njan1

ഞാൻ

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും കവിയും കാമുകനും ഭ്രാന്തനുമൊക്കെയായിരുന്ന കെ ടി എൻ കോട്ടൂർ എന്ന കോട്ടൂരുകാരൻ കൊയിലോത്തുതാഴെ നാരായണന്റെ (ദുൽക്കർ സൽമാൻ) ജീവിതമന്വേഷിച്ചുപോവുകയാണ് രവി ചന്ദ്രശേഖർ (ദുൽക്കർ സൽമാൻ) എന്ന ബ്ലോഗറും നാടകപ്രവർത്തകനുമൊക്കെയായ ചെറുപ്പക്കാരൻ. കോട്ടൂരിലെ മാർജിനലൈസ്‌ഡ് മനുഷ്യരെ മനുഷ്യരാക്കുക എന്നതായിരുന്നു നാരായണന്റെ സ്വപ്നം. അവരെ സ്വതന്ത്രരാക്കാനായി അയാൾ പലതും ചെയ്തു. അവർക്കതൊന്നും ആവശ്യമില്ല എന്ന് അയാൾ വേദനയോടെ മനസ്സിലാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് നാരായണൻ അപ്രത്യക്ഷനായതാണ്. പിന്നെ ഒരു വിവരവുമില്ല. എങ്ങോട്ടു പോയെന്നോ എന്തിനാണു പോയതെന്നോ പോലും അറിയില്ല. നാരായണന്റെ ജീവിതത്തിലെ കാണപ്പെടാത്ത ഏടുകൾ തിരഞ്ഞുപിടിക്കുന്ന രവി അയാളുടെ കഥ ഒരു നാടകമാക്കുന്നു.

FIRST IMPRESSION
എങ്ങനെയുണ്ട് എന്നാരെങ്കിലും ചോദിച്ചാൽ ‘കുഴപ്പമില്ല’ എന്നു പറയാവുന്ന സിനിമയാണ് രഞ്ജിത് എഴുതി സംവിധാനം ചെയ്‌ത ‘ഞാൻ’. രഞ്ജിത്തിന്റെ മുൻ‌ചിത്രമായ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന തട്ടിക്കൂട്ട് നിർമിതിയേക്കാൾ ഭേദപ്പെട്ട ഒരു അതിസാധാരണ സിനിമ. പക്ഷേ, രഞ്ജിത്തിനേപ്പോലെ സമർത്ഥനായ ഒരു സംവിധായകൻ അങ്ങനെ ‘കുഴപ്പമില്ലാത്ത’ സിനിമകൾ എടുത്താൽ മതിയോ?

ഒരു നല്ല സിനിമയ്‌ക്കു വേണ്ട ഒരുപാട് ഇൻഗ്രീഡിയന്റ്‌സ് ഈ സിനിമയിലുണ്ട്: ടി പി രാജീവന്റെ ‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ എന്ന നോവലിന്റെ പിൻബലം, വിഭവസമ്പന്നമായ പശ്ചാത്തലം, സാധാരണമല്ലാത്ത ഒരു ജീവിതം, മികച്ച അഭിനേതാക്കൾ.. അങ്ങനെ പലതും.

അഭിനേതാക്കളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ബലം. ദുൽക്കർ സൽമാനും സുരേഷ് കൃഷ്‌ണയും ഹരീഷ് പേരടിയും സൈജു കുറുപ്പും മുതൽ സജിത മഠത്തിലും അനുമോളും മുത്തുമണിയും വരെ ആണും പെണ്ണുമായി പ്രശസ്തരും പേരു പോലും അറിയാത്തവരുമായ സമർത്ഥരായ അഭിനേതാക്കളുടെ ഒരു നീണ്ട നിരയുണ്ട് ഞാനിൽ. അഭിനേതാവും കഥാപാത്രവും ഒന്നാകുന്ന അപൂർവസുന്ദരമായ കാഴ്ച കാട്ടിത്തരാൻ മാത്രമാണ് ഓരോരുത്തരും സ്ക്രീനിൽ വന്നത്. അവരിൽ ഒന്നാം സ്ഥാനം വല്യഞ്ചേരി കുട്ടിശങ്കരൻ എന്ന നാട്ടുപ്രമാണിയായ രഞ്ജി പണിക്കർക്കാണ്. പണിക്കർ simply തകർത്തു!

രഞ്ജി പണിക്കരേപ്പോലെ ഗംഭീരമായ മറ്റൊന്ന് സൗണ്ട് ട്രാക്ക് ആണ്. സംഗീതമായും ശബ്ദങ്ങളായും ഈ സിനിമയുടെ ജീവൻ തുടിക്കുന്നത് അവിടെ കേൾക്കാം. അതിന്റെ ക്രെഡിറ്റ് ബിജി ബാലിനായിരിക്കണം.

വളരെ കോംപ്ലക്സ് ആയ സ്ത്രീ-പുരുഷ ബന്ധങ്ങൾ രഞ്ജിത്തിന്റെ മിക്ക സിനിമകളിലുമെന്ന പോലെ ഇതിലുമുണ്ട്. പുരുഷന് സ്ത്രീ ആരാണ് എന്ന അന്വേഷണം അദ്ദേഹം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല; അന്വേഷണം അഭംഗുരം തുടരുക മാത്രം ചെയ്യുന്നു.

SECOND THOUGHTS
വളരെ കൺഫ്യൂസ്‌ഡ് ആയ കഥാപാത്രമാണ് ഞാനിലെ മുഖ്യനായ കെ ടി എൻ കോട്ടൂർ. അതുപോലെ തന്നെ എല്ലായ്‌പ്പോഴും ഒറ്റയുമാണ് അയാൾ. വളരെ കുഴഞ്ഞുമറിഞ്ഞ ഒരു കഥാപാത്രം. എങ്ങോട്ടാണു പോകുന്നതെന്നോ എന്താണു ചെയ്യുന്നതെന്നോ ഒരു പിടിയുമില്ല കോട്ടൂരിന്. അപാരമായ സാധ്യതകളുള്ള കഥാപാത്രം. പക്ഷേ, കോട്ടൂരിന്റെ ലക്ഷ്യങ്ങളേക്കുറിച്ചോ ചെയ്തികളേക്കുറിച്ചോ സംവിധായകനും വലിയ പിടിപാടൊന്നുമില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം. സ്ക്രീനിൽ നമ്മൾ കാണുന്ന കെ ടി എൻ കോട്ടൂരിനപ്പുറത്ത് ഒരു കെ ടി എൻ കോട്ടൂരുണ്ട്. സത്യത്തിൽ അയാളെ കണ്ടെത്താനായിരുന്നു രഞ്ജിത്ത് ശ്രമിക്കേണ്ടിയിരുന്നത്. അതു സംഭവിക്കാഞ്ഞതുകൊണ്ട് അസാധാരണത്വങ്ങൾ നിറഞ്ഞ ഒരു മനുഷ്യന്റെ പുറംകാഴ്ചകൾ മാത്രമായി ‘ഞാൻ’ അവസാനിച്ചു.

ആദ്യം പറഞ്ഞതുപോലെ കോട്ടൂരിനു പല മുഖങ്ങളുണ്ട്. ഇതിൽ ഏതാണ് ഈ സിനിമയിൽ ഫോക്കസ് ചെയ്യപ്പെടേണ്ടതെന്ന് രഞ്ജിത്ത് ആലോചിച്ചിട്ടുപോലുമുണ്ടെന്ന് തോന്നുന്നില്ല. കെ ടി എൻ കോട്ടൂരിന്റെ കഥ എന്തുകൊണ്ട് എഴുതപ്പെടുന്നു എന്ന് രാജീവന്റെ നോവൽ വായിക്കുന്ന ആർക്കും മനസ്സിലാകും; എന്താണ് ആ നോവൽ പറയാൻ ശ്രമിക്കുന്നതെന്നും. എന്നാൽ, സിനിമയിൽ എത്തിയപ്പോഴേക്കും കഥക്ക് ഈ രണ്ടു ഗുണങ്ങളും നഷ്ടപ്പെടുന്നു.

അശ്രദ്ധ സിനിമയിലെമ്പാടും കാണാം. ഒരേ ഭാഷാപശ്ചാത്തലമുള്ള കഥാപാത്രങ്ങളിൽ ചിലർ ചതുരവടിവിൽ അച്ചടിമലയാളം വിളമ്പുമ്പോൾ ചിലരുടെ നാവിൽ ഒന്നാന്തരം സ്‌ലാങ് വരും; സ്‌ലാങ്ങിൽ ചോദ്യം, ചതുരത്തിൽ ഉത്തരം അല്ലെങ്കിൽ ചതുരത്തിൽ ചോദ്യം സ്‌ലാങ്ങിൽ ഉത്തരം. ട്രൗസറിന്റെ അടിയിൽ വളരെ പ്രകടമായി ബ്രീഫ് ലൈൻ കാണിക്കുന്ന വള്ളിനിക്കറുമായി ഒരു പയ്യനേയും കണ്ടു. എല്ലാവരും കോണകം കെട്ടി നടക്കുന്ന അക്കാലത്ത് എവിടെയാണ് ഇന്നത്തെ മാതിരിയുള്ള ഇന്നർവെയറുകൾ!

“ഊ..ഹാ.. ഊ.. ഹാ” എന്നോ മറ്റോ വായ്‌ത്താരിയിട്ട് ഒന്നര ഡസൻ യൂണിഫോംധാരികൾ ഒരു സ്റ്റേജിൽ കിടന്ന് വട്ടം കറങ്ങുന്ന പരിപാടിയെ നാടകം എന്നു വിളിക്കുകയും അതു ഭയങ്കര സംഭവമാണെന്ന് വെറുതേ സംഭ്രമിക്കുകയും ചെയ്യുന്നവർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ടോ? സംശയമാണ്. പക്ഷേ, ഈ സിനിമയുടെ സംവിധായകൻ ധരിച്ചിരിക്കുന്നത് നേരെ മറിച്ചാണെന്നു തോന്നുന്നു. സിനിമയിലെ ജോയ് മാത്യുവും സിനിമയിലെ മുരളി മേനോനുമൊക്കെ ചേർന്നുണ്ടാക്കുന്ന നാടകം കണ്ടാൽ നാടകത്തിന്റെ മേൽവിലാസം ഇപ്പോഴുമുള്ള യഥാർത്ഥ ജോയ് മാത്യുവും യഥാർത്ഥ മുരളി മേനോനും ഓടി രക്ഷപ്പെടും. പോസ്റ്റ് മാൻ കത്തുമായി വരുന്ന അവസാന നാടകസീനൊക്കെ നമ്മുടെ മുഖത്തുണ്ടാക്കുന്നത് ഒരു പരിഹാസച്ചിരിയല്ലാതെ മറ്റൊന്നുമല്ല.

LAST WORD
നല്ലൊരു സിനിമ സൃഷ്‌ടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നതിനു നല്ലൊരു ഉദാഹരണമായതല്ലാതെ ‘ഞാൻ’ മികച്ച സിനിമയായില്ല.

| G Krishnamurthy

31 thoughts on “ഞാൻ”

 1. പാലേരി മാണിക്യത്തിനു ശേഷം വീണ്ടും ടി പി രാജീവൻറ കഥയുമായി രഞ്ജിത്.. ഇതങ്ങ് പൊലിപ്പിച്ചേക്കണേ……..

 2. //……ആരുമാകാതെ…ഒന്നുമാകാൻ കഴിയാതെ…പടയിലും പന്തയത്തിലും തോറ്റ് പോയ ഒരാളുടെ കഥ ..//

  മോഹിപ്പിക്കുന്ന tag line ….!! നന്നാവും എന്ന് വിശ്വസിക്കാം ..

  രഞ്ജിത്തിന്റെ നായക കഥാപാത്രങ്ങൾ തോറ്റു പോവുമോ ..?? അങ്ങിനെയൊരു ചരിത്രം ഉണ്ടായിട്ടുണ്ടോ ..?? വർഷങ്ങൾക്കു മുൻപ് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് ഇറങ്ങി വലിയ വിജയം നേടാനാവാതെ പോയപ്പോൾ രഞ്ജിത്ത് പറഞ്ഞ ഒരു വാചകമുണ്ട്.. “കവിത പോലെ സുന്ദരമായ ഒരു സിനിമ.. പക്ഷെ നായകൻ പരാജയപ്പെടുമ്പോൾ വാണിജ്യ വിജയം നേടേണ്ട ഒരു സിനിമയുടെ പരാജയം കൂടി സംഭവിക്കുന്നു. ഞാനായിരുന്നു അരയന്നങ്ങളുടെ വീട് ചെയ്തതെങ്കിൽ എന്റെ നായകൻ ഒരിക്കലും ആ വീട്ടിൽ നിന്ന് അവസാനം ഇറങ്ങി പോകില്ല… ആ വീട്ടിൽ തന്നെ ചങ്കൂറ്റത്തോടെ അയാൾ നില്ക്കും, തോറ്റുപോവില്ല”. മീശ പിരിയൻ സിനിമകളുടെ കാലത്താണ് രഞ്ജിത്ത് അങ്ങിനെ പറഞ്ഞത്. കുറച്ചു വർഷങ്ങൾക്കുള്ളിൽ രഞ്ജിത്ത് മാറി, അദ്ദേഹത്തിൻറെ സിനിമകൾ മാറി. അങ്ങിനെ tag ലൈനിൽ പറഞ്ഞത് പോലെയാണ് കാര്യങ്ങളെങ്കിൽ ഇതാ ചരിത്രത്തിൽ ആദ്യമായി രഞ്ജിത്തിന്റെ ഒരു നായക കഥാപാത്രം തോറ്റുപോവുന്നു. പക്ഷേ ഒന്നുറപ്പിക്കാം, ആ ഒരു തോൽവിയിലും ഒരു രഞ്ജിത്ത് ടച്ച് ഉണ്ടാവും.

 3. ഇന്നലെ ഈ ക്യാപ്ഷൻ വായിച്ചപ്പോൾ മനസ്സിൽ തോന്നിയ അതേ കാര്യങ്ങൾ ജയ് കുറിച്ചിരിക്കുന്നു. പടം ഉടനെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ശുഭം

 4. അസാമാന്യമായ പ്രതിഭയും നല്ല ചങ്കുറ്റവും ഉണ്ടെങ്കിൽ മാത്രമേ കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും എന്ന നോവൽ സിനിമയാക്കാൻ പറ്റു;ആ കാലത്തെ പുനര് അവതരിപ്പിക്കാൻ പറ്റു …അതിൽ രഞ്ജിത്ത് വിജയിച്ചിരിക്കുന്നു എന്ന് നിശംസയം പറയാം, “ഞാൻ” എന്ന സിനിമയിൽ !

  പിന്നെ നമ്മുടെ ഇക്കാടെ ചെക്കൻ ,കോട്ടൂർ ആകുമ്പോൾ അത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ ആകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു …
  അതും മാറി; സംവരണ കോട്ടയിൽ കയറിയ ആൾ ആണേലും വലിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പാങ്ങ് ഉള്ള ആളാണ് “ഞാൻ” എന്ന് തെളിയിച്ചിട്ടുണ്ട് ധുൽക്കർ..

  ടിപി രാജീവൻ നോവലിൽ പ്രകടിപ്പിച്ച അദ്ധേഹത്തിന്റെ തല തിരിഞ്ഞ രാഷ്ട്രിയ ബോധം, പ്രതെഗിച്ചും ചരിത്രതോലുടുള്ള അവഞ്ഞ്ജ തിരക്കഥയിൽ ചെത്തി കളഞ്ഞു മനോഹരം ആകിയട്ടുണ്ട് രഞ്ജിത്ത് (പലേരിമാണിക്കതിലെത് പോലെ)…

  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ,പ്രത്യേകിച്ചും സ്ത്രീ കഥാപത്രങ്ങൾ വളരെ നന്നായി… പല സമയത്തും ഉപയോഗിച്ചിരിക്കുന്ന കവിതകളും നന്നായി ….പഴയ കാലത്തെ പുനര് അവതരിപ്പിച്ചിരിക്കുന്നത് ഒരിക്കലും നെറ്റി ചുളിയിപ്പിക്കില്ല , നിങ്ങളെ ..

  ഞാൻ സ്റീഫൻ ലോപ്പസ് ഒടാതിരിക്കുകയും രാജാധിരാജ വലിയ വിജയം ആവുകയും ചെയ്ത ഒരു നാട്ടിൽ , രഞ്ജിത്ത് ഉപയോഗിച്ച സിംബലുകളും കഥാപാത്രങ്ങളെ കൊണ്ട് പറയിച്ച വലിയ വര്തമാന്ങ്ങളും സ്വികരിക്കപെടുമോ എന്ന സംശയം മാത്രമേ ബാക്കി ഉള്ളു; അതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു തിയറ്റരിലെ ഇരുട്ടിൽ ..

  എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ , കയറാം “ഞാൻ” കാണാൻ ..അത് നിങ്ങളെ നിരാശപെടുത്തില്ല ;
  മറിച്ചു കുട്ടികൊണ്ട് പോകും; കേരളത്തിലെ ഇരുണ്ട ആ കാലത്തിലേക്ക്; ഓർമിപ്പിക്കും ആ വീട്ടിൽ നിന്ന് നമ്മെ വലിച്ചു കയറ്റിയ വലിയ ജന്മങ്ങളെ ….
  ഓർമിപ്പിക്കും; ജീവിച്ചു മരിച്ച ആരും അറിയാത്ത കൊട്ടുരുമാരെ .. അവരുടെ ചെറിയ തോൽവികളിലെ വലിയ ജയങ്ങളെ കുറിച്ച് ..
  സഹതപിപ്പിക്കും; വീടിന്റെ ഇരുട്ടിൽ അലിഞ്ഞു ഇല്ലാതാവുന്ന അമ്മ ജന്മങ്ങളെ ഓർത്തു ….
  അമര്ഷം കൊള്ളിക്കും; വിജയങ്ങളുടെ ആരവങ്ങൾ സ്വന്തമാക്കിയ കുറുക്കന്മാരെ പറ്റി …
  അതുഭ്തപെടുതും; “കാലത്തിന്റെ” കളികൾ …..

  നന്ദി രഞ്ജിത്ത്, ഒരു വെള്ളിയാഴ്ച രാത്രിയിൽ , ഒരു നല്ല കാഴ്ച ഒരുക്കിയതിനു …

 5. പലേരി മാണിക്യം കഥ പറഞ്ഞ സുഖമൊന്നും ഈ സിനിമക്കില്ല. പലപ്പോഴും നല്ല രീതിയിൽ ബോർ അടിപ്പിച്ചു. നന്നേ സ്ലോ ആണ്. എനിക്കിഷ്ടപെട്ടില്ല.

 6. @jay
  കടല്‍ കടന്നു ഒരു മാതുക്കുട്ടിയിലും നായകന്‍ തോല്‍ക്കുന്നുണ്ടല്ലോ

 7. ഞാൻ’ എന്ന സിനിമ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികളും ഭാരങ്ങളുമില്ലാതെ മനുഷ്യസ്നേഹിയാവാൻ ശ്രമിച്ച ഒരു ധർമിഷ്ടന്റെ കഥ. സത്യത്തിനും നീതിക്കും വേണ്ടി സദാ പോരാടിയ മഹദ് ജീവിതം. എന്നാൽ, ഭോഗത്രിഷ്ണകളുടെ വേലിയേറ്റങ്ങൾ സൃഷ്‌ടിച്ച അസ്വസ്ഥതകൾ അയാളുടെ ജീവിതത്തിൽ താളപിഴകൾ വരുത്തുന്നു. ഒരേ സമയം ഭോഗിയും യോഗിയും ആകുന്നതിലെ (സാങ്കല്പിക) വൈരുദ്ധ്യത്തിൽ നിന്നും ഉടലെടുക്കുന്ന പാപബോധത്തിൽ നീറി അയാൾ സ്വയം ഹോമിക്കുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയ അയാൾ ,വ്യക്തി ഒരിക്കിലും പൂർണസ്വതന്ത്രൻ അല്ലെന്നും, പൂർവികരുടെ കര്മഫലങ്ങലുടെയും ജൈവിക പ്രേരനകളുടെയും ബന്ധിതൻ മാത്രമാണെന്നും നമ്മെ തിരിച്ചരിയിപ്പിക്കുന്നിടത് ചിത്രം പൂർണമാകുന്നു.

 8. സമിശ്ര പ്രതികരണം. ചിലർക്ക് ക്ഷ പിടിച്ചിട്ടുണ്ട്, മറ്റു ചിലർക്ക് നേരെ തിരിച്ചും. entertainment വേണ്ടി ഒന്നും രഞ്ജിത്ത് തിരുകി കയറ്റിയിട്ടില്ല എന്നത് ഇതു ഒരു വാണിജ്യസിനിമയാൽ അതിനെ ബാധിക്കും..

  സിനിമകളിൽ പരീക്ഷിച്ചു പരീക്ഷിച്ചു രഞ്ജിത്ത് ഒരു പരുവമായോ അതോ പ്രേക്ഷകർ ആ വിധത്തിൽ ആയോ ?

  @ sethu

  തോൽക്കാൻ മാത്രം എന്ത് പിണ്ടിയാണ് മാത്തുക്കുട്ടിയിൽ രഞ്ജിത്തിന്റെ നായക കഥാപാത്രം ചെയ്യുന്നത് ?? മലയാള സിനിമയിൽ താൻ എന്തോ ആയി എന്ന മിഥ്യധാരണയിൽ രഞ്ജിത് കാട്ടിക്കൂട്ടിയ ഒരു സിനിമയല്ലേ മാത്തുക്കുട്ടി. തന്റെ ആ സിനിമയും അതിന്റെ തിരക്കഥയും നാളെ ലോകം ചർച്ച ചെയ്യും എന്നു പറയുന്ന രഞ്ജിത്തിനെ കണ്ടപ്പോൾ കഷ്ടം തോന്നി.

 9. ചന്ദ്രോൽസവതിലും നായകൻ കീഴടങ്ങുകയാണ് പക്ഷെ മരണത്തിനു മുൻപിൽ ആണന്നു മാത്രം രഞ്ജിത് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മനോഹരമായ ഒരു ചിത്രം ആയിട്ടും ആ സിനിമ വിജയിച്ചില്ല കാരണം രാവണപ്രഭു പോലൊരു പടം പ്രതീഷിച്ചു ചെന്ന പ്രേഷകർ മനോഹരമായ ആ സിനിമയെ കയ്യൊഴിഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ സിനിമകിൽ ഒന്നാണു ചന്ദ്രോത്സവം.

 10. മികച്ച സിനിമ. നല്ല തിരക്കഥ, സം വിധാനം. മനോഹരമായ ഗാനങ്ങളും ക്യാമറക്കാഴ്ചകളും.

  ദുൽഖർനു നല്ലൊരു വേഷം ലഭിച്ചെങ്കി ലും അദ്ദേഹത്തിന്റെ അഭിനയം ശരാശരിയില്‍ ഒതുങ്ങി. മറ്റുള്ള അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നടത്തിയിരിക്കുന്നു.
  പഴയകാലമായാലും,മലബാറിലെ നാട്ടിന്പുറത്തായാലും ദുല്ഖര്‍ അദ്ദേഹത്തിന്റെ പതിവ് രീതിയിലേ സം സാരിക്കൂ. അഭിനയിക്കൂ.
  ‘ശ’ എന്ന അക്ഷരം ‘ഷ’ എന്നേ പറയൂ. ആവഷ്യം, വിമര്‍ഷനം എന്നൊക്കെ. കെ ടി എൻ കോട്ടൂർ 1932 ല്‍ നിന്നു ഇടക്കൊക്കെ ന്യൂജനറേഷന്‍ രീതിയില്‍ സം സാരിക്കുന്നു 🙂

  സിനിമയിലെ ചായക്കടയിലെ ചുമലിരുന്നിരുന്ന സ്റ്റീവ് ജോബ്സിനെ വെറുതേ എടുത്ത് പോസ്റ്ററില്‍ ഇട്ടു. കാക്കി പാന്റും നീല ഷര്‍ട്ടും ഇട്ട് ബുള്ളറ്റില്‍ ഇരിക്കുന്ന ദുല്ഖറിന്റെ പോസ്റ്റ ര്‍… ഇതു മാത്രം കണ്ട് ആദ്യദിനം സിനിമക്ക് കയറിയവര്‍ക്ക് കിട്ടിയത് പഴയകാലം കാണിക്കുന്ന ഒരു സിനിമ. നിരാശരായ അവരുടെ മുഴുത്ത തെറിവിളികള്‍ തിയറ്ററി ലെ ഇരുട്ടിൽ….

 11. ചില ബുദ്ധിജീവി കടന്നുകയറ്റങ്ങളൊഴിച്ചാല്‍ നല്ലൊരു സിനിമ തന്നെയാണ് ഞാന്‍, പഴയ കാലം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.അഭിനേതാക്കളില്‍ രഞ്ജി പണിക്കര്‍ മികച്ചുനിന്നു. ദുല്‍ക്കര്‍ കോട്ടൂരായി മാറിയില്ല എന്നുതന്നെ പറയേണ്ടിവരും.ആട്ടും പാട്ടവും കോമഡിയുമെല്ലാം വേണ്ടവര്‍ മാറിനില്‍ക്കുന്നതാവും നല്ലത്.

 12. As a Normal cinema viewer, Drama portions (?) gave me irritating feelings. with out drama portions it may be more watchable. may be to picturise this move, director need the help of drama…??

 13. @ Rohit
  ശരിയാണ് താങ്കൾ പറഞ്ഞത്, മലയാള സിനിമയിലെ മനോഹരമായ മറ്റൊരു പ്രണയമാണ് ചന്ദ്രോല്സവതിലെത്. എനിക്ക് ശ്രീഹരിയെ വല്ലാതെ ഇഷ്ടമാണ്. പക്ഷെ ഇന്ദുലേഖയെ കന്യകയായി നായകന് വേണ്ടി കാത്തു വെച്ച രഞ്ജിത് ന്റെ MCP mentality ഇഷ്ടമായില്ലെന്നു മാത്രമല്ല, വേണമെങ്കില രഞ്ജിത് നു സോളമന് കിട നില്ക്കാവുന്ന ഒരു നായകനായി ശ്രീഹരിയെ മറ്റാമായിരുന്നിട്ടും ആ അവസരം നഷ്ടപ്പെടുത്തി! പക്ഷെ കല്യാണ ദിവസം തന്നെ ആയിരുന്നു ആ അപകടത്തിനു നല്ലതെന്നും തോന്നുന്നു.

  എന്തെ ആരും ചന്ദ്രോത്സവത്തിനു ഒരു relook എഴുതിയില്ല? ജയ്‌ ഒന്ന് ശ്രമിച്ചൂടെ? ചെറുതുരുത്തി പാലത്തിനു അപ്പുറത്ത് ലോകം കണ്ടിട്ടില്ലതവളെ കുറിച്ചും, ചന്ദ്രമാസങ്ങൾക്ക് ശേഷം വിരുന്നിനെതുന്നവനെ കുറിച്ചും എഴുതിക്കൂടെ?

 14. കന്യക അല്ലാത്ത നായികയെ സ്വീകരിക്കുന്ന നായകനെ സിനിമയിൽ കയ്യ് അടിച്ചു സ്വീകരിക്കും. മറ്റൊരു ഉദാഹരണം അഴകിയ രാവണനിലെ മമ്മൂട്ടി. പക്ഷെ യഥാർത്ഥ ജീവിതത്തിൽ പ്രതികരണം വിപരീതം ആയിരിക്കും. തന്റെ കാമുകിയെ സ്വൊന്തം ആക്കിയവനെ കല്യാണത്തിന്റെ അന്ന് തന്നെ കൊലപെടുതാൻ ശ്രമിച്ചു എന്ന് വന്നെങ്കിലേ ആ സീനിനു ഒരു പഞ്ച് ഉണ്ടാകുകയുള്ളൂ. അത് കൊണ്ട് രഞ്ജിത് അങ്ങനെ ചെയ്തു എന്ന് തോന്നുന്നു.

 15. @ അംബിക

  “ചെറുതുരുത്തി പാലത്തിനു അപ്പുറത്ത് ലോകം കണ്ടിട്ടില്ലാത്ത അവളും ചന്ദ്രമാസങ്ങൾക്ക് ശേഷം വിരുന്നിനെതുന്ന അവനും” ഈ ഒരു വരി മാത്രമേ ആ സിനിമയിൽ ഉള്ളൂ. പ്രണയത്തിന്റെ മനോഹാരിത ഈ വരികളിലുണ്ട് പക്ഷേ, ഈ വരികളിലേക്ക് ഒരു തട്ടിക്കൂട്ടി കഥയുണ്ടാക്കി സിനിമയെ കൊണ്ട് എത്തിക്കുകയാണ് ചന്ദ്രോത്സവത്തിൽ രഞ്ജിത്ത് ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെതടക്കം മറ്റു പല സിനിമകളിലും കണ്ട സീനുകളും കഥാ സന്ദർഭങ്ങളും അപ്പാടെ ഈ സിനിമയിലുമുണ്ട്. പാലക്കാട് പറളി മങ്കര പത്തിരിപ്പാല ലക്കടി വഴി ഇന്ന് അയാൾ എത്തുന്നു എന്ന ആദ്യ ദിനത്തെ പരസ്യം കണ്ടപ്പോഴേ സംശയിച്ചതാണ് ഒരു അവിയൽ സിനിമയായിരിക്കും എന്ന്. ഒരു സുന്ദരമായ പ്രണയം ഉറഞ്ഞുകൂടി ഉള്ളിൽ കിടക്കുന്നുണ്ട് എന്നല്ലാതെ ഈ സിനിമയെ കുറിച്ച് എന്ത് എഴുതാൻ.

  “തവള കണ്ണി എന്ന ഇരട്ടപേര് ആരു വിളിച്ചാലും
  കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവൾ
  ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ
  അവൾ തെറി വിളിച്ചില്ല പകരം കണ്ണ് നിറച്ചു … ആ അവൾ ..,

  ആദ്യമായി മുഴു പാവാട ഉടുത്ത നാൾ ഓടി കിതച്ചു എന്റെ മുന്നിൽ വന്നു നിന്ന് – എനിക്ക് ചേർച്ച ഉണ്ടോന്നു ചോദിച്ചവൾ ….
  ഞാൻ പരിക്ഷകളിൽ ജയിക്കുമ്പോൾ കാണുന്ന കൽവിളക്കിൽ എല്ലാം തിരി തെളിയിക്കുന്നവൾ ….കഥ കളി കാണാൻ പോയിട്ട് കണ്ണിൽ കണ്ണിൽ ന്നോക്കിയിരുന്നു നേരം വെളുപ്പിക്കുവാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി …. കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപാതി പെയ്യുന്ന – നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവൾ….. ”

  രഞ്ജിത്തിന്റെ ചന്ദ്രോത്സവം …..പ്രണയതിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ചിത്രം…… പക്ഷേ, ആ ഓർമകൾക്ക്‌ മധുരം നിറയ്ക്കാൻ രഞ്ജിത്തിനു കഴിഞ്ഞില്ല. ഒരു പക്ഷേ എന്നാണെങ്കിൽ സകല പീഡകളെയും ഒഴിവാക്കി ചന്ദ്രോത്സവം ഒരു മാസ്റ്റർപീസ്‌ ആക്കിയേനെ രഞ്ജിത്ത്.

 16. @ JAY,

  കൈയൊപ്പ്‌ – നായകന്‍ പരാജിതനാകുന്ന രഞ്ജിത്ത് ചിത്രമല്ലേ ?

  കൊല്ലം നിന്ന് ബാംഗ്ലൂര്‍ യാത്രക്കിടയില്‍ വാങ്ങുകയും ഒറ്റയിരിപ്പിനു തൃശൂര്‍ കഴിഞ്ഞപ്പോള്‍ വായിച്ചു തീര്‍ക്കുകയും ചെയ്ത പുസ്തകം ആണ് ഇത് . രഞ്ജിത്ത് ഇത് സിനിമ ആക്കുന്നു എന്നറിഞ്ഞത് മുതല്‍ ആകാംഷ ആയിരുന്നു എങ്ങനാകും പുള്ളി ഇതിനെ സമീപിച്ചിരിക്കുന്നത് എന്നറിയാന്‍. നല്ല അഭിപ്രായങ്ങള്‍ ആണ് കേള്‍ക്കുന്നത് . ഇന്ന് എങ്ങനെയും കാണാന്‍ പോകണം . 🙂

 17. as jayaraj told, this film had excess influence of drama in many portions. at many portions, the frame was static. അസാമാന്യമായ പ്രതിഭയൊന്നും ഇല്ലാത്ത നല്ല ചങ്കുറ്റവും മാത്രം കൈമുതലായുള്ള ഒരാള്‍ കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും എന്ന നോവൽ സിനിമയാക്കാൻ ശ്രമിച്ചത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്ന് സംശയിക്കുന്നു. ഇങ്ങനെ ഒരു സിനിമ സാക്ഷാത്കരിക്കാന്‍ കാണിച്ച ധൈര്യത്തിന് salute

 18. എല്ലാതരം പ്രേക്ഷകരെയും ആകര്ഷിക്കുന്ന ഒരു സിനിമ അല്ലിത് . ഇത് നല്ല സിനിമയാണ് എന്ന് പറയാൻ തക്ക ആസ്വാദന നിലവാരം എനിക്കില്ല . മൂന്നു മണിക്കൂറോളം സമയം നഷ്ടമായി എന്ന് പറയേണ്ടി വരും . സാധാരണ സിനിമകൾ ആസ്വദിക്കുന്നവർ ആ പരിസരത്തേയ്ക്ക് പോകാതെ ഇരിക്കുക .

 19. the story has lot of potential but film ends up as a dragging drama. i don’t think the film will be able maintain a normal viewer’s attention for 3 hours due to the inherent lag in most of the frames.

 20. @ജെയ്
  രഞ്ജിത് പറയുമ്പോലെ ചിലപ്പോ അത്തരം അത്ഭുതം സംഭവിച്ചു കൂടാ എന്നില്ല. ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന :മിധുനവും തൂവാനതുമ്പികളും പ്രേക്ഷകര്‍ തിരസ്കരിച്ചു നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയ പടങ്ങളായിരുന്നു.അത് പോലെ ചിലപ്പോ മാതുക്കുട്ടിയും നാളെ അന്ഗീകരിക്കപ്പെടാന്‍ സാധ്യത ഉണ്ട്.മാത്തുക്കുട്ടിയെ ആ രണ്ടു പടങ്ങളുമായി താരതമ്യം ചെയ്തതല്ല കേട്ടോ.

 21. ”പോസ്റ്റ് മാൻ കത്തുമായി വരുന്ന അവസാന നാടകസീനൊക്കെ നമ്മുടെ മുഖത്തുണ്ടാക്കുന്നത് ഒരു പരിഹാസച്ചിരിയല്ലാതെ മറ്റൊന്നുമല്ല”

  You said it…

 22. @ സേതു
  മിഥുനവും തൂവാനത്തുമ്പികളും പ്രേക്ഷകർ തിരസ്കരിച്ച സിനിമകൾ ആയിരുന്നില്ല. ഈ സിനിമകൾ കണ്ട ഞാനടക്കമുള്ള പ്രേക്ഷകർ അന്നു ഇഷ്ടപ്പെട്ട സിനിമകൾ തന്നെയായിരുന്നു അത്. പക്ഷേ, കിലുക്കം പോലെയോ മുത്തിരിത്തോപ്പു പോലെയോ വലിയ വിജയം നേടിയില്ല എന്നത് നേര്. മനസ്സിൽ തങ്ങി നിൽക്കുന്ന രണ്ടു സിനിമകൾ തന്നെയാണ് അവ രണ്ടും.
  മാത്തുക്കുട്ടിയോ, പ്രേക്ഷകന്റെ മനസ്സില് തങ്ങി നില്ക്കുന്ന ഏതെങ്കിലും ഒരു സന്ദർഭം ആ സിനിമയിൽ ഉണ്ടോ. വിദേശത്തിൽ നിന്ന് എത്തുന്ന നായകന് പൂർവ്വകാമുകി നാട്ടിൽ കല്യാണം കഴിയാതെ നടക്കണം, നായകന് അതിൽ സങ്കടം തുടങ്ങീ കണ്ടു മടുത്ത, മുഷിപ്പിക്കുന്ന എത്രയോ രംഗങ്ങൾ ആ സിനിമയിൽ സുലഭം. പല സീനുകളും ഒരു സീരിയൽ ലെവൽ പോലും എത്തിയില്ല. ആ സിനിമ രഞ്ജിത്ത് തന്നെയാണോ എഴുതി സംവിധാനം ചെയ്തത് എനിക്ക് സംശയം ഉണ്ട്. ഒരു പക്ഷെ രഞ്ജിത്ത് എന്നൊരു tag ഇല്ലാതെ ആ സിനിമ ഇറങ്ങിയിരുന്നെങ്കിൽ പത്തു ദിവസമെങ്കിലും തിയ്യേറ്ററുകളിൽ കളിച്ചേനെ ..!!

 23. ‘ഞാൻ’ ഒരു 100% കപട ബുദ്ധിജീവി സിനിമ ആണ്. രെണ്ജി പണിക്കെറുടെ അഭിനയം അല്ലാതെ മറ്റൊന്നും ഇല്ല എടുത്തു പറയാൻ വേണ്ടും. ദുൽക്കറിന്റെ makeup പലപ്പോഴും ഒരു സ്കൂൾ നാടകത്തിന്റെ ലെവലിൽ ആയിരുന്നു.

 24. മദ്യപിച്ചു സിനിമാ കഥ എഴുതുന്നത്‌ ശിക്ഷാർഹമാണ്…

 25. i missed your reply Jay…!
  എന്തോ പോരായ്മ ഉണ്ടെങ്കിലും അതിലെ പ്രണയം എനിക്കിഷ്ടമാണ്. അതിലെ വില്ലനെയും ഇഷ്ടമാണ്. ആ കഥ പറഞ്ഞ രീതിയാണ്‌ അതിന്റെ പോരായ്മ എന്ന് തോന്നുന്നു. നേരെ ചൊവ്വേ പറഞ്ഞിരുന്നെങ്കിൽ മറ്റൊരു ദേവാസുരം ആക്കാമായിരുന്നു. ഒറ്റപ്പാലം, ഷോരനൂർ, ചെറുതുരുത്തി route ഇല ഓടുന്ന മിക്ക സിനിമകല്ക്കും ഉള്ള എന്തോ ‘ഒരിത്’ ഇതിനും ഉണ്ട്! 🙂 ആ ‘ഇത്’ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്!

  മനിശ്ശീരിയിലെ ആ പ്രശസ്ത ആനക്കംബക്കാരനെ തെമ്മാടിയായ വില്ലനാക്കി രഞ്ജിത്!

 26. ഞാൻ ” ഞാൻ “സിനിമ വൈകിയാണ് കണ്ടത്. 1947 ഇന് ശേഷം കോണ്‍ഗ്രസ്‌ പിരിച്ചു വിടണമെന്ന് പറഞ്ഞ ഗാന്ധിസം കൊട്ടൂരിനുണ്ട് എന്ന് പറഞ്ഞാൽ ഒരല്പം സ്ക്രീനിലേക്ക് കയറി അഭിപ്രായം പറഞ്ഞ പോലെയാവും. പ്രസ്ഥാനങ്ങൾ കയറാനും ഇറങ്ങാനും പറ്റാത്ത കൊട്ടകളായി മാറിയത് അവതരിപ്പിച്ച വീക്ഷണം അരാഷ്ട്രീയവാദിയുടെതല്ല.
  പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികളും ഭാരങ്ങളുമില്ലാതെ സേവന രംഗത്തിറങ്ങിയ കോട്ടൂർ വ്യക്തി ജീവിതത്തിലും കാലിടറി മദ്യത്തിൽ അനുരക്തനാകുന്നു. ഉറച്ച കാൽ വെയ്പ്പുകൾ ഇല്ലാഞ്ഞിട്ടും കോട്ടൂരിനെ എനിക്കിഷ്ടമായി. നാടകത്തിന്റെ Dress Rehearsal ക്ലൈമാക്സ്‌ ആക്കിയതിൽ അപാകത ഒന്നുമില്ല. മമ്മുട്ടിയുടെ പുത്ര സ്നേഹം ആയിരിക്കണം കാരണം രഞ്ജിത്ത് ദുൽക്കർ സൽമാനെ ഈ വേഷം സധീരം എല്പ്പിച്ചത്.സൽമാൻ മോശമാക്കി എന്നഭിപ്രായം എനിക്കില്ല.രണ്‍ജി പണിക്കരുടെ സ്ഥാനത്ത് സാക്ഷാൽ മമ്മുട്ടി വന്നാൽ ഒന്നും കൂടെ ബെസ്റ്റ് രണ്ജിയേട്ടാ ,,,,,,,,:ബെസ്റ്റ്

  NB : ടി പി രാജീവന്റെ ‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. ഉടൻ വായിക്കാം.

 27. ടി പി രാജീവന്റെ “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന മികച്ച സാഹിത്യ സൃഷ്ടിയെ മികച്ച രൂപത്തിൽ തന്നെ അഭ്രപാളിയിൽ എത്തിച്ച രണ്ജിതിനു ഇക്കുറി കെ ടി എൻ കോട്ടൂരിനെ വേണ്ട വിധത്തിൽ കൈ കാര്യം ചെയ്യാൻ സാധിച്ചില്ല എന്നതാണ് ഞാൻ കണ്ടപ്പോൾ കാണാൻ കഴിഞ്ഞത്. പതിവ് പോലെ തന്നെ കരുത്തുറ്റ സംഭാഷണം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും കെട്ടുറപ്പുള്ള ഒരു തിരക്കഥയോ ആഖ്യാന രീതിയോ ഒന്നും ചിത്രത്തിൽ കാണാൻ സാധിച്ചില്ല.
  മൂര്ത്തി സാർ നിരൂപണത്തിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു.ദുല്കരിനു പകരം പ്രിത്വിരാജ് ആയിരുന്നു ഈ റോൾ ചെയ്യാൻ കൂടുതൽ യോഗ്യൻ. രണ്‍ജി പണിക്കരുടെ തമ്പുരാൻ വേഷവും മുത്തു മണിയുടെ വലിയമ്മ റോളും അസ്സലായി. ചിത്രം കണ്ടപ്പോൾ രംഗ് ദേ ബസന്തി എന്ന ഹിന്ദി ചിത്രം ഓര്മ വന്നു. നന്നായി വർക്ക് ഔട്ട്‌ചെയ്തിരുന്നെങ്കിൽ ഒരു മികച്ച ചലച്ചിത്രം തന്നെ ഒരുക്കാമായിരുന്നു രണ്ജിതിനു കഷ്ടിച്ച് ഒരു ശരാശരി സിനിമ ഒരുക്കി ത്രിപ്തൻ ആകേണ്ടി വന്നു.

 28. ഞാന്‍ എന്ന സിനിമ എനിക്കിഷ്ട്ടമായി. രഞ്ജിത്ത് കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മികച്ച ചലച്ചിത്ര അനുഭവം ആകുമായിരുന്നു. ദുല്കര്‍ മോശമാക്കിയില്ല. ഈ സിനിമയിലെ എല്ലാരും മല്‍സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് തോന്നി. എനിക്ക് ഇഷ്ടമായത്, മുത്തുമണി അവതരിപ്പിച്ച വല്യമ്മയും, സുരേഷ് കൃഷ്ണന്റെ അച്ഛന്‍ കഥാപാത്രവും. മുകളില്‍ ആഷിഫ്‌ പറഞ്ഞപോലെ തമ്പുരാന്‍ കഥാപാത്രം മമ്മൂട്ടി ചെയ്തിരുന്നെങ്കില്‍ സംഭവം ആകുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *


+ 6 = 12