bhaiya-bhaiya1

Readers Views: ഭയ്യാ ഭയ്യാ

ജോണി ആന്റണി സംവിധാനം ചെയ്‌ത ഭയ്യാ ഭയ്യാ റിലീസ് ചെയ്‌തു. തിരക്കഥ എഴുതിയത് ബെന്നി പി നായരമ്പലം. ബിജു മേനോനും കുഞ്ചാക്കോ ബോബനുമാണ് പ്രധാന റോളുകളിൽ. നിഷാ അഗർവാൾ ആണ് നായിക. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം കമന്റ് ചെയ്യാൻ ഈ പേജ് ഉപയോഗിക്കാം.

2 thoughts on “Readers Views: ഭയ്യാ ഭയ്യാ”

 1. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു രുചിയും, ഗുണവുമില്ലാത്ത ചില വസ്തുക്കള്‍ ഒരുമിച്ചു ചേരുമ്പോള്‍ അവയുടെ തനതായ അസ്തിത്വം നഷ്ടപ്പെട്ട് തികച്ചും പുതിയൊരു രുചിക്കൂട്ടൊരുക്കുന്ന രസതന്ത്രം പലപ്പോഴും നമ്മെയെല്ലാം അമ്പരിപ്പിക്കുന്നതാണ്. പറഞ്ഞു വരുന്നത് നമ്മുടെ കുഞ്ചാക്കോ ബോബന്‍റേയും, ബിജുമേനോന്‍റേയും കാര്യമാണ്. ഇവര്‍ ഒറ്റയ്ക്ക് അഭിനയിച്ച സിനിമകളിലില്ലാത്ത എന്തോ ഒരു മാജിക് ‘ഓര്‍ഡിനറി’, ‘റോമന്‍സ്’ എന്നീ സിനിമകളുടെ ബോക്സോഫീസ് പ്രകടനത്തില്‍ (സിനിമയുടെ കലാമൂല്യം അല്ല ഉദ്ദേശിച്ചത്) എല്ലാവരും കണ്ടതാണ്.

  ഏകദേശം ഒന്നരക്കൊല്ലത്തെ ഇടവേളയ്ക്കുശേഷം ഈ ഭയ്യമാര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്. ഈ കൂട്ടുകെട്ടിന്‍റെ മാസ്മരികതകൂടി മുന്നില്‍ കണ്ടാവണം, സിനിമയുടെ പേരു പോലും “ഭയ്യാ ഭയ്യാ” എന്നാണ്. ബെന്നി പി. നായരമ്പലം എഴുതി ജോണി ആന്‍റണി സം‌വിധാനം ചെയ്ത സിനിമയില്‍ ‘ബംഗാളി ബാബു’ എന്ന മലയാളിയായി ചാക്കോച്ചനും, ‘ബാബുറാം ചാറ്റര്‍ജി’ എന്ന ബംഗാളിയായി ബിജുമേനോനും അഭിനയിക്കുന്നു. സിനിമയ്ക്ക് “ബാബു ബാബു” എന്നു പേരിട്ടാലും തരക്കേടില്ലായിരുന്നു.

  Work site-ല്‍ അപകടമരണം സംഭവിച്ച ഒരു ബംഗാളിയുടെ മൃതദേഹവുമായി ആംബുലന്‍സില്‍ കേരളത്തില്‍ നിന്നും ബംഗാളിലേയ്ക്ക് പോവുകയാണ് ‘ബംഗാളി ബാബു’വും (ചാക്കോച്ചന്‍) സംഘവും. യാത്രമാത്രം കണ്ട് പ്രേക്ഷകര്‍ക്ക് ബോറടിക്കേണ്ട എന്നു കരുതിയാവും കൂടെയുള്ളവരെ ചാക്കോച്ചന്‍ പരിചയപെടുത്തുന്നു. അതോടൊപ്പം യാത്രയുടെ ഉദ്ദേശ്യവും, അതിലേക്കു നയിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നു. ബാബുറാം ചാറ്റര്‍ജി എന്ന ബംഗാളി-മലയാളി ഭയ്യ (ബിജുമേനോന്‍), ഉടായിപ്പ് സോമന്‍ (സുരാജ് വെഞ്ഞാറമൂട്), ചാക്കോച്ചന്‍റെ കാമുകി ഏഞ്ചല്‍ (നിഷ അഗര്‍‌വാള്‍), ഭയ്യയുടെ കാമുകി (വണ്‍‌വേ പ്രണയം ആണ്) ഡിസ്കോ ശാന്തി, പിന്നെ മൃതദേഹം എന്നിവരാണ് സഹയാത്രികര്‍.

  ഫ്ലാഷ്ബാക്ക്, പിന്നെ ഒരു അപകടം, അപകടത്തിന്‍റെ ഫ്ലാഷ്ബാക്ക്, അതുകഴിഞ്ഞ് വേറെ വണ്ടിയില്‍ യാത്ര, ഇതിനിടയില്‍ ഒളിച്ചോടിയ മകളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന അച്ഛനും, സഹോദരനും (വിജയരാഘവനും, ഷമ്മി തിലകനും), യാത്രതുടരുന്ന വണ്ടിയ്ക്ക് സേലത്ത് ഒരു സ്റ്റോപ്പ്, അതും കഴിയുമ്പോള്‍ ഒരു വെള്ളമടിപ്പാട്ട്, അവസാനം ബംഗാളിലെത്തുമ്പോള്‍ പുതിയ ചില പ്രശ്നങ്ങള്‍. ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുമ്പോള്‍ പടം കഴിയും.

  ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഒരു അവിയല്‍ ഉണ്ടാക്കുകയായിരുന്നു എഴുത്തുകാരന്‍റേയും, സം‌വിധായകന്‍റേയും ലക്ഷ്യം. അതിനായി ഇപ്പോള്‍ മാര്‍ക്കറ്റില്‍ മിനിമം ഗ്യാരന്‍റിയുള്ള രണ്ടു ചേരുവകള്‍ (ചാക്കോച്ചന്‍-ബിജുമേനോന്‍) തന്നെ ആദ്യം തിരഞ്ഞെടുത്തു. സിനിമയായാല്‍ കോമഡി വേണം. അതിനായി ഫലിതബിന്ദുക്കള്‍ – ടിന്‍റുമോന്‍ ജോക്സ് വിഭാഗത്തില്‍ നമ്മള്‍ കേട്ടുപഴകിയ ചില ഡയലോഗുകളുണ്ട്. അതൊക്കെ ഉടായിപ്പുകളായി സോമനെക്കൊണ്ടു (സുരാജ്) പറയിക്കുന്നുണ്ട്. ഇനി വേണ്ടത് പാട്ടാണ്. വിദ്യാസാഗര്‍ ഈണമിട്ടപാട്ടുകള്‍ക്ക് സിനിമയേക്കാള്‍ നിലവാരമുണ്ട്. ചരിത്രാതീതകാലം മുതല്‍ നായകനും, നായികയും പ്രണയത്തിലായതിനാല്‍ ഒരു ഡ്യുയറ്റ് ഒഴിവായികിട്ടി. സംഘട്ടനമില്ലെങ്കില്‍ അവിയല്‍ മുഴുവനാവില്ലല്ലോ?? രണ്ടുഭയ്യമാര്‍ക്കും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. പക്ഷേ ഈ ചേരുവകളൊക്കെയുണ്ടായിട്ടും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!! ” എന്നു പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

  അഭിനേതാക്കളെപറ്റി പറയുകയാണെങ്കില്‍ ഭയ്യമാര്‍ രണ്ടും കുഴപ്പമില്ല. ‘ഓര്‍ഡിനറി’യിലെ പാലക്കാടന്‍ ഭാഷയ്ക്കുശേഷം ഇതില്‍ ബംഗാളി മലയാളം തരക്കേടില്ലാതെ ബിജുമേനോന്‍ പറയുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം മോശമാക്കി എന്നു പറയാന്‍ പറ്റില്ല.

  ഒരു പാട്ടുപാടി ഡാന്‍സ് കഴിയുമ്പോഴേക്കും ഉടായിപ്പു സോമന്‍റെ കണ്ണിലേയും, കയ്യിലേയും പരിക്കുകള്‍ മുഴുവന്‍ സുഖമാവുന്നതിന്‍റെ ഗുട്ടന്‍സ് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരു ഐറ്റം ഡാന്‍സ് കൂടി കാണിച്ച് മനുഷ്യനെ വെറുപ്പിക്കുകയാണോ എന്നു ചിന്തിക്കുമ്പോഴേക്കും അതു തീര്‍ന്നു കിട്ടുമെന്നത് വലിയ ആശ്വാസമാണ്.

  CLICHES

  1) ‘നായികയുടെ അച്ഛന്‍ അമരീഷ്പുരിയായിരിക്കണം’ എന്നത് ഇന്ത്യന്‍ സിനിമയിലെ അലിഖിത നിയമമാണല്ലോ. ഈ സിനിമയിലെ അമരീഷ്പുരി (വിജയരാഘവന്‍) അത്ര ക്രൂരനല്ലെന്നുമാത്രം.

  2) ‘ദുഃഖം വന്നാല്‍ വെള്ളമടിച്ച് പാട്ടുപാടണം’. കേരളം സമീപഭാവിയില്‍ ഒരു ‘മദ്യവിമുക്തമായ കിനാശ്ശേരി’ ആയി മാറിയാല്‍ സ്ക്രിപ്റ്റില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടി വരും. ആദ്യം വണ്ടിപിടിച്ച് മാഹിയില്‍ പോവുക, എന്നിട്ട് വെള്ളമടിച്ച് പാട്ടുപാടുക 😛

  3) കുഞ്ചാക്കോ ബോബന്‍ തങ്ങളുടെ കഥ പറയുന്നതാണ് ചിത്രത്തിന്‍റെ ആദ്യപകുതി. മിക്കവാറും മലയാള സിനിമകളില്‍ കാണാറുള്ളതുപോലെ കഥപറയുന്ന ആള്‍ കാണുകയോ, അറിയുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ (ബംഗാളി തൊഴിലാളിയുടെ അപകട മരണം) നടക്കുന്നത് അതേപടി കാണിക്കുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ടാം‌പകുതിയിലാണ് അപകടത്തിന്‍റെ കാരണം ചാക്കോച്ചന്‍ അറിയുന്നത് :-O

  4) തെസ്നിഖാന്‍ ഈ സിനിമയിലും ഉണ്ട്. റോള്‍ എന്താണെന്ന് പറയേണ്ടല്ലോ !!

  ഈ ലിസ്റ്റ് പൂരിപ്പിക്കാനുള്ള ജോലി ഞാന്‍ മറ്റുപ്രേക്ഷകരെ ഏല്‍‌പ്പിക്കുന്നു.

  EXTRAS

  പാന്‍‌മസാല നിരോധനത്തെക്കുറിച്ചുവരെ സിനിമയുണ്ടായ നാടാണ് കേരളം. ഇപ്പോള്‍ ബംഗാളി തൊഴിലാളികളും സിനിമയുടെ ഭാഗമായി. അടുത്തുതന്നെ മദ്യനിരോധനം പ്രമേയമാക്കി ഇവിടെ സിനിമകള്‍ ഇറങ്ങും. മലയാള സിനിമയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയില്ലെന്നും, പ്രസക്തി നഷ്ടപ്പെട്ടെന്നും ആരാണ് പറഞ്ഞത്?? പ്രേക്ഷകര്‍ ജാഗ്രതൈ !!

  LAST WORD

  ചിലപ്പോള്‍ ശരാശരിയും, അല്ലാത്തപ്പോള്‍ അതില്‍ താഴെയും നിലവാരം കാണിക്കുന്ന ഒരു പടം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ “ഒരു ജോണി ആന്‍റണി സിനിമ”. ഈ സിനിമയും സൂപ്പര്‍‌ഹിറ്റ് ആവുകയാണെങ്കില്‍ കുഞ്ചാക്കോ ബോബന്‍ – ബിജുമേനോന്‍ കൂട്ടുകെട്ടിന്‍റെ വിജയരഹസ്യത്തെക്കുറിച്ച് കാര്യമായ ഗവേഷണം വേണ്ടി വരും.

 2. പൊന്നു മഞ്ജുൾ സാറെ, ആ cliche നമ്പർ രണ്ടിന്റെ മുൻപിൽ ഞാൻ നമിച്ചു 🙂 . താങ്കളുടെ ദീർഘവീക്ഷണം അപാരം !

Leave a Reply

Your email address will not be published. Required fields are marked *


2 + = 4