pbharathan

ഓർക്കുന്നുവോ ആ പഴയ ചട്ടമ്പിയെ?

മലയാളികളുടെ പ്രിയതാരം പറവൂർ ഭരതനെ പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാട് സ്‌മരിക്കുന്നു. താഹ മാടായി എഴുതിയ സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ എന്ന പുസ്‌തകത്തിൽ നിന്ന് ഏതാനും വരികൾ. പറവൂർ ഭരതന്റെ ഓർമകൾക്ക് മുമ്പിൽ സ്‌നേഹാഞ്ജലി.

മഴവിൽക്കാവടിയിൽ മീശയില്ലാവാസു എന്ന കഥാപാത്രത്തെയാണ് പറവൂർ ഭരതൻ അവതരിപ്പിച്ചത്. വലിയ മീശയും വെച്ച് ജീവിക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു വാസു. മീശ അയാളുടെ ഒരു പുറംപൂച്ച് മാത്രമായിരുന്നു. പറവൂർ ഭരതനെ മാറ്റിനിർത്തി ആ കഥാപാത്രത്തെ ഓർക്കുവാനെ വയ്യ. മീശയില്ലാ വാസു സിനിമയിൽ ഇന്നസെന്റിന്റെ കാർ ഓടിക്കുന്നു. നമുക്ക് കാണാത്ത ഏതോ ഒരു മരത്തിൽ കാർ ചെന്ന് ഇടിക്കുന്നു. ചിരിച്ചുകൊണ്ട്, യാതൊരു സംഭ്രമവുമില്ലാതെ, വാസു ഇന്നസെന്റിനോട് പറയുന്നു: “ഇത്രയും കാലം ഞാനിതിലേ വണ്ടി ഓടിച്ചിട്ടും ഇങ്ങനെയൊരു മരം ഞാനവിടെ നിൽക്കുന്നത് കണ്ടില്ല മുതലാളീ’. ഈയൊരു മനുഷ്യന്റെ നിഷ്‌കളങ്കത തന്നെയാണ് പറവൂർ ഭരതൻ എന്ന മനുഷ്യനുമുള്ളത്. കഥാപാത്രത്തിലേക്ക് സ്വാഭാവികവും നിർദോഷവുമായ ആ ഭാവം അലിഞ്ഞു ചേരുന്നു.

grameenar-228x228കുറുക്കന്റെ കല്യാണം എന്ന സിനിമ. നായികയുടെ അച്‌ഛൻ പറവൂർ ഭരതനാണ്. അത് ചിത്രീകരിക്കുന്ന സമയത്ത് ഡോ ബാലകൃഷ്‌ണൻ പറഞ്ഞു. “ഭരതേട്ടന്റെ സ്വഭാവവുമായി യോജിക്കുന്ന ഒരു ക്യാരക്‌ടർ തന്നെയാക്കാം.” എന്നും രോഗങ്ങൾ ഉണ്ടെന്നു വിചാരിക്കുന്ന ഒരാളാണ് ആ അച്‌ഛൻ. ഒരുപാട് രോഗങ്ങളുണ്ടെന്ന് സ്വയം കരുതി ഉത്‌കണ്ഠപ്പെടുന്ന ഒരാൾ. ചിത്രീകരിക്കുമ്പോൾ ഭരതേട്ടൻ പറഞ്ഞു: ” ഇത് എന്നെത്തന്നെ കണ്ട് എഴുതിയ ഒരു കഥാപാത്രമാണ് അല്ലേ.” പിന്നെയൊരു ചിരിയായിരുന്നു. പറവൂർ ഭരതൻ ചിരി. ആ ചിത്രത്തിൽ ഡോക്‌ടർമാരുടെ പ്രിസ്‌ക്രിപ്‌ഷൻ ഞങ്ങൾക്ക് കൃത്രിമമായി എഴുതിവാങ്ങേണ്ടി വന്നില്ല. ഭരതേട്ടന്റെ ബാഗിൽ തന്നെ എത്രയോ കുറിപ്പുകളുണ്ടായിരുന്നു. ഓരോ പുലർക്കാലത്തും ഈ പ്രിസ്‌ക്രിപ്‌ഷൻ എടുത്തു നോക്കുക ഭരതേട്ടന്റെ ശീലമായിരുന്നു.

വലിയ കുടുംബസ്‌നേഹിയാണ്. മുൻപ് മദിരാശിയിൽ സിനിമയ്‌ക്കുവേണ്ടി ദീർഘമാസങ്ങൾതന്നെ മുറിയിൽ ജീവിക്കേണ്ടി വരും. കുടുംബത്തെ വിട്ടുനിൽക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഭരതേട്ടന് വലിയ ശിക്ഷാവിധി പോലെയായിരുന്നു. ഉമാ സ്‌റ്റുഡിയോയിൽ പടം ചിത്രീകരിക്കുന്നതിന്റെ ഇടവേളയിൽ ഭരതേട്ടൻ പറയും: “തിരക്കില്ലെങ്കിൽ വൈകീട്ടൊന്ന് മുറിയിലേക്ക് വരണം”. ഭാര്യയ്‌ക്ക് കത്തെഴുതാനാണ് ഭരതേട്ടന്റെ ആ വിളി. ” എന്റെ കയ്യക്ഷരം പോര. സത്യൻ എഴുതിയാ മതി. ഞാൻ പറഞ്ഞുതരാം.” വിശേഷങ്ങളൊക്കെ പറഞ്ഞതിനു ശേഷം ചുവടെ സ്വന്തം പാലിച്ചേട്ടൻ എന്ന് ഭരതേട്ടൻ എഴുതും. അതു സ്വന്തം കൈപ്പടയിൽത്തന്നെയാണ് ഭരതേട്ടൻ എഴുതുക. ഓരോ കത്തിന്റെയും ചുവട്ടിൽ ഹൃദയത്തിൽ നിന്നു വരുന്ന ആ കയ്യൊപ്പ് ഇടാൻ മാത്രം ഭരതേട്ടൻ എന്നെ അനുവദിച്ചിട്ടില്ല.

ഭരതേട്ടൻ സെറ്റിൽ വന്നാൽ ഒരു കുട്ടിയുടെ പ്രകൃതത്തോടെയാണ് പെരുമാറ്റം. ശങ്കരാടി, അടൂർ ഭാസി, ബഹദൂർ എന്നിവർ വളരെ സ്വാതന്ത്യത്തോടെ ഭരതേട്ടനോട് പെരുമാറിയിരുന്നു. ഭരതേട്ടനെക്കുറിച്ച് അവർ ഒരുപാട് കഥകൾ പ്രചരിപ്പിച്ചിരുന്നു. അങ്ങനെയൊരു കഥ. പണ്ട്, മലയാളസിനിമയുടെ ആദികാലത്ത്, എല്ലാ സിനിമക്കാരും മദിരാശിയിൽ സ്‌ഥിരം താമസിക്കുന്ന ലോഡ്‌ജാണ് സ്വാമീസ്. സ്വാമീസിൽ ഭരതേട്ടൻ വരുമ്പോൾ പെട്ടിയിൽ ഒരു കടലാസിൽ പൊതിഞ്ഞ് ചകിരിയുമുണ്ടാകും. മുറിയിൽ കയറിയാൽ ഉടൻ തന്നെ ഭരതേട്ടൻ മുറികഴുകാൻ തുടങ്ങും. മുറിയും ടോയ്‌ലറ്റും ചകിരികൊണ്ടും ഡെറ്റോൾ കൊണ്ടും വൃത്തിയാക്കി, ഒന്നു രണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, അപ്പോൾ ലോഡ്‌ജിന്റെ ഉടമസ്‌ഥൻ സ്വാമിയുടെ വിളി: “ഭരതൻ സാറേ, ഒന്നു മുറി മാറണം”
” അയ്യോ, ഞാനീ മുറി ആകെ വൃത്തിയാക്കി വിശ്രമിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനി മാറില്ല.”
” അങ്ങനെ പറയല്ലേ, സാർ. നേരത്തെതന്നെ വേറൊരാൾ ആ മുറി ബുക്ക് ചെയ്‌തതാണ്.”
നിവൃത്തിയില്ലാതെ ഭരതേട്ടൻ മറ്റൊരു മുറിയിലേക്ക് തന്റെ പെട്ടിയും ചകിരിയുമായി ഷിഫ്‌റ്റ് ചെയ്യും. ആ മുറിയും ആദ്യത്തേത്തു പോലെ കഴുകി വൃത്തിയാക്കി വയ്‌ക്കും. ഒന്നു രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും സ്വാമിയുടെ വിളി വരും. ഇങ്ങനെ ഒരു മാസത്തിനകം സ്വാമീസിലെ മിക്കവാറും മുറികൾ ഭരതേട്ടൻ കഴുകി വൃത്തിയാക്കിയിരിക്കും. ശങ്കരാടി പറഞ്ഞ കഥയാണിത്.

സിനിമാലോകത്തിന്റെ സൂത്രവിദ്യകൾ ഭരതേട്ടന് അറിയില്ലായിരുന്നു. അത്രമേൽ നിഷ്‌കളങ്കനായിരുന്നു അദ്ദേഹം. പത്തിരുപതു ദിവസം ഒരു അഡ്വാൻസ് പോലും വാങ്ങാതെ അദ്ദേഹം ഡേറ്റ് നൽകുമായിരുന്നു. ആ സിനിമ മുഴുമിപ്പിക്കാതെ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നൽകില്ല. ഭരതേട്ടൻ ഏറ്റ സിനിമ ചിത്രീകരിക്കാതെ മാറ്റിവെച്ച എത്രയോ സന്ദർഭങ്ങളുണ്ട്. എത്രയോ നല്ല അവസരങ്ങൾ അദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. അത് മലയാളസിനിമയുടെ കൂടെ നഷ്‌ടമായിരുന്നു. കരകാണാക്കടൽ തുടങ്ങി ആദ്യകാല സിനിമകളിലൊക്കെ അദ്ദേഹം ചട്ടമ്പിയായിരുന്നു. മുട്ടിനുമേലേ മുണ്ടു മാടിക്കുത്തി, കപ്പടാ മീശവിരിച്ച്, ട്രൗസറിന്റെ അറ്റം പുറത്ത് പ്രദർശിപ്പിച്ച് നടക്കുന്ന നാടൻ ചട്ടമ്പി. മലയാളിയുടെ ഗൃഹാതുരമായ ഓർമയുടെ ഭാഗമാണ് ആ ചട്ടമ്പി വേഷങ്ങൾ.

4 thoughts on “ഓർക്കുന്നുവോ ആ പഴയ ചട്ടമ്പിയെ?”

  1. ആദരാഞ്ജലികള്‍.ഒരേ നാട്ടുകാര്‍ ആയിട്ട് കൂടി എപ്പഴോ അദ്ദേഹത്തെ ദൂരെ നിന്ന് കണ്ടു എന്നല്ലാതെ ,പരിചയപ്പെ ടാനോ ആദരിക്കാനോ ഉള്ള ശ്രമം ഞാന്‍ നടത്തിയില്ല എന്നതോര്‍ത്തു എന്നോട് തന്നെ ദേഷ്യം തോനുന്നു 🙁

  2. കാരണവന്മാര്‍ ഒക്കെ കാണാമറയത്തേക്ക് ഓടി മറയുന്നു . വെറുതെ കണ്ടു കൊണ്ടിരിക്കാന്‍ കൊതിയാവുന്നു ഇവരെയൊക്കെ. അനന്തമായ സമയം പടച്ചവന്റെ കയ്യില്‍ മാത്രം എന്ന് സമാധാനിക്കാം.

  3. ഒടുവിലാനെയും, ശങ്കരാടിയെയും, മാമുക്കോയയും ഒക്കെപ്പോലെ സ്വാഭാവിക അഭിനയം കാഴ്ചവച്ചിരുന്ന നടന്മാരുടെ കൂട്ടത്തിൽ പെടുത്താവുന്ന നടനായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ.

  4. പറവൂര്‍ ഭരതന്‍ എന്ന നടനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത്, രാജസേനന്റെ മികച്ച സിനിമയായ മേലെ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തില്‍ വീട്ടു ജോലിക്ക് വേണ്ടി ഒരു സ്ത്രീയെ കൊണ്ട് വരുന്ന രംഗമാണ്. മലയാള സിനിമ ഉപയോഗിക്കാതിരുന്ന ഒരു മികച്ച സ്വഭാവ നടന്‍! ആദരാഞ്ജലികള്‍!

Leave a Reply

Your email address will not be published. Required fields are marked *


3 + 3 =