Ranjith1

രഞ്ജിത്തിന്റെ ‘കണ്ണ് ചിമ്മുമ്പോൾ’

ചലച്ചിത്രകാരൻ രഞ്ജിത്ത് എഴുതിയ ചെറുലേഖനങ്ങളുടെ സമാഹാരമാണ് കറന്റ് ബുക്‌സ് തൃശൂർ പ്രസിദ്ധപ്പെടുത്തിയ കണ്ണു ചിമ്മുമ്പോൾ. തന്റെ അനുഭവങ്ങൾ, യാത്രകൾ, പിന്നിട്ട കാലം, കണ്ടുമുട്ടിയ വ്യക്‌തികൾ, ചുറ്റുമുള്ള കാഴ്‌ചകൾ, താൻ വ്യവഹരിക്കുന്ന എഴുത്തിന്റെയും സിനിമയുടെയും ലോകം ഇതെല്ലാമാണ് ഈ കുറിപ്പുകളുടെ ഉള്ളടക്കം. ആകെ 29 കുറിപ്പുകൾ. അവയിൽ “ആദ്യത്തെ ആ കാഴ്‌ച! ” എന്ന കുറിപ്പിൽ നിന്നു കുറച്ചു വരികൾ താഴെ വായിക്കാം.

ഒരാളിനെ എപ്പോഴാണ് ആദ്യം കണ്ടത് അല്ലെങ്കിൽ അവസാനമായി കണ്ടത് എന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? സിനിമാഭാഷയിൽ ‘ഫസ്‌റ്റ് ഷോട്ട്’ അല്ലെങ്കിൽ ‘ലാസ്‌റ്റ് ഷോട്ട്’. ഒരു നേർത്ത കൗതുകം. അല്ലെങ്കിൽ തിരിഞ്ഞുനോട്ടത്തിന്റെ സുഖകരമായ സുഗന്ധം അനുഭവിക്കാൻ ഒരു റീവൈൻഡിംഗ്.

buy now

അഞ്ചുവയസ്സുള്ളപ്പോഴാണ് ഞാനൊരു സിനിമാ നടനെയും നടിയെയും ആദ്യമായി കാണുന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ. അച്‌ഛൻ വാങ്ങിച്ചു തന്ന ‘റോസ്‌മിൽക്ക്’ എന്ന പാനീയം; അതിന്റെ രുചിയുടെ സ്‌മരണ. അച്‌ഛനെ കണ്ട് അരികിലേക്ക് വന്ന് സംസാരിച്ച ഒരമ്മയും മകനും. മകന്റെ കാലിൽ ഷൂസും കുറുകെ വരകളുള്ള സോക്‌സും. എന്റെ ശ്രദ്ധ അതിൽനിന്നു ട്വിൽറ്റ് അപ് ചെയ്‌താണ് മുഖത്തേക്ക് എത്തിയത്. ആ ദൂരയാത്രയുടെ ഭാഗമായി അച്‌ഛൻ വാങ്ങിച്ചുതന്ന പുതിയ റബർ സ്ലിപ്പറിന്റെ വള്ളികൾ കാലിനെ നോവിക്കുമ്പോൾ ആ ഷൂസും സോക്‌സും എന്നിൽ അസൂയ ഉണ്ടാക്കി. ആ കുട്ടി മികച്ച ബാലതാരത്തിനുള്ള കേന്ദ്ര ഗവൺമെന്റ് പുരസ്കാരം കിട്ടിയ നടനാണ്. പേര് സത്യജിത്ത്. കൂടെയുള്ളതു ശാന്തേടത്തി ( ശാന്താ ദേവി). രണ്ടുപേരും ഇന്നില്ല. റബർ സ്ളിപ്പറും റോസ്‌മിൽക്കും വാങ്ങിച്ചു തന്ന അച്‌ഛനും.

സത്യജിത്തിന്റെ ഷൂസിൽ നിന്ന് ട്വിൽറ്റ് അപ് ചെയ്‌തപോലെ പിന്നീടും ഉണ്ടായി ഒരു ഷോട്ട്. അതു ഡെനിം ജീൻസ് ധരിച്ച ഒരാളിന്റെ ഇടുപ്പിലെ തുകലുറയിൽ നിന്ന് മുഖത്തേക്ക് നോട്ടം ഉയർത്തിയപ്പോഴാണ്. സ്‌ഥലം ഗോവയിലെ ‘മാട്ടിൻസ് കിച്ചൻ’. അതു നാനാപടേക്കർ എന്ന നടനായിരുന്നു. നാനയെ പിന്നീട് സ്‌ക്രീനിൽ കാണുമ്പോഴെല്ലാം ആ കാഴ്‌ച അല്ലെങ്കിൽ ആ ഫസ്‌റ്റ് ഷോട്ട് തിരികെ എത്തും.

kannu-chimmumbolമറ്റൊരു പ്രതിഭാശാലിയെ ആദ്യം കണ്ട ഷോട്ടിലേക്ക്: സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലം. ഉച്ചഭക്ഷണം കഴിഞ്ഞ് നാലഞ്ചു പേരുള്ള ഞങ്ങളുടെ സംഘം തിരികെ ക്ലാസ് റൂമിലേക്ക് വരുമ്പോഴാണ്, ജോൺ മത്തായി സെന്ററിന്റെ പടിക്കെട്ടിൽ നരച്ച ജീൻസിലും ടീഷർട്ടിലും ഒരാൾ ഇരിക്കുന്നു. കയ്യിൽ ഒരു ഊന്നുവടി. അത് നസിറുദ്ദീൻ ഷാ ആയിരുന്നു. ചെന്നൈയിലെ ‘നല്ലി ‘ എന്ന വസ്‌ത്രവ്യാപാരക്കടയിൽ ചെന്നപ്പോൾ ലിഫ്‌റ്റിൽ ഒരു സംഘം സ്‌ത്രീകളുടെ നടുവിൽ സാക്ഷാൽ ലതാമങ്കേഷ്കർ. അനുഷ്ഠാന കലകളുടെ ഒരു വലിയ ഉത്സവം കല്യാശേരി സ്‌കൂൾ മൈതാനത്തു നടന്നത് 83-ൽ ആണെന്നാണ് ഓർമ. സ്‌കൂൾ ഓഫ് ഡ്രാമ ആയിരുന്നു അത് സംഘടിപ്പിച്ചത്. ആൾത്തിരക്കിൽ ഞാനൊരു സായിപ്പിനെ കാണുന്നു. കടുംനീല നിറത്തിലുള്ള കുപ്പായവും ജീൻസുമാണ് വേഷം.  കയ്യിൽ ഒരു ചെറിയ വീഡിയോ ക്യാമറ. ഒന്നുകൂടി അമർത്തി നോക്കിയശേഷം ഞാൻ എന്റെ സഹപാഠി മണികണ്ഠദാസിനെ നോക്കി വിളിച്ചു പറഞ്ഞു: എടാ മണി, പീറ്റർ ബ്രൂക്ക്… അതേ, അതു വിശ്രുത ബ്രീട്ടീഷ് സംവിധായകൻ പീറ്റർ ബ്രൂക്ക് ആയിരുന്നു.

മമ്മൂക്കയെ ആദ്യം അടുത്തുകണ്ട രംഗവും മറക്കാൻ കഴിയില്ല. സെഞ്ചുറി ഫിലിംസിന്റെ ചെന്നൈയിലെ ഗസ്‌റ്റ് ഹൗസ്. ഞാനും സംവിധായകൻ കമലും ഷിബു ചക്രവർത്തിയുമുണ്ട്. മമ്മൂട്ടി അവിടേക്ക് വന്നത് ഷിബുവിനെ കാണാനാണ്. അക്കാലം അദ്ദേഹത്തിന്റെ വാണിജ്യവിജയം നേടുന്ന സിനിമകളുടെ ഭാഗമാണ് ഷിബു. അവർ അടുത്ത പരിചയക്കാരാണ്. ഒരു മര്യാദയുടെ പേരിൽ കമൽ എന്നെ മമ്മൂക്കയ്‌ക്ക് പരിചയപ്പെടുത്തി; എന്റെ അടുത്ത സിനിമയ്‌ക്ക് കഥ എഴുതുന്ന ആളാണ് എന്നോ മറ്റോ ആണ് പറഞ്ഞത്. താരം എന്നെ ഒന്നു നോക്കി. ഞാനോ, ഔപചാരികതയ്‌ക്കു കുറവു വേണ്ട എന്ന വിചാരത്തിൽ വലതുകൈ അദ്ദേഹത്തിന്റെ നേർക്കു നീട്ടി. ഏതാണ്ട് പന്ത്രണ്ട് സെക്കൻഡ് എന്റെ കൈ വായുവിൽ നിന്നു. തനിക്കു നേരെ നീണ്ട ഈ അഹങ്കാരത്തിന്റെ കൈ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചിന്തയിലായിരുന്നിരിക്കണം മമ്മൂക്ക. നീട്ടിയ കൈ പിൻവലിക്കില്ല എന്ന തീരുമാനത്തിൽ ഞാനും. ഒടുവിൽ ഒരു തണുത്ത സ്‌പർശം എനിക്കു കിട്ടി. പിന്നീടാ കൈകൾ സോദരസ്‌നേഹത്തോടെ എന്നെ സ്വദേഹത്തോടു ചേർത്തുനിർത്തിയിട്ടുണ്ട്, പലവട്ടം.

മോഹൻലാൽ. നാടകസ്‌കൂളിൽ പഠിക്കുന്ന കാലമാണ്. ഉച്ചതിരിഞ്ഞ നേരം. കോഴിക്കോട് മാവൂർ റോഡിലൂടെ നടന്നുപോവുകയാണ് ഞാൻ. തിക്കോടിയൻ മാഷെ ഒന്നു കാണണം. ഒരു അംബാസഡർ കാർ എന്നെ കടന്നു പോകുമ്പോൾ എന്തോ കാരണത്താൽ സ്‌പീഡ് കുറച്ചു. അതിന്റെ പുറകിലത്തെ സീറ്റിൽ മോഹൻലാൽ ഉണ്ടായിരുന്നു. ജീവനോടെ ആദ്യം കാണുകയാണ്. ഞാനൊന്നു ചിരിച്ചു. മറുചിരി ലാലിൽ നിന്നും.

6 thoughts on “രഞ്ജിത്തിന്റെ ‘കണ്ണ് ചിമ്മുമ്പോൾ’”

 1. പണ്ട് എന്നെ കണ്ടപ്പോ എയര്‍ പിടിച്ചു നിന്ന മമ്മൂട്ടി ഇന്ന് എന്നെ കാണുമ്പോ ഓടി വന്നു കെട്ടിപ്പിടിച്ചു വട്ടം കറക്കുന്നു. അമ്പട ഞാനേ!!

 2. ഈ പുസ്തകം വായിച്ചു. ബാബു അലക്സ് ചേട്ടൻ പറഞ്ഞത് പോലെ അത് അങ്ങേർ പൊങ്ങച്ചം പറഞ്ഞതല്ല എന്ന് തോന്നുന്നു. ഒരു സാധാരണ നാടക പ്രവർത്തകനായിരുന്ന രഞ്ജിത്തിന്റെ പല ഘട്ടങ്ങളിലൂടെയുള്ള വളർച്ച ഈ ചെറിയ കുറിപ്പുകളിൽ വായിക്കാം. അദ്ദേഹത്തിന്റെ സിനിമാ നായകന്മാരുടെ പല സ്വഭാവ സവിശേഷതകളും കഥാകൃത്തിന്റെ തന്നെയാണെന്ന് ഉറപ്പിക്കാം. അതിന്റെ ചില കല്ലുകടികൾ ഒഴിച്ചാൽ ഹൃദ്യമായ രചനകൾ.

 3. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് മനോരമയില്‍ എഴുതിയ ‘മരം പെയ്യുമ്പോള്‍ ‘ പംക്തിയിലെ രചനകള്‍ കോര്‍ത്തിണക്കിയതാണെന്ന് തോന്നുന്നു. മുകളിലെ ഭാഗം അന്ന് വായിച്ചിരുന്നു. ആ ലേഖനങ്ങള്‍ നന്നായിരുന്നു.
  @ദുശ്ശാസ്സനൻ
  അത് തന്നെയാണോ ഈ പുസ്തകം?

 4. @JP
  അറിയില്ല. മനോരമയിൽ വന്നത് ഞാൻ വായിച്ചിട്ടില്ല. പക്ഷെ ഇത് വായിക്കാൻ നല്ല സുഖമുണ്ട്

 5. രഞ്ജിത്തിന്റെ ഭാഷയ്ക്ക്‌ ഒരു പ്രത്യേക സുഖമുണ്ട്, അതുകൊണ്ട് തന്നെ വായിക്കുന്നുണ്ട്.

 6. If my memory is correct, these articles have been published in ‘Grihalakshmi’ very long back.

Leave a Reply

Your email address will not be published. Required fields are marked *


2 + = 9