appothikkiri1

അപ്പോത്തിക്കിരി

ഏറെ നാളിനുശേഷം ഒരു മലയാളം സിനിമ റിലീസ് ദിവസം തിയറ്ററില്‍ പോയി കണ്ടു. “അപ്പോത്തിക്കിരി” എന്ന ഈ മലയാള സിനിമ ഞാന്‍ ആദ്യദിവസം കണ്ടതിനു പിറകില്‍ ചില കാരണങ്ങളുണ്ട്. ആദ്യം അതിനെപ്പറ്റി പറയാം, അതിനുശേഷം സിനിമയെക്കുറിച്ച്…

“മേല്‍‌വിലാസം” എന്ന ആദ്യസിനിമയിലൂടെ തന്നെ മലയാളസിനിമയില്‍ സ്വന്തമായി ഒരു മേല്‍‌വിലാസമുണ്ടാക്കിയ മാധവ് രാംദാസ് ആണ് ഈ സിനിമ സം‌വിധാനം ചെയ്തത് എന്നതാണ് ഏറ്റവും പ്രധാനകാരണം. തിയറ്റര്‍ കളക്ഷന്‍ കണക്കിലെടുക്കുമ്പോള്‍ പരാജയപ്പെട്ട ഒരു സിനിമയായിരുന്നു മേല്‍‌വിലാസം. ആ സിനിമ പിന്നീട് കണ്ടപ്പോള്‍ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു ഈ സം‌വിധായകന്റെ അടുത്ത സിനിമ ഞാന്‍ തിയറ്ററില്‍ പോയി കാണുമെന്നത്.

കേരളത്തിലെ ഏതൊരു സാധാരണക്കാരനും തോന്നുന്ന ചില അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ സുരേഷ്‌ ഗോപി എന്ന കലാകാരന്റെ സിനിമകള്‍ ബഹിഷ്ക്കരിക്കാനുള്ള ഒരുകൂട്ടം ഖദര്‍ധാരികളുടെ ആഹ്വാനത്തോടുള്ള പ്രതിഷേധമാണ് രണ്ടാമത്തെ കാരണം. അതുപോലെ ആരാധകര്‍ എന്ന പേരില്‍ ചില ക്വട്ടേഷന്‍ സംഘങ്ങള്‍ റോഡില്‍ അഴിഞ്ഞാടിയതിന്റെ പേരില്‍ ആസിഫ് അലിയുടെ സിനിമകള്‍ തടയുമെന്നു പറഞ്ഞ ശിവസേനക്കാരോടുള്ള പ്രതിഷേധവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ഞാന്‍ ഇവരുടെ ആരുടേയും ആരാധകനല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ…

ഇനി സിനിമയിലേയ്ക്ക്… “അപ്പോത്തിക്കിരി” – മാധവ് രാംദാസ് തന്റെ രണ്ടാമത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തോന്നിയ ഒരു സംശയമാണ് ‘എന്താണ് ഈ അപ്പോത്തിക്കിരി?’ എന്നത്. ഒരു ദിവസം വാര്‍ത്തയില്‍ അതിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ അമ്മ പറഞ്ഞു, പണ്ട് വൈദ്യന്മാരെ വിളിച്ചിരുന്ന പേരാണ് അപ്പോത്തിക്കിരി എന്ന്. എങ്കിലും എന്താവും ഈ ടൈറ്റിൽ കൊണ്ട് സം‌വിധായകന്‍ ഉദ്ദേശിക്കുന്നതെന്ന് സിനിമ കാണുന്നതുവരെ ഒരു കൗതുകമായിരുന്നു.

സിനിമ തുടങ്ങുന്നത് “അപ്പോത്തിക്കിരി” എന്ന ഹോസ്പിറ്റല്‍ കാണിച്ചു കൊണ്ടാണ്. പിറന്നുവീഴുന്ന കുഞ്ഞിന്റെ പൊക്കിള്‍കൊടി വേര്‍പെടുത്തുമ്പോള്‍ അതോടൊപ്പമുള്ള രക്തവും കോശങ്ങളും ശീതീകരിച്ചു സൂക്ഷിച്ചാല്‍ കുഞ്ഞു വലുതാവുമ്പോള്‍ വരാന്‍ സാധ്യതയുള്ള പലവിധ രോഗങ്ങളുടെ ചികിത്സയ്ക്കും ഫലപ്രദമായ പ്രതിവിധിയായി അതിനെ ഉപയോഗപ്പെടുത്താമെന്നു പറഞ്ഞ് കുട്ടിയുടെ ബാപ്പയേയും കുടുംബാംഗങ്ങളേയും ക്യാന്‍‌വാസ് ചെയ്യാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കുന്നതു കാണിച്ചുകൊണ്ട് വരാന്‍ പോകുന്നകാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തമായ സൂചന ആദ്യ ഷോട്ടില്‍ തന്നെ സം‌വിധായകന്‍ നല്‍കുന്നു.

അവസാനം നമ്മുടെ കുഞ്ഞിന്റെ ഭാവിക്കുവേണ്ടിയല്ലേ? ഇതങ്ങ് സൂക്ഷിച്ചു വച്ചാല്‍ പിന്നെ രോഗങ്ങളെയൊന്നും പേടിക്കണ്ടല്ലോ? എന്നൊക്കെ പറഞ്ഞ് ആശുപത്രിയില്‍ 50000 രൂപ ഫീസായി അടക്കാന്‍ ആ കുടുംബം തീരുമാനിക്കുന്നു. ആളുകളുടെ അറിവില്ലായ്മയേയും, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയേയും ചൂഷണം ചെയ്യുന്ന ആധുനിക ഹോസ്‌പിറ്റൽ മാനേജ്‌മെന്റിന്റെ വികൃതമുഖം.

ഒരു അപകടത്തില്‍ പരിക്കേറ്റ ഡോ.വിജയ് നമ്പ്യാരെ (സുരേഷ് ഗോപി) നാട്ടുകാര്‍ ഒരു മീന്‍‌വണ്ടിയില്‍ അത്യാസന്നനിലയില്‍ “അപ്പോത്തിക്കിരി”യില്‍ കൊണ്ടുവരുന്നതാണ് തുടര്‍ന്ന് കാണിക്കുന്നത്. അതേ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി വിഭാഗം തലവനാണ് അദ്ദേഹം. പ്രജ്ഞയറ്റ് ആസ്പത്രിക്കിടക്കയില്‍ കിടക്കുന്ന വിജയ് നമ്പ്യാരെ മുന്നില്‍ നിര്‍ത്തി ആധുനിക വൈദ്യശാസ്ത്രരംഗത്തെ ശരിതെറ്റുകളെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് പിന്നീടുള്ള രംഗങ്ങളിലൂടെ സം‌വിധായകന്‍ ചെയ്യുന്നത്. കോര്‍ട്ട് മാര്‍ഷല്‍ പശ്‌ചാത്തലമാക്കി ഒരു കോടതിമുറിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മുടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളേയും സവര്‍ണ്ണമേല്‍ക്കോയമയേയും മറ്റും കീറിമുറിച്ച് പരിശോധിച്ച ചിത്രമായിരുന്നല്ലോ “മേല്‍‌വിലാസം”. ഏതാണ്ട് സമാനമായ ഒരു ആഖ്യാനശൈലിയാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്.

ഒരു ആശുപത്രിയുടെ പരിമിതിക്കുള്ളിലാണ് ആദ്യാവസാനം കഥ നടക്കുന്നത്. പ്രജ്ഞയറ്റ് തങ്ങളുടെ പ്രഗത്ഭനായ ഡോക്ടര്‍ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതിയും ചികിത്സാ വൈഭവവും മുന്നില്‍ കണ്ട് തുടങ്ങിയ പുതിയപദ്ധതികളുടെ ഭാവിയെന്താവുമെന്നു മാത്രം ചിന്തിക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ്. അതുപോലെ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച് ശസ്ത്രക്രിയ കാത്തുകഴിയുന്ന കുറേ രോഗികള്‍.

പതിയേ ഡോക്ടറുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശി സുബിന്‍ ജോസഫ് (ജയസൂര്യ) എത്തുന്നു. ശരിയും തെറ്റും എന്താണെന്ന് വ്യക്തമായി അറിയാമെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ദത്തില്‍ ചില തെറ്റുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കേണ്ടി വരുന്നു ഡോക്ടര്‍ക്ക്. വൈദ്യശാസ്ത്ര ചരിത്രം മറയാക്കി അവയില്‍ ചിലതിനെ ന്യായീകരിക്കാനും അയാള്‍ ഒരു വൃഥാശ്രമം നടത്തുന്നുണ്ട്. കുറ്റബോധത്താല്‍ നിരന്തരം വേട്ടയാടപ്പെട്ടിട്ടും അയാള്‍ തന്റെ തെറ്റുകള്‍ തിരുത്താനാവാതെ ഉഴറുകയാണ്.

ചില രോഗികളുടെ അവസ്ഥ കാണിച്ചുകൊണ്ട് എങ്ങനെയാണ് ഇന്ന് ആശുപത്രികള്‍ ആതുരസേവനം എന്നപേരില്‍ പാവങ്ങളെ പിഴിയുന്നതെന്ന് കാണിക്കുന്നു. ഹോസ്പിറ്റലില്‍ ഹൈടെക് ഉപകരണങ്ങളുണ്ട് എന്നതിന്റെ പേരില്‍ മാത്രം ചെയ്യേണ്ടിവരുന്ന അനാവശ്യ ടെസ്റ്റുകള്‍, കൂടുതല്‍ കമ്മീഷന്‍ തരുന്ന മരുന്നു കമ്പനിക്കുവേണ്ടി കുറിക്കപ്പെടുന്ന വിലകൂടിയ മരുന്നുകള്‍, പാവങ്ങളുടെ നിസ്സഹായാവസ്ഥയേയും അറിവില്ലായ്മയേയും ചൂഷണം ചെയ്ത് രോഗികളുടെമേല്‍ നടത്തുന്ന മരുന്നു പരീക്ഷണങ്ങള്‍ അങ്ങനെ സാമൂഹ്യപ്രസക്തിയുള്ള ഒരുപാട് വിഷയങ്ങള്‍ ഇതിനിടയില്‍ വിശകലനം ചെയ്യപ്പെടുന്നു.

കഥയുടെ അധികം വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല. “അപ്പോത്തിക്കിരി” എന്ന പേര് എന്താണെന്ന് അന്വര്‍ത്ഥമാക്കുന്ന ഒരു മനോഹരമായ ക്ലൈമാക്സില്‍ പടം അവസാനിയ്ക്കും എന്നു മാത്രം പറയട്ടെ… 🙂

PLUSES
മാധവ് രാംദാസ് എന്ന സം‌വിധായകന്റെ കയ്യൊപ്പ് തന്നെയാണ് ഏറ്റവുമാദ്യം പറയേണ്ടത്. വളരെ വ്യത്യസ്തമായ, അതേസമയം സങ്കീര്‍ണ്ണവും, കാലിക പ്രസക്തിയുള്ളതുമായ ഒരു വിഷയം അതര്‍ഹിക്കുന്ന ഗൗരവത്തോടെ പറയാന്‍ സാധിച്ചു എന്നത് സം‌വിധായകന്റെ വിജയമാണ്.

ഈ സിനിമ നിർമിച്ചിരിക്കുന്നത് രണ്ട് ഡോക്ടര്‍മാര്‍ (ഡോ.  ബേബി മാത്യു , ഡോ. ജോർജ് മാത്യു) ചേര്‍ന്നാണ്. വൈദ്യശാസ്ത്രരംഗത്തെ ജീർണതകളെ പുറത്തുകൊണ്ടുവരുന്ന ഒരു സിനിമ ഡോക്ടര്‍മാര്‍ തന്നെയാണ് നിർമിച്ചതെന്നത് ഒരു വിരോധാഭാസമായി തോന്നാം. എങ്കിലും ഇത്തരം ഒരു പ്രമേയം പറയുന്ന സിനിമ നിർമിക്കാനുള്ള അവരുടെ തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നു.

സമീപകാലത്ത് കണ്ട സുരേഷ്‌ ഗോപിയുടെ ഏറ്റവും മികച്ച പ്രകടനം (സുരേഷ്‌ ഗോപിയുടേതായി അവസാനം കണ്ട നല്ലസിനിമ ‘മേല്‍‌വിലാസം’ ആണെന്നാണ് ഓർമ). തീപ്പൊരി ഡയലോഗുകളുടെ കാലം കഴിഞ്ഞതോടെ സുരേഷ്‌ ഗോപിയുടെ ഗ്രാഫും താഴോട്ടായിരുന്നു; അതുപോലെ രണ്ടാം‌വരവില്‍ ഡയലോഗ് ഡെലിവറിക്ക് പഴയമൂര്‍ച്ചയില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ ക്ലൈമാക്സ് രംഗങ്ങള്‍ മാത്രം മതി സുരേഷ്‌ ഗോപിഎന്ന നടന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കാന്‍.

ഈ സിനിമയ്‌ക്കു വേണ്ടി ജയസൂര്യ മുന്നൊരുക്കങ്ങളുടെ ഫലം സിനിമയില്‍ കാണാനുണ്ട്. ഒരു രോഗിയുടെ ബോഡി ലാംഗ്വേജ് സിനിമയിലുടനീളം നിലനിര്‍ത്തുന്നതിന് അത് സഹായിച്ചു. സംസാരരീതി “ജനപ്രിയന്‍” എന്നസിനിമയിലേതിന് സമാനമാണെങ്കിലും, അഭിനയം പതിവുരീതിയിലുള്ള കണ്ണുരുട്ടലും, പൊട്ടന്‍‌കളിയുമല്ലാതെയാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. “കയ്യില്‍ അധികം പൈസയൊന്നുമില്ല; തത്ക്കാലം വേദനമാറാന്‍ എന്തെങ്കിലും മരുന്നുമതി” എന്നുപറയുന്നത് ഒരു സാധാരണക്കാരന്റെ എല്ലാവിധ വൈഷമ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ടാണ്.

സുരേഷ്‌ ഗോപിയുടെ അച്ഛനായി അഭിനയിച്ച ശിവകുമാർ വളരെ പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അതുപോലെ തമ്പി ആന്‍റണി, ഇന്ദ്രന്‍സ്, മീരാനന്ദന്‍ എന്നിവര്‍ തുടങ്ങി ചെറിയവേഷങ്ങള്‍ ചെയ്തവര്‍ പോലും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.

മനസ്സില്‍ സ്പര്‍ശിക്കുന്ന നല്ല സംഭാഷണങ്ങളുണ്ട്. “അല്ലെങ്കിലും ആളുകളേക്കാള്‍ അക്കങ്ങള്‍ക്കാണല്ലോ ഇവിടെ പ്രാധാന്യം”, “സുഖപ്പെടുത്താനായി ദൈവം മുറിപ്പെടുത്തും; ആ മുറിവില്‍ ഉപ്പ് പുരട്ടുന്നവരാണ് വൈദ്യന്മാര്‍”, പിന്നെ ക്ലൈമാക്സ് ഡയലോഗുകള്‍ എന്നിവ ഉദാഹരണം.

ഒരു ആശുപത്രിയുടെ പരിമിതികള്‍ക്കുള്ളില്‍നിന്ന് കഥപറയുന്നതില്‍ കലാസം‌വിധായകന്റെയും, ക്യാമറാമാന്റെയും പങ്ക് എടുത്തുപറയേണ്ടതാണ്. Script Consultant എന്നപേരില്‍ കുറേ ഡോക്ടര്‍മാരുടെ പേരുകള്‍ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. വൈദ്യശാസ്ത്രരംഗത്തെ മുന്‍‌നിര്‍ത്തി കഥ പറയുമ്പോള്‍ എഴുത്തുകാരന്‍ കൂടിയായ സം‌വിധായകന്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിരുന്നു എന്നു ചുരുക്കം.

MINUSES
സത്യം പറഞ്ഞാല്‍ ആസിഫ് അലിക്ക് ഈ സിനിമയില്‍ എന്താണ് റോള്‍ എന്ന് എനിക്ക് മനസ്സിലായില്ല. അങ്ങേര് മനുഷ്യനാണോ, ദൈവമാണോ, പിശാചാണോ എന്നൊക്കെ ചിലപ്പോള്‍ പ്രേക്ഷകര്‍ സംശയിച്ചു പോവും. പിന്നെ വലതുകയ്യിലെ വാച്ച് ഉണ്ടായില്ലെന്നു തോന്നുന്നു (അതോ ഞാന്‍ വിട്ടുപോയതാണോ ആവോ??). ആ ക്യാരക്ടര്‍ തന്നെ സിനിമയിലില്ലെങ്കിലും അതു മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിലും ഒരു മാറ്റവും ഉണ്ടാവുമായിരുന്നില്ലെന്ന് തോന്നുന്നു.

പൂര്‍ണ്ണമായും സംഭാഷണങ്ങളിലൂടെ കഥപറഞ്ഞ ചിത്രമായിരുന്നു ‘മേല്‍‌വിലാസം’. എന്നാല്‍ ‘അപ്പോത്തിക്കിരി’യിലെത്തുമ്പോള്‍ സംഭാഷണങ്ങളേക്കാള്‍ നായക കഥാപാത്രത്തിനുണ്ടാവുന്ന illusions-ലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചിലപ്പോള്‍ അത്തരം സീനുകള്‍ അധികമാകുന്നുണ്ടോ എന്നൊരു സംശയം. പ്രത്യേകിച്ചും ക്ലൈമാക്സിനുമുമ്പ് സാങ്കല്പിക ലോകത്തില്‍ നടക്കുന്നതായി കാണിക്കുന്ന സീനുകള്‍.

ചിലപ്പോള്‍ മെലോഡ്രാമ അല്‍‌പ്പം കൂടിപ്പോയോ, പശ്ചാത്തലസംഗീതം ആവര്‍ത്തനവിരസതയുണ്ടാക്കുന്നുണ്ടോ എന്നൊക്കെയും തോന്നി.

EXTRAS
ഈ സിനിമയില്‍ രോഗിയായി അഭിനയിക്കുന്നതിനു വേണ്ടി ജയസൂര്യ പത്തുകിലോയോളം ശരീരഭാരം കുറച്ചു. അതുപോലെ ചില നിര്‍ണ്ണായക സീനുകളില്‍ അഭിനയിക്കാൻ രണ്ട് ദിവസം പട്ടിണി കിടന്നു എന്നും കേട്ടു. എന്തായാലും അതൊന്നും വെറുതെയായില്ലെന്ന് ജയസൂര്യയ്ക്ക് അഭിമാനിക്കാം.

തിയ്യറ്ററില്‍ ഞാനടക്കം വെറും അമ്പതുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മേല്‍‌വിലാസം, ആദാമിന്റെ മകന്‍ അബു, ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 B, 101 ചോദ്യങ്ങള്‍, … മികച്ച സിനിമകളായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമകളുടെ നിരയിലേയ്ക്ക് ഈ ചിത്രം കൂടി ചേര്‍ക്കപ്പെടാതിരിയ്ക്കട്ടെ.

മെഡിക്കല്‍ രംഗത്തെക്കുറിച്ച് എനിക്ക് പരിമിതമായ അറിവുമാത്രമാണ് ഉള്ളത് എന്നതിനാല്‍ അത്തരത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്നറിയില്ല. അതുപോലെ ഇതിന് ഏതെങ്കിലും വിദേശസിനിമകളുമായി ബന്ധമുണ്ടോ എന്നും 😉

അടിമുടി കീറി പരിശോധിച്ചാല്‍ ഇനിയും കുറവുകള്‍ കണ്ടെത്താനായേക്കും. എങ്കിലും സമകാലിക പ്രസക്തിയുള്ള വ്യത്യസ്തമായ ഒരു സിനിമ കാണാനിറങ്ങുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം.

LAST WORD
“മേല്‍‌വിലാസം”പോലെ വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ധൈര്യമായി ഈ സിനിമ കാണാം. അതല്ല വീക്കെൻഡില്‍ പോപ്‌കോണും കയ്യില്‍ പിടിച്ച് വല്ല ഡപ്പാംകുത്ത് സിനിമകള്‍ മാത്രം കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ വഴിക്കു പോയേക്കരുത്…

| Abhilash Manjul

46 thoughts on “അപ്പോത്തിക്കിരി”

 1. കാലിക പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമക്ക് ‘അവാര്ഡ് സിനിമക്കാരും’ ടിവി സീരിയലുകളും പിന്തുടരുന്ന പരിചരണം നല്കിയതിനാല്‍ പലപ്പോഴും ക്ഷമയെ പരീക്ഷിക്കുന്ന ഒന്നായിമാറി.
  ഇന്ദ്രന്‍സും, ചില സീനുകളില്‍ ജയസൂര്യയും മികച്ച അഭിനയം കാഴ്ചവെക്കുന്നു.
  സുരേഷ് ഗോപി നിസ്സഹായനായി അന്തംവിട്ട് അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ടെ ങ്കി ലും
  ക്ലൈമാക്സ് ആയപ്പോഴെക്കും ‘ഭരത് ചന്ദ്രന്‍’ കയറി വരുന്നുണ്ട്.
  BGM പല സീനുകളെയും നന്നായി വെറുപ്പിക്കുന്നു.

 2. Oru film athinte back ground music veche ethratholam veruppikkan pattum enne ariyanamenkil ithe kandaal mathi.Kazhutha morunnathe pole ullaa aa background karachil. sahikkan pattoola. Valare intresting aaya film ine avasaanam Konde konne kola vilichillel sahikkilla ennu thonnum avasanathe 20 min kandaaal.

  Athine pattiya oru actorum asif ali…entammo..sahikkilla aa jeeviye….

  Ee indransine enthu konde bakki directors aarum kanunnillaa. manassil ninnum pokunnilla. chila scenes okke… athe pole thanne jayasuryayum….

 3. നല്ല സിനിമ, ഇത് സംവിധായക സിനിമ . അഭിനേതാക്കളേക്കാൽ സിനിമയിൽ പറയുന്ന കാര്യങ്ങൾക്കു മാത്രം പ്രാധാന്യമുള്ള സിനിമ.

  അല്പം ഇഴച്ചിൽ, പിന്നെ കാര്യം പറയുമ്പോൾ ഉണ്ടാകുന്ന മുഷിച്ചിൽ തുടങ്ങിയവ കാര്യമായി ഉണ്ട്. ഇത് അടിപൊളി പടം കാണാൻ വരുന്നവര്ക്ക് ഇഷ്ടപെടനം എന്നില്ല.

  ആശുപത്രി മഫിയകൾക്കും മരുന്ന് മഫിയകൾക്കും ഈ സിനിമ ഇഷ്ടപ്പെടാൻ ഒരു വഴിയും ഇല്ല. ചില സമരവും പ്രതിഷേധവും എവിടെ നിന്നാണ് എന്ന് സിനിമ കണ്ടാൽ വ്യക്തമായി മനസ്സിലാകും.

  എന്തായാലും നമ്മൾ കുഴിക്കുന്ന കുഴികൾ നമുക്കും ബാധകമാണ് എന്ന് ഓർക്കുന്നത് നന്ന്.

 4. ഇത് ഒരു സിനിമ അല്ല… യാഥാര്‍ത്ഥ ജീവിതമാണ്‌… എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം …!!!

 5. എല്ലാവരും കൂടി ഈ പൊക്കി പുരപ്പുറത്തു കയറ്റി വെക്കുന്ന “മേല്‍വിലാസം” എന്ന സംഭവം എങ്ങനെ മുഴുവന്‍ കുത്തിയിരുന്ന് കണ്ടു ആള്‍ക്കാര്‍ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ബാലെ മോഡല്‍ ഡയലോഗുകള്‍ നിറഞ്ഞ ഒരു രണ്ടു മണിക്കൂര്‍ വേസ്റ്റ് .

 6. Good theme. Movie would have had a better impact if it was crisply edited avoiding major parts towards the end. BGM was horrible. Even though dragging it leaves you disturbed. In that way Director can hold his head high as message gets conveyed.
  This is not a movie for fun.

 7. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ… 😀

  ഇത്രയും നാളും “മൂവിരാഗ”യില്‍ ജി.കൃഷ്ണ മൂര്‍ത്തിയെപ്പോലെയുള്ളവര്‍ എഴുതിയിരുന്ന റിവ്യൂകള്‍ വായിച്ചാസ്വദിക്കുകയും, മലയാളത്തിലെ 100 സുവര്‍ണ്ണ സിനിമകളെക്കുറിച്ചുള്ള അവലോകനങ്ങളും, പദ്മരാജന്‍ സിനിമകളുടെ ആസ്വാദനങ്ങളും പതിവായി പിന്തുടരുകയും ചെയ്തിരുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‍റെ അഭിപ്രായങ്ങള്‍ മൂവിരാഗ വിലമതിയ്ക്കുന്നു എന്നറിയുമ്പോള്‍ വളരെ വളരെ സന്തോഷം…

  It keeps me Motivated to focus on writing !!

  ഫേസ്ബുക്കിലൂടെയും മറ്റും അഭിപ്രായങ്ങള്‍ പറയുകയും, പോരായ്മകള്‍ ചൂണ്ടി കാണിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി… 🙂

 8. @ Babu Alex
  //എല്ലാവരും കൂടി ഈ പൊക്കി പുരപ്പുറത്തു കയറ്റി വെക്കുന്ന “മേല്‍വിലാസം” എന്ന സംഭവം എങ്ങനെ മുഴുവന്‍ കുത്തിയിരുന്ന് കണ്ടു ആള്‍ക്കാര്‍ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ബാലെ മോഡല്‍ ഡയലോഗുകള്‍ നിറഞ്ഞ ഒരു രണ്ടു മണിക്കൂര്‍ വേസ്റ്റ് .//

  അതെനിക്കിഷ്ടപ്പെട്ടു! ഇതെന്റെ മാത്രം തോന്നലാണെന്നാണ് കരുതിയിരുന്നത്. മേൽവിലാസത്തിനു സിനിമ എന്ന ഒരു മേൽവിലാസം തന്നെ കൊടുക്കാമോ എന്ന് സംശയമാണ്. ഷൂട്ട് ചെയ്തു, തീയേറ്ററിൽ പ്രദർശിപ്പിച്ചു , ഡി വി ഡി റിലീസ് ചെയ്തു ഒക്കെ ശരി തന്നെ. എന്നാലും കണ്ടത് ഒരു നാടകമല്ലേ എന്നാണു ഇപ്പോഴും സംശയം.

 9. സിനിമ എന്നെ നിരാശപെടുത്തി സീരിയൽ പോലെ തോന്നി പ്രതേകിച്ചും ആ BGM ആശുപത്രിയിൽ കൃത്രിമത്വം അനുഭവപ്പെട്ടു
  പ്രമേയം മാത്രം നോക്കിയാണോ ഒരു സിനിമ മികച്ചത് എന്ന് പറയുന്നത് ? അങ്ങനെയാണെങ്കിൽ ഒരു ഡോകുമെനട്രി എടുത്താൽ പോരെ ജയസുര്യ ഒഴികെ മറ്റാരുടെയും അഭിനയം എനിക്കിഷ്ടപെട്ടില്ല. അവിര, ആലപ്പുഴക്കാരൻ , അംബിക, ജയ്‌ തുടങ്ങിയവരിൽ നിന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ പ്രീതീക്ഷികുന്നു.

 10. Infact ‘melvilasam’ is an imperfect copy of a well crafted hindi movie ‘shaurya’ released in the year 2008.

 11. @Jayan
  \\Infact ‘melvilasam’ is an imperfect copy of a well crafted hindi movie ‘shaurya’ released in the year 2008.//
  And ‘Shaurya’ drew ‘inspiration’ from the 1992 Tom Cruise, Jack Nicholson starrer ” A few good men ” 🙂

 12. ഈ സിനിമ കണ്ടില്ലെങ്ങിൽ മലയാളത്തിൽ ഇതു വരെ ഇറങ്ങിയ ഏറ്റവും മികച്ച 20 സിനിമകളിൽ ഒന്ന് നഴ്ടപെടും, നിങ്ങൾക്ക്‌…സദയത്തിനു ശേഷം മനസിനെ ഇത്ര കണ്ടു ഉലച്ച മറ്റൊരു മലയാള സിനിമ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല!

  അതെ, പറഞ്ഞു വരുന്നത് അപ്പോത്തിക്കിരിയെ കുറിച്ചാണു…..

  നമ്മുടെതോ അല്ലെങ്ങിൽ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെയോ ഇനിയുള്ള സ്വപ്‌നങ്ങൾ കറുപ്പിലാണോ വെളുപ്പിൽ ആണോ രേഖപ്പെടുതെണ്ടത് എന്നറിയാൻ, ആശുപത്രി വരാന്തയിൽ , നീല പെയിന്റ് അടിച്ച ചാര്ബെഞ്ചിൽ സിസ്റെര്മാരുടെ വിളി കാത്തു ഇരിക്കുന്ന ആ നിമിഷങ്ങൾ ആണ് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും ഉദ്യോഗജനകമായ ഫ്രെയിമുകൾ ..
  അവിടെ അടച്ചിട്ട ആ വാതലിനു അപ്പുറം വെളുത്ത കോട്ടിട്ട ഒരു മനുഷ്യൻ ഉണ്ടെന്നും അയാൾക്ക് ദെവതിന്റെ രൂപം ആണെന്നും അയാളുടെ വിരലുകൾക്ക് ഇതു രോഗവും ഇല്ലാതാക്കാൻ കഴിയുന്ന മാന്ത്രികത ഉണ്ടെന്നും ഉള്ള വിശ്വാസം ആണ് ആ നിമ്ഷങ്ങളിലെ നമ്മുടെ പ്രതിക്ഷ.ആ വിശ്വാസിത തകരുപ്പോൾ നിസഹായകനായി പൊകുന്ന സാധാരണ മനുഷ്യന്റെ ഭാവങ്ങൾ വേഷപകർച്ച കൊണ്ടു അഭിനയ മികവു കൊണ്ടും അവതരിപ്പിച്ച് ജയസൂര്യ എന്ന നടൻ വിസ്മയിപ്പിചു കളഞ്ഞു.

  സുരേഷ് ഗോപി തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലർത്തി. (ഈ തിരിച്ചു വരവെങ്ങിലും നല്ലതിന് ആയാൽ മതിയായിരുന്നു!) പ്രിയപ്പെട്ടവന്റെ ജീവിതം നീട്ടി എടുക്കാൻ ആരുടെ മുന്നിലും ഇരക്കാൻ മടി കാട്ടാത്ത ഒരച്ഛന്റെ സങ്ങടങ്ങൾ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു ഇന്ദ്രൻസ് (എവിടെ ആയിരുന്നു സാർ നിങ്ങൾ ഇതുവരെ? ).

  ഈ പടത്തിനു പണം മുടക്കിയ ആ രണ്ടു ഡോക്ടര്മാർ ; തങ്ങൾ ജോലി ചെയ്യുന്ന മേഖലയിലെ പുഴുകുത്തുകൾ തുറന്നു കാട്ടാൻ തയ്യാറായ ആ മനസിന്‌ നല്ല നമസ്ക്കാരം..

  ഇനി പറയേണ്ടത് സംവിധായകനെ കുറിച്ചാണ്; “ഒരുപാടു ആളുകളുടെ മുഖമടച്ച് അടി കൊടുത്ത” മേൽവിലാസം ഒരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി ആയിരുന്നില്ലെനെന്നും, മികച്ചവ വരാൻ ഇരിക്കുന്നതെ ഉള്ളന്നും തെളിയിച്ചു മാധവ് രാംദാസ് .. ബ്ലെസ്സിയിലുടെ അവസാനിച്ചു എന്ന് കരുതിയ സമാന്തര സിനിമ ലോകത്തിലേക്ക്‌ എഴുതി വയ്ക്കാം ഈ പേര് കു‌ടി. പൂക്കട്ടെ ആ നല്ല സിനിമ കാലം (തിയറ്ററിൽ മേൽവിലാസത്തിന്റെ അവസ്ഥ വരാതിരിക്കട്ടെ)

  എല്ലാവരും അപ്പോത്തിക്കിരിമാർ ആകുന്ന കാലം (ഡോക്ടർമാർ മാത്രമല്ല, റോഡുകൾ നന്നാക്കുന്നവനും, പാലം പണിയുന്നവനും, ബസ്‌ ഓടിക്കുന്നവനും, സര്ക്കാര് ജീവനക്കാരും മന്ത്രിമാരും സിനിമ പിടിക്കുന്നവനും എന്ജിനീയരും കല്യാണ ബ്രോക്കർമാരും ) വരും എന്ന് (വെറുതെ ) തോന്നിക്കാൻ ആയി ഈ സിനിമക്ക്;

  പിൻകുറിപ്പ്‌ : കുറുക്കന്മാരുടെ ശല്യം ഇല്ലാതെ സിനിമ കാട്ടാൻ ആകുന്നുണ്ട്, മൾടിപ്ലെക്സുകൾക്ക് … വഴി തെറ്റി കയറിയവനും കുടിച്ച കള്ളിന്റെ പറ്റു വിടാൻ കയറുന്നവനും ചേർന്ന് അലമ്പ് ആക്കുമായിരുന്ന തിയറ്റർ കാഴ്ച്ചകളെ ആസ്വധാനത്തിന്റെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട് മൾടിപ്ലെക്സുകൾ!!

 13. മേൽവിലാസം ഒന്നിലേറെ തവണ കണ്ട ഒരാളാണ് ഞാൻ . എനിക്ക് ഇഷ്ടപ്പെടാത്തതെല്ലാം മോശം എന്ന് പറയുന്നത് ശരിയാണോ?

 14. if a film is good or watchable mass will watch. MELVILASAM oru drama pole thonniyulloo. ithineyum othiri pokkunnundu, pinne oru karyam ivied oru padan collect cheyunnenkil athu nalla padam thane ayirikkum, box office will show the results.

 15. agree with Babu Alex and Jayaram to a great extend about ‘Melvilasam’, adaptation of Surya Krishnamurti’s play to the screen more or less like an one act play…..

 16. Shaurya ഞാൻ കണ്ടിട്ടില്ല. മേല്വിലാസവും A Few Good Men ഉം കണ്ടു. military പശ്ചാത്തലം ഉണ്ട് court martial ഉണ്ട് എന്നല്ലാതെ രണ്ടും തമ്മിൽ കാര്യമായ ഒരു സാമ്യം എനിക്ക് തോന്നിയിട്ടില്ല. NTK പറഞ്ഞ പോലെ surya krishnamoorthi യുടെ ഒരു നാടകത്തിന്റെ adaptation ആണ് മേൽവിലാസം എന്നാണ് എന്റെ അറിവ്. തെറ്റാണെങ്കിൽ തിരുത്താം.

  പിന്നെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട ഒരു സിനിമ ആണ് മേൽവിലാസം. കോടതി മുറിയുടെ പരിമിതി ഉണ്ടെങ്കിലും വളരെ convincing ആയി കഥ പറയുന്ന ഒരു സിനിമയാണ് അത്.

 17. പഞ്ചാബി നാടകകൃത്തും നോവലിസ്റ്റുമായ സ്വദേശ് ദീപകിന്റെ Court Martial എന്ന പ്രശസ്ത നാടകം ആണ് ഈ മേൽ വിലാസത്തിന് ആധാരം. സുര്യ കൃഷ്ണമൂർത്തി അത് മലയാള നാടകം ആക്കി അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അല്ലാതെ അങ്ങോർ അല്ല അതിന്റെ ഉടമ!

 18. Apothecary is a good film especially by the standards of contemporary malayalam cinema. But it did not reach anywhere near to the standards of last year’s classic film “SHIP of THESEUS”

 19. ORU DRAMATIC STYLE OKKE THANNE. KURE LAGGINGUM UNDU. PAKSHE ENGANE ORU CONCEPTUM,ATTEMPTUM OKKE APPRECIATE CHEYYUKAYALLE VENDATH.

  NJAN MOVIERAGAYIL PUTHYATHANU. ANGANE ANU MALAYALATHIL TYPE CHEYYUNNATHENNE PARANJU THARAMO?ATH MATTU PALARKKUM KUDI UPKARAPEDUM..

 20. @babu alex
  ഞാന്‍ നിങ്ങളോട് തര്‍ക്കിക്കാനില്ല പക്ഷേ സിനിമ എന്നാല്‍ ഇങ്ങനെയൊക്കെയാവണം എന്നില്ലല്ലൊ? പിന്നെ മേല്‍വിലാസം ഒരു മഹത്തായ സിനിമയെന്നല്ല but അത് മലയാളം കാണാത്ത പുതിയ സിനിമയായിരുന്നു. കോര്‍ട്ട് മാര്‍ഷല്‍ നേരിട്ടനുഭവിച്ച ആളെന്ന നിലക്ക് കോടതിമുറിയില്‍ വച്ചുളള dialouges നാടകീയം തന്നെ. എന്നാല്‍ പാര്‍ത്ഥിപന്‍റെ കഥാപാത്രം മനസൊന്ന് മുറിപ്പെടുത്തിയില്ലേ?

 21. @Prabin pgovindan
  \\കോര്‍ട്ട് മാര്‍ഷല്‍ നേരിട്ടനുഭവിച്ച ആളെന്ന നിലക്ക് കോടതിമുറിയില്‍ വച്ചുളള dialouges നാടകീയം തന്നെ//
  അത് തന്നെ ഞാനും പറഞ്ഞത്. പിന്നെ പാര്‍ഥിപനെ പറ്റി ഓര്‍മ്മ വരുന്നത് ഉലക്ക വിഴുങ്ങിയ പോലത്തെ ആ നില്പും, യന്തിരന്‍റെ പോലത്തെ facial expressions ഉം തന്നെ .

 22. മൂവിരാഗയിലെ പേര് കേട്ട എഴുത്തുകാരൊക്കെ സുരേഷ് ഗോപി ചിത്രങ്ങളെ അങ്ങ് കണ്ണും പൂട്ടി അങ്ങ് കൊന്നു വിടുകയാണോ എന്നൊരു സംശയം. സുവര്ണ സിനിമകളുടെ പേജിൽ ഏകലവ്യൻ സിനിമക്ക് റിലൂക് വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ ചിലര് വമ്പിച്ച പ്രതിഷേധവുമായി രംഗതെത്തി. സുരേഷ് ഗോപി അഭിനയിക്കാൻ അത്ര പോര എന്ന് വരെ അഭിപ്രായമുണ്ടായി. അപ്പോതിക്കിരിയെ പറ്റി പറയേണ്ട പേജിൽ മേൽവിലാസം സിനിമയാണ് ചര്ച്ചാ വിഷയമാക്കുന്നത് . എന്നാൽ എനിക്കും കൊറച്ചു പറയാനുണ്ട്. ഈ ബാബു അലക്സും ആലപ്പുഴക്കരുമൊക്കെ മോശം എന്ന് പറഞ്ഞാൽ ഒരു നല്ല ചിത്രം അങ്ങ് മോശമായിപ്പോകുമോ? ശൌര്യ എന്ന ഹിന്ദി സിനിമയുടെ കഥയാണ് ചിത്രത്തിന്റെ ആധരമെങ്കിലും വളരെ മികച്ച ഒരു ചിത്രം തന്നെയാണ് മേൽ വിലാസം. 2011 വർഷത്തിൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ആ സിനിമ. സ്ഥിരം ക്ലീഷേ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല.

  ഇനി അപ്പോതിക്കിരിയെപ്പറ്റി. ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണ്. സുരേഷ് ഗോപി ഏറെ കാലത്തേ ഇടവേളയ്ക്കു ശേഷം ശക്തമായൊരു തിരിച്ചു വരവ് നടത്തി എന്നാണു കേള്ക്കാൻ കഴിഞ്ഞത്.

 23. Good movie
  മികച്ച സിനിമകളായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമകളുടെ നിരയിലേയ്ക്ക് ഈ ചിത്രം കൂടി ചേര്‍ക്കപ്പെടാതിരിയ്ക്കട്ടെ….

 24. Just because the theme is great doesnt mean the movie automatically becomes good or great.It must satisfy certain aesthetics,should make use of the possibilities of cinema fully or partially. I haven’t seen the movie “appothecary”, but i doubt atleast some of the people who are praising the movie because it deals with a relevant theme. Same can be said for “Melvilasam” which i have seen.It has some inherent flaws which prevent it from becoming a good cinema although it has some fine moments regarding caste issues. A relook has been made here on the movie “Yavanika”. What is the social message carried by that movie? nothing. Still that movie can be termed as one of the best movies ever produced in malayalam.Why? because it has been written directed in a way befitting a cinema. Cinema may or maynot be used for social change. But it should not be the criterion for judging a movie.

 25. //ശൌര്യ എന്ന ഹിന്ദി സിനിമയുടെ കഥയാണ് ചിത്രത്തിന്റെ ആധരമെങ്കിലും വളരെ മികച്ച ഒരു ചിത്രം തന്നെയാണ് മേൽ വിലാസം

  അന്നു കാണാത്തത് ശൌര്യ ആണോ മേൽ വിലാസം ആണോ?

 26. @Annu Kottayam
  ഇതിനൊക്കെ ഇത്ര രോഷം കൊള്ളേണ്ട കാര്യം ഉണ്ടോ അന്നു ഇടപ്പള്ളി? സോറി കോട്ടയം!!! ( എന്താന്നു അറിയാൻ മേല! സ്ഥലങ്ങള് തമ്മിൽ മാറി പോകുന്നു 🙂 🙂 )

 27. അത് തന്നെ ഞാനും പറഞ്ഞത്. പിന്നെ പാര്‍ഥിപനെ പറ്റി ഓര്‍മ്മ വരുന്നത് ഉലക്ക വിഴുങ്ങിയ പോലത്തെ ആ നില്പും, യന്തിരന്‍റെ പോലത്തെ facial expressions ഉം തന്നെ//////
  @BABU ALEX
  അങ്ങനെ ഒക്കെ പറയുന്നത് സരിയാണോ ബാബു ഭായ്. കഥാക്കനുസരിച്ചല്ലേ കഥാപാത്രത്തിൻ അഭിനയിക്കാൻ പറ്റു. അത് വല്യ കുഴപ്പം ഇല്ലാതെ പര്തിപൻ അഭിനയിച്ച്ട്ടുണ്ടേ. പിന്നെ കുറ്റം പറയാനായി കുറ്റം പറയുവാണെങ്കി ഓക്കേ ..

 28. ദയവു ചെയ്തു ഈ ചിത്രത്തെ ‘ക്ലാസ്സിക്‌’ എന്നൊന്നും വിശേഷിപ്പിക്കരുത്. സിനിമ എന്ന് പോലും categorize ചെയ്യപ്പെടാൻ യോഗ്യത ഇല്ല ഈ പീഡനത്തിന്.

 29. സമകാലീന പ്രസക്തി അവകാശപ്പെടാവുന്ന ഒരു പ്രമേയത്തെ അപ്പോത്തിക്കരി പ്രശ്ന വല്‍ക്കരിക്കുന്നുണ്ട്. ആതുരശുശ്രൂഷ രംഗത്തെ ethical പ്രോട്ടോക്കോള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. സിനിമാറ്റിക് ആയ ഗ്രാമര്‍ പ്രശ്നങ്ങളെ പ്രമേയത്തിന്റെ ഗൌരവം കൊണ്ട് സംവിധായകന്‍ അതിവിധ്ഗ്ദ്ധമായി മറികടക്കുന്നു. നിര്‍ധനരായ രോഗികളെ ക്യാന്‍വാസ് ചെയ്തു അവരില്‍ മരുന്ന് പരീക്ഷണം നടത്തുന്ന ആധുനിക ഹോസ്പിറ്റല്‍ മാനേജ്മെന്‍റും ഫാര്‍മസ്യൂടികള്‍ കമ്പനിക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂക്ഷ്മ വിശദാംശങ്ങളിലൂടെ കഥ മുന്നേറുമ്പോള്‍ നമ്മുടെ സമീപങ്ങളിലുള്ള സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളെ കുറീച് ചിന്തിച്ച് പോകുന്നു. അവിടങ്ങളിലൊക്കെ ഇങ്ങനെ മരുന്ന് പരീക്ഷണം ഉണ്ടാകുമോ?

 30. കുറേക്കാലമായി നമ്മള്‍ ഈ വഴി വരാറുണ്ടായിരുന്നില്ല. വരുമ്പോള്‍ ഒന്നോ രണ്ടോ ആനകളെയും കൂടി തെളിച്ചു വരണമല്ലോ എന്നോര്‍ത്താണ്. എന്നാല്‍ ഇന്ന് അപ്പോത്തിക്കരിയെപ്പറ്റി പറയുമ്പോള്‍ അതേ സംവിധായകന്റെ മേല്‍വിലാസം എന്ന ചിത്രത്തെപ്പറ്റി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ തെളിക്കാന്‍ ആനകളില്ലെങ്കിലും വന്നു രണ്ടു കാര്യം പറയാം എന്നു വെച്ചു. അപ്പോത്തിക്കരി കാണാന്‍ പറ്റിയിട്ടില്ല, മേല്‍വിലാസത്തെപ്പറ്റിയാണ് പറയുന്നത്.

  മേല്‍വിലാസം കുറച്ചേറെ പ്രത്യേകതകളുള്ള ഒരു ചലച്ചിത്രമായിരുന്നു…

  ഈ ചിത്രം എന്നിലുണ്ടാക്കിയത്…

  1. ആ ചലച്ചിത്രം മുഴുവനായും ഒരൊറ്റ മുറിയില്‍ (കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്ന മുറി) ആണ് ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ ഒരു confined environment ല്‍ ഒരു ചിത്രം മുഴുവനായും, അതിന്റെ ആശയം ചോരാതെ ചിത്രീകരിക്കാന്‍ സാധിച്ചത് ധീരമായ പരീക്ഷണം ആണ് എന്നു ഞാന്‍ പറയും.
  2. ഒരു അടച്ചിട്ട മുറിയില്‍ മാത്രമായി നടക്കുന്ന സംഭവങ്ങളായി അവതരിപ്പിച്ചതിനാല്‍ അതു കണ്ട പലരും പറഞ്ഞത് ഒരു നാടകം ക്യാമറ വെച്ച് ചിത്രീകരിച്ച് സിനിമയായി കാണിച്ചതാണെന്നാണ്. അങ്ങനെ ചിന്തിക്കുന്നവരെ കുറ്റം പറയുന്നില്ല. കാരണം ഒരു നാടകം അവലംബിച്ചെടുത്ത സിനിമ എന്നതു തന്നെ. എങ്കില്‍ പോലും അത്തരം ഒരു അവതരണത്തിലും ഒരു സിനിമയുടെ സാദ്ധ്യതകളും സങ്കേതങ്ങളും ഉപയോഗിച്ച ഒരു ചിത്രമാണത്.
  3. നമ്മള്‍ കാണുന്ന സംഭവങ്ങള്‍ അടച്ചിട്ട മുറിയിലാണ് നടക്കുന്നതെങ്കിലും, ആ മുറിക്കു പുറത്തു വെച്ച് മുമ്പു നടന്ന, ഈ കോര്‍ട്ട് മാര്‍ഷല്‍ വരെ എത്തിച്ച ചില സംഭവങ്ങള്‍ ഗൌരവം ചോരാതെ തന്നെ പ്രേക്ഷകനിലേക്കെത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ തിരശ്ശീലയില്‍ കാണുന്ന ചലിക്കുന്ന ചിത്രങ്ങള്‍ക്കു പുറത്ത് പ്രേക്ഷകന് സ്വന്തം നിലക്ക് ഭാവനയില്‍ ഒരു ചിത്രം കൂടി കാണാം, ആ കോടതി മുറിക്കു പുറത്തു നടന്ന കാര്യങ്ങള്‍…
  4. യഥാര്‍ത്ഥ കോര്‍ട്ട് മാര്‍ഷലില്‍ ഇത്ര നാടകീയത ആവശ്യമില്ലല്ലോ… എങ്കില്‍ ചലച്ചിത്രങ്ങളിലും, നാടകങ്ങളിലും കാണിക്കുന്ന കോടതി രംഗങ്ങളിലെ നാടകീയതയോ. അതും കണ്ട് ഇങ്ങനെയൊക്കെയാണ് കോടതി നടപടികള്‍ എന്ന ചിന്താഗതിയില്‍ അവിടെ പോയി എന്തെങ്കിലും പറഞ്ഞാല്‍…. വിവരം അറിയും, അത്ര തന്നെ. ഇത് നാടകീയമായ ഒരു ചലച്ചിത്രമോ, ചലച്ചിത്രമാക്കിയ ഒരു നാടകമോ ആയി കണ്ട് അല്പം സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാമല്ലോ…

  ബാബു അച്ചായന്റെ അഭിപ്രായം കൊള്ളാം…

  //പിന്നെ പാര്‍ഥിപനെ പറ്റി ഓര്‍മ്മ വരുന്നത് ഉലക്ക വിഴുങ്ങിയ പോലത്തെ ആ നില്പും, യന്തിരന്‍റെ പോലത്തെ facial expressions ഉം തന്നെ .//

  അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയനായിക്കൊണ്ടിരിക്കുന്ന, അറ്റന്‍ഷനില്‍ നില്ക്കുന്ന ഒരു പട്ടാളക്കാരനായ, മറ്റു പല കാരണങ്ങളാല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന ആ കഥാപാത്രം കോടതി മുറിയില്‍ നില്ക്കുമ്പോള്‍ നവരസങ്ങളും, പോരാഞ്ഞ് കയ്യില്‍ നിന്നും ഒരു നാലഞ്ച് രസങ്ങളും വാരി വിതറി നില്ക്കാഞ്ഞത് വലിയ പോരായ്മയായിപ്പോയി…!

 31. നാടകീയത ഏറെ ഉണ്ടെങ്കിലും മേൽവിലാസം നല്ല ഒരു മൂവി ആയിട്ടാണ് എനിയ്ക്ക് ഫീൽ ചെയ്തത്.

 32. ????????ഇതിനൊക്കെ ഇത്ര രോഷം കൊള്ളേണ്ട കാര്യം ഉണ്ടോ അന്നു ഇടപ്പള്ളി? സോറി കോട്ടയം!!! ( എന്താന്നു അറിയാൻ മേല! സ്ഥലങ്ങള് തമ്മിൽ മാറി പോകുന്നു 🙂 🙂 )??????????????

  സിനിമയെ കുറിച്ച് പറഞ്ഞു പ്രതികരിക്കുന്നതും രോഷം കൊള്ളുന്നതും നിങ്ങള് കൊറച്ചു പേരുടെ മാത്രം കുത്തക ഒന്നുമല്ല എന്ന് ആദ്യം മനസ്സിലാക്കുക. നല്ല വെണ്ടയ്ക്ക അകഷരത്തിൽ ആണല്ലോ “കോട്ടയം” എന്നെഴുതി വച്ചിരിക്കുന്നത് . പിന്നെങ്ങനാ ഒരു ഇടപള്ളി വന്നത്?

 33. അപ്പോതിക്കരി എന്നാ സിനിമ കണ്ടപ്പോൽ ഈ അടുത്ത് കണ്ട ഒരു ബോളിവുഡ് സിനിമ ഓർമയിൽ വരുന്നു. ANKHUR ARORA MURDER CASE എന്നാണ് സിനിമയുടെ പേര്. അറിയപെടുന്ന ഒരു താരങ്ങളും ആ സിനിമയിൽ അഭിനയിച്ചിട്ടില്ല പക്ഷെ വളരെ thrilling ആണ് സിനിമ. medical profession ബിസിനസ്‌ ആയി കാണുന്ന ഈ കാലത്ത് വളരെ അധികം സാമുഹിക പ്രസക്തി ഉണ്ട് ആ ചിത്രത്തിന്. സിനിമ യൂടുബിൽ ഉണ്ട് കാണുന്നത് നന്നായിരിക്കും. ഇതുപോലെ അറിയപെടാതെ പോകുന്ന ഒരു പാട് നല്ല ചിത്രങ്ങൾ ഉണ്ട് എന്ന് വേണം കരുതാൻ.

  ജയസുര്യയുടെ മികച്ച അഭിനയം ആണ് സിനിമയിൽ എടുത്തു പറയേണ്ടത്. വളരെ അധികം പ്രയത്നം ഈ കഥാപാത്രത്തിന് വേണ്ടി ജയസുര്യ ചെയ്തു അതിനു ഫലം ഉണ്ടാവുക തന്നെ ചെയ്തു എന്ന് പറയാം.

 34. @ Babu alex
  താങ്കളുടെ കാഴ്ച്ചപാടിലെ മികച്ച സിനിമകള്‍ അറിയാനൊരു താല്‍പര്യമുണ്ട്. പാര്‍ത്ഥിപന്‍റെ അഭിനയം ഉലക്ക വിഴുങ്ങിയ പോലെയെന്ന് പറഞ്ഞ താങ്കളുടെ സിദ്ധിയെ നമസ്കരിക്കാതെ തരമില്ല!

 35. @Prabin pgovindan
  \\പാര്‍ത്ഥിപന്‍റെ അഭിനയം ഉലക്ക വിഴുങ്ങിയ പോലെയെന്ന് പറഞ്ഞ താങ്കളുടെ സിദ്ധിയെ നമസ്കരിക്കാതെ തരമില്ല!//
  പാര്‍ഥിപന്റെ ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങള്‍, അല്ലങ്കില്‍ വേണ്ട “നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” എങ്കിലും കണ്ടിട്ടുണ്ടായിരുന്നു താങ്കള്‍ എങ്കില്‍ ‘ഉലക്ക’യുടെ ഉപമ അധികപ്പറ്റ് ആയി തോന്നില്ലായിരുന്നു.

 36. \\പാര്‍ത്ഥിപന്‍റെ അഭിനയം ഉലക്ക വിഴുങ്ങിയ പോലെയെന്ന് പറഞ്ഞ താങ്കളുടെ സിദ്ധിയെ നമസ്കരിക്കാതെ തരമില്ല!//

  ബാബു ഭായ് ഒരു വെടി പൊട്ടിക്കും. നാട്ടുകാർ മൊത്തം സർവ ആയുധ സന്നാഹവുമായ് യുദ്ധത്തിൻ ഇറങ്ങും. പുള്ളി ഇതെല്ലം നോക്കി ആരും കാണാതെ അലറി ചിരിക്കുന്നുട്കും..

 37. @Prabin pgovindan

  Babu Alex August 14, 2014 at 11:22 am
  // പാര്‍ഥിപനെ പറ്റി ഓര്‍മ്മ വരുന്നത് ഉലക്ക വിഴുങ്ങിയ പോലത്തെ ആ നില്പും, യന്തിരന്‍റെ പോലത്തെ facial expressions ഉം തന്നെ//

  Babu Alex August 19, 2014 at 12:06 pm
  // പാര്‍ഥിപന്റെ ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങള്‍, അല്ലങ്കില്‍ വേണ്ട “നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” എങ്കിലും കണ്ടിട്ടുണ്ടായിരുന്നു താങ്കള്‍ എങ്കില്‍ ‘ഉലക്ക’യുടെ ഉപമ അധികപ്പറ്റ് ആയി തോന്നില്ലായിരുന്നു.//

  പ്രബിൻ, ബാബുവണ്ണന്റെ ആദ്യത്തെ പരാതി മേൽവിലാസം എന്നാ സിനിമയിലെ കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന പട്ടാളക്കാരൻ അവിടെ ബ്രേക്ക്‌ ഡാൻസ് കളിയ്ക്കാതെ attention ൽ നിന്ന് എന്നായിരുന്നു. 🙂 ആ വാദം പൊളിഞ്ഞപ്പോൾ (അല്ലെങ്കിൽ നിങ്ങൾ പൊളിച്ചപ്പോൾ) പതുക്കെ ചുവടൊന്നു മാറ്റി “നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” യിലേയ്ക്കും പാര്‍ഥിപന്റെ മറ്റു തമിഴ് ചിത്രങ്ങളിലെയ്ക്കും ലെൻസ്‌ തിരിച്ചു വെച്ചത് കണ്ടില്ലേ? അണ്ണൻ സ്ഥിരമായി പയറ്റുന്ന ഈ diversion tactics ഉണ്ടല്ലോ അത് തന്നെ ആണ് ഈ മൂവീരാഗയിലെ ഏറ്റവും നല്ല entertainment . അതായത് അതൊന്നും ഇല്ലെങ്കിൽ മൂവീരഗ ഇല്ല. 🙂 നിങ്ങൾ ഈ മൂവീരാാഗായിൽ പുതിയ ആൾ ആണെന്ന് തോന്നുന്നു, പോകെ പോകെ താങ്കൾക്കു അത് മനസ്സിലായിക്കോളും. 🙂 🙂

 38. @Mathew Cyriac
  Ankur Arora Murder Case എന്ന സിനിമയില്‍ അറിയപ്പെടുന്ന താരങ്ങളൊന്നും അഭിനയിച്ചിട്ടില്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. പ്രധാന കഥാപാത്രമായ ഡോക്ടര്‍ അസ്താനയെ അവതരിപ്പിച്ചിരിയ്ക്കുന്നത് മലയാളിയായ കെ.കെ.മേനോന്‍ ആണ്. പക്കാ Commercial സിനിമകളില്‍ അധികം കാണാറില്ലെങ്കിലും സെമി-കൊമേഴ്സ്യല്‍ സിനിമകളിലും, സമാന്തര സിനിമകളിലും ശക്തമായ സാന്നിധ്യമാണ് അദ്ദേഹം. ചില പ്രധാന സിനിമകള്‍ താഴെ പറയുന്നു.

  The Stoneman Murders
  Gulaal
  Mumbai Meri Jaan
  Shaurya, …

  ഈ സിനിമകള്‍ വാണിജ്യപരമായി വിജയിച്ചു എന്നു പറയാനാവില്ലെങ്കിലും കെ.കെ.മേനോന്‍ എന്ന നടന്‍ ശ്രദ്ധിയ്ക്കപ്പെട്ടു. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ Udhayam NH4 എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു.

 39. ഉണ്ണിക്കണ്ണന്‍,
  പുതിയ ആളായാലും പഴയ ആളായാലും ചിലതൊക്കെ സഹിക്കുന്നതിന് ഒരു പരിധിയില്ലേ!;)
  @Babu alex
  ഇനി നരേന്ദ്രനിലേക്കും അയാളുടെ മകനിലേക്കുമൊന്നും പോവാതെ ആ അപ്പോത്തിക്കിരി കണ്ട് രണ്ടഭിപ്രായമങ്ങിട്ടേ കാണട്ടെ.

 40. സിനിമ പീഡനം എന്ന് തന്നെ വിളിക്കേണ്ടി വരും ഈ വക സാധനങ്ങളെ. ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്ത ഈ സിനിമയെ ആളുകൾ പുകഴ്ത്തുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ചെകിടിച്ചു പോകുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും, അതി നാടകീയ സംഭാഷണങ്ങളും ഒക്കെ ആയി പടം നന്നായി ബോർ അടിപ്പിക്കും. അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മോശം. കുറച്ചെങ്കിലും നല്ലത് എന്ന് പറയാവുന്നത് ഇന്ദ്രൻസ് മാത്രം.

 41. dr deeps എന്തേ ഈ വഴിക്കൊന്നും വന്നില്ലാ ……..

 42. അപ്പോത്തിക്കിരി കണ്ടോന്ന് ചോദിയ്കുപോൾ…..’അപ്പോം…..മത്തിക്കറീം ‘അല്ലേന്ന് പറഞ്ഞ് കുറേപ്പേർ.

 43. ആരുടെ മുന്നിലും ഇരക്കാൻ മടി കാട്ടാത്ത ഒരച്ഛന്റെ സങ്ങടങ്ങൾ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു ഇന്ദ്രൻസ് (എവിടെ ആയിരുന്നു സാർ നിങ്ങൾ ഇതുവരെ?). indrans kalakki

 44. സുരേഷ് ഗോപിയുടെ സമീപ കാലത്തെ നല്ലൊരു പ്രകടനം. കൂടാതെ ഇന്ദ്രന്‍സ്, ജയസൂര്യ , തമ്പി ആന്റണി എന്നിവരുടെ അഭിനയവും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *


+ 4 = 10