവത്തോടെ അങ്ങ് വിമർശിച്ചപ്പോൾ ഒന്ന് പ്രതികരിച്ചു എന്ന് മാത്രം. അങ്ങയെ പോലുള്ള വരോട് ഇതിന്റെ പേരില് ഇവിടെ കിടന്നു തല്ലു കൂടാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഗുജറാത്ത്‌ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട അനാഥ ചെറുക്കനെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്‌. അങ്ങനെയുള്ള സ്ഥിതിക്ക് ഇതിന്റെ പേരില് അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസം ഏതൊരാളെയും സങ്കടപ്പെടുതില്ലേ? അത് കാണിച്ചതിൽ എന്താണ് തെറ്റ്? ഇതിനു പകരമായി വേറെ എന്ത് വികാരമാണ് ആ കഥാപാത്രം പ്രകടിപ്പികേണ്ടത്. താങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ടിക്കറ്റ്‌ എടുത്തവരെ കരയിക്കുക എന്നാ ധര്മം ആദ്യമായി നിർവഹിച്ച വ്യക്തിയാണ് ബ്ലെസ്സി എന്ന്. ഈ കരയുക എന്നത് അത്ര മോശം സംഭവമാണോ അവിരാച്ചോ? സിനിമയെ അനലൈസ് ചെയ്യാനോ റിവ്യൂ ചെയ്യണോ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. താങ്ങൾ പറഞ്ഞ ആ പോയന്റിലേക്ക് ഒരു ചൂണ്ടു വിരൽ.

  പിന്നെ കൽകത ന്യൂസ് എന്നാ ചിത്രത്തെ പറ്റി അങ്ങ് അഭിപ്രായപ്പെട്ടതിനോട് ഞാൻ യോജിക്കുന്നു. കളഞ്ഞു കുളിച്ച ഒരു ചിത്രം തന്നെ ആണത്.

  @Varier

  //തീര്‍ച്ചയായും അതെ. അതുകൊണ്ടു തന്നെ ആണല്ലോ ആകാശദൂത് പോലുള സിനിമകള്‍ കാണാന്‍ ആളുകള്‍ തള്ളിക്കയറിയത്. //

  ഈ വാരിയരെ കൊണ്ട് തൊറ്റു, ഇപ്പോഴും ആകാശ ദൂതിന്റെ കാലഘട്ടതിലാണോ താങ്ങൾ ജീവിക്കുന്നത്? ന്യൂ ജെനെരശൻ പിടിമുറുക്കിയ അവസരത്തിൽ ആകാശദൂത് പോലെ സെന്ടിമെൻസ് എലെമെന്റ് മാത്രം കുത്തി നിറച്ചു ആളെ കൂട്ടാം എന്നത് അതിമോഹം തന്നെയാണ് എന്ന് മനസ്സിലാക്കുക. പ്രത്യേകിച്ചും കുടുംബ പ്രേക്ഷകര കണ്ണീര പൊഴിക്കുന്ന മെഗാ പരമ്പരകളിൽ മുഴുകിയിരിക്കുന്ന ഇന്നത്തെ കാലത്ത്.

  //കോമാളിത്തരവും, വളിപ്പും ക്ലീഷേകളും അല്ലാതെ സിബി-ഉദയന്‍ ടീമിന്റെ സിനിമകളില്‍ എവിടെ ആണ് മാഷേ സെന്‍റിമെന്‍സ്?//
  ഉദയൻ സിബി സിനിമകളിൽ ഉള്ളത് സെന്ടിമെൻസ് ആണെന്ന് ഞാൻ പറഞ്ഞോ? ആ കമന്റ്‌ ഒന്ന് കൂടി വായിച്ചു നോക്കുക. തീയറ്ററിൽ ആളെ കയറ്റുക എന്നത് മാത്രമാണ് ബ്ലെസ്സി യുടെ അടിസ്ഥാന ധരമം എങ്കിൽ ഉദയനെ പോലുള്ളവരെ കൂട്ടുപിടിക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചതാണ് .

  //തരക്കേടില്ലാത്ത സിനിമകള്‍ക്ക് ശേഷം ബ്ലെസ്സി താഴെയ്യ്കു പോയെന്ന്… എന്താടിസ്ഥാനത്തില്‍ ആണ് അദ്ദേഹം കരുത്തുറ്റ സംവിധായകന്‍ ആകുന്നത്? //
  രണ്ടു ചിത്രങ്ങള്ക്ക് ശേഷം ബ്ലെസ്സി എന്നാ എഴുതുകാരാൻ താഴേക്കു പോയി. സത്യമല്ലേ ? പക്ഷെ ബ്ലെസ്സി എന്ന സംവിധായകന്റെ കരുത്തു അറിഞ്ഞ ചിത്രങ്ങൾ തന്നെയാണ് ആദ്യ രണ്ടു ചിത്രങ്ങള്ക്ക് ശേഷം വന്ന ഭ്രാമരവും പ്രണയവുമൊക്കെ. രചന മികവും സംവിധാന മികവും രണ്ടും രണ്ടല്ലേ വാരിയർ സാർ ?

 44. മൂര്‍ത്തി സാര്‍, ഇതിനപ്പുറം ഈ സിനിമയ്ക്കൊരു റിവ്യൂ ഇല്ല. കളിമണ്ണ്‍ കണ്ടപ്പോഴുണ്ടായ രോക്ഷത്തിന്നു കുറച്ചെങ്കിലും ആശ്വാസമായത്‌ മൂര്‍ത്തി സാറിന്റെ റിവ്യൂ വായിച്ചപ്പോഴാണ്‌.

  ഈ സിനിമ ഒരസംബന്ധമാണ്‌. ബ്ലസ്സി എന്തൊക്കെ അവകാശപ്പെട്ടോ അതിന്റെയെല്ലാം വൈരുദ്ധ്യങ്ങളാണ്‌ ഈ സിനിമ.

  ഒന്ന് സ്ത്രീത്വം: ഈ സിനിമ സ്ത്രീകളെ ബഹുമാനിക്കുവാന്‍ പ്രേരിപ്പിക്കുമത്രേ. ഡെല്‍ ഹിയിലും ബോംബെയിലുമൊക്കെ സ്ത്രീ പീഡനത്തില്‍ പ്രതികളായവര്‍ ചേരീ നിവാസികളും അവരില്‍ പലരും അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടാത്തവരുമാണ്‌.(ആത്മഹത്യ ചെയ്ത റാം സിങ്ങും സഹോദരന്‍ മുകേഷും നാലാം ക്ലാസിലെ ഡ്രോപ്‌ ഔട്ടുകളാണ്‌. കുടുംബമില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതി പതിനൊന്നാം വയസ്സില്‍ വീടും സ്കൂളും വിട്ട്‌ മഹാനഗരത്തിലെത്തപ്പെട്ടവന്‍, ബാല വേല ചെയ്യുന്നവന്‍, ബാല്യത്തില്‍ തന്നെ മദ്യത്തിനടിമപ്പെട്ടവന്‍ ) എല്ലാവരും മദ്യത്തിനടിമകള്‍.ഇത്തരം ദുര്‍ബലരും കുറ്റവാസന ഏറ്റവും കൂടുതലുള്ളവരുമായവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ നിശ്ചയമായും മസാല സിനിമകളും അശ്ലീല സാഹിത്യവുമാണ്‌. ബ്ലസ്സിയുടെ കളിമണ്ണ്‍ കാണുന്ന ദുര്‍ബലനായ ഒരു മനുഷ്യനെ തീര്‍ച്ചയായും തെറ്റ്‌ ചെയ്യാന്‍ പ്രേരിപ്പിക്കും ഇതിലെ ആദ്യത്തെ രണ്ട്‌ മസാല ഐറ്റം നമ്പറുകള്‍. അതുപോലെ വൈദ്യ ശാസ്ത്ര സംബന്ധമല്ലാത്ത കാര്യത്തിനു ഗര്‍ഭിണിയുടെ സ്കാനിങ്ങും വയറുമൊക്കെ കാണിക്കുന്നതും absurdity ആണ്‌. ഒരു പക്ഷേ, തികച്ചും വഴിതെറ്റിയ ഒരു ലൈഗിക ദര്‍ശനമുള്ള ഒരു വ്യക്തിയെ ഈ ദൃശ്യങ്ങള്‍ വളരെ അപകടകരമായ ചിന്തകളിലേയ്ക്ക്‌ നയിച്ചേക്കാം. ബ്ലസ്സീ, സിനിമാ കാണാന്‍ കയറുന്നവരൊക്കെ ഉദാത്തമായ വ്യക്തിത്വമുള്ളവരും നല്ല ധാര്‍മ്മിക വിചാരമുള്ളവരുമൊന്നുമാകണമെന്നില്ല. മദ്യവും, മയക്കുമരുന്നും, ഞരമ്പുകളില്‍ ആസക്തിയുടെ തീയുമൊക്കെയായി നടക്കുന്നവരാവാം. ഉണങ്ങി വരണ്ട കരിയിലകളില്‍ തീ പടരും പോലെ ഒരു പക്ഷേ ഇതിലെ some ദൃശ്യങ്ങള്‍ അവരെ കുറ്റത്തിലേയ്ക്കു നയിക്കാം.(ഇതിലെ പ്രസവ രംഗം അല്ല ഞാനുദ്ദേശിച്ചത്‌. അത്‌ കണ്ട്‌ ഒരു മനുഷ്യനും തെറ്റ്‌ ചെയ്യാന്‍ തോന്നുകയുമില്ല.സങ്കടമാണ്‌ തോന്നിയത്‌ ഒരു മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്ന ആ ദിവ്യമുഹൂര്‍ത്തം മദ്യപാന സദസ്സുകളില്‍, ആരവങ്ങള്‍ക്കു നടുവില്‍, മോശമായ കമന്റുകള്‍ക്കു നടുവില്‍, കൂവലുകള്‍ക്കു നടുവില്‍ ഇങ്ങിനെ പ്രദര്‍ശിപ്പിക്കണമായിരുന്നോ?)
  മാതൃത്വത്തിന്റെ മഹനീയതയ്ക്കു അങ്ങയുടേ തന്നെ കാഴ്ച എന്ന സിനിമ ധാരാളം മതിയാകുമായിരുന്നല്ലോ.

  ശ്വേതാ മേനോന്റെ എക്സിബിഷനിസം എന്ന മനോരോഗമാണ്‌ ഈ സിനിമയുടെ പിന്നില്‍. അല്ലാതെ ഉദാത്തമായ ഒരു സമര്‍പ്പണവുമില്ല. ഒരു സ്ത്രിയുടെ ഗര്‍ഭകാലം ഹൃദയ സ്പര്‍ശിയായി കാണിക്കാന്‍ അത്‌ ഒരു ഐറ്റം ഡാന്‍സര്‍ ആകണമെന്നു നിര്‍ബന്ധമില്ലല്ലോ. ചൊവ്വാഴ്ചകളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചിയ സാരിയുടുത്തു, മുക്കളയൊലിപ്പിക്കുന്ന മൂത്ത കുഞ്ഞിനെയുമായി ഡോകടറെ കാത്ത്‌ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്ന ഗര്‍ഭിണികളായ പാവം അമ്മമാരുടെ ഒരൊറ്റ വിഷ്വല്‍ മതിയാവുമായിരുന്നു അതിന്‌. ബസില്‍ പ്രസവിക്കുന്ന അമ്മമാര്‍, ചോരയും ചലവും നിറഞ്ഞ പ്രസവ കിടക്കക്കള്‍, നിറവയറോടെ കൂലിപ്പണിക്കു പോകേണ്ട അമ്മമാര്‍, ഭര്‍ത്താവിന്റെ മദ്യപാനം പേടിച്ച്‌ പറമ്പില്‍ ഉറങ്ങുന്ന അമ്മമാര്‍…ഇതൊക്കെ കൂടുതല്‍ ഹൃദയസ്പര്‍ശിയല്ലേ.

  പിന്നെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. രാഷ്ട്രങ്ങള്‍ അത്‌ അരുതു എന്നു വിലക്കുന്നതിനു കാരണം അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നം വളരെ വലുതായതുകൊണ്ടാണ്‌. ലോകത്തെ വിവിധ പരീക്ഷണ ശാലകളില്‍ കൃതൃമമായി ഇങ്ങിനെ ബീജ സങ്കലനം നടത്തിയ ഭ്രൂണങ്ങള്‍ മരവിച്ച്‌ നശിക്കുന്നുണ്ട്‌. ആറു ഭ്രൂണങ്ങള്‍ വരെ നിര്‍മ്മിച്ച്‌ അതില്‍ ഏറ്റവും ആരോഗ്യമുള്ളതിനെയാണ്‌ അമ്മയുടെ ഉദരത്തില്‍ നിക്ഷേപിക്കുക. അപ്പോള്‍ ബാക്കിയുള്ള അഞ്ച്‌ മനുഷ്യരെ കുപ്പിയിലിട്ട്‌ നശിപ്പിക്കുന്നു. അല്ലെങ്കില്‍ തന്നെ കുഞ്ഞ്‌ ജനിക്കേണ്ടത്‌ യാന്ത്രികമായല്ല ബോധപൂര്‍വ്വമായാണ്‌. അമ്മയാകണമെന്നത്രയ്ക്ക്‌ മോഹമുള്ള മീരയ്ക്ക്‌ ഒരു പുനര്‍വിവാഹം നടത്താമായിരുന്നല്ലോ. മരണം ആര്‍ക്കും തടയാനാവാത്ത യാഥാര്‍ത്ഥ്യമല്ലേ?
  തന്റെ സിനിമയിലെ വൈകൃതങ്ങള്‍ക്ക്‌ ബുദ്ധി ജീവി ജാഡ നല്‍കാന്‍ സിനിമയില്‍ തന്നെ ന്യായീകരണ ചര്‍ച്ചകള്‍. ബ്ലസ്സിയ്ക്ക്‌ അനുകൂലമായവര്‍ ഒറിജിനല്‍. അല്ലാത്തവര്‍ നടന്മാര്‍. എന്തൊരു ഭീരുവാണ്‌ ബ്ലസ്സി.

  ഒരിക്കല്‍ ഏതോ ഒരു റിവ്യൂവില്‍ മൂര്‍ത്തി സാര്‍ രഞ്ജിത്തിനേക്കുറിച്ചു പറഞ്ഞപോലെ ബ്ലസ്സിയുടെ ഒബ്‌സ്സെഷനുകള്‍ സിനിമകളാക്കി ഇനി പ്രേക്ഷകരെ ബുദ്ധിമുട്ടിക്കല്ലേ.

 45. @Rajesh Namboodiri Edapally:
  എനിക്ക് ഇപ്പോള്‍ തോന്നുന്നത് ചിരിക്കാന്‍ ആണ്. ‘ഇന്ത്യന്‍ റുപീ’ യില്‍ ശ്രീ.തിലകന്‍ ചിരിക്കുന്നത് പോലെ…! നല്ല നമസ്കാരം…

 46. @varier

  എന്തിരാൻ സിനിമയിൽ റോബോട്ട് ആയ രജനി അണ്ണൻ ചിരിക്കുന്ന മാതിറി ഒരെണ്ണം ഞാനും പാസ്സാക്കുന്നു
  ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ……

Leave a Reply

Your email address will not be published. Required fields are marked *


1 + = 8