kl10pathu

KL10 പത്ത്

പ്രണയത്തിലായ അഹമ്മദും (ഉണ്ണി മുകുന്ദൻ) ഷാദിയയും (ചാന്ദ്നി ശ്രീധർ) വിവാഹം കഴിക്കാനായി ഒളിച്ചോടുകയാണ്. അവരുടെ പ്രണയത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാത്ത വീട്ടുകാർ (കൂട്ടുകാരും) പിന്നാലെയുണ്ട്. ഒപ്പം ഫുട്ബോളും രാഷ്ട്രീയവും മലപ്പുറവും മലബാറും അവിടുത്തെ ഭക്ഷണവും.

FIRST IMPRESSION
ഒരു നാടൻ കഥ, നാട്ടുനടപ്പില്ലാത്ത ശൈലിയിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് മുഹ്‌സിൻ പരാരി എഴുതി സംവിധാനം ചെയ്ത ‘K L 10 പത്ത്’ എന്ന ചിത്രത്തിന്റെ സവിശേഷത. തുടക്കത്തിൽ വാലും തലയുമില്ലാത്ത ഒരു ബോറൻ പരിപാടിയായി തോന്നുമെങ്കിലും രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും സിനിമ സംവിധായകന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നുണ്ട്. പക്ഷേ, ആദ്യപകുതി കടത്തിവിടാൻ നല്ല ക്ഷമാശക്തി വേണ്ടിവരും.

ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ജിന്ന് ആണ് സിനിമയുടെ കഥയും കാര്യവുമെല്ലാം പറയുന്നത്. ശ്രീനാഥും ജിന്നും ഒരുപോലെ ഗംഭീരം. ‘ജിന്നാണ് ഈ സിനിമയുടെ ഐശ്വര്യം’ എന്ന് ഉമ്മറപ്പടിയിൽ എഴുതിത്തൂക്കേണ്ടത്ര ഗംഭീരം. ഉണ്ണി മുകുന്ദൻ, ചാന്ദ്നി ശ്രീധർ, നീരജ് മാധവ് എന്നിവരുടെ അഭിനയവും എടുത്തുപറയണം.

രസം ജനിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളും സന്ദർഭങ്ങളും മുഹ്‌സിൻ ഇതിൽ ചേർത്തുവച്ചിട്ടുണ്ട്. ഒപ്പം, ആലോചിക്കാൻ പ്രേരിപ്പിക്കുന്നവയും. ‘ആരു ജയിച്ചാലെന്താ, നാടിന്റെ കാര്യം നന്നായി നടന്നാൽപ്പോരേ’ എന്നുറപ്പിച്ച് ഒരുമിച്ച് വോട്ടു പിടിക്കാൻ പോകുന്ന സ്ഥാനാർത്ഥികളും ചന്ദ്രനേക്കുറിച്ച് ഈരടികൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന കുട്ടിയും കൂട്ടുകാരനോട് വിശ്വാസവഞ്ചന കാണിക്കാൻ വയ്യാത്ത കൂട്ടുകാരനുമൊക്കെ ചിരിപ്പിക്കുന്നതിനേക്കാൾ ചിന്തിപ്പിക്കുന്നുണ്ട്. വെറുതേ നിർമ്മലമായി ചിരിക്കാനുള്ള അവസരങ്ങളും ധാരാളം.

അടിത്തറ ഉറയ്ക്കാത്ത വീടുകൾ പോലെ നമ്മുടെ സിനിമകൾ കാറ്റിൽ ഉലയുന്നത് (ചിലതൊക്കെ മലവെള്ളത്തിലെന്നതുപോലെ ഒലിച്ചുപോകുന്നതും) അവയുടെ തിരക്കഥകളിലെ ദൗർബല്യം കൊണ്ടാണ്. K L 10 പത്ത് എന്ന ചിത്രം ഇതിന് ചുവന്ന മഷിയിൽ അടിവരയിടുന്നു. പറയാൻ പോകുന്നത് എന്തിനേക്കുറിച്ചാണ് എന്ന് ഒറ്റ വാചകത്തിൽ പറയാൻ സ്രഷ്ടാവിനു കഴിയില്ലെങ്കിൽ അതു സാധ്യമാകുന്നതുവരെ സൃഷ്ടി മാറ്റിവയ്ക്കുന്നതാണു നല്ലത്. ഫുട്ബോളും ഭക്ഷണവും രാഷ്ട്രീയവും പ്രണയവുമൊക്കെ ചേർത്തിട്ടുണ്ടെങ്കിലും ഇവയെ ഒരു ബിന്ദുവിലേക്ക് ചേർത്തുകെട്ടാനുള്ള ഒരു ചരടിന്റെ അസാന്നിധ്യം സിനിമയിൽ ഉടനീളം പ്രകടമാണ്. ആ അസാന്നിധ്യത്തിന്റെ വിളംബരമാണ് ചിത്രത്തിന്റെ ഇടവേളയും ക്ലൈമാക്സും.

LAST WORD
എങ്കിലും, ഒരു പരീക്ഷണം എന്ന നിലയിൽ കാണാവുന്ന സിനിമ. ഈ സീസണിൽ പുറത്തുവന്ന അഛാ ദിൻ, മധുരനാരങ്ങ, ലൗ 24×7 എന്നീ സിനിമകളുടെ സംവിധായകർ തീർച്ചയായും ഇതു കാണണം.

| G Krishnamurthy

7 thoughts on “KL10 പത്ത്”

 1. വ്യത്യസ്‌തമായ രീതിയിൽ എടുത്തിരിക്കുന്ന സിനിമ. ആദ്യം കുറച്ചു സീനുകൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പ്രത്യേകിച്ച് സൈജുകുറുപ്പും സംഘവും ജീപ്പിൽ കോഴിക്കോട്ടേക്ക് പോകുന്ന സീൻ വല്ലാതെ നീണ്ടു പോയി. എന്താണ് ഈ സംഭവിക്കുന്നതെന്ന് അറിയാതെ നമ്മൾ ഒന്നു പകച്ചു പോകും. അതൊക്കെ ഒന്നു വൃത്തിയായി എഡിറ്റ് ചെയ്‌തിരുന്നെങ്കിൽ ഈ സിനിമ ഒരു നല്ല വിജയമായേനെ. മലപ്പുറത്തെ പ്രത്യേകതകൾ ഫുട്ബോൾ പ്രിയം, ഭക്ഷണത്തോടുള്ള സ്‌നേഹം അടക്കമുള്ള പലതും രസകരമായി കാണിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസിയൂടെ ജിന്നും പ്രത്യേക പരാമർശം അർഹിക്കുന്നു. ആദ്യത്തെ 2 ഗാനങ്ങളും വളരെ മനോഹരം. അമ്പിളി അമ്മാമനെ കുറിച്ചുള്ള കുട്ടിയുടെ കവിതയെഴുത്ത്, പെരുന്നാൾ കുപ്പായം അങ്ങനെ നല്ല കോമഡികൾ ധാരാളമുണ്ട്. സിനിമ എന്ന കലാരൂപത്തിനോടു താത്‌പര്യമുള്ളവർ കണ്ടിരിക്കേണ്ട സിനിമ.

 2. സിനിമാത്തമാശകളില്‍ സാധാരണ പുഞ്ചിരിയേ വരാറുള്ളൂ. ഏറെക്കാലത്തിനു ശേഷം ഇതിലെ ചില തമാശകള്‍ കണ്ട് പൊട്ടിച്ചിരിച്ചു. സംവിധായകനു നന്ദി.ഒരു പരീക്ഷണ ചിത്രമാണ് കെ.എല്‍.10. എത്ര ഗൗരവക്കാരും ചിരിച്ചുപോകുന്ന നിലവാരമുളള തമാശകള്‍ ധാരാളമുണ്ട് ചിത്രത്തില്‍.അസാധാരണമായി കഥ പറയുന്നതാണ് ചിത്രത്തിന്റെ കരുത്ത്. പക്ഷേ ഇത് പ്രേക്ഷകര്‍ എത്രകണ്ട് ഉള്‍ക്കൊള്ളുന്നുണ്ടെന്നു സംശയം. പ്രത്യേകിച്ചും മലപ്പുത്തിന് തെക്കുള്ളവര്‍.എറണാകുളത്തു മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണുമ്പോള്‍ കഷ്ടിച്ച് 15 പേരേ ഉണ്ടായിരുന്നുള്ളൂ.അതും ശനിയാഴ്ച വൈകുന്നേരം. രണ്ടുദിവസം മുമ്പ് കോഴിക്കോട്ടെ ഒരു സുഹൃത്തു പറഞ്ഞത് രണ്ടു തവണ അവിടെ തീയേറ്ററില്‍ പോയിട്ടും ടിക്കറ്റ് കിട്ടിയില്ലെന്നാണ്. തികച്ചും ഒരു മലബാര്‍ സിനിമയായിപ്പോയി എന്നതാണ് ഒരേസമയം ഇതിന്റെ വിജയവും പരാജയവും. എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയിട്ടുണ്ടെങ്കിലും മൊത്തം നോക്കുമ്പോള്‍ എന്തോ ഒരു ‘ഇത്’ ന്റെ കുറവ് തോന്നും. റിവ്യൂവില്‍ പറഞ്ഞ പോലെ ഒരു ഒത്തിണക്കത്തിന്റെ പ്രശ്‌നമാകാം. എന്താണ് കഥയെന്നു ചോദിച്ചാല്‍ പറഞ്ഞുഫലിപ്പിക്കാന്‍ പ്രയാസപ്പെടും. ഒരു സമുദായത്തിലെ ചില രീതികളെ പരിഹസിക്കുന്നുണ്ട് ചിത്രത്തില്‍. പാരമ്പര്യവാദികള്‍ക്ക് സന്തോഷിക്കാനുള്ള വകയുമുണ്ട്. ഫലത്തില്‍ ഒരു ഫോക്കസ് ഇല്ലാതെ പോയി. എന്നാല്‍ ഒരു നല്ല ചിത്രത്തിനുള്ള ശ്രമം ഇതില്‍ കാണാം. പ്രേമത്തെക്കാള്‍ എനിക്കിഷ്ടപ്പെട്ടത് കെ.എല്‍.10 തന്നെ.

 3. ആദ്യ പകുതി ഭയങ്കര ബോര്‍ ആയിരുന്നു, ഇറങ്ങിപോകണമെന്നു പോലും വിചാരിച്ചു, പക്ഷെ രണ്ടാം പകുതി അതിലും മോശമായി . സത്യം പറഞ്ഞാല്‍ ധനനഷ്ടം സമയനഷ്ടം എന്നിവ സംഭവിച്ചു.

 4. എനിക്ക് വളരെ ഇഷ്ടമായി ഈ സിനിമ (ഞാൻ മലപ്പുറം ക്കാരനല്ല). കുറെ നാളത്തേക്ക് ശേഷമാണ് എന്തെകിലും stuff ഉണ്ട് എന്ന് തോന്നിക്കുന്ന ഒരു പുതുമുഖ സംവിധായകനെ കാണുന്നത്. തെറ്റ് കുറ്റങ്ങൾ ഒക്കെ ഉണ്ട് സിനിമയിൽ പക്ഷെ എന്തൊക്കയോ different ആയി ചെയ്യാൻ ഉള്ള ആഗ്രഹവും അതിനു ഉള്ള വെടി മരുന്ന് കയ്യിൽ ഉള്ള ആളാണെന്ന് തോന്നിപ്പിക്കുന്നു മുഹ്സിൻ.
  കഥ ഒക്കെ നോക്കിയാണ് സിനിമ കാണുന്നത് എങ്കിൽ ഒരു പക്ഷെ നിരാശ പെടും, പക്ഷെ കുറച്ചു സഹൃദയരായ ആള്ക്കാരും നാടും നാട്ടിൻപുറവും നാട്ടു വിശേഷങ്ങളും എല്ലാത്തിനും ഉപരി ഒരു ജിന്നും ഒക്കെ ഉള്ള രസകരമായ ഒരു സിനിമ- ഇതു എല്ലാം ഉള്ള ‘കുഞ്ഞിരാമായണം’ (ജിന്ന് ഒഴിച്ച്) ഒക്കെ വച്ചു നോക്കുമ്പോൾ far far better സിനിമ

  /// ശ്രീനാഥും ജിന്നും ഒരുപോലെ ഗംഭീരം. ‘ജിന്നാണ് ഈ സിനിമയുടെ ഐശ്വര്യം’ എന്ന് ഉമ്മറപ്പടിയിൽ എഴുതിത്തൂക്കേണ്ടത്ര ഗംഭീരം//////
  ഹായ്, ഇതിലും ഭംഗിയായി എങ്ങനെയാണ് ഇതു പറയുക. ജിന്നും ശ്രീനാഥ് ഉം ഗംഭീരം – ആ പറച്ചിലും. G K ക്കും ശ്രീനാഥ് നും അഭിനന്ദനങ്ങൾ.
  അഭിനയിച്ചവർ എല്ലാം നന്നായി, ഉണ്ണി മുകുന്ദൻ ഉള്പെടെ, പക്ഷെ എനിക്ക് ഉണ്ണി ഒരു odd man ആയി ആണ് തോന്നിയത് ഈ സിനിമയിൽ. എന്തോ ഒരു ചേര്ച്ച ഇല്ലായ്മ. അത് എന്താണെന്ന് ആലോചിച്ചിട്ട് പിടി കിട്ടുന്നതുമില്ല.

 5. മലപ്പുറം കാരന്‍ അല്ലെങ്കിലും എനിക്കും വളരെ ഇഷ്ട്ടമായി ഈ സിനിമ. സമൃദ്ധി പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു.

 6. A simple theme told in an unusual manner. This film is a honest attempt to present simple ideas with a sense of imagination and guile. Experimentation shown by the director is commendable here…

Leave a Reply

Your email address will not be published. Required fields are marked *


7 + = 12