Review: Ezhamathe Varavu

Bhavana in Ezhamathe Varavu

Bhavana in Ezhamathe Varavu

ആഗ്രഹങ്ങളും പ്രതീക്ഷകളും അധികരിക്കുമ്പോൾ, അതിനു വിരുദ്ധമായി കാര്യങ്ങൾ ഭവിക്കുമ്പോളാണ് ജീവിതത്തിൽ നൈരാശ്യമുണ്ടാകുന്നത് . അതങ്ങനെയായതുകൊണ്ട്‌ ഇവിടെയും ബാക്കിയാവുന്നത് നിരാശ മാത്രം. പറഞ്ഞു വന്നത് ഒരു ഓണക്കാല ചിത്രത്തെക്കുറിച്ചാണ്. “ഏഴാമത്തെ വരവ്”. മുൻവരവിലെല്ലാം, മലയാളിക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ മാത്രം സമ്മാനിച്ച കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം. അതിലൊരാൾ മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. കൂടെയുള്ളതോ, പലവട്ടം കഴിവ് തെളിയിച്ച ഹരിഹരനെന്ന മികച്ച സംവിധായകനും. എണ്ണത്തിൽ തുലോം കുറവെങ്കിലും ഇവരുടെയൊക്കെ ചിത്രങ്ങളെത്തുന്നത് പലർക്കും ഒരോണം വന്നെത്തുന്ന സുഖം തന്നിരുന്നു. ന്യൂ ജനറേഷൻ തട്ടിക്കൂട്ട് പേക്കൂത്തുകളാറാടുന്ന തീയറ്ററുകൾക്കടുത്തു പോലും ചെന്നുപെടാതെ നടന്ന എന്നെപ്പോലൊരു പ്രേക്ഷകന് ഈ ഓണക്കാലത്ത് പ്രതീക്ഷിക്കാൻ ഇതിൽ കൂടുതലെന്ത് വേണം? കാഴ്‌ചയുടെ വസന്തം, സംഭാഷണങ്ങളുടെ ചടുലത, വൈകാരികതയുടെ വേലിയേറ്റം, ഇവയൊക്കെ പ്രതീക്ഷിച്ചു പോയെങ്കിൽ അതിൽ തെറ്റ് പറയുന്നതെങ്ങനെ? എണ്ണം പറഞ്ഞ സിനിമാക്കാരൊക്കെ പ്രേക്ഷകന് നല്കാനൊന്നുമില്ലാതെ അന്തം വിട്ടു നില്ക്കുന്ന ഇക്കാലത്ത്, എം ടി എന്ന എഴുത്തുകാരനിൽ വിശ്വസിച്ചു പ്രതീക്ഷയോടെ കാത്തിരുന്ന ഏറെപ്പേരിൽ ഒരാളാണ് ഞാനും.

പക്ഷേ, മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ പൊന്‍തൂലികയില്‍ പിറന്ന ഒരു സൃഷ്ടിയല്ല ഇതെന്ന് കരുതി, നെടുവീർപ്പിട്ടുകൊണ്ട് തീയറ്റര്‍ വിടേണ്ടി വരും ചിത്രം കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകന്‍. ഒറ്റ നോട്ടത്തിൽ തന്നെ കാണികളെ പിടിച്ചിരുത്താൻ തക്ക സംഗതിയൊന്നും ഇല്ലാത്ത ചിത്രത്തില്‍ കഥ തന്നെ പ്രധാന വില്ലൻ. ഒരുവശത്ത്‌, ഇന്നലെകളിൽ മറന്നു കളഞ്ഞ ഒരു പഴയ പ്രണയ കഥയുടെ വിരസമായ മടങ്ങി വരവും മറുവശത്ത്‌ മനുഷ്യന്റെ കയ്യേറ്റത്താൽ വനങ്ങൾ ഇല്ലാതാക്കുമ്പോൾ, നാട്ടിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതനാകുന്ന നരഭോജിയായ നരിയുടെ കദന കഥയും. ഒട്ടും തന്നെ താത്പര്യം ഉളവാക്കാൻ സാധ്യത ഇല്ലാത്ത രണ്ടു പ്രമേയങ്ങൾ ഒരുമിച്ചു സഞ്ചരിക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. ഈ പറഞ്ഞ രണ്ടിൽ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കഥ പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ ഇതിലും നല്ലൊരു ചിത്രമാകുമായിരുന്നെന്ന് തോന്നി പോയി.

കാലങ്ങളോളം കണ്ടുമടുത്ത സംഗതികള്‍ തന്നെ ലവലേശം വ്യത്യസ്തത വരുത്താതെ, പ്രവചനാത്മകമായി കണ്മുന്നില്‍ എത്തിക്കാന്‍ ഇതിന്റെ അണിയറക്കാര്‍ ശ്രമിച്ചിട്ടുണ്ട്. തുടക്കം തൊട്ടേ ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തില്‍, അവസാന ചില രംഗങ്ങള്‍ ഒഴികെ എവിടെയും വേഗത കൈവരിക്കുന്നില്ല എന്നു മാത്രമല്ല പലപ്പോഴും വലിഞ്ഞു വലിഞ്ഞു വല്ലാതെ മുഷിപ്പിക്കുന്നുമുണ്ട്. പിന്നെ പുതുമ എന്ന് പറയാവുന്നത് നരിയാണ്. ഒരു കടുവ. മലയാള സിനിമയില്‍ തീരെ കാണാത്ത ഒന്ന്. അതാണ്‌ ആകെയുള്ള ആശ്വാസം. രണ്ടേ രണ്ടു സീനുകളില്‍ കുറച്ച് ഗ്രാഫിക്സിന്റെ സഹായത്തോടെ പതുക്കെ നടന്നു വരുന്ന പരമ സാധു കടുവ. ഈ പറഞ്ഞ കടുവ കൂടി ഇല്ലായിരുന്നുവെങ്കില്‍ സംഗതി പരമ ദയനീയം ആയി പോയേനെ. “മൃഗയ” യിലെ നരിയുടെ മൃഗീയത ആ ചിത്രത്തിന്റെ പേര് തന്നെ വിളിച്ചോതുന്നുവെങ്കിൽ ഇവിടെയതല്ല അവസ്ഥ. നരി പ്രേക്ഷകനിൽ യാതൊരു തരത്തിലും സംഭ്രമം ജനിപ്പിക്കുന്നില്ല. അത്തരമൊരന്തരീഷം സൃഷ്ടിച്ചെടുക്കുന്നതിലും ചിത്രം മുഴുനീളം പരാജയപ്പെടുന്നു. പിന്നെയുള്ളത് പറഞ്ഞു പഴകിയ ഒരു പ്രണയ കഥയും, ഓർമ്മകളുടെ ഫ്ലാഷ്‌ബാക്കും, ഒടുവിലതിന്റെ പ്രതീക്ഷിത പര്യവസാനവും.

ഇതില്‍ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, സംഘട്ടനം ഉണ്ട്, പാട്ടുണ്ട്, ഇതൊന്നും പോരാഞ്ഞു ഒന്ന് രണ്ടു ആദിവാസി നൃത്തവും ഉണ്ട്. അൽപ്പ വസ്ത്രധാരികളായ ആദിവാസി സ്ത്രീകളുടെ സംഘ നൃത്തം. പക്ഷേ, എല്ലാം അവിടവിടെ ചിതറി കിടപ്പാണ്. വേണ്ട സമയത്ത് ഒന്നും വരുന്നുമില്ല, വേണ്ടാത്ത സമയത്ത് ഓരോന്ന് കയറി വരുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരിക്കങ്ങോട്ട് കൂടിചേരാത്ത, മൊത്തത്തിൽ സ്വാദില്ലാത്ത ഒരു വിഭവമായിപ്പോകുന്നു സിനിമ.

ചിത്രത്തിലെ പ്രധാന കഥാപാത്രമായി വിനീത് വരുന്നുണ്ട്. ആ നടനെ അതിനുവേണ്ടി കണ്ടെത്തിയത് എന്തിനെന്നു ഒരു പിടിയുമില്ല. വിനീതിന്റെ കഥാപാത്രത്തിനായി എം ടി കരുതിവെച്ചിരിക്കുന്നത് വെറും അച്ചടി ഭാഷയെന്നത് കാഴ്ചക്കാരനെ കൂനിന്മേൽ കുരു എന്ന അവസ്ഥയിലെത്തിക്കും. ഭാവന അവതരിപ്പിച്ച കഥാപാത്രം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രതീതിയാണവശേഷിപ്പിച്ചത്. കവിതയുടെ മാല എന്ന വനവാസി കഥാപാത്രം പലപ്പോഴും ആശ്വാസമാകുന്നുണ്ട്, ഒരളവിൽ കാഴ്ച്ചയ്ക്കെങ്കിലും. വേട്ടക്കാരനായി വരുന്ന ഇന്ദ്രജിത്തിന്റെ പ്രകടനം എടുത്തു പറയാന്‍ ഉണ്ടെങ്കിലും, യാതൊരു പുതുമയും ഇല്ലാത്ത കഥാപാത്രസൃഷ്ടിയായി പോകുന്നു അത്. എഴുപതുകളിൽ ജോസ് പ്രകാശ് ചെയ്തിരുന്ന, വേട്ടയില്‍ തല്പരനായ, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ക്രൂരനും, സ്ത്രീവിഷയത്തിൽ തത്പരനുമായ ഫ്യൂഡല്‍ മുതലാളി.

ഹരിഹരൻ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേൾക്കാൻ ഇമ്പമുണ്ടെങ്കിലും പലപ്പോഴും കടന്നു വരുന്നത് അനവസരങ്ങളിൽ ആയതിനാൽ രസക്കുറവ് അനുഭവപ്പെട്ടേക്കാം. ചിത്രത്തിൽ എടുത്തു പറയാൻ ആകെയുള്ളത് എസ് കുമാറിന്റെ ഛായാഗ്രഹണ മികവാണ്. കാടിന്റെ സൌന്ദര്യം ആസ്വദിക്കണമെന്ന ആഗ്രഹം അടക്കി വയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക്, അധികം മെനക്കെടാതെ, ചുരുങ്ങിയ ചിലവില്‍, ശീതീകരിച്ച തീയറ്ററില്‍ ഇരുന്നു കുറെയൊക്കെ അതാസ്വദിക്കാൻ ചിത്രം വഴിയൊരുക്കും.

ഇത് തീർത്തും മോശം ചിത്രം എന്നൊരഭിപ്രായമെനിക്കില്ല. പക്ഷേ, ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രതിഭയുമായി തട്ടിച്ചു നോക്കുമ്പോൾ, മാറ്റ് തീരെ കുറഞ്ഞൊരു ചിത്രമായി മാറുന്നു. ഇതിൽ കൂടുതൽ അളവിൽ പ്രതിഭയുടെ തങ്കക്കനം തീർച്ചയായും വേണ്ടിയിരുന്ന ഒരു സിനിമ. ചുരുക്കത്തില്‍, ഹരിഹരന്റെ സംവിധാന മികവും എം ടി യുടെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും പ്രതീക്ഷിച്ചു പോയാല്‍ ചിലപ്പോള്‍ നിരാശരായി മടങ്ങേണ്ടി വരുന്ന ചിത്രം മാത്രമാണിത്. ഒരു എം പത്മകുമാര്‍ ചിത്രം പ്രതീക്ഷിച്ചു പോയാല്‍ അധികം പരുക്കേല്‍ക്കാതെ തീയറ്റര്‍ വിടാം. ബൌദ്ധിക വ്യായാമം ചെയ്യുന്ന ബുദ്ധിജീവികൾക്ക്‌ മാത്രമേ ഈ ചിത്രം ആസ്വദിക്കാൻ കഴിയൂ എന്ന് മറ്റൊരിടത്ത് വായിക്കാനിടയായി. അത്തരക്കാർ ഇവിടെ ഉണ്ടെങ്കിൽ ദയവായി അതു പങ്കുവയ്ക്കുക. തിരനാടകത്തിന്റെ പെരുന്തച്ചൻ എം ടി, വാക്കുകൾ പകര്‍ത്തി വെച്ചപ്പോൾ എവിടെയോ മുറിഞ്ഞു പോയതെന്ന് കരുതി നമുക്ക് സമാധാനിക്കാം. ആ മഹാ പ്രതിഭയുടെ മാറ്റളക്കാൻ നിരക്ഷരരായ നാം തുനിയുന്നത് തന്നെ വിഡ്ഢിത്തം. പത്തരമാറ്റിന്റെ ശോഭയോടെതന്നെ ആ പ്രതിഭ അടുത്ത വരവില്‍ പ്രകാശിക്കും എന്ന് മാത്രം നമുക്ക് പ്രത്യാശിക്കാം.

| Dhanesh Katoopadath

42 thoughts on “Review: Ezhamathe Varavu”

 1. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഹരിഹരൻ -എം ടി വാസുദേവൻ ഞായർ കൂട്ടുകെട്ടിന്റെ പതിനഞ്ചാം വരവിൽ പിറന്ന ഏഴാമത്തെ വരവ് വയനാടൻ കാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരിക്കുന്നു. ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം.
  ഭൂഗര്ഭ ഗവേഷകനായ പ്രസാദ് (Vineeth)മണ്മറഞ്ഞ ഒരു നാഗരിക സംസ്കാരത്തിന്റെ അടയാളങ്ങൾ തേടി വയനാടൻ കാടുകളിൽ എത്തുന്നു
  അവിടെ വച്ച് സ്ഥലത്തെ സമ്പന്നനും പ്രമുഖ പ്ലാന്റെരും വേട്ടക്കാരനുമായ ഗോപിനാഥ് മേനോനെ (ഇന്ദ്രജിത്ത്)പ്രസാദ്‌ പരിചയപ്പെടുന്നു. ഗോപിനാഥ് മേനോന്റെ ഭാര്യ ഭാനുമതി(ഭാവന)പ്രസാദിന്റെ പഴയ കാമുകി ആണ്. കാട്ടുവാസികളെ സംഭ്രമത്തിൽ ആഴ്ത്തിക്കൊണ്ട് ഒരു നരി കാട്ടിലിരങ്ങുകയും നരവേട്ടക്ക് തുടക്കമിടുകയും  ചെയ്യുന്നു. ജീവിയെ ചൊല്ലി ചില അന്ധ വിശ്വാസങ്ങളും കാട്ടുവാസികൾക്കിടയിൽ  ചര്ച്ച ചെയ്യപ്പെടുന്നു. ഏഴു വർഷത്തിനിടയിൽ കാട്ടിൽ  വന്നെത്തുന്ന ഒരു ഒടിയന്റെ പ്രേതമാണ്‌  ഇതെന്നും ഏഴു തവണ വന്നു ഏഴു സ്ത്രീകളെ കൊന്നോടുക്കിയെ മടങ്ങി പോകുമെന്നും അവർ വിശ്വസിക്കുന്നു. നരിയെ വേട്ടയാടാൻ ഗോപിനാഥ്  മേനോൻ രംഗത്തിറങ്ങുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.

  ഏറെ കാലത്തേ ഇടവേളയ്ക്കു ശേഷം എംടിയും ഹരിഹരനും ഒന്നിച്ചപ്പോൾ പ്രതീക്ഷകൾ വാനോളം ഉയര്ന്നെങ്കിലും വേണ്ടത്ര മികവു പുലര്താൻ ചിത്രത്തിനായില്ല. തിരക്കഥ രചനയിൽ എം ടി വച്ച് പുലര്ത്തുന്ന ക്ലാസ്സിക് ശൈലി ചിത്രത്തിലുട നീളം കാണാവുന്നതാണ്
  അച്ചടി ഭാഷ ശൈലി കലര്ന്നതാനെങ്കിലും അദ്ദേഹം ഒരുക്കിയ കരുത്തുറ്റതും അർത്ഥവതായത്‌മായ സംഭാഷണങ്ങളും അതിലൂടെ തിരക്കഥയെ മനോഹരമായി വികസിപ്പിക്കുന്നതുമെല്ലാം  ഈ ചിത്രത്തിലും കാണാം.

  പക്ഷെ വ്യത്യസ്തത പുലര്ത്തുന്ന ഒരു ത്രില്ലെരിനു വേണ്ട മുറുക്കം ഇല്ലാതെ പല ഘട്ടങ്ങളിലും ചിത്രം ഇഴഞ്ഞു നീങ്ങുന്നത്‌ അഭംഗി ആയി അനുഭവപ്പെടുന്നു. ഹരിഹരാൻ തന്നെ ഈണമിട്ട ഗാനങ്ങൾ ചിത്രത്തിൽ അനവസരത്തിൽ കടന്നു വരുമ്പോഴും പ്രസാദിന്റെയും ഭാനുവിന്റെയും പ്രണയ ബന്ധത്തിനു കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഘട്ടങ്ങളിലുമൊക്കെ ചിത്രം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നു. ചിത്രത്തിന്റെ ദൈര്ഘ്യം ഒരു മുപ്പതു മിനിട്ടെങ്കിലും കുറച്ചു ഒരല്പം കൂടി വ്യത്യസ്തയോടെ ഹരിഹരൻ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ എന്നി തോന്നിപ്പോകുന്നു. കാടിന്റെ നിഗൂധതയും വന്യതയും ഒപ്പിയെടുത്ത തിരക്കഥക്ക് മികവുറ്റ ദ്രിശ്യ ഭംഗി നല്കാൻ എസ് കുമാറിന്റെ ചായഗ്രഹനതിനു സാധിച്ചു. ചിത്രം കൈ കാര്യം ചെയ്യുന്ന പ്രമേയത്തെ വച്ച് നോക്കുമ്പോൾ പ്രേക്ഷകരിൽ ആകാംക്ഷയും ഭീതിയുമൊക്കെ  കുത്തി വെയ്ക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. പക്ഷെ ചിത്രത്തിന്റെ ശക്തമായ ക്ലൈമാക്സ്‌ എടുത്തു പറയേണ്ട ഒന്നാണ്. ഇരയും വേട്ടക്കാരനും നേർക്ക്‌ നേര് വരുന്ന  വേളയിൽ കാണാൻ പറ്റുന്ന  നാടകീയത നിറഞ്ഞ സംഭവ വികാസങ്ങൾ ചിത്രത്തിനു ശരിക്കും കരുത്തു പകരുന്നു. പ്രേക്ഷകർക്ക്‌ ചിന്തിക്കാൻ അവസരം കൊടുക്കാതെ വളരെ വ്യത്യസ്തമായ രീതിയിൽ തന്നെ ചിത്രത്തിന് തിരശീല വീഴുമ്പോൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു

  പരുക്കനും  മൃഗീയ വാസനകൾ വച്ച് പുലർതുന്നവനുമായ ഗോപിനാഥ് മേനോന്റെ റോൾ ഇന്ദ്രജിത്ത് ഘംഭീരമാക്കി. അത് പോലെ തന്നെ വിനീത്,ഭാവന,ആദിവാസി യുവതിയുടെ വേഷമിട്ട കവിത എന്നിവരും നല്ല അഭിനയം കാഴ്ച വെച്ചു. പ്രധാന കഥാപാത്രങ്ങൾ വച്ച് പുലര്തെണ്ട തീവ്രമായ മാനസിക വ്യാപാരങ്ങളും ഭാവ പകര്ച്ചകളും മൊക്കെ നല്ല രീതിയിൽ പ്രതിഫലിപ്പിക്കാൻ ഇവര്ക്ക് സാധിച്ചു.

  സുകുമാരനെ നായകനാക്കി വര്ഷങ്ങള്ക്ക് മുമ്പ് ചെയ്യാൻ തീരുമാനിച്ച ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയും വര്ഷങ്ങള്ക്ക് ശേഷം ഏഴാമത്തെ വരവായി ഒരു ഓണക്കാലത്ത് വന്നെത്തുകയും ചെയ്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് അത്ര നല്ല അനുഭവം ആയിരിക്കില്ല ഈ ചിത്രം.

 2. 1996ഇൽ ഇറങ്ങിയ “ദി ഗോസ്റ്റ് ആൻഡ്‌ ദി ഡാർക്ക്‌നെസ് ” ഓർമ്മപ്പെടുത്തി ഈ ചിത്രം! വലിയ സംഭവം ഒന്നുമല്ലെങ്കിലും ആസ്വദിച്ചു കണ്ട നല്ല ഒരു ത്രില്ലർ ആയിരുന്നു അത്! ഏതു നിമിഷവും സിംഹങ്ങളുടെ ഒരു ആക്രമണം ഉണ്ടായേക്കാം എന്ന സങ്കൽപ്പം സൃഷ്ടിക്കുന്ന ഭീതിയാണ് പ്രേക്ഷകനെ ശ്വാസം അടക്കി ആ പടം കണ്ടിരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം! ഏഴാമത്തെ വരവിന് വേണ്ടി എം.ടി എഴുതിയ തിരക്കഥയിലും ഇത്തരത്തിൽ ഉള്ള ഒരു ചിത്രം സൃഷ്ടിച്ചെടുക്കാൻ വേണ്ട അത്യാവശ്യ ഘടകങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ “ആ ” ഒരു ഭീതി സൃഷ്ടിക്കുന്നതിൽ ഹരിഹരൻ അമ്പേ പരാജയപെട്ടു പോയി. ഇത് എന്നെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ഈ പടം ഉപേക്ഷിച്ചിക്കുകയായിരുന്നു ഇതിലും നല്ലത്.

  ഒരു ആൾ പിടിയൻ നരി നടത്തുന്ന 7 കൊലപാതകങ്ങൾ! അതിന് ഇടയിലൂടെ കടന്ന് പോകുന്ന ചില മനുഷ്യർ ! അവരുടെ, അവരുടെതായ, ഇതിലും വലിയ പ്രശ്നങ്ങൾ!അതാണീ പടത്തിന്റെ പ്രമേയം! ഓരോ കൊലയും കണ്ട് പ്രേക്ഷകൻ തീയേറ്ററിൽ ഇരുന്ന് വിറച്ചിരുന്നെങ്കിൽ, താൻ ആഗ്രഹിക്കാത്ത ഒരു ജീവിതം മറ്റാർക്കോ വേണ്ടി ജീവിച്ചു തീർക്കാൻ വിധിക്കപെട്ട ഭാമയെ കഴിവുള്ള ഏതെങ്കിലും ഒരു നടി അവതരിപ്പിച്ചിരുന്നെങ്കിൽ…..ഈ ചിത്രം മലയാള സിനിമ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു അനുഭവം ആകുമായിരുന്നു.

  ക്യാമറ ഇലകൾക്കിടയിലൂടെ നീങ്ങുന്നതും, നരി ഗര്ജ്ജിക്കുന്ന ശബ്ദവും , തിളങ്ങുന്ന കണ്ണുകളും പിന്നെ ശവവുമായി പോകുന്ന ആളുകളും….ഇത്തരം ഉടായിപ്പ് നമ്പരുകൾ കണ്ട് ആളുകൾ ഭയപെട്ടിട്ടുണ്ട്. പണ്ട് നസീറിന്റെ കാലത്ത് ആയിരുന്നു അത്. വെറുതെ കടുവ ഒരു വള്ളത്തിൽ ഇരിക്കുന്ന രംഗവും പിന്നെ അതിന്റെ ശബ്ദവും മാത്രം കാണിച്ച് കൊണ്ട് ഒരു “ലൈഫ് ഓഫ് പൈ ” സങ്കൽപ്പിച്ച് നോക്കൂ..ആ പടത്തിൽ ആ കടുവയ്ക്കുള്ള അത്രയും പ്രാധാന്യം ഇതിൽ നരിയ്ക്കും ഉണ്ട്! വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് ഉള്ള പരിമിതികൾ ഏറെയാണ്‌!………………..!!….!..! ലൈഫ് ഓഫ് പൈയ്യിലെത് പോലുള്ള അനിമേഷൻ ഒന്നും നമുക്ക് ചിന്തിക്കാൻ പോലും ആകില്ല! ഒക്കെ ശരി തന്നെ! പക്ഷെ ഇതൊന്നും പ്രേക്ഷകൻ അറിയേണ്ട കാര്യം ഇല്ലല്ലോ!

  നരിയുടെ കാര്യത്തിൽ പറ്റിയതിലും വലിയ, മാപ്പ് ഒരു തരത്തിലും അർഹിക്കാത്ത, പിഴവ് ആണ് കാസ്റ്റിങ്ങിന്റെ കാര്യത്തിൽ പറ്റിയത്! ഭാവനയും വിനീതും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഒരു തരത്തിലും യോജിച്ചവർ ആയിരുന്നില്ല! ഒരു എം.ടി കഥാപാത്രത്തെ ഇത്രയും മോശപ്പെട്ട രീതിയിൽ ഒരു നടി അഭിനയിച്ച് കാണുന്നത് ഇതാദ്യം ആണ്. മിനിമം മനോജ്‌ കെ ജയന്റെ റേഞ്ച് എങ്കിലും ഉള്ള ഒരു നടൻ ചെയ്യേണ്ടത് ആയിരുന്നു വിനീത് ചെയ്ത റോൾ. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ ഒക്കെ ഒരു ആണും ഒരു പെണ്ണും കൂടി അടി കൂടും പോലെ ആണ് തോന്നിച്ചത്! ഇന്ദ്രജിത്ത് മോശമാക്കിയില്ല അത്ര തന്നെ! ഈ ചിത്രത്തിലെ ഏറ്റവും നല്ല അഭിനയം പുതുമുഖം കവിതയുടേത് തന്നെ! വെളുത്ത് ചുവന്നു സിൽക്ക് സ്മിതയെ പോലിരിക്കുന്ന ഒരു ആദിവാസി പെണ്ണിനേം ഇടയ്ക്കിടയ്ക്ക് കണ്ടു. ഈ അന്യായം ഒക്കെ എം.ടി എങ്ങനെ സഹിച്ചു എന്ന് മനസ്സിലാകുന്നില്ല!

 3. വാനോളം പ്രതീക്ഷയുമായി പോയി നിരാശനായി. വർഷങ്ങൾക്കു മുൻപ് പൂർത്തിയായിട്ടും റിലീസ് ആവാത്ത “എവിടെയോ ഒരു ശത്രു” ഇപ്പോൾ “ഏഴാമത്തെ വരവായപ്പോൾ” സാങ്കേതിക പരമായി നന്നായി എന്നല്ലാതെ സിനിമയിൽ ഒരു പുരോഗതിയും കണ്ടില്ല. വന/എസ്റ്റേറ്റ്‌ പശ്ചാത്തലത്തിൽ നിക്കറുമിട്ടു ഇരട്ട കുഴൽ തോക്കുമായി ജീപ്പിൽ കറങ്ങുന്ന ഉമ്മർ, സത്താർ, ടി.ജി. രവി മോഡൽ nostalgic വില്ലനെ വളരെ കാലത്തിനു ശേഷം കണ്ടു. പണ്ട് ജയഭാരതിയോ, ശ്രീവിദ്യയോ ഒക്കെ ചെയ്തേക്കാവുന്ന കഥാപാത്രം ചെയ്തത് നരുന്തു പോലത്തെ ഭാവന. സോമനോ, മറ്റോ ചെയ്യേണ്ടിയിരുന്ന പൂർവ്വ കാമുക കഥാപാത്രം ചെയ്തത് പഴം പോലത്തെ വിനീത്. ഇന്ദ്രജിത്ത് പതിവുപോലെ തന്റെ ഭാഗം മികവുറ്റതാക്കി. പിന്നെ അവസാനം വരുന്ന ആ കടുവയും. മോടലുകളെ പോലത്തെ ആദിവാസി പെണ്ണുങ്ങളെയൊക്കെ ഹരിഹരൻ എം. ടി ചിത്രങ്ങളിലും കാണേണ്ടിവരുക കഷ്ടം തന്നെ. ക്ലൈമാക്സ് ഹരിഹരന്റെ തന്നെ ശരപഞ്ചരത്തെ ഓർമ്മിപ്പിച്ചു.

 4. @Alapuzhakaran, September 18, 2013 • 1:21 pm

  അപ്പോൾ ചുരുക്കത്തിൽ പറഞ്ഞാൽ ഗോകുലം ഗോപാലനെ പോലെ പണമിറക്കാൻ പറ്റിയ ഒരു നിർമ്മിതാവ് ഇല്ലാതെ പോയതാണ് ഏഴാമത്തെ വരവിന്റെ പ്രധാന ദോഷം. സംവിധായകൻ ഹരിഹരൻ തന്നെ ഈ സിനിമ നിർമ്മിച്ചപ്പോൾ നരി വരേണ്ട സീനിലെല്ലാം നരിയുടെ ശബ്ദം മാത്രം കൊണ്ട് ഒപ്പിച്ചു. പഴശ്ശിരാജയിൽ കാണിച്ച പെർഫെക്ഷൻ തൽക്കാലം ഹരിഹരൻ ബോധപൂർവ്വം മറന്നു എന്ന് തോന്നുന്നു. പൊന്നു വെക്കേണ്ടവിടെ പൂ വെച്ചൊരു കലാപരിപ്പാടി അല്ലേ ..?

 5. @ Allapuzhakaaran

  Veluthu tudutha Aadivaasi Pennungale Allappuzhayil oru pakshe kaanaan pattukayillayirikkam. Pakshe nyan taamasikkunna Wayanad enna Stalattu, ningal paranja poole, oru paadu Aadivasi pennungale nyan kaanichu taraam.

  Cinema Kandu. Athrakku moosham onnum alla, ennaal athrakku mikachattum alla. Oru sharaashari padam. Athra Tanne. ‘Vineethinte’ charector mattarengillum cheytirunnengil nannayeene ennu enikkum tonni.

 6. @ALAPUZHAKKARAN
  //പിന്നെ അതിന്റെ ശബ്ദവും മാത്രം കാണിച്ച് കൊണ്ട് ഒരു “ലൈഫ് ഓഫ് പൈ ” സങ്കൽപ്പിച്ച് നോക്കൂ..ആ പടത്തിൽ ആ കടുവയ്ക്കുള്ള അത്രയും പ്രാധാന്യം ഇതിൽ നരിയ്ക്കും ഉണ്ട്! //

  പ്രമേയത്തെ വച്ച് നോക്കുകയാണെങ്കിൽ ലൈഫ് ഓഫ് പൈ എന്നാ ചിത്രത്തിലെ കടുവക്ക് ലഭിച്ച പ്രാധാന്യവും സ്ക്രീൻ പ്രേസേന്സും ഏഴാമത്തെ വരവിലെ നരിക്കു ആവശ്യമായി ഉണ്ടോ? ലൈഫ് ഓഫ് പൈ എന്നാ സാഹസിക ചിത്രത്തിലെ പുലി കടലിൽ ഒറ്റപ്പെട്ടു പോയ പൈ എന്നാ യുവാവിന്റെ ജീവിതത്തിലേക്ക് ആദ്യം ശത്രു ആയും പിന്നീടു ആത്മമിത്രമായും മാറുന്ന കഥയല്ലേ പറഞ്ഞിരിക്കുന്നത്. ഏഴാമത്തെ വരവിൽ കഥ വേറെയാണ്. നരിയെ പ്രേക്ഷകർക്ക്‌ മുന്നില് അവതരിപ്പിക്കാതെ തന്നെ നരിയുടെ ഓരോ നര വേട്ടയും പ്രേക്ഷകരിൽ ഭീതി പടർത്തനം, ഞെട്ടിക്കണം. നരിയുടെ ഏഴാമത്തെ വരവിൽ, അതായത് ചിത്രത്തിന്റെ ക്ലൈമാക്സിൽ മാത്രമേ നരി പ്രേക്ഷകര്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാവൂ എന്നതാണ് ചിത്രത്തിന്റെ തിരക്കഥയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ വച്ച് നോക്കുമ്പോൾ ലൈഫ് ഓഫ് പൈയിലെ കടുവയുടെ പ്രാധാന്യവും സ്ക്രീൻ പ്രേസേന്സും ഏഴാമത്തെ വരവിലെ കടുവക്ക് ആവശ്യമുണ്ടോ ?

  താങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. പ്രേക്ഷകരെ ഭീതിയിൽ ആഴ്താനും ഞെട്ടിക്കാനും ഹരിഹരന് കഴിഞ്ഞിട്ടില്ല . ഹോളിവുഡ് ചിത്രങ്ങൾ ആയ പ്രേടെറ്റർ, സൈൻസ് പോലുള്ള ചിത്രങ്ങളിലെ ഭീകര ജീവിയും അന്യ ഗ്രഹ ജീവിയുമൊക്കെ ചിത്രത്തിന്റെ ക്ലൈമാക്സിനു മുമ്പ് ഒരു തവണ പോലും പ്രേക്ഷര്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല. പക്ഷെ എന്നിട്ട് പോലും പ്രേക്ഷകരെ ഭീതിയിൽ ആഴ്താനും ആകാംക്ഷയോടെ പിടിചിരുതാനും ഈ ചിത്രങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.

  //ലൈഫ് ഓഫ് പൈയ്യിലെത് പോലുള്ള അനിമേഷൻ ഒന്നും നമുക്ക് ചിന്തിക്കാൻ പോലും ആകില്ല! ഒക്കെ ശരി തന്നെ! പക്ഷെ ഇതൊന്നും പ്രേക്ഷകൻ അറിയേണ്ട കാര്യം ഇല്ലല്ലോ! //

  പിന്നെ ലൈഫ് ഓഫ് പൈ പോലുള്ള കോടികൾ വാരിയെറിഞ്ഞ ഹോളിവുഡ് ചിത്രത്തിലെ കടുവക്ക് വേണ്ടി ചെയ്ത ഉന്നത നിലവാരം ഉള്ള ഗ്രാഫിക്സും അനിമെഷനുമൊക്കെ നമ്മുടെ ബട്ജെറ്റ് കുറഞ്ഞ ഏഴാമത്തെ വരവിലെ പാവം നരിക്കു കിട്ടാത്തത് ക്ഷമിക്കാനും പൊറുക്കാനും ഇവിടുത്തെ പ്രേക്ഷകര്ക്ക് കഴിയും. കാരണം അവർ പടം കാണാൻ വന്നിരിക്കുന്നത് ഒരു ഹോളിവുഡ് ടെക്നിക്കൽ മസാല പ്രതീക്ഷിച്ചു കൊണ്ടല്ല. മറിച്ച് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ ഹരിഹരൻ – എം ടി ടീമിന്റെ ഒരു ക്ലാസ് ചിത്രം കാണാം എന്ന പ്രതീക്ഷയിൽ ആണ്.

  //ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ ഒക്കെ ഒരു ആണും ഒരു പെണ്ണും കൂടി അടി കൂടും പോലെ ആണ് തോന്നിച്ചത്! //
  //വെളുത്ത് ചുവന്നു സിൽക്ക് സ്മിതയെ പോലിരിക്കുന്ന ഒരു ആദിവാസി പെണ്ണിനേം ഇടയ്ക്കിടയ്ക്ക് കണ്ടു.//

  ചിത്രത്തിന്റെ നെടുംതൂണ് എന്ന് തന്നെ പറയാവുന്ന ക്ലൈമാക്സിലെ സംഘട്ടനത്തിനു എന്താണ് കുഴപ്പം? വളരെ സ്വാഭാവിക രീതിയിൽ ഉള്ള സംഘട്ടന രംഗം അല്ലെ? സ്ലോ മോഷനും ക്യാമറ ആങ്കിലുകലും വേണ്ടത്ര പരീക്ഷിക്കാത്തത് കൊണ്ടാണോ അങ്ങനെ പറഞ്ഞത്. ആദിവാസി യുവതികൾ എല്ലാവരും കറുത് കരിക്കട്ട പോലെ ആയിരിക്കണം എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ? വെളുത് തുടുത് സുന്ദരികൾ ആയവരും ഈ കൂട്ടത്തിൽ ഉണ്ട് എന്നാ സത്യം താങ്ങൾ മനസ്സിലാക്കുക.

 7. @ Rajesh Namboodiri Edapally

  വയനാട്ടിലെ ആദിവാസികളിലെ ഭൂരിപക്ഷക്കാർ പണിയർ ആണ്. അവർ കാടുമായി അങ്ങനെ വലിയ ബന്ധമുള്ളവരല്ല എന്നതാണ് സത്യം. കാട്ടിൽ പോയി വിറകും തേനും മുളങ്കൂമ്പും നൂറാൻ കിഴങ്ങുമൊക്കെ എടുക്കാറുണ്ടെങ്കിലും പണ്ട് മുതലേ അവർ കർഷക തൊഴിലാളികളായാണ് ജീവിക്കുന്നത്. സ്വന്തമായി കൃഷി ചെയ്യില്ല. മറ്റുള്ളവരുടെ പറമ്പിൽ പണിക്കു പോകും. ഞാൻ കുടകിലെയ്ക്ക് പണിക്കു കൊണ്ടുപോയിക്കൊണ്ടിരുന്നത്‌ കൂടുതലും പണിയരെയാ പിന്നെ വരുന്നത് അടിയോരാണ്. അവരും കാട്ടു വാസികളല്ല. പണിയരെപോലെ കർഷക തൊഴിലാളികൾ (കുറെ കാലം മുൻപ് വരെ ഇവരെല്ലാം അടിമ തൊഴിലാളികളായിരുന്നു.) പിന്നെയുള്ളത് നായ്ക്കന്മാരും കുറുംമ്പന്മാരുമാണ്. കൂട്ടത്തിൽ കാടുമായി ഏറ്റവും ബന്ധം ഈ രണ്ട് കൂട്ടർക്കാ. പിന്നെ ഊരളിമാരുണ്ട്. അവർ കുട്ട, മുറം വട്ടി ഇങ്ങനെ മുളകൊണ്ടു വേലചെയ്യാൻ വിദഗ്ധരാണ്. പിന്നെ കുറിച്യന്മാരെ സാങ്കേതികമായി ആദിവസികളുടെ കൂട്ടത്തിൽ കൂട്ടാമെങ്കിലും അവർ പൊതുവെ ജന്മിമാരായ കൃഷിക്കാരാണ്. നമ്പൂതിരി ഒഴികെ ആരെങ്കിലും തൊട്ടാൽ അവർക്ക് അയിത്തമാണ്. ഇപ്പോഴും! കൊണ്ടോടിയൻ, ഇരുളർ, മുള്ളിക്കുറുമൻ തുടങ്ങി വേറെയും ചില ആദിവാസികളെ ഞാൻ വയനാട്ടിൽ കണ്ടിട്ടുണ്ട്. ഇതിൽ പണിയരും അടിയോരും നായ്ക്കരുമെല്ലാം പൊതുവെ കൽക്കരി പോലെ കറുത്തിരിക്കും (ഇപ്പോൾ അവർക്കിടയിൽ കറുപ്പു നിറം കുറഞ്ഞവരുണ്ട്, എന്നാലും അങ്ങോട്ട്‌ സിൽക്ക് സ്മിത ആയിട്ടില്ല.) കുരിച്യർ പൊതുവെ അൽപ്പം വെളുത്തവരാണ് അതുപോലെ കൊണ്ടോടിയർക്കും ഒരു വിളറിയ വെളുപ്പുണ്ട്. പക്ഷെ രാജേഷു പറഞ്ഞപോലെ വെളുത്തു തുടുത്ത ആദിവാസി പെണ്ണുങ്ങൾ എന്ന് പറയുന്നത് അൽപ്പം അതിശയോക്തിയായിപ്പോയി. വെളുപ്പൊന്നുമില്ലെങ്കിലും മുമ്പൊക്കെ അവരെ കാണാൻ നല്ല ഭംഗിയായിരുന്നു.

 8. കഥയിൽ ആ പെണ്ണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ കല്ലുകടി തോന്നില്ലാരുന്നു. ഇത് ഒരാവശ്യവും ഇല്ലാതെ അതിനെ കൊണ്ടുവന്നു. അവള് സ്ക്രീനിൽ വന്നപ്പഴേ 2 -3 വിസിലടി കേട്ടു. വല്ല “മലയത്തിപെണ്ണിലോ” “കാനന സുന്ദരിയിലോ” ആരുന്നെങ്കിൽ നമുക്കും ഒരു സന്തോഷം ഒക്കെ തോന്നിയേനെ…എന്തോ…ഇതിൽ കണ്ടപ്പോൾ അത്ര സുഹിച്ചില്ല………..! 🙂

  ഹരിഹരൻ – എം ടി ടീമിന്റെ ഒരു ക്ലാസ് ചിത്രം കാണാം എന്ന പ്രതീക്ഷയിൽ ആണ് ഈ പ്രേക്ഷകനും പടം കാണാൻ പോയത്. അത് കാണാൻ കഴിയാതെ വന്നത് കൊണ്ടാണ് അങ്ങനെയൊക്കെ എഴുതിയത്….അത്ര പുശ്ചിച്ചു തള്ളേണ്ട പടമൊന്നുമല്ല ! അതും ശരി തന്നെ! പിന്നെ രാജേഷ്‌ കരുതും പോലെ പ്രേക്ഷകൻ എല്ലാം ക്ഷമിച്ചും പൊറുത്തും ഒരു പടത്തെ വിലയിരുത്തും എന്ന് എനിക്ക് തോന്നുന്നില്ല! അതിന്റെ ആവശ്യം എന്താണ്? ലൈഫ് ഓഫ് പൈ കാണാൻ കൊടുക്കുന്ന അതേ ടിക്കറ്റ്‌ ചാർജ് തന്നെയല്ലേ ഏഴാമത്തെ വരവ് കാണാനും മുടക്കേണ്ടി വരുന്നത്? പിന്നെ എന്തിന് ക്ഷമിക്കണം? ഈ കഥ നല്ല ഒരു സിനിമ ആക്കണമെങ്കിൽ അത്തരം സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ തരമില്ല! അതിനു സാധിക്കില്ല എങ്കിൽ ഇറങ്ങി തിരിക്കാതെ ഇരിക്കുക …അതല്ലേ നല്ലത്? ഓ…ഇത്രെയൊക്കെ മതി ബാക്കി പ്രേക്ഷകൻ അങ്ങ് അഡ്ജസ്റ്റ് ചെയ്തോളും എന്ന മട്ടിൽ എന്തിനാണ് പടം പിടിക്കുന്നത്‌? അല്ല! എന്റെ ഒരു ചിന്താഗതി ഈ രീതിയിൽ ആണ് …………എതിർപ്പുണ്ടെങ്കിൽ ക്ഷമിക്കുക !
  (ദി ഗോസ്റ്റ് ആൻഡ്‌ ദി ഡാർക്ക്‌നെസ് കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ. എന്താണ് ഈ പടത്തിൽ ഹരിഹരന് സാധിക്കാതെ പോയത് എന്ന് വ്യക്തമായി മനസ്സിലാകും.)

 9. @അവിരാ
  വെറുതെ അറിയാൻ വേണ്ടി ചോദിക്കുന്നതാണ്. ആരോടേലും സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ കട്ടി ഉള്ള എന്തേലും മലയാളം വാക്ക് ഉപയോഗിച്ചിട്ട് “വാക്ക്…….ശരിയല്ലേ?” എന്ന് ഒരു കള്ള ചിരിയോടെ ചോദിക്കുന്ന സ്വഭാവം ഉണ്ടായിരുന്നോ പണ്ട് അവിരാച്ചന് ? 🙂

 10. @Alappuzhakkaran
  ഹരിഹരന് ഈ പടത്തിൽ സാധിക്കാൻ പറ്റാതെ പോയത് എന്താണെന് വ്യക്തമായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ താങ്ങൾ പറഞ്ഞ ഈ ഹോളിവുഡ് പടവും അത് പോലുള്ള ദുരുഹൂത, പേടി സ്വഭാവം പുലര്ത്തുന്ന നിരവധി ലോക സിനിമകൾ ധാരാളം കണ്ടിട്ടുമുണ്ട്.
  പ്രേക്ഷകർ അട്ജസ്റ്റ് ചെയ്യണം എന്നല്ല ഞാൻ പറഞ്ഞത്. ലൈഫ് ഓഫ് പൈയുടെത് പോലെ അല്ല ഇവിടെ കഥ പശ്ചാത്തലം. അതിൽ വളരെയധികം പ്രാധാന്യവും സീൻ പ്രേസേന്സും ഉള്ള ഒരു മുഖ്യ കഥാപാത്രം കൂടി ആകുന്നു അതിലെ കടുവ. അപ്പോൾ ഗ്രാഫിക്സ് അനിമേഷൻ സാങ്കേതിക വിദ്യകല്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യണം. പ്രത്യേകിച്ചും അതൊരു ഹോളിവുഡ് ചിത്രം കൂടി ആകുമ്പോൾ. പക്ഷെ നമ്മുടെ ഏഴാമത്തെ വരവിലാകട്ടെ ക്ലൈമാക്സിലെ ഒന്നോ രണ്ടോ സീനിൽ മാത്രമാണ് ഈ സിനിമയിൽ നരി പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്നത്. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊതുയർന്നെങ്കിൽ ഗ്രാഫിക്സിൽ വന്ന ചെറിയ പിഴവ് പൊറുക്കാനും ക്ഷമിക്കാനും നമ്മുടെ പ്രേക്ഷകർക്ക്‌ കഴിഞ്ഞേനെ എന്നാണു ഞാൻ വ്യക്തമാക്കിയത്. പക്ഷെ സംഭവിച്ചതു മറിച്ചാണ്.

 11. ആദിവാസി പെണ്‍ക്കൊടിമാരും fair & lovely ഉപയോഗിക്കാൻ തുടങ്ങിയ കാര്യം ആലപ്പുഴയും അവിരായും ഒന്നും അറിഞ്ഞില്ലേ … 🙂

  @ആലപ്പുഴ

  മലയത്തിപെണ്ണ് , കാനന സുന്ദരി……….. ഹോ , ആ പഴയ കാലം ഓർത്തുപോകുന്നു 🙂

 12. //വെളുത്ത് ചുവന്നു സിൽക്ക് സ്മിതയെ പോലിരിക്കുന്ന ഒരു ആദിവാസി പെണ്ണിനേം ഇടയ്ക്കിടയ്ക്ക് കണ്ടു.//

  എനിക്ക് ഒരു സംശയം . ഈ സില്ക്ക് സ്മിത വെളുത്ത് ചുവന്നു ആയിരുന്നോ ?

 13. ധനേഷ് കൊള്ളാം നല്ല റിവ്യൂ. പറഞ്ഞതെല്ലാം നേര്.

 14. നിലവാരമില്ലാത്ത സിനിമ. കണ്ടുമടുത്ത പ്രണയം, പ്രണയനഷ്ടം, പ്രതികാരം…….ഇത്തരമൊരു പ്രമേയവുമായി എന്തിനാണിവർ ഈ ന്യൂ ജനറെഷൻ പിള്ളേരുടെ ഇടയിലേക്കു വന്നത്?! പഴയ “വമ്പൻ”മാർക്കു പൂർവ്വകാല സ്മൃതികളിൽ അഭിരമിച്ച് വീട്ടിലിരിക്കാനുള്ള സമയമായി
  അസഹനീയമായ ചിലത്…
  -വിനീതിന്റെ സംഭാഷണം
  -ആദിവാസിപ്പെണ്ണുങ്ങളുടെ നൃത്തം
  -ഒരു നരിയുടെ പേരും പറഞ്ഞ് തണ്ടും തടിയുമുള്ള കുറേ ആളുകൾ “തമ്പ്രാ” എന്നു വിളിച്ച് ഓടി വരുന്നത്
  -ബോംബെ രവി ഇല്ലാത്തതു കൊണ്ട് ഹരിഹരന്റെ വകയുള്ള പാട്ടുകൾ
  -ആദിവാസിപ്പെണ്ണിനെ ഷൂട്ടു ചെയ്യലും അവളോടുള്ള സിമ്പതിയും

 15. തിരനാടകത്തിന്റെ പെരുന്തച്ചൻ എം ടി, വാക്കുകൾ പകര്‍ത്തി വെച്ചപ്പോൾ എവിടെയോ മുറിഞ്ഞു പോയതെന്ന് കരുതി നമുക്ക് സമാധാനിക്കാം. ആ മഹാ പ്രതിഭയുടെ മാറ്റളക്കാൻ നിരക്ഷരരായ നാം തുനിയുന്നത് തന്നെ വിഡ്ഢിത്തം. പത്തരമാറ്റിന്റെ ശോഭയോടെതന്നെ ആ പ്രതിഭ അടുത്ത വരവില്‍ പ്രകാശിക്കും എന്ന് മാത്രം നമുക്ക് പ്രത്യാശിക്കാം.

 16. സിൽക്ക്സ്മിത അത്ര വെളുത്ത് ചുവന്നിട്ടാണോ???

  (ചുമ്മാ എരിതീയിൽ എണ്ണ ഒഴിക്കാൻ ചോദിച്ചതാണ് …!!!) 🙂 🙂 🙂

 17. മലയാള സിനിമ കണ്ട എറ്റവും പ്രതിഭാധനനായ തിരക്കഥാകൃത്താണ് എം ടി. പക്ഷെ അവസാനത്തെ രണ്ടു മൂന്നു സിനിമകളിൽ ആ പ്രതിഭ കുറച്ചൊന്നു മങ്ങിയെന്നത് കാണാതിരുന്നിട്ട് കാര്യമില്ല.

 18. ഈ അണ്ണന്മാർ പലിശരാജ എന്നൊരു വളിപ്പ് ഉണ്ടാക്കിയത് ആൾക്കാർ ക്ഷമിച്ചു – അല്ലെങ്കിൽ ആൾക്കാർ അതിന്റെ പൊലിമയിൽ മയങ്ങി (സിനിമ മോശമാണെന്ന് സത്യം പറഞ്ഞ ഒരു ഹിന്ദിക്കാരനെ കൊല്ലാനും പോയി.)

  പലിശരാജയുടെ “വിജയം” തന്ന അഹങ്കാരം “രണ്ടാമൂഴം” സിനിമ ചെയ്യാൻ പ്രചോദിപ്പിച്ചു – വട്ടിപ്പലിശ മൊതലാളി എന്നെ കൊണ്ട് ഇനി ഈ പണി പറ്റില്ല എന്ന് പറഞ്ഞു തടി തപ്പി. (ആലോചിച്ചു നോക്കൂ – ഈ പുലിപ്പടത്തിനു പകരം അതായിരുന്നു ഈ അണ്ണന്മാർ പടച്ചു വിട്ടതെങ്കിൽ!!!) അങ്ങനെ ഇരുന്നു ബോറടിച്ചു അണ്ണന്മാർ “എന്നാൽ നമുക്ക് പഴേ പുലിപ്പടം പിടിച്ചാലോ” എന്നാലോചിച്ചു.

  നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ഏഴാമത്തെ വരവ് അവസാനത്തെ വരവായിരിക്കും…കളരി പരമ്പര ദൈവങ്ങളെ, കാത്തോളനെ.

 19. കാലത്തിനൊത്ത്‌ മാറാൻ കഴിയാത്തൊരു സംവിധായകന്റെ പരാജയം.

 20. എനിക്ക് ഹരിഹരന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ശരപഞ്ജരം 🙂

 21. Dhanesh / ““മൃഗയ” യിലെ നരിയുടെ മൃഗീയത ആ ചിത്രത്തിന്റെ പേര് തന്നെ വിളിച്ചോതുന്നുവെങ്കിൽ ഇവിടെയതല്ല അവസ്ഥ” /

  “മൃഗയ” എന്ന വാക്കിന് നായാട്ട് എന്നാണര്‍ഥം (മൃഗം + അയ). അല്ലാതെ മൃഗീയത എന്ന വാക്കുമായി അതിന് ബന്ധമൊന്നുമില്ല.

 22. @ അവിരാ
  എനിക്കും ശരപഞ്ജരം വളരെ ഇഷ്ടപെട്ട ചിത്രമാണ്. തിരക്കഥ, സംവിധാനം, കാസ്റ്റിംഗ് ഒക്കെ വളരെ പെർഫെക്റ്റ്‌ ആയ പടം. ജയന്റെ ചുരുക്കം നല്ല പടങ്ങളിൽ ഒന്ന്. മലയാറ്റൂരിന്റെ കഥയാണെന്നാണ് ഓർമ്മ.

 23. @chandy
  ഇദ്ദേഹം എം വി ദേവനോ ടി പദ്മനാഭനോ ആണെന്ന് തോന്നുന്നു 🙂

 24. @ anithamurali
  “ഇദ്ദേഹം എം വി ദേവനോ ടി പദ്മനാഭനോ ആണെന്ന് തോന്നുന്നു ”
  ദേവനും പദ്മനാഭനും കൊച്ചു പിള്ളേരല്ലേ. ഞാൻ കുറേകൂടി മൂത്തതാ.

  എന്റെ നിരീക്ഷണം പൊതുവായി കലാകാരന്മാർക്ക് applicable ആണ്. സിനിമാക്കാർ, എഴുത്തുകാർ ഇവർക്ക് ഒരു peak period ഉണ്ട്. എളിമ ഉള്ളവര ആ കാലം കഴിയുന്നത്‌ മനസ്സിലാക്കി രംഗത്തിൽ നിന്നും മാറി നില്ക്കും. ഇതു കായികതാരങ്ങൾക്കും applicable ആണ് – സച്ചിൻ ടെണ്ടുൽക്കർ ഒന്നാംതരം ഉദാഹരണം.

  എം ടി വാസുദേവൻ‌ നായർ ഇനി പുതുതായി എഴുതുന്നത്‌ ഇതു വരെ എഴുതിയതിലും മികച്ചതാകാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. കഴിഞ്ഞ പത്തു വര്ഷം എം ടി അവാർഡുകളും യാത്രകളും സ്വീകരണങ്ങളും വാങ്ങുന്ന തിരക്കിലാണ് (എല്ലാം അർഹതപെട്ടതു തന്നെ). ഇതിനിടയിൽ സമയം ഉണ്ടാക്കി എന്തെങ്കിലും എഴുതിയാൽ അതിനൊരു mediocre സ്വഭാവമേ വരികയുള്ളു.

  പക്ഷെ ഇതെല്ലാം വേണ്ടെന്നു വെച്ച് എം ടി പൊതു രംഗത്ത് നിന്നും മാറി നിന്നാൽ അതിന്റെ പേരില് നമ്മൾ കലഹിക്കും. ഹരിഹരൻ ഒരു director for hire മാത്രമാണ് – അങ്ങേരെ കാര്യമായി എടുക്കേണ്ട കാര്യമില്ല – അയ്യാൾ ജീവിച്ചു പൊക്കോട്ടെ.

 25. വെളുത്തു ചുവന്നു ഒരു സില്‍ക്ക് സ്മിത…. ! കവിയുടെ ഭാവനകള്‍ ! ! ശരപഞ്ജരം REMAKE PLAN ഉണ്ട്‌ എന്നു തോനുന്നു ഹരിഹരന്‍..

 26. മോരും മുതിരയും പോലുള്ള രണ്ടു വിഷയങ്ങളെ ഒന്നിച്ചു കാടിന്റെ പശ്ചാത്തലത്തിൽ വേവിച്ചെടുക്കാൻ ശ്രമിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. കാടു കണ്ടിട്ടില്ലാത്ത എനിക്ക് മുന്നില് exciting ആയി നിറഞ്ഞു നിന്നത് കാടു മാത്രം!!! ബാക്കിയൊക്കെ മഹാ മോശം! എടുതെഴുതാൻ പറ്റാത്തത്ര മോശം!

  എവിടെ നിന്ന് എപ്പോൾ ചാടി വീഴാം, പ്രാണന് മേലെ പിടി മുറുക്കാം എന്നുള്ള അസന്ധിഗ്ദത ഒഴിച്ചാൽ നരിയും പ്രണയവും തമ്മിൽ ചേർത്ത് വായിക്കാൻ വേറെ കാരണങ്ങളൊന്നും ഇല്ല.

 27. @anikkutty
  വർദ്ധിച്ചിരിക്കുന്ന വെളുപ്പിനാൽ ചുവന്നവളും എന്നാൽ സിൽക്കിനെ അനുസ്മരിപ്പിക്കുമാറ്‌ മാദക രൂപ ഭംഗി ആർജ്ജിച്ചവളും ആയവൾ എന്നാണ് ഉദ്ദേശിച്ചത്….മറ്റൊന്നിൻ ധർമ്മ യോഗത്താൽ അത് താനല്ലയോ “ഇത്…” എന്ന് വർണ്ണത്തിൽ ആശങ്ക! ഉല്പ്രേക്ഷ അലങ്കാരം!!! 🙂

 28. @Chandy
  ചിത്രം നിര്മിചിരിക്കുന്ന ആൾ പലിശക്കാരനൊ ബ്ലേഡ് കമ്പനിക്കാരനൊ കൊള്ളരുതാത്തവനോ ആയി എന്ന കാരണം കൊണ്ട് മാത്രം അങ്ങേരു കാശ് മൊടക്കി എടുത്ത സിനിമയെ ഇത്ര മാത്രം പരിഹസിക്കണോ ചാണ്ടിചായോ. പത്തു മുപ്പതു കോടി മുടക്കി ഒരു കൂട്ടം കലാകാരന്മാരുടെ മാസങ്ങൾ നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട പഴശ്ശിരാജ എന്ന ചിത്രത്തെ കേരളത്തിലെ ഭൂരിപക്ഷം പ്രേക്ഷകരും ഇരുകയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ നല്ലൊരു ക്ലാസ്സിക് ചിത്രത്തെ വളിപ്പ് സിനിമ എന്നു പറഞ്ഞു ആക്ഷേപിച്ചതിനു പിന്നിലുള്ള മനശാസ്ത്രം പിടി കിടുന്നില്ല.

 29. @ Ambika
  സലാം!
  റിവ്യൂ നന്നായി. പടം കാണാത്തത് കൊണ്ട് ഒന്നും പറയാനില്ല.

 30. പെർഫെക്റ്റ്‌ റിവ്യു ആണ് ധനേഷ് ! അഭിനന്ദനങ്ങൾ! പറ്റിയാൽ “ദി ഗോസ്റ്റ് ആൻഡ്‌ ദി ഡാർക്ക്‌നെസ് ” ഒന്ന് കാണുമോ? ആ പടത്തിന്റെ കഥയ്ക്കും ഇതിൻറെ കഥയ്ക്കും തമ്മിൽ അതിശയകരമായ പല സാമ്യങ്ങളും ഉണ്ട്!

 31. @ edappally namboodiri

  “ചിത്രം നിര്മിചിരിക്കുന്ന ആൾ പലിശക്കാരനൊ ബ്ലേഡ് കമ്പനിക്കാരനൊ കൊള്ളരുതാത്തവനോ ആയി എന്ന കാരണം കൊണ്ട് മാത്രം അങ്ങേരു കാശ് മൊടക്കി എടുത്ത സിനിമയെ ഇത്ര മാത്രം പരിഹസിക്കണോ ചാണ്ടിചായോ.”

  മലയാള സിനിമയുടെ, അല്ലെങ്കിൽ പൊതുവെ ഇന്ത്യൻ സിനിമയുടെ ഒരു ദുര്യോഗം സിനിമയെക്കുറിച്ചും പൊതുവെ കലാസാംസ്കാരിക രംഗത്തെ പ്രവണതകളെ കുറിച്ചും ഒരറിവും ഇല്ലാത്തവർ producer ആകുന്നതാണ്. ഇവരൊക്കെ ഒരു financier മാത്രമാണ്…ഒരു സ്ക്രിപ്റ്റ് വായിച്ചു അത് നല്ലതാണോ മോശമാണോ എന്ന് സ്വന്തം അഭിപ്രായം ഇവരിൽ എത്രപേർക്ക് പറയാൻ പറ്റും? പലിശ ഗോപാലനും, ഗൾഫിൽ നിന്നും പൈസയുമായി വരുന്ന പുത്തൻപണക്കാരും ഒന്ന് തന്നെ.

  “പത്തു മുപ്പതു കോടി മുടക്കി ഒരു കൂട്ടം കലാകാരന്മാരുടെ മാസങ്ങൾ നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട പഴശ്ശിരാജ എന്ന ചിത്രത്തെ കേരളത്തിലെ ഭൂരിപക്ഷം പ്രേക്ഷകരും ഇരുകയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ നല്ലൊരു ക്ലാസ്സിക് ചിത്രത്തെ വളിപ്പ് സിനിമ എന്നു പറഞ്ഞു ആക്ഷേപിച്ചതിനു പിന്നിലുള്ള മനശാസ്ത്രം പിടി കിടുന്നില്ല.”

  ‘പൈസ മുടക്കി സിനിമ എടുത്തു’ എന്നത് ഒരു സിനിമ നല്ലതാണോ അല്ലയോ എന്നതുമായി എന്ത് ബന്ധമാണുള്ളത്? മലയാള പ്രേക്ഷക സിംഹങ്ങൾ കയ്യും നീട്ടി പല അമേധ്യവും വാങ്ങി വെട്ടി വിഴുങ്ങിയിട്ടുണ്ട് – അത് കൊണ്ട് അതിന്റെ സ്വഭാവം മാറില്ല. നരസിംഹം, ലയനം, ആദ്യപാപം, പളിഷരാജ ഇതെല്ലാം ഒരേ സാധനം തന്നെ – അഭിലാഷയുടെ പൊക്കിളിനു പകരം പദ്മപ്രിയയുടെ പൊക്കിൾ – അതാണ് വിത്യാസം.

 32. Shaju.K.S, ഷബീർ, anikkutty, Alapuzhakaran എല്ലാവര്‍ക്കും നന്ദി.

  ആലപ്പുഴക്കാരന്‍ പറഞ്ഞ ” ദി ഗോസ്റ്റ് ആൻഡ്‌ ദി ഡാർക്ക്‌നെസ് ” ഇന്ന് തന്നെ കണ്ടുകളയാം. ഇനി അടുത്ത എം ടി ചിത്രം ഏതായിരിക്കുമാവോ ..

 33. @@Chandy
  ഐറ്റം ഡാൻസും തട്ടുപൊളിപ്പൻ സംഘട്ടനങ്ങളും നായകന്റെ വണ്‍ മാൻ ഷൊവ്വും കുത്തി നിറക്കാൻ യാതൊരു പഴുതും ഇല്ലാത്ത ചിത്രങ്ങളിൽ പോലും ഇതൊക്കെ വേണമെന്ന് വാശി പിടിക്കുന്ന നിർമാതാക്കൾ ചിത്രത്തിന്റെ കലാ മൂല്യതെക്കാലും സാമ്പത്തിക ലാഭത്തിൽ കണ്ണും നട്ടിരിക്കുന്ന ചെന്നായ്ക്കൾ തന്നെയാണ്. ഇന്ത്യൻ സിനിമയിലെ ചില നിര്മാതാക്കലോക്കെ ഏതാണ്ട് ഈ രീതിയിൽ ചിന്തിക്കുന്ന, സിനിമയെ കുറിച്ചുള്ള അറിവോ കലാബൊധമൊ തൊട്ടു തീണ്ടിയില്ലാത്തവർ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. കഥയോ തിരക്കഥയോ ഒന്നും ഇക്കൂട്ടര് നോക്കില്ല. പക്ഷെ പഴശ്ശിരാജയുടെ കാര്യത്തിൽ ബ്ലേഡ് മൊതലാളി എന്ന് താങ്ങൾ അധിക്ഷേപിച്ച ഗോകുലം ഗോപാലനെ ഈ ഗണത്തിൽ പെടുത്താൻ പറ്റുമോ.

  വടക്കാൻ വീരഗാഥ, പരിണയം പോലുള്ള മികവുറ്റ ക്ലാസ്സിക്‌ ചിത്രങ്ങൾ ഒരുക്കിയ എം ടി-ഹരിഹരൻ ടീം (താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ രണ്ട് അണ്ണന്മാർ) കേരള സ്വാത്രന്ത്ര സമര ചരിത്രത്തിലെ ഒരു ഐതിഹാസിക അദ്ധ്യായം എന്ന് തന്നെ വിളിക്കാവുന്ന കേരളവര്മ പഴശ്ശിരാജയുടെ ജീവ ചരിത്രം സിനിമയാക്കാൻ തുനിഞ്ഞപോൾ അതിനു കോടിക്കണക്കിനു ഉറുപ്പിക മുടക്കാൻ തുനിഞ്ഞത് വഴി എങ്ങനെയാണ് അദ്ദേഹത്തെ മേല്പ്പറഞ്ഞ പോലുള്ള ഒരു തട്ടുപോളിപ്പാൻ നിര്മാതാവിന്റെ ഗണത്തിൽ പെടുത്താൻ പറ്റുന്നത്? ഈ ഘടകങ്ങൾ ഉള്ളത് കൊണ്ട് തന്നെ കേരളത്തിലെ നല്ല സിനിമയെ സ്നേഹിക്കുന്നവര്ക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവം ആയിക്കോട്ടെ എന്ന് മുന്നിൽ കണ്ടു തന്നെയായിരിക്കും അദ്ദേഹം ഈ ചരിത്ര സിനിമ നിര്മിക്കാൻ മുന്നോട്ടിരങ്ങിയത്. അത് കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ ഇങ്ങനെയൊരു നീക്കത്തെ പുചിച്ചു തള്ളുന്നതിൽ തീരെ ന്യായമില്ല.

  പഴശ്ശിരാജ എന്നാ മികച്ച ചിത്രം നരസിംഹതിന്റെയും ലയനതിന്റെയും നിലവാരത്തിൽ ഉള്ളതാണ് എന്നത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാത്രം. ഈ ചിത്രത്തെ ഇഷ്ടപ്പെട്ട നല്ലൊരു ശതമാനം പ്രേക്ഷകർ കേരളത്തിലുണ്ട്

 34. പടം കണ്ടു. വിനീത് തീരെ പോരാ. വിനീത് നമ്മുടെ സ്കൂളില്‍ നിന്നുള്ള കുട്ടി ആണ് എന്നൊക്കെ ഹരിഹരന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടിരുന്നു. പക്ഷെ പുള്ളിയുടെ അഭിനയം കണ്ടിട്ട് സ്കൂളില്‍ പഠിച്ചതിന്റെ ലക്ഷണം ഒന്നും ഇല്ല…

  ഇന്ദ്രജിത്ത് കലക്കി. പത്ത് മുപ്പത് കൊല്ലം മുന്‍പത്തെ ബാലന്‍ കെ നായരെ അനുസ്മരിപ്പിക്കുന്ന (എന്താ ശരിയല്ലേ ! !) പ്രകടനം. കേരള സംസ്ഥാനത്തിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം കിട്ടും എന്ന്‍ കരുതുന്നു…

 35. എന്തായാലും പഴശ്ശിരാജയേക്കാളും നന്നായി ആസ്വദിക്കാവുന്ന,അതിനേക്കാളും കൂടുതല് ഭാവനയും ശ്രമവും ആവശ്യപ്പെട്ട ഒരു സിനിമ. അങ്ങിനെ തോന്നി. പിന്നെ ആര്഼ക്കും എതിരഭിപ്രായമുണ്ടാവാനിടയില്ലാത്ത ഒരു കാര്യം കൂടി പറയാം. ഈ സിനിമയില് ഒരു നരിയേ ഉള്ളൂ. അത് ഇന്ദ്രജിത്ത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *


7 + 5 =