love247

ലൗ 24×7

ഒരു ടെലിവിഷൻ ചാനലിൽ വാർത്താവതാരകനായ രൂപേഷ് നമ്പ്യാരും (ദിലീപ്) അവിടെ ട്രെയിനി എഡിറ്ററായി വന്ന കബനിയും (നിഖില വിമൽ) പതിവുപോലെ പ്രണയത്തിലാവുന്നു. അതങ്ങനെ പോകുന്നു. പണ്ടു പ്രണയിച്ച് പിരിഞ്ഞുപോയ ഡോ. സരയുവും (സുഹാസിനി) ഡോ. സതീഷും (ശശികുമാർ) പതിവുപോലെ വീണ്ടും പ്രണയത്തിലാവുന്നു. അതും അങ്ങനെ പോകുന്നു. ഡോ. സരയു ഇടയ്ക്കൊരു ദിവസം രൂപേഷ് നമ്പ്യാരെ കാണാൻ വരുന്നതും കബനി ഡോ. സരയുവിന്റെ ഔട്ട് ഹൗസിൽ വാടകയ്ക്കു താമസിക്കുന്നതും മാറ്റി നിർത്തിയാൽ രണ്ടു പ്രണയങ്ങളും ആടും പൂടയും പോലെ രണ്ടുവഴിക്ക് പോയി സമംഗളം പര്യവസാനിക്കുന്നു. ശ്രീനിവാസൻ, ലെന, മഞ്ജു പിള്ള, ശങ്കർ രാമകൃഷ്‌ണൻ തുടങ്ങി പല അഭിനേതാക്കളും പേരോടു കൂടെയും അല്ലാതെയും ഇതിനിടയ്ക്കു കൂടി വന്നും പോയും ഇരിക്കും.

FIRST IMPRESSION
ഒരു കഥ നന്നായി പറയാൻ സവിശേഷമായ കഴിവു വേണം. അത് ദൃശ്യങ്ങളിലൂടെ പറയുന്നതിന് അതിലും വിശേഷപ്പെട്ട മറ്റൊരു കഴിവും. ഈ രണ്ടു കഴിവുകളും ‘ലൗ 24×7’ എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ശ്രീബാല കെ മേനോൻ ഉപയോഗിക്കുന്നതായി കാണുന്നില്ല. എങ്കിലും, നല്ലൊരു സിനിമ ഒരുക്കണം എന്ന ആഗ്രഹത്തോടെയാണ് ശ്രീബാല ഇതൊക്കെ ചെയ്തതെന്ന് നിസ്സംശയം പറയാം. പക്ഷേ, നിർഭാഗ്യവശാൽ ആഗ്രഹങ്ങൾ ഒരിക്കലും കുതിരകളാകുന്നില്ല.

സിനിമയെ മൊത്തത്തിൽ ഒരു കൃതിയായി കാണാതെ പല പല ഖണ്ഡങ്ങൾ അമച്വർ എന്നുതന്നെ പറയാവുന്ന ഒരു രീതിയിൽ ചേർത്തുവച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. അതിൽ അപൂർവം ചിലതൊക്കെ കൗതുകകരമായി തോന്നും. പക്ഷേ, കർക്കടകമഴയിലെ അമാവാസിയിൽ ആറോ ഏഴോ മിന്നാമിനിങ്ങു തെളിഞ്ഞിട്ട് എന്തുകാര്യം!

സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയേക്കുറിച്ചൊക്കെ ശ്രീബാലയ്‌ക്ക് ചില ചിന്തകളുണ്ട്. അതൊക്കെ ചില കഥാപാത്രങ്ങളുടെ ഡയലോഗിൽ അധികപ്പറ്റായി കയറ്റിവിടുന്നതിനപ്പുറത്തേക്ക് ഒരു അനുഭവമായി ആവിഷ്കരിക്കാൻ എന്തുകൊണ്ടോ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്, ഓഫീസിലെ കംപ്യൂട്ടറിൽ സദാ കളിക്കുന്ന ഒരു കുട്ടിയെ  ചാനലിന്റെ തലവൻ എഴുന്നേൽപ്പിച്ചുവിടുന്നത് ഒരു സ്ത്രീവിരുദ്ധ-കുട്ടിവിരുദ്ധസംഭവമായി ചിത്രീകരിച്ചിരിക്കുന്നത് നോക്കുക. കുഞ്ഞിന്റെ അമ്മയുടെ വായിൽ നെടുങ്കൻ ഡയലോഗുകളൊക്കെ വച്ചുകൊടുത്ത് അതൊരു ഭയങ്കര മനുഷ്യാവകാശപ്രശ്നമാക്കാൻ നോക്കുന്നുണ്ടെങ്കിലും സത്യത്തിൽ അതിൽ ഒരു ‘വിരുദ്ധത’യും കുടിയിരിപ്പില്ല. പ്രൊഫഷണലി നടത്തപ്പെടുന്ന ഒരു സ്ഥാപനത്തിലും അനുവദനീയമായ ഒന്നല്ല കുഞ്ഞിന്റെ കംപ്യൂട്ടർ കളി എന്നതാണ് യാഥാർത്ഥ്യം.

LAST WORD
മാഹിയിൽ നിന്ന് നാലു പേരെയും കൂട്ടി രൂപേഷ് നമ്പ്യാർ ഫ്രാൻസിൽ (അതെ ഫ്രാൻസിൽ തന്നെ!) പോയി ഒരു വെബ്‌സൈറ്റ് (അതെ വെബ്‌സൈറ്റ് തന്നെ!) തുടങ്ങി ഒരു ഗോളാന്തരസംഭവമായി മാറുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ‘ലൗ 24×7’ അവസാനിക്കുന്നത്. എല്ലാം പോട്ടെന്നു വച്ചാലും ഇതു കുറച്ച് അക്രമമായിപ്പോയി എന്നു മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു, നമസ്കാരം.

| G Krishnamurthy

6 thoughts on “ലൗ 24×7”

 1. മാഹിയിൽ നിന്ന് നാലു പേരെയും കൂട്ടി രൂപേഷ് നമ്പ്യാർ ഫ്രാൻസിൽ (അതെ ഫ്രാൻസിൽ തന്നെ!) പോയി ഒരു വെബ്‌സൈറ്റ് (അതെ വെബ്‌സൈറ്റ് തന്നെ!) തുടങ്ങി ഒരു ഗോളാന്തരസംഭവമായി മാറുന്നു.

  ha ha ha… സുഹാസിനിയുള്ളതു കൊണ്ട് ഈ സിനിമ കാണണമെന്നു വിചാരിച്ചതാ. എന്തായാലും ഇനി ആ വഴിക്കില്ല.

 2. Ithanu review!!! Some people are trying hard to market this movie. but this review says it all. GK kalakki!

 3. പന്തിഭോജനം ചെയ്ത ശ്രീ ബാലയുടെ ഒരു സിനിമ എന്ന ഒരു മുന്‍വിധിയോടെയാണ് 24 x 7 കാണാന്‍ ടിക്കറ്റ്‌ എടുത്തത്. പോരാത്തതിന് സുഹാസിനി, ശ്രീനിവാസന്‍, ശശികുമാര്‍ എന്നിങ്ങനെ തുടങ്ങി പല കേമത്തമുള്ളവരും ഉണ്ടോല്ലോ എന്ന ധാരണയും. ഒരു ചാനലിനു പിന്നിലുള്ള സംഭവങ്ങള്‍ കാണിച്ചു രസകരമായി സിനിമ മുന്നോട്ടു നീങ്ങവേ ദാ വരുന്നു സുഹാസിനി. അവിടം തൊട്ടു എന്താണ് പറയാന്‍ ഉദ്ദേശിച്ചത് തന്റെ ഈ സിനിമയില്‍ എന്നറിയാതെപെട്ടുഴലുന്ന പുതുമുഖ സംവിധായകയുടെ ഈ സിനിമ എങ്ങിനയോ കണ്ടു തീര്‍ത്തു എന്ന് പറയാം. ഒരു ചാനലിനു പിന്നിലുള്ള കുറെ മനുഷ്യരുടെ കഥ മാത്രം പറഞ്ഞു പോയെങ്കില്‍ സിനിമ നന്നാവുമായിരുന്നു. അതിനിടയില്‍ സുഹാസിനിയുടെയും ശശികുമാറിന്റെയും പ്രേമം സെക്കന്റ്‌ എഡിഷന്‍ ചേര്‍ത്തത് സാമ്പാറില്‍ മത്തിയിട്ടത് പോലെയായി. സുഹാസിനിയുടെ പ്രേമ കഥ ശ്രീ ബാലക്ക് മറ്റൊരു സിനിമയായി ചെയ്താല്‍ മതിയായിരുന്നു. ദിലീപ് വൃത്തിയായി തന്റെ റോള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ശ്രീനിവാസനും.. അതോടൊപ്പം ചാനലിലെ ചില തമാശകളും ഒഴിച്ചാല്‍ ഈ സിനിമ എന്തിനായിരുന്നു എന്ന് ചോദിക്കേണ്ടി വരും. ശ്രീ ബാലക്ക് ഒരു കടുംകൈ കൂടെ ചെയ്യാമായിരുന്നു, തന്‍റെ ഈ ആദ്യ സംരംഭം സിനിമാ ഗുരുവായ ശ്രീ സത്യന്‍ അന്തിക്കാട് അവര്‍കള്‍ക്ക് ദക്ഷിണയായി അങ്ങട് കാഴ്ചവെക്കാമായിരുന്നു.

 4. പല അഭിനേതാക്കളും പേരോടു കൂടെയും അല്ലാതെയും…
  ——
  ” നാളികേരം തൊണ്ടോടു കൂടെയും അല്ലാതെയും..” കമ്പോള നിലവാര അവലോകനം ഓർമ്മ വന്നു 🙂

 5. ഒരിക്കല്‍ കൂടി GK വസന്തം മൂവിരാഗയില്‍.മുന്‍ പേജില്‍ നിറഞ്ഞു GK യുടെ നിരൂപണങ്ങള്‍ . GK, നിങ്ങള്‍ ഇടമുറിയാതെ കുറിപ്പുകള്‍ ഇടുക. ചില ആഴ്ചാകോളങ്ങള്‍ വായിക്കാന്‍ കാത്തിരിക്കാറുണ്ട്. (മനോരമയിലെ ബിസിനെസ് ബൂം , അവസരങ്ങള്‍ ഒക്കെ പോലെ ) അത് പോലെ ഒരു വായന സുഖം, ഒപ്പം ഏറ്റവും ഇഷ്ടമുള്ള സിനിമ എന്ന വിഷയവും. പല തവണ പലര്‍ പറയുന്നതാണ്, താങ്കളുടെ ഭാഷാ പ്രാവീണ്യവും, നര്‍മവും. നമ്മള്‍ കാണാത്ത സിനിമയുടെ ഒരു പൂര്‍ണ ചിത്രം കൂടി GK നമുക്ക് വരച്ചു തരുന്നു. പിന്നീട് സിനിമ കാണുമ്പോള്‍ രസച്ചരട് പൊട്ടി പോകാതെ നമുക്ക് അത് ആസ്വദിക്കാന്‍ സാധിക്കുന്നു. ഒപ്പം രാഷ്ട്രീയ അതിവായനകളോ, വ്യക്തിപരമായ അധിക്ഷേപങ്ങളോ ആയി തീരാത്ത നിരൂപണങ്ങള്‍.

 6. I too felt missed when d film is out of theaters, but after reading this review I felt as a save of money and time!
  Sreebala,you have to do more homework for your debut venture!
  from Your earlier columns in Grihalakshmi magazine you proved having more than enough language, observation, and presentation skills!
  that too are losing….!!

Leave a Reply

Your email address will not be published. Required fields are marked *


5 + 4 =