konthayum-poonoolum1

കൊന്തയും പൂണൂലും

ആദ്യം തന്നെ പറയട്ടെ, ഇത്ര സാരസമ്പൂർണവും സാർവഭൗമികവും സന്നിഗ്ദ്ധപരതന്ത്രവും സർവോപരി സങ്കൽപനാക്രന്തനന്തകരവുമായ (മനസ്സിലായില്ല, അല്ലേ? എനിക്കും മനസ്സിലായിട്ടൊന്നുമല്ല. പക്ഷേ, ഈ സിനിമയേക്കുറിച്ച് ഇങ്ങനെയൊക്കെയേ നമ്മൾ പറയാൻ പാടുള്ളു.) ഒരു സിനിമ കണ്ടിട്ട് കാലം കുറേ കഴിഞ്ഞിരിക്കുന്നു. ജിജോ ആന്റണി സംവിധാനം ചെയ്‌ത കൊന്തയും പൂണൂലും എന്ന ചിത്രത്തെ മലയാളസിനിമയുടെ മഹാഭാഗ്യമായിട്ടോ മലയാളസിനിമാപ്രേക്ഷകന്റെ മുജ്ജന്മസുകൃതമായിട്ടോ മാത്രമേ കാണാൻ കഴിയൂ. കന്നടയിലോ തെലുങ്കിലോ ഇംഗ്ലിഷിലോ സ്പാനിഷിലോ ഒക്കെ എടുക്കാമായിരുന്ന ഈ ചിത്രം നമ്മുടെ മലയാളഭാഷയിൽ തന്നെ ചിട്ടപ്പെടുത്താൻ സന്മനസ് കാണിച്ചതിന് സംവിധായകനോടും നിർമാതാവിനോടും സർവശക്തിയുമെടുത്ത് നന്ദി പറയാൻ നമ്മൾ ബാധ്യസ്ഥരാണ്.

FIRST IMPRESSION
പാലക്കാട്ടുള്ള ഒരു ബേക്കറിയുടെ ബോർമ്മയിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെയും (കുഞ്ചാക്കോ ബോബൻ) നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കു കഴിയേണ്ടിവരുന്ന പൂർണഗർഭിണിയായ അയാളുടെ ഭാര്യയുടെയും (ഭാമ) കഥയാണ് കൊന്തയും പൂണൂലും എന്ന സിനിമ എന്നു നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. രാത്രി ഒറ്റയ്ക്കു നിൽക്കുന്ന ഒരു പെണ്ണിനെ (കവിത നായർ) ലൈംഗികമായി ഉപയോഗിക്കാൻ മോഹിക്കുന്ന ഒരു പൊലീസുകാരന്റെയും (കലാഭവൻ മണി) അയാളുടെ പ്രേതപ്പേടിയുടെയും കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. മകളും (അഞ്ജു അരവിന്ദ്) കൊച്ചുമകളും അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിക്കാരുടെയും കടക്കാരുടെയും ദാരിദ്ര്യത്തിന്റെയും പിടിയിൽപ്പെട്ടു നീറുന്ന ഒരു വൃദ്ധപിതാവിന്റെ (ജനാർദനൻ) കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. ഓജോ ബോർഡ് കൊണ്ട് പ്രേതത്തെ ആവാഹിക്കാൻ ശ്രമിച്ച് പൊല്ലാപ്പിലായ കുറച്ചു പെൺകുട്ടികളുടെ കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. കണക്കില്ലാതെ കള്ളു കുടിക്കാൻ പ്രേതസുഹൃത്തിനെ സങ്കല്പിച്ചുണ്ടാക്കിയ ഒരു പലിശക്കാരന്റെ (മനോജ് കെ ജയൻ) കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. പ്രേതങ്ങളുടെ ഫോട്ടോയെടുത്തുവെന്ന് സ്വയം തെറ്റിദ്ധരിച്ച ഒരു ഫോട്ടോഗ്രാഫറുടെ (ജോയ് മാത്യു) കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. കറുത്ത സാരി ഉടുക്കുന്ന ഒരു പ്രേതം പിടിക്കൽ സ്പെഷ്യലിസ്റ്റിന്റെ (ശോഭ മോഹൻ) കഥയാണിതെന്നും നമുക്ക് വേണമെങ്കിൽ പറയാം. പക്ഷേ, അല്ല. (ഈ സ്പെഷ്യലിസ്റ്റ് മീൻ വെട്ടുമ്പോഴും കട്ടൻ കാപ്പി ഉണ്ടാക്കുമ്പോഴും കറുത്ത സാരി ഉടുക്കില്ല, പ്ലീസ് നോട്ട്. )

ഈ പറഞ്ഞതിന്റെയൊക്കെ അപ്പുറത്ത് നീണ്ടുപരന്ന് ഉരുണ്ടുമറിഞ്ഞു കിടക്കുന്ന അനന്തപ്രകമ്പിതസാഗരപ്രമളനമാണിത്. ഈ തീരത്ത് നമുക്ക് വേണമെങ്കിൽ രണ്ടു മണിക്കൂർ ചെന്നിരുന്ന് ചായ കുടിക്കുകയോ പോപ്കോൺ കൊറിക്കുകയോ ചെയ്യാം.

ചുരുക്കിപ്പറഞ്ഞാൽ, ഇതൊരു സാധാരണ സിനിമയല്ല. കൂർമാതിരേകമായ ബുദ്ധിശക്തിയും സൂക്ഷനിരീക്ഷണപാടവേന്ദ്രിയതയും കരഗതമലാതലകമായിട്ടുള്ളവർക്കു മാത്രമേ ഈ ചിത്രത്തിന്റെ അർഥം കുറച്ചെങ്കിലും മനസ്സിലാക്കാനാവുകയുള്ളു. ഇതൊക്കെ ഉണ്ടെങ്കിൽ മാത്രം നമ്മൾ തിയറ്ററിലേക്കു പോയാൽ മതി. നമ്മുടെ നാട്ടിൽ സിനിമ തിയറ്ററുകൾ മാത്രമല്ല 120 രൂപ കൊടുത്താൽ നാലോ മൂന്നോ മസാലദോശ ചൂടോടെ കിട്ടുന്ന സ്ഥലങ്ങളുമുണ്ട്. (ഓർത്തപ്പോൾ അങ്ങു പറഞ്ഞെന്നേയുള്ളു; ജസ്റ്റ് ഫോർ യുവർ ഇൻഫോ. ഡോണ്ട് മിസണ്ടർസ്റ്റാൻഡ് പ്ലീസ്, കേട്ടോ!)

SECOND THOUGHTS
കൊന്തയും പൂണൂലും എന്ന പേരിന് കണ്ടമാനം ആശയഗാംഭീര്യമായിപ്പോയോ എന്നൊരു സംശയം. ഈ പേരിന്റെ അതിനിഗൂഢവും അതിഗാഢവും ആന്ദോളനാത്മകവുമായ അർത്ഥതലങ്ങൾ വെളിപ്പെട്ടുകിട്ടണമെങ്കിൽ വളരെ വളരെ ശ്രദ്ധയോടെ സിനിമ കാണേണ്ടിവരും. ഒരു സീനിൽ പൂണൂലും മറ്റൊരു സീനിൽ കൊന്തയും കാണിക്കുന്നു എന്നതുകൊണ്ടാണ് ഈ സിനിമയ്‌ക്ക് ആ പേരു വന്നത്. എല്ലാവർക്കും അതു മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ലല്ലോ! അതേസമയം കള്ളുഷാപ്പും ബേക്കറിയും, കടലും കട്ടൻകാപ്പിയും, ബാറും ഓട്ടോറിക്ഷയും എന്നിങ്ങനെയുള്ള ഏതെങ്കിലും പേരായിരുന്നെങ്കിൽ സംവിധായകന്റെ ബൗദ്ധികനിലവാരവും മറ്റും സ്വന്തമായിട്ടില്ലാത്ത പ്രേക്ഷകർക്കും കൂടി വല്ലതും മനസ്സിലായേനെ. കാരണം, ഈ പറഞ്ഞതൊക്കെ ഒന്നിലധികം സീനുകളിൽ വരുന്നുണ്ട്.

കൊന്തയും പൂണൂലും അടക്കം അർത്ഥം മനസ്സിലാകാത്ത ഒരുപാട് ബിംബങ്ങളും പ്രതിബിംബങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. ചക്ക എന്നു പേരുള്ള ഒരു ബിംബം ഇടയ്‌ക്ക് ഓടുപൊളിച്ച് വീടീനകത്തു വീഴുന്നുമുണ്ട്. അതിന്റെയെല്ലാം അർത്ഥം മനസ്സിലാക്കണമെന്ന് നമ്മൾ വാശി പിടിക്കുന്നതിൽ അർത്ഥമില്ല. കാരണം ജീവിതം ഒരു സാഗരമാണല്ലോ? (അതുപറഞ്ഞപ്പോഴാണോർത്തത്, സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും കടൽ കാണിച്ചുകൊണ്ടാണ്. കടൽ ഒരു ബിംബമാണോ അതോ അതിലേ പോയപ്പോൾ വെറുതേ കാണിച്ചെന്നേയുള്ളോയെന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്കേണ്ടിവരും.)

LAST WORD
ഈ സിനിമയിൽ ഇടയ്‌ക്കിടെ കേൾക്കുന്ന ഒരു ചോദ്യമാണ്, ‘പ്രേതമുണ്ടോ?’ അതിന്റെ ഉത്തരം സംവിധായകൻ പറയുന്നില്ലെങ്കിലും പ്രേതമുണ്ട് എന്നു തെളിയിക്കുന്ന ഒരു സംഭവത്തോടു കൂടിയാണ് കൊന്തയും പൂണൂലും അവസാനിച്ചത്. A film by Jijo Antony and team എന്ന് സ്‌ക്രീനിൽ എഴുതിവന്ന നിമിഷം, തിയറ്ററിൽ ലൈറ്റ് തെളിഞ്ഞു. അപ്പോഴതാ സീറ്റുകളിൽ നിന്ന് കുറേ പ്രേതങ്ങൾ എഴുന്നേറ്റു പുറത്തേക്കു നടക്കുന്നു! മൊത്തം 12 എണ്ണമുണ്ടായിരുന്നു. അതിലൊരു പ്രേതം ചെറുതായിട്ടൊന്നു കൂവാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഈ സംഭവത്തോടു കൂടി പ്രേതങ്ങൾക്കു കൂവാൻ കഴിയില്ല എന്നും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. (ബാൽക്കണിയുടെ വാതിൽ തുറക്കുന്നത് വലിയൊരു നിലക്കണ്ണാടിയുടെ മുന്നിലേക്കാണ്. അതിൽ 13 പ്രേതങ്ങളെ കണ്ടു. അതൊരു ഗണിതശാസ്ത്രപരമായ സമസ്യയാണോ അതോ വിശദീകരിക്കാനാവത്ത പ്രപഞ്ചസത്യമാണോയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.)

| G Krishnamurthy

28 thoughts on “കൊന്തയും പൂണൂലും”

 1. മരണം,യക്ഷി,മരണാനന്തരം എന്നൊക്കെ കണ്ട് രണ്ടു മണിക്കൂർ സിനിമ നാലു മണിക്കൂർ ഉള്ള പോലെ തോന്നും. നായകൻ ഇല്ലാത്ത ഈ സിനിമക്ക് ന്നയികയുമില്ല. എല്ലാവർക്കും തുല്യ പ്രാധാന്യം. തിരക്കഥ തയ്യാറാക്കിയപ്പോൾ കൂടിയ അളവിൽ കഞ്ചാവടിച്ച പോലുണ്ട്. അല്ലെങ്കിൽ കുറച്ചു ഭേദപ്പെട്ട ഒരു സിനിമ ആയേനെ. എന്തായാലും ക്യാമറക്കാരൻ കൊള്ളാം.

  പഴുത്ത ഇല റോഡിലൂടെ ‘ഉരുണ്ടു’ പോകുന്നത്, വാട്ടർ ബോട്ടിലിൽ നിന്നും റോഡിൽ വെള്ളം പോകുന്നത്, ജോയ് മാത്യുവിന്റെ കഞ്ചാവ് കാഴ്ചകൾ, അംബിക മോഹൻ മത്തി വെട്ടുന്നത്, ഏതോ ഒരു കാർന്നോർ ഒരു മിനുട്ട് ബീഡിവലിക്കുന്നത് ഈ സീനുകളെല്ലാം സംവിധായകന്റെ പ്രതിഭയെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നുണ്ട്.

 2. കൊന്തയും പൂണൂലും എന്ന പേര് കേട്ടപ്പോൾ ഒരു മത സൗഹാർദ കഥ പ്രതീക്ഷിച്ചു. പടം കണ്ടു എന്റെ ഒരു സുഹൃത്ത് പാറഞ്ഞത്‌ ന്യൂ ജനേറേഷൻ ഹൊറർ എന്നാണു, ഒന്നും മനസ്സില്ലാവില്ല .. നാട്ടിലെ ഒട്ടു മിക്ക നാടൻ പ്രേതങ്ങളും കഥാപാത്രങ്ങൾ ആവുന്ന ഹൊറർ…

 3. സിനിമ കണ്ടതാണ് ഇതിലെ ഹൊറർ എന്ന് തോന്നുന്നു. ആദ്യത്തെ 30 minutes ഒന്നും മനസിലാകില്ല. പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാം എന്നാണ് നമ്മൾ മനസിലാക്കേണ്ടത്. നോണ്‍ ലിനീർ സിനിമയെടുക്കാൻ സംവിധയകൻ ശ്രമിച്ചതാണ്, ചീറ്റി പോയി. കുഞ്ചാക്കോ ബോബൻ ഇങ്ങനെ പോയാൽ വീണ്ടും വീട്ടിലിരിക്കും. ചാക്കോച്ചന്റെ ‘താടി’ ഭാഗ്യം കഴിഞ്ഞു 🙂

 4. നാട്ടില്‍ ഇപ്പോള്‍ ഒരു പുതിയ തെറി ഇറങ്ങി- ” ഒരുമാതിരി കൊന്തയും പൂണൂലും പരിപാടി കാണിക്കല്ലേ..”

 5. ബാൽക്കണിയുടെ വാതിൽ തുറക്കുന്നത് വലിയൊരു നിലക്കണ്ണാടിയുടെ മുന്നിലേക്കാണ്. അതിൽ 13 പ്രേതങ്ങളെ കണ്ടു. അതൊരു ഗണിതശാസ്ത്രപരമായ സമസ്യയാണോ അതോ വിശദീകരിക്കാനാവത്ത പ്രപഞ്ചസത്യമാണോയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

  ഹ ഹ ഹ ചിരിച്ചു മരിച്ചു. ഇനിയും മുടങ്ങാതെ റിവ്യൂ എഴുതണേ. ടെൻഷൻ നിറഞ്ഞ ജോലികൾക്കിടെ മനസു നിറഞ്ഞ് ചിരിക്കാം. ഇത്തരം വ്യാജ സിനിമകൾക്ക് കാശുമുടക്കാതെ കുറച്ചു പേരെങ്കിലും രക്ഷപ്പെടുകയും ചെയ്യും. മൂർത്തി സാർ ഒരു social service ആണു ചെയ്യുന്നത്.

 6. @ GK
  ഇതാണ് ശരിയായ റിവ്യൂ. മരം അറിഞ്ഞു കൊടിയിടുക എന്നൊരു ചൊല്ലില്ലേ … അത് പോലെ, ഒരു സിനിമ അറിഞ്ഞു കൊടുക്കുന്ന റിവ്യൂ with ജി കെ സ്പെഷ്യൽ Spices. LAST WORD തകർത്തൂ…. ഈ റിവ്യൂ ഈ സിനിമയുടെ അണിയറ പ്രവർത്തകർ വായിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോവുന്നു….!!

  ഒന്ന് ചോദിക്കട്ടെ, ഈയിടെയായി താങ്കൾ ഇങ്ങനെ ഇടയ്ക്കിടെ അപ്രത്യക്ഷമാവുന്നത് എങ്ങോട്ടാണ് ??? ഒരു സിനിമ ഇറങ്ങുന്നു എന്നറിഞ്ഞാൽ ആദ്യം മനസ്സിൽ തോന്നുക താങ്കൾ ആ സിനിമയെ എങ്ങിനെ റിവ്യൂ ചെയ്യും എന്നാണ്…. !!!

 7. Back with a bang!!!!!!

  മൂർത്തി സർ കത്തിയും കൊണ്ട് കാത്തിരുന്ന പോലെ, കീറി മുറിച്ചു പൊളിച്ചടുക്കി !!

  ഈ മാതിരി ചവറു പടം കൊണ്ടുള്ള ഏക ഗുണം, മൂർത്തിയുടെ വെടികെട്ടു റിവ്യൂ വായിക്കാം ചിരിക്കാം…!

 8. @Jay
  “ഒരു സിനിമ ഇറങ്ങുന്നു എന്നറിഞ്ഞാൽ ആദ്യം മനസ്സിൽ തോന്നുക താങ്കൾ(GK) ആ സിനിമയെ എങ്ങിനെ റിവ്യൂ ചെയ്യും എന്നാണ്…. !!!”
  Very Correct

 9. കണ്ടിട്ട് കുറെയായി. അവസാനത്തെ സീന്‍ ഇപ്പോഴും ഹോണ്‍ട് ചെയ്യുന്നത് കൊണ്ട് മാത്രം. നല്ല സിനിമ തന്നെയാണ് കൊന്തയും പൂണൂലും, പക്ഷെ വളരെ ഡിപ്രസ്സിങ്ങും…! നോണ്‍ ലീനിയരായി പ്രേതകഥ പറയുകയാണ് ചിത്രം. പ്രേതം ഉണ്ടോ എന്ന ചോദ്യത്തിന് ഒരു പക്ഷെ ആദ്യ മനുഷ്യ മരണത്തോളം പഴക്കമുണ്ടാവാം.ഉത്തരമില്ലാത്ത ചോദ്യത്തിന് പക്ഷം പിടിക്കാതെ ഒരു ഭാഷ്യം തീര്‍ക്കാനുള്ള ശ്രമമാണ് ചിത്രം.
  പ്രേതമാണ്‌ എന്ന തെറ്റിദ്ധരിക്കല്‍, അതുകൊണ്ടുള്ള ഭയം, പ്രേതം ഫോട്ടോയില്‍ പതിയുമോ എന്ന ചോദ്യം, പ്രേതമുണ്ട് എന്ന് പറഞ്ഞു പറ്റിപ്പിക്കുന്ന അവസ്ഥ, പ്രേതത്തെയാണ് കണ്ടത് എന്ന് തെറ്റിധരിച്ചുണ്ടാവുന്ന ഭയം, ശരിക്കുള്ള പ്രേതം ഇതില്‍ എന്തെങ്കിലും സെന്‍സുള്ള കഥ ശരിക്കുള്ള പ്രേതത്തിന്റെ ആണ്. ബാക്കിയെല്ലാം സിനിമക്ക് ഗുണം ചെയ്യുന്നില്ല എന്ന് മാത്രമല്ല, ആ ഡിപ്രഷന്‍ ഫാക്ടറിനു ചെറുതല്ലാത്ത സംഭാവന നല്‍കുന്നുമുണ്ട്.
  പടം കഴിഞ്ഞു പുറത്തിറങ്ങിയാലും മനസ്സില്‍ നില്‍ക്കുന്നത് മൂന്നു ചിത്രങ്ങള്‍ മാത്രം- മടിയില്‍ തല വച്ചു കിടക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ തലോടിക്കൊണ്ട് ദൂരേക്ക് നോക്കിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍, ഇന്നലെ വരെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ്/സ്നേഹിതന്‍ മരിച്ചിട്ട് മൂന്നു ദിവസമായി എന്ന സത്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഭാര്യയും സുഹൃത്തും… ആനാവശ്യമായ രക്തം ചീന്തലുകളോ, ആക്രോശങ്ങളോ ഇല്ലാത്ത, വെള്ള സാരിയുടുത്ത് പാട്ട് പാടി പ്രതികാര ദാഹിയായി വരുന്ന യക്ഷികള്‍ ഇല്ലാത്ത, വികാരങ്ങളും വിചാരങ്ങളും ഉള്ള പ്രേതങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍, കാണാനുള്ള ക്ഷമയും കണ്ടിറങ്ങുമ്പോള്‍ ഉള്ള ആ ഡിപ്രസ്സിവ് ഫീല്‍ താങ്ങാനുള്ള ശേഷിയുമുണ്ടെങ്കില്‍…. ആണെങ്കില്‍ മാത്രം, കൊന്തയുംപൂണൂലും നിങ്ങള്‍ക്കുള്ളതാണ്.

 10. /ബാൽക്കണിയുടെ വാതിൽ തുറക്കുന്നത് വലിയൊരു നിലക്കണ്ണാടിയുടെ മുന്നിലേക്കാണ്. അതിൽ 13 പ്രേതങ്ങളെ കണ്ടു. അതൊരു ഗണിതശാസ്ത്രപരമായ സമസ്യയാണോ അതോ വിശദീകരിക്കാനാവത്ത പ്രപഞ്ചസത്യമാണോയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.//

  പതിമൂന്നാമത്തെ പ്രേതം തന്റെ പ്രേതാവസ്ഥയിൽ നിന്നും മോചനം പ്രാപിക്കുന്നതിന് മുമ്പ് തന്നെ റിവ്യൂ വും എഴുതിത്തീർത്തു എന്ന് വേണം കരുതാൻ. അല്ലാതെ ഈ ഫീൽ കിട്ടില്ല! ഒരു ഇടുക്കി ഗോൾഡ്‌ അടിച്ച പോലായി. വായിച്ചു കഴിഞ്ഞപ്പോൾ നല്ല കിക്ക്.

 11. @ G K
  കുറേ കാലത്തിനു ശേഷം ഒരു റിവ്യൂ വായിച്ചു മനസ്സറിഞ്ഞു ചിരിച്ചു . thank u sirji.

 12. എന്റെ കൃഷ്ണ മൂർത്തി സർ നിങ്ങൾ ഇങ്ങനെ ഒള്ള കൂതറ സിനിമ ഒക്കെ കണ്ടു അതിലെ റിവ്യൂ എഴുതുന്നത്‌ വായിക്കാൻ വളരെ തമാശ ആണ്. അതിന്ടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവരെയും നന്നായിട്ട് തന്നെ വലിച്ചു വാരി ഉടുത്തിട്ടുണ്ട്. പക്ഷെ ഒരു കാര്യം ചിദ്ധിക്കുക ഒരു പതിനഞ്ചു വര്ഷം മുൻപ് ഒള്ള സിനിമകളുടെ പതിനാറു അയലത് കൂടി പോവില്ല ഇന്നത്തെ സിനിമ. വെറും കോപ്രയങ്ങുലും കൊച്ചു കുട്ടികൾ പോലും ചിരിക്കാൻ അറക്കുന്ന തറ കോമെടികളും ആണ് ഇന്നത്തെ സിനിമ.ഞാൻ അടുത്ത് ഇട ഉരു അബത്തം കാണിച്ചു അറിയാതെ പോയി ഒരു പടത്തിന് തല വച്ച് കൊടുത്ത് എങ്ങനെ തിയേറ്ററിൽ നിന്നും ഇറങ്ങി ഓടാം എന്ന് മാത്രം ആയിരുന്നു ആ സിനിമ തുടങ്ങിയത് മുതൽ ആലോചിച്ചത് താങ്കള്ക്ക് സമയം കിട്ട്ടുവനെങ്കിൽ ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണണം. അത് മറ്റൊന്നുമല്ല നമ്മടെ സൂപ്പർ സ്റ്റാർ ജയറാം സർ തകര്ച്ചു അഭിനിയിച്ച ഉത്സാഹ കമ്മിറ്റി. താങ്കളിൽ നിന്നും ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു.

 13. @ sukes

  ഉത്സാഹ കമ്മിറ്റിക്കാൾ വൃത്തികെട്ട ഒരു പടം അടുത്തിടെ ടീ വിയിൽ കണ്ടു, സലാം കശ്മീർ. ജയറാം വെറുപ്പിച്ചു കൊന്നു കയ്യിൽ തരും. നസീറിന്റെ വികലമായ ചേഷ്ടകളുമായി ജയറാമിന്റെ കഥാപാത്രം ആ സിനിമയിൽ കാണിക്കുന്ന കോപ്രായങ്ങൾക്ക് കണക്കില്ല. ജയറാം അണ്ണന്റെ കൂടെ സുരേഷ് ഗോപി കൂടെ ചേരുമ്പോൾ പ്രേക്ഷക വധം ബാലെ ഗംഭീരം. സംവിധായകൻ ജോഷി ഇതിനൊക്കെ എങ്ങിനെ തല വെച്ചു കൊടുത്തു എന്നാണ് മനസ്സിലാവാത്തത്.

 14. പിന്നെ മൂര്തി എഴുതിയതുപോലെ അത്രക്ക് പൊളിപടം ഒന്നും അല്ല. മറ്റൊരു കാര്യം സ്പൂണ്‍ ഫീഡിംഗ് ശീലിച്ച ഭൂരിപക്ഷം പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെടില്ല.നല്ലൊരു കിടു മൂവി. സംവിധയകന്‍ നല്ല കാര്യമായിട്ട് തന്നെ അധ്വാനിച്ചിട്ടുണ്ട്. വ്യതസ്ത പ്രമേയം എന്ന് പറഞ്ഞു വരുന്ന പടങ്ങളെ പോലെയല്ല. ഇത് സംഭവം വ്യത്സ്തം തന്നെയാണ്.ഇതിന്റെ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അതിഗംഭീരം. ക്യാമറ ,ബിജിയേം ഒക്കെ ഒരു ക്ലാസ് നിലവാരം ഉള്ള പടം. ബിജി എം എന്ന് വച്ചാല്‍ നിശബ്ധത കൊണ്ട് നമ്മളെ പേടിപ്പെടുത്തുന്നു.ഒരു പക്ഷെ മലയാള സിനിമയില്‍ ഭയം ക്രിയേറ്റ് ചെയ്യാന്‍ ഇങ്ങനെ ഒരു രീതി ഉപയോഗിച്ച അപൂര്‍വ്വം പടങ്ങളില്‍ ഒന്നാണ്. മനോജ്‌ കെ ജയന്‍ വീട്ടില്‍ വച്ചു ജോണിയും ആയുള്ള സീനിലെ ക്യാമറ വര്‍ക്ക്‌ മാത്രം മതി ഈ പടത്തിന്റെ ക്വളിടി അറിയാന്‍. അതേപോലെ അഭിനേതാക്കള്‍ എല്ലാം ഗംഭീരമായി, അവരുടെ വേഷം മുതല്‍ ബോഡി ലാംഗ്വേജ് വരെ എല്ലാം കൃത്യം ആയപോലെ.കുറെ നാള്‍ കൂടി ഒരു ക്ലാസ് പടം കാണാന്‍ കഴിഞ്ഞു. ഇതൊരു വന്‍ വിജയം ആകേണ്ടിയിരുന്ന പടം ആയിരുന്നു. പക്ഷെ നാളെ ഇതൊരു നല്ല പടം ആയി വാഴ്ത്തപ്പെടും. സമ്മതിക്കാന്‍ ഒരു വിഷമവും ഇല്ലാതെ പറയെട്ടെ ”conjuring ”നെക്കാളും ഭയം ക്രിയേറ്റ് ചെയ്യുന്നുണ്ട്.പക്ഷെ അത് വെറും ക്യാമറയും,ലൈറ്റ് ഉം,ആ നിശബ്ദതയും കൊണ്ടാണെന്ന് അറിയുമ്പോള്‍ ആണ് Jijo Antony ക്ക് ഒരു ഹാറ്റ്സ് ഓഫ്‌ കൊടുത്തു പോകുക.എന്തായാലും ഇങ്ങേര്‍ക്ക് ഒരു ക്ലാസ്സ്‌ നിലവാരം ഉണ്ട്.ആ മോര്‍ച്ചറി സീനില്‍ മഴതുള്ളി വീഴുന്ന ശബ്ദം വരെ ഒരു പേടി ഉണ്ടാക്കി.ഇത് കാണാതെ പോകരുത് ..നഷ്ടം ആയിരിക്കും

  മലയാളികളുടെ ആസ്വാദന നിലവാരത്തെ കുറിച്ചുള്ള അമിത വിശ്വാസമാണ് ഈ സംവിധായകന് സംഭവിച്ച ഏക പിഴവ്. ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കാര്യം കഥാപാത്രങ്ങളുടെ കണ്ണിലൂടെ ആണ് സിനിമ പോകുന്നത്. ആദ്യം പാലത്തിന്റെ താഴെ ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്ന സീന്‍, നമ്മളില്‍ ഭയം സൃഷ്ട്ടിക്കുന്നത്, കലാഭവന്‍ മണിയുടെ വ്യൂ കാണിച്ചത് കൊണ്ടാണ്, പിന്നീട് ജോയ് മാത്യൂ അടുത്തു പോയി ഫോട്ടോ എടുക്കുമ്പോള്‍ മാത്രമാണ്, അത് വേറൊരു പെണ്‍കുട്ടി ആയിരുന്നു എന്ന് നമ്മളെ കാണിച്ചു തരുന്നത്. അതൊക്കെ ക്ലാസ് ലെവല്‍ ആയിരുന്നു. ചിത്രം കണ്ട പലര്‍ക്കും ഇതൊന്നും മനസിലായില്ല എന്നതാണ് വസ്തുത. മരണം എന്ന യാധാർത്യവുമായി പൊരുത്തപ്പെട്ടതിനു ശേഷവും അയാൾ തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ ഉണ്ട്. പക്ഷെ അവർ കാണുന്നില്ല. കാരണം, ഇനി അയാൾ ഇല്ല എന്ന ചിന്ത അവരുടെ മനസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഗോസ്റ്റ് ഉണ്ടോ ഇല്ലയോ എന്ന്.. ഉണ്ടെന്നു പറയുന്നവര്‍ക്ക് അവരുടെതായ തെളിവുകളും, ഇല്ലാന്ന് പറയുന്നവര്‍ക്ക് അവരുടെതായ തെളിവുകളും ഉണ്ടാകും. രണ്ടും കണ്വിൻസിംഗ് ആകുക ഓരോതരുടെ അനുഭവം വച്ചാണ്. അവിടെ സംവിധായകന് അതിന്റെ അസ്ഥിത്വം ഒരു തീരുമാനം ആയി ഏന്‍ഡ് ചെയ്യാന്‍ പറ്റില്ല. അതൊരു ബ്രില്യന്റ് എന്ടിംഗ് ആയിരുന്നു.

 15. @DONSY,
  IS IT LIKE “MULHOLLAND DRIVE” OR “CHITRASOOTHRAM” RELEASED FEW YEARS AGO? OR IF ONE WATCH ATTENTIVELY ,WOULD ONE GET A SENSE OF THE STORY?

 16. @ ഡോന്‍സി
  //……..അതൊക്കെ ക്ലാസ് ലെവല്‍ ആയിരുന്നു. ചിത്രം കണ്ട പലര്‍ക്കും ഇതൊന്നും മനസിലായില്ല എന്നതാണ് വസ്തുത. മരണം എന്ന യാധാർത്യവുമായി പൊരുത്തപ്പെട്ടതിനു ശേഷവും അയാൾ തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ ഉണ്ട്. പക്ഷെ അവർ കാണുന്നില്ല. …//

  ഇതൊക്കെ തന്നെയാണ് പ്രശ്നം….. മനുഷ്യന് മനസ്സിലാവുന്ന തരത്തിൽ സിനിമയെടുത്തുക്കൂടെ ..?? മനസ്സിലാവാത്ത സിനിമയെടുത്താൽ അത് കാണാൻ ആർക്കാണ് താത്പര്യമുണ്ടാവുക. പ്രേക്ഷകനു ഈസിയായി മനസ്സിലാവുന്ന സിനിമകൾ വരെ പൊട്ടി പൊളിഞ്ഞു വീഴുന്നു, പിന്നെയാണ് ഇത്തരം dark സിനിമകൾ.

 17. @Jay,
  In the case of Painting,most of the times they are abstract works.Still they get appreciation.Why dont this follow in the case of films?I am not saying that a mass audience will watch these films.But there would be audience for such films , isn’t it?

 18. //മനുഷ്യന് മനസ്സിലാവുന്ന തരത്തിൽ സിനിമയെടുത്തുക്കൂടെ ..??//
  //പ്രേക്ഷകനു ഈസിയായി മനസ്സിലാവുന്ന സിനിമകൾ വരെ പൊട്ടി പൊളിഞ്ഞു വീഴുന്നു//
  മേല്‍പറഞ്ഞത് ഒരാളുടെ ചോദ്യവും, മറ്റൊരാളുടെ മറുപടിയുമാണ് എന്നു കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. രണ്ടും ഒരാളാണ് പറയുന്നത്, അതും അടുത്തടുത്ത വാചകങ്ങളില്‍.

  ജയ് ഒരേ സമയം വിരുദ്ധ അഭിപ്രായമാണ് പറയുന്നത്. പ്രേക്ഷകന് മനസ്സിലാവുന്ന സിനിമകളും അയാള്‍ കാണാന്‍ താല്പര്യപ്പെടുന്ന സിനിമകളും മാത്രമേ എടുക്കാവുള്ളൂ എന്നു നിബന്ധന വെച്ചാല്‍ കഷ്ടത്തിലാവും. പിന്നെ ആര്‍ക്കും സിനിമ പിടിക്കാന്‍ പറ്റില്ല. ഞാനും, നിങ്ങളും ഉള്‍പ്പെടുന്ന പ്രേക്ഷകന്‍ എന്ന ജന്തുവിഭാഗത്തിന്റെ മാനസിക നില ഇതുവരെ സിനിമാ പിടുത്തക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് കാരണം.

  നല്ല സിനിമകളില്ലേേേേ… എന്നു നിലവിളിക്കും. നല്ലൊരു സിനിമ തിയറ്ററിലുണ്ടെങ്കില്‍ ആ വഴിക്കു പോവില്ല. മസാല ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറും, കയ്യടിക്കും… ആര്‍പ്പു വിളിക്കും, എന്നിട്ട് പുറത്തിറങ്ങി പറയും, അയ്യേ കാശും, സമയവും കളഞ്ഞു എന്ന്.കുറേക്കാലം കഴിഞ്ഞ് ഒരു പുന:കാഴ്ച എഴുതിയിട്ട് പറയും, ഇതൊരു ഗംഭീരന്‍ സിനിമയായിരുന്നു, എന്നാല്‍ ഇതിറങ്ങിയ കാലത്ത് ആരും കാണാനില്ലാതെ കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നുവെന്ന്.

 19. @ phenomenon

  /////////……ജയ് ഒരേ സമയം വിരുദ്ധ അഭിപ്രായമാണ് പറയുന്നത്. ..////

  കണ്ടാൽ മനസ്സിലാവുന്ന സിനിമകൾ എന്ന് ഞാൻ പറഞ്ഞത് എന്താണെന്ന് മേനോന് മനസ്സിലായില്ല എന്ന് തോന്നുന്നു. ഒരു ഉദാഹരണം പറയാം, ഒഴുകുന്ന പുഴയിലെ ഒരു പാറക്കലിൽ നായകൻ അകലെയുള്ള ഒരു മലയിലേക്ക് നോക്കി ഇരിക്കുന്നു. ഇടക്കിടെ താടി ചൊറിയുന്നു. രണ്ടു മൂന്നു മിനുട്ടോളം ക്യാമറ ഇതു തന്നെയാണ് സ്ക്രീനിൽ കാണിക്കുന്നത്. ഞാൻ എന്ന പ്രേക്ഷകന് ഒന്നും മനസ്സിലായില്ല. സംവിധായകനോട് ചോദിച്ചു, ഭവാൻ എന്താണ് ഉദ്ദേശിച്ചത്. മറുപടി വന്നു, മല നായകന്റെ നടക്കാതെ പോയ സ്വപ്നങ്ങളുടെ കൂമ്പാരമാണ്, പുഴയിലെ പാറക്കൽ അമ്മയുടെ മടിത്തട്ടിനെ പ്രതിനിധാനം ചെയ്യുന്നു. ഒഴുകുന്ന പുഴയുടെ കളകളാരവം അമ്മയുടെ താരാട്ടാണ്. ഇടക്കിടെ താടി ചൊറിയുന്നത്, ആഗ്രഹങ്ങളുടെ ശല്യത്തെ കാണിക്കുന്നതാണ്. സംവിധായകന്റെ നായകൻ നടക്കാതെ പോയ സ്വപ്നങ്ങളെ നോക്കി നെടു വീർപ്പിട്ടതാണ് സ്ക്രീനിൽ കണ്ട രണ്ടു മൂന്നു മിനുട്ടുകൾ എന്ന് സംഗ്രഹം. സ്ക്രീനിൽ കണ്ടത് എന്താണെന്ന് പ്രേക്ഷകന് മനസ്സിലാവാൻ സംവിധായകനോ അല്ലെങ്കിൽ മറ്റാരെങ്കിലും ക്ലാസ്സ്‌ എടുക്കേണ്ട അവസ്ഥ വന്നാൽ അത് കഷ്ടമാണ്.

  പ്രേക്ഷകനു ഈസിയായി മനസ്സിലാവുന്ന സിനിമകൾ വരെ പൊട്ടി പൊളിഞ്ഞു വീഴുന്നു എന്ന് പറഞ്ഞതിനെ കുറിച്ച്, താങ്കൾ കണ്ടു കാണുമോ എന്നറിയില്ല “ഷട്ടർ ” എന്ന സിനിമ. സംവിധായകനോ അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമ പണ്ഡിതരോ വന്നു ക്ളാസ് എടുത്തു പറഞ്ഞു തരേണ്ടാതല്ലാത്ത ഒരു സിനിമ. കണ്ടവരൊക്കെ രസിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്ത ഒരു സിനിമ. പക്ഷേ, ഈ സിനിമ തിയ്യേറ്ററിൽ വിജയം നേടാനാവാതെ പോയി. അത് എന്ത് കൊണ്ടായിരുന്നു. ? അതുപോലെ 101 ചോദ്യങ്ങൾ , മഞ്ചാടി കുരു, ഒഴിമുറി ഇന്നിങ്ങനെ പട്ടിക നീളും. അത് കൊണ്ടാണ് പറഞ്ഞത്‌ ചിലപ്പോൾ പ്രേക്ഷകന് രസിക്കുകയും ഈസിയായി മനസ്സിലാവുകുകയും ചെയ്യുന്ന സിനിമകൾ വരെ പരാജയപ്പെട്ടു പോവുന്നു. പിന്നെയാണോ സിനിമ പണ്ഡിതർ വന്നു ക്ളാസ് എടുത്തു തരേണ്ട സിനിമകളുടെ കാര്യം.

  @ harikrishnan raveendran

  //…..In the case of Painting,most of the times they are abstract works.Still they get appreciation.Why dont this follow in the case of films?…….//

  പെയിന്റിംഗും സിനിമയും രണ്ടും രണ്ടല്ലേ …? അഞ്ചോ പത്തോ മിനുട്ടിൽ കൂടുതൽ ഒരു പെയ്ന്റിംഗ് ആരെങ്കിലും നോക്കി നിൽക്കുമോ. അതുപോലെയാണോ രണ്ടോ രണ്ടരയോ മണിക്കൂറുള്ള സിനിമകൾ. കച്ചവടപരമായി വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു ചിത്രം ഈസിയായി പ്രേക്ഷകനുമായി സംവേദിച്ചിരുന്നുവെങ്കിൽ കാലമെത്ര കഴിഞ്ഞാലും ആ സിനിമയെ വീണ്ടും കാണാനും ചർച്ച ചെയ്യാനും പ്രേക്ഷകർ ഇഷ്ടപ്പെടും. നമ്മുടെ സുവർണ്ണ സിനിമകൾ ഏറ്റവും വലിയ ഉദാഹരണം.

 20. @phenomenon
  chodyavum utharavum thankal thanne paranjallo ?
  “ഞാനും, നിങ്ങളും ഉള്‍പ്പെടുന്ന പ്രേക്ഷകന്‍ എന്ന ജന്തുവിഭാഗത്തിന്റെ മാനസിക നില ഇതുവരെ സിനിമാ പിടുത്തക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് കാരണം.”
  “നല്ല സിനിമകളില്ലേേേേ… എന്നു നിലവിളിക്കും. നല്ലൊരു സിനിമ തിയറ്ററിലുണ്ടെങ്കില്‍ ആ വഴിക്കു പോവില്ല. മസാല ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറും, കയ്യടിക്കും… ആര്‍പ്പു വിളിക്കും, എന്നിട്ട് പുറത്തിറങ്ങി പറയും, അയ്യേ കാശും, സമയവും കളഞ്ഞു എന്ന്.കുറേക്കാലം കഴിഞ്ഞ് ഒരു പുന:കാഴ്ച എഴുതിയിട്ട് പറയും, ഇതൊരു ഗംഭീരന്‍ സിനിമയായിരുന്നു”

 21. @jay,
  have you seen “kanchana seetha”? i tried to watch but couldn’t stand more than 5 minutes. Maybe i wasnt upto the level demanded by that movie. So i cant say that movie was bad. Adoor has once replied to this question ,”To enjoy Kathakali, one must have a knowledge about it. Likewise to criticise a movie, one must first study it”.

 22. എന്താണ് മനസിലാകുന്ന സിനിമകള്‍ എന്നത് കൊണ്ട് ഉധേസിച്ചത് ??? ഒരു സ്പൂണ്‍ ഫീഡിംഗ് ആണോ? എല്ലാം വള്ളി പുള്ളി വിടാതെ കഥാപാത്രങ്ങളെ കൊട്നു പറയിപ്പിച്ചു കാണുന്ന പ്രേക്ഷകനെ മനസിലാക്കിപ്പിക്കുന്ന തരം സിനിമകള്‍ ആണെകില്‍, അക്കൂട്ടത്തില്‍ പെടാത്ത ഒന്നായിപ്പോയി ഈ പടം. ഫോര്‍ മി ഇത് ഒരു ക്ലാസ് പടം ആണ്.

Leave a Reply

Your email address will not be published. Required fields are marked *


1 + = 6